< ഇയ്യോബ് 4 >
1 അപ്പോൾ തേമാന്യനായ എലീഫാസ് ഇപ്രകാരം ഉത്തരം പറഞ്ഞു:
൧അതിന് തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞത്:
2 “നിന്നോട് ആരെങ്കിലും ഒരു വാക്കു സംസാരിക്കാൻ തുനിഞ്ഞാൽ നീ അക്ഷമനാകുമോ? എന്നാൽ ആർക്കു സംസാരിക്കാതിരിക്കാൻ കഴിയും?
൨“നിന്നോട് സംസാരിക്കുവാൻ ശ്രമിച്ചാൽ നീ മുഷിയുമോ? എന്നാലും പറയാതിരിക്കുവാൻ ആർക്ക് കഴിയും?
3 നീ ധാരാളംപേരെ ഉദ്ബോധിപ്പിച്ചിട്ടുണ്ട്; ശക്തിക്ഷയിച്ച കൈകളെ നീ ബലപ്പെടുത്തിയിട്ടുള്ളതും ഓർക്കുക.
൩നീ പലരെയും ഉപദേശിച്ച് തളർന്ന കൈകളെ ശക്തീകരിച്ചിരിക്കുന്നു.
4 ഇടറുന്നവരെ നിന്റെ വാക്കുകൾ ഉറപ്പിച്ചുനിർത്തി; ദുർബലമായ കാൽമുട്ടുകൾക്കു നീ ബലം പകർന്നു.
൪വീഴുന്നവർക്ക് നിന്റെ വാക്ക് താങ്ങായി കുഴയുന്ന മുഴങ്കാലുള്ളവരെ നീ ഉറപ്പിച്ചിരിക്കുന്നു.
5 ഇപ്പോഴിതാ, ദുരന്തം നിന്നെ വേട്ടയാടിയിരിക്കുന്നു, നിന്റെ ധൈര്യം ചോർന്നുപോകുകയും ചെയ്തിരിക്കുന്നു; അതു നിന്നെ ആഞ്ഞടിച്ചപ്പോൾ നീ പരിഭ്രാന്തനായിരിക്കുന്നു.
൫എന്നാൽ ഇപ്പോൾ നിനക്കത് സംഭവിക്കുമ്പോൾ നീ വിഷാദിക്കുന്നു; നിന്നെ അത് അലട്ടുന്നു; നീ ഭ്രമിച്ചുപോകുന്നു.
6 നിന്റെ ദൈവഭക്തി നിനക്ക് ആത്മവിശ്വാസം നൽകുന്നില്ലേ? നിന്റെ നിർമലമാർഗങ്ങളല്ലേ നിനക്കു പ്രത്യാശ നൽകുന്നത്?
൬നിന്റെ ഭക്തി നിന്റെ ആശ്രയമല്ലയോ? നിന്റെ നടപ്പിന്റെ നിർമ്മലത നിന്റെ പ്രത്യാശയല്ലയോ?
7 “ഓർത്തുനോക്കുക: നിഷ്കളങ്കരായ ആരെങ്കിലും നശിച്ചുപോയിട്ടുണ്ടോ? പരമാർഥികൾ എപ്പോഴെങ്കിലും മുടിഞ്ഞുപോയിട്ടുണ്ടോ?
൭ഓർത്തു നോക്കുക: നിർദ്ദോഷിയായി നശിച്ചവൻ ആര്? നേരുള്ളവർ എവിടെയാണ് നശിച്ചിട്ടുള്ളത്?
8 എന്റെ നിരീക്ഷണത്തിൽ, അനീതി ഉഴുകയും ദോഷം വിതയ്ക്കുകയും ചെയ്യുന്നവർ അതുതന്നെ കൊയ്തുകൂട്ടുന്നു.
൮ഞാൻ കണ്ടിട്ടുള്ളത് അന്യായം ഉഴുത് കഷ്ടത വിതയ്ക്കുന്നവർ അതുതന്നെ കൊയ്യുന്നു.
9 ദൈവത്തിന്റെ നിശ്വാസത്താൽ അവർ നശിക്കുന്നു; അവിടത്തെ കോപാഗ്നിയിൽ അവർ വെന്തുവെണ്ണീറാകുന്നു.
൯ദൈവത്തിന്റെ ശ്വാസത്താൽ അവർ നശിക്കുന്നു; അവിടുത്തെ കോപത്താൽ അവർ മുടിഞ്ഞുപോകുന്നു.
10 സിംഹം അലറുകയും മുരളുകയും ചെയ്തേക്കാം, എന്നിട്ടും ഭീകരസിംഹങ്ങളുടെ ദംഷ്ട്രങ്ങൾ തകർക്കപ്പെടുന്നു.
൧൦സിംഹത്തിന്റെ ഗർജ്ജനവും ക്രൂരസിംഹത്തിന്റെ നാദവും ബാലസിംഹങ്ങളുടെ പല്ലുകളും അറ്റുപോയി.
11 സിംഹം ഇര കിട്ടായ്കയാൽ നശിച്ചുപോകുകയും സിംഹിയുടെ കുട്ടികൾ ചിതറിപ്പോകുകയും ചെയ്യുന്നു.
൧൧സിംഹം ഇര കിട്ടാത്തതിനാൽ നശിക്കുന്നു; സിംഹിയുടെ കുട്ടികൾ ചിതറിപ്പോകുന്നു;
12 “ഇപ്പോൾ ഒരു വാർത്ത രഹസ്യമായി എന്റെ ചെവിയിലെത്തി; അതിന്റെ മന്ത്രണം എന്റെ കാതുകളിൽ പതിച്ചു.
൧൨എന്റെ അടുക്കൽ ഒരു രഹസ്യവചനം എത്തി; അതിന്റെ മന്ദസ്വരം എന്റെ ചെവിയിൽ കടന്നു.
13 രാത്രിയിൽ അസ്വസ്ഥചിന്തകൾ ഉളവാക്കുന്ന സ്വപ്നങ്ങൾക്കിടയിൽ, മനുഷ്യർ ഗാഢനിദ്രയിൽ ആണ്ടുപോകുന്ന നേരത്തുതന്നെ,
൧൩മനുഷ്യർക്ക് ഗാഢനിദ്ര പിടിക്കുമ്പോൾ രാത്രിദർശനങ്ങളാലുള്ള മനോഭാവനകളിൽ ഭയവും നടുക്കവും എന്നെ പിടിച്ചു.
14 ഭീതിയും നടുക്കവും എന്നെ പിടികൂടി; എന്റെ അസ്ഥികളെയെല്ലാം അതു പിടിച്ചുകുലുക്കി.
൧൪എന്റെ അസ്ഥികൾ കുലുങ്ങിപ്പോയി.
15 ഒരാത്മാവ് എന്റെ മുഖത്തുകൂടി തെന്നിമാറി; എന്റെ ശരീരം രോമാഞ്ചമണിഞ്ഞു.
൧൫ഒരാത്മാവ് എന്റെ മുഖത്തിനെതിരെ കടന്ന് എന്റെ ദേഹത്തിന് രോമഹർഷം ഭവിച്ചു.
16 അതു നിശ്ചലമായി നിന്നു; എങ്കിലും ആ രൂപം എന്താണെന്നു തിരിച്ചറിയാൻ എനിക്കു കഴിഞ്ഞില്ല. ഒരു രൂപം എന്റെ കണ്ണുകൾക്കുമുമ്പിൽ നിലകൊണ്ടു; നിശ്ശബ്ദതയിൽ ഞാൻ ഒരു പതിഞ്ഞസ്വരം കേട്ടു:
൧൬ഒരു പ്രതിമ എന്റെ കണ്ണിനെതിരെ നിന്നു; എങ്കിലും അതിന്റെ രൂപം ഞാൻ തിരിച്ചറിഞ്ഞില്ല; മന്ദമായൊരു സ്വരം ഞാൻ കേട്ടത്:
17 ‘മർത്യനു ദൈവത്തെക്കാൾ നീതിമാനാകാൻ കഴിയുമോ? തന്റെ സ്രഷ്ടാവിനെക്കാൾ നിർമലനാകാൻ ഒരു മനുഷ്യനു സാധിക്കുമോ?
൧൭മർത്യൻ ദൈവത്തിലും നീതിമാൻ ആകുമോ? നരൻ സ്രഷ്ടാവിലും നിർമ്മലനാകുമോ?
18 ദൈവം തന്റെ സേവകരിൽ വിശ്വാസം അർപ്പിക്കുന്നില്ലെങ്കിൽ; തന്റെ ദൂതന്മാരിൽ അങ്ങ് കുറ്റമാരോപിക്കുന്നെങ്കിൽ,
൧൮ഇതാ, സ്വദാസന്മാരിലും അവന് വിശ്വാസമില്ല; തന്റെ ദൂതന്മാരിലും അവൻ കുറ്റം ആരോപിക്കുന്നു.
19 മൺകൂടാരങ്ങളിൽ വസിക്കുന്നവർ, പൊടിയിൽനിന്ന് ഉദ്ഭവിച്ചവർ, നിശാശലഭത്തെക്കാൾ വേഗത്തിൽ ചവിട്ടിയരയ്ക്കപ്പെടുന്നവർ എത്രയധികം കുറ്റക്കാരായിരിക്കും!
൧൯പൊടിയിൽനിന്നുത്ഭവിച്ചു മൺപുരകളിൽ വസിച്ച് പുഴുപോലെ ചതഞ്ഞുപോകുന്നവരിൽ എത്ര അധികം!
20 ഉഷസ്സിനും സായംസന്ധ്യക്കും മധ്യേ അവർ ഛിന്നഭിന്നമാകുന്നു; അഗണ്യരായി, അവർ എന്നെന്നേക്കുമായി അപ്രത്യക്ഷരാകുന്നു.
൨൦ഉഷസ്സിനും സന്ധ്യക്കും മദ്ധ്യേ അവർ തകർന്നുപോകുന്നു; ആരും ഗണ്യമാക്കാതെ അവർ എന്നേക്കും നശിക്കുന്നു.
21 അവരുടെ ജീവതന്തു അവർക്കുള്ളിൽത്തന്നെ അറ്റുപോകുകയല്ലേ? അവർ ജ്ഞാനം പ്രാപിക്കാതെ മരിക്കുകയല്ലേ ചെയ്യുന്നത്?’
൨൧അവരുടെ കൂടാരത്തിന്റെ കയറ് അറ്റുപോയിട്ട് അവർ ജ്ഞാനഹീനരായി മരിക്കുന്നില്ലയോ.