< ഇയ്യോബ് 42 >
1 അപ്പോൾ ഇയ്യോബ് യഹോവയോട് ഉത്തരം പറഞ്ഞത്:
൧അതിന് ഇയ്യോബ് യഹോവയോട് ഉത്തരം പറഞ്ഞത്:
2 “അങ്ങേക്ക് എല്ലാം സാധ്യമെന്നും അങ്ങയുടെ ഉദ്ദേശ്യങ്ങളൊന്നും തടയിടാൻ പറ്റാത്തവയുമാണെന്നും എനിക്കറിയാം.
൨“നിനക്ക് സകലവും കഴിയുമെന്നും നിന്റെ ഉദ്ദേശ്യമൊന്നും അസാദ്ധ്യമല്ലെന്നും ഞാൻ അറിയുന്നു.
3 ‘അജ്ഞതയാൽ എന്റെ ആലോചന ആച്ഛാദനംചെയ്യുന്ന ഇവൻ ആർ?’ അവിടന്നു ചോദിക്കുന്നു. എനിക്ക് അജ്ഞാതമായവയെക്കുറിച്ചു ഞാൻ സംസാരിച്ചു. നിശ്ചയം, അവ എനിക്കു ഗ്രഹിക്കാൻ കഴിയുന്നതിലും അധികം അത്ഭുതകരമായിരുന്നു.
൩അറിവുകൂടാതെ ആലോചനയെ മറിച്ചുകളയുന്നവനാര്? അങ്ങനെ എനിക്ക് അറിഞ്ഞുകൂടാത്തവിധം അത്ഭുതമേറിയത് ഞാൻ തിരിച്ചറിയാതെ പറഞ്ഞുപോയി.
4 “‘ശ്രദ്ധിച്ചുകേൾക്കുക; ഞാൻ സംസാരിക്കും. ഞാൻ ചോദ്യങ്ങൾ ചോദിക്കും; നീ ഉത്തരം നൽകണം,’ എന്ന് അവിടന്ന് അരുളിച്ചെയ്തല്ലോ.
൪കേൾക്കണമേ; ഞാൻ സംസാരിക്കും; ഞാൻ നിന്നോട് ചോദിക്കും; എന്നെ ഗ്രഹിപ്പിക്കണമേ.
5 അങ്ങയെക്കുറിച്ച് എന്റെ കാതുകളാൽ ഞാൻ കേൾക്കുകമാത്രമേ ചെയ്തിരുന്നുള്ളൂ; എന്നാൽ ഇപ്പോൾ എന്റെ കണ്ണുകൾ അങ്ങയെ ദർശിച്ചല്ലോ.
൫ഞാൻ നിന്നെക്കുറിച്ച് ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോൾ, എന്റെ കണ്ണിനാൽ നിന്നെ കാണുന്നു.
6 അതിനാൽ ഞാൻ സ്വയം വെറുത്ത് പൊടിയിലും ചാരത്തിലും കിടന്ന് അനുതപിക്കുന്നു.”
൬ആകയാൽ ഞാൻ എന്നെത്തന്നെ വെറുത്ത് പൊടിയിലും ചാരത്തിലും കിടന്ന് അനുതപിക്കുന്നു”.
7 യഹോവ ഇയ്യോബിനോട് ഈ കാര്യങ്ങളെല്ലാം അരുളിച്ചെയ്തതിനുശേഷം, തേമാന്യനായ എലീഫാസിനോട് കൽപ്പിച്ചത്: “എന്റെ ദാസനായ ഇയ്യോബ് ചെയ്തതുപോലെ നീ എന്നെക്കുറിച്ചു ശരിയായ കാര്യങ്ങൾ സംസാരിക്കാഞ്ഞതിനാൽ എന്റെ കോപം നിനക്കും നിന്റെ രണ്ടു സ്നേഹിതന്മാർക്കും എതിരേ ജ്വലിച്ചിരിക്കുന്നു.
൭യഹോവ ഈ വചനങ്ങൾ ഇയ്യോബിനോട് അരുളിച്ചെയ്തശേഷം യഹോവ തേമാന്യനായ എലീഫസിനോട് അരുളിച്ചെയ്തത്: “നിന്നോടും നിന്റെ രണ്ട് സ്നേഹിതന്മാരോടും എനിക്ക് കോപം ജ്വലിച്ചിരിക്കുന്നു; എന്റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങൾ എന്നെക്കുറിച്ച് വിഹിതമായത് സംസാരിച്ചിട്ടില്ല.
8 അതുകൊണ്ട് ഇപ്പോൾ നിങ്ങൾ ഏഴു കാളകളും ഏഴ് കോലാട്ടുകൊറ്റന്മാരുമായി, എന്റെ ദാസനായ ഇയ്യോബിന്റെ അടുക്കൽപോയി നിങ്ങൾക്കുവേണ്ടി ഒരു ഹോമയാഗം അർപ്പിക്കുക. എന്റെ ദാസനായ ഇയ്യോബ് നിങ്ങൾക്കുവേണ്ടി പ്രാർഥിക്കും. നിങ്ങളുടെ തെറ്റിനു തക്കവണ്ണം നിങ്ങളോട് ചെയ്യാതിരിക്കുമാറ് ഞാൻ അവന്റെ പ്രാർഥന കേൾക്കും. എന്റെ ദാസനായ ഇയ്യോബിനെപ്പോലെ എന്നെക്കുറിച്ചു സത്യമായ കാര്യങ്ങൾ നിങ്ങൾ സംസാരിച്ചിട്ടില്ലല്ലോ.”
൮ആകയാൽ നിങ്ങൾ ഏഴ് കാളയെയും ഏഴ് ആട്ടുകൊറ്റനെയും എന്റെ ദാസനായ ഇയ്യോബിന്റെ അടുക്കൽ കൊണ്ടുചെന്ന് നിങ്ങൾക്ക് വേണ്ടി ഹോമയാഗം അർപ്പിക്കുവിൻ; എന്റെ ദാസനായ ഇയ്യോബ് നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കും; ഞാൻ അവന്റെ മുഖം ആദരിച്ച് നിങ്ങളുടെ മൂഢതയ്ക്ക് തക്കവണ്ണം നിങ്ങളോട് ചെയ്യാതിരിക്കും; എന്റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങൾ എന്നെക്കുറിച്ച് വിഹിതമായത് സംസാരിച്ചിട്ടില്ലല്ലോ”.
9 അങ്ങനെ തേമാന്യനായ എലീഫാസും ശൂഹ്യനായ ബിൽദാദും നാമാത്യനായ സോഫറും പോയി യഹോവ തങ്ങളോടു കൽപ്പിച്ചതുപോലെ ചെയ്തു. യഹോവ ഇയ്യോബിന്റെ പ്രാർഥന കൈക്കൊണ്ടു.
൯അങ്ങനെ തേമാന്യനായ എലീഫസും ശൂഹ്യനായ ബിൽദാദും നയമാത്യനായ സോഫരും ചെന്ന് യഹോവ അവരോട് കല്പിച്ചതുപോലെ ചെയ്തു; യഹോവ ഇയ്യോബിന്റെ മുഖത്തെ ആദരിച്ചു.
10 ഇയ്യോബ് തന്റെ സ്നേഹിതന്മാർക്കുവേണ്ടി പ്രാർഥിച്ചതിനുശേഷം, യഹോവ അദ്ദേഹത്തിന്റെ ഐശ്വര്യം പുനഃസ്ഥാപിച്ച്, മുമ്പുണ്ടായിരുന്ന എല്ലാറ്റിന്റെയും ഇരട്ടി ഓഹരി നൽകി.
൧൦ഇയ്യോബ് തന്റെ സ്നേഹിതന്മാർക്ക് വേണ്ടി പ്രാർത്ഥിച്ചപ്പോൾ യഹോവ അവന്റെ സ്ഥിതിക്ക് ഭേദം വരുത്തി മുമ്പെ ഉണ്ടായിരുന്നതൊക്കെയും യഹോവ ഇയ്യോബിന് ഇരട്ടിയായി കൊടുത്തു.
11 പിന്നീട് അദ്ദേഹത്തിന്റെ എല്ലാ സഹോദരന്മാരും സഹോദരിമാരും മുമ്പ് അദ്ദേഹത്തിനു പരിചയമുണ്ടായിരുന്ന എല്ലാവരും അദ്ദേഹത്തിന്റെ അടുക്കൽവന്ന്, അദ്ദേഹത്തിന്റെ വീട്ടിൽ അദ്ദേഹത്തോടൊരുമിച്ചു ഭക്ഷണം കഴിച്ചു. യഹോവ ഇയ്യോബിന്റെമേൽ വരുത്തിയ എല്ലാ ദോഷങ്ങളെയുംകുറിച്ച് അവർ സഹതപിക്കുകയും അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. അവരിലോരോരുത്തരും അദ്ദേഹത്തിന് ഓരോ വെള്ളിനാണയവും ഓരോ സ്വർണമോതിരവും പാരിതോഷികമായി നൽകി.
൧൧അവന്റെ സകലസഹോദരന്മാരും സഹോദരിമാരും മുമ്പെ അവന് പരിചയമുള്ളവർ എല്ലാവരും അവന്റെ അടുക്കൽവന്ന് അവന്റെ വീട്ടിൽ അവനോടുകൂടി ഭക്ഷണം കഴിച്ചു; യഹോവ അവന്റെമേൽ വരുത്തിയിരുന്ന സകല അനർത്ഥത്തെയും കുറിച്ച് അവർ അവനോട് സഹതാപം കാണിച്ച് അവനെ ആശ്വസിപ്പിച്ചു; ഓരോരുത്തനും അവന് ഓരോ പൊൻനാണ്യവും ഓരോ പൊൻമോതിരവും കൊടുത്തു.
12 യഹോവ ഇയ്യോബിന്റെ ശിഷ്ടജീവിതകാലം മുൻകാലത്തെക്കാൾ അനുഗ്രഹപൂർണമാക്കി. അദ്ദേഹത്തിനു പതിന്നാലായിരം ആടും ആറായിരം ഒട്ടകവും ആയിരംജോടി കാളയും ആയിരം പെൺകഴുതയും ഉണ്ടായി.
൧൨ഇങ്ങനെ യഹോവ ഇയ്യോബിന്റെ പിൻകാലത്തെ അവന്റെ മുൻകാലത്തെക്കാൾ അധികം അനുഗ്രഹിച്ചു; അവന് പതിനാലായിരം ആടും ആറായിരം ഒട്ടകവും ആയിരം ഏർ കാളയും ആയിരം പെൺകഴുതയും ഉണ്ടായി.
13 അദ്ദേഹത്തിന് ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു.
൧൩അവന് ഏഴ് പുത്രന്മാരും മൂന്നു പുത്രിമാരും ഉണ്ടായി.
14 തന്റെ പുത്രിമാരിൽ മൂത്തവൾക്ക് യെമീമയെന്നും രണ്ടാമത്തവൾക്കു കെസിയായെന്നും മൂന്നാമത്തവൾക്ക് കേരെൻ-ഹപ്പൂക് എന്നും പേരിട്ടു.
൧൪മൂത്തവൾക്ക് അവൻ യെമീമാ എന്നും രണ്ടാമത്തവൾക്ക് കെസീയാ എന്നും മൂന്നാമത്തവൾക്ക് കേരെൻ-ഹപ്പൂക്ക് എന്നും പേര് വിളിച്ചു.
15 ഇയ്യോബിന്റെ പുത്രിമാരെപ്പോലെ സുന്ദരികളായ സ്ത്രീകൾ ആ നാട്ടിലെങ്ങും ഉണ്ടായിരുന്നില്ല. അവരുടെ പിതാവ് അവരുടെ സഹോദരന്മാരോടൊപ്പം അവർക്ക് ഓഹരികൊടുത്തു.
൧൫ഇയ്യോബിന്റെ പുത്രിമാരെപ്പോലെ സൗന്ദര്യമുള്ള സ്ത്രീകൾ ദേശത്തെങ്ങും ഉണ്ടായിരുന്നില്ല; അവരുടെ അപ്പൻ അവരുടെ സഹോദരന്മാരോടുകൂടി അവർക്ക് അവകാശം കൊടുത്തു.
16 ഇതിനുശേഷം ഇയ്യോബ് 140 വർഷം ജീവിച്ചിരുന്നു; തന്റെ മക്കളെയും അവരുടെ മക്കളെയും അങ്ങനെ നാലു തലമുറകൾവരെ കണ്ടു.
൧൬അതിന്‍റെശേഷം ഇയ്യോബ് നൂറ്റിനാല്പത് സംവത്സരം ജീവിച്ചിരുന്നു; അവൻ മക്കളെയും മക്കളുടെ മക്കളെയും നാല് തലമുറയോളം കണ്ടു.
17 ഇയ്യോബ് വയോവൃദ്ധനും പൂർണായുഷ്മാനുമായി ഇഹലോകവാസം വെടിഞ്ഞു.
൧൭അങ്ങനെ ഇയ്യോബ് വൃദ്ധനും കാലസമ്പൂർണ്ണനുമായി മരിച്ചു.