< ഇയ്യോബ് 36 >
1 എലീഹൂ പിന്നെയും ഇപ്രകാരം പറഞ്ഞു:
എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാൽ:
2 “എന്നോടൊരൽപ്പംകൂടി ക്ഷമിക്കുക; ദൈവത്തിനുവേണ്ടി ഇനിയും സംസാരിക്കാനുണ്ടെന്നു ഞാൻ നിനക്കു കാട്ടിത്തരാം.
അല്പം ക്ഷമിക്ക, ഞാൻ അറിയിച്ചുതരാം; ദൈവത്തിന്നു വേണ്ടി ഇനിയും ചില വാക്കു പറവാനുണ്ടു.
3 ഞാൻ ദൂരത്തുനിന്ന് എന്റെ അറിവു കൊണ്ടുവരും; എന്റെ സ്രഷ്ടാവ് നീതിമാൻ എന്നു തെളിയിക്കും.
ഞാൻ ദൂരത്തുനിന്നു അറിവു കൊണ്ടുവരും; എന്റെ സ്രഷ്ടാവിന്നു നീതിയെ ആരോപിക്കും.
4 വാസ്തവമായും എന്റെ വാക്കുകൾ വ്യാജമല്ല; ജ്ഞാനത്തിൽ പരിപൂർണനായവനാണ് നിങ്ങളോടുകൂടെ നിൽക്കുന്നത്.
എന്റെ വാക്കു ഭോഷ്കല്ല നിശ്ചയം; അറിവു തികഞ്ഞവൻ നിന്റെ അടുക്കൽ നില്ക്കുന്നു.
5 “ദൈവം ശക്തനാണ്, എന്നാൽ അവിടന്ന് ആരെയും നിന്ദിക്കുകയില്ല; തന്റെ നിർണയത്തിൽ അവിടന്ന് ശക്തനും അചഞ്ചലനുമാണ്.
ദൈവം ബലവാനെങ്കിലും ആരെയും നിരസിക്കുന്നില്ല; അവൻ വിവേകശക്തിയിലും ബലവാൻ തന്നേ.
6 അവിടന്നു ദുഷ്ടരെ ജീവിക്കാൻ അനുവദിക്കുകയില്ല എന്നാൽ പീഡിതർക്ക് അവരുടെ അവകാശങ്ങൾ നൽകുന്നു.
അവൻ ദുഷ്ടന്റെ ജീവനെ രക്ഷിക്കുന്നില്ല; ദുഃഖിതന്മാർക്കോ അവൻ ന്യായം നടത്തിക്കൊടുക്കുന്നു.
7 നീതിനിഷ്ഠരിൽനിന്ന് അവിടന്ന് തന്റെ ദൃഷ്ടി പിൻവലിക്കുന്നില്ല; അവിടന്ന് അവരെ രാജാക്കന്മാരോടൊപ്പം സിംഹാസനാരൂഢരാക്കുകയും എന്നെന്നേക്കുമായി ഉയർത്തുകയും ചെയ്യുന്നു.
അവൻ നീതിമാന്മാരിൽനിന്നു തന്റെ കടാക്ഷം മാറ്റുന്നില്ല; രാജാക്കന്മാരോടുകൂടെ അവരെ സിംഹാസനത്തിൽ ഇരുത്തുന്നു; അവർ എന്നേക്കും ഉയർന്നിരിക്കുന്നു.
8 എന്നാൽ മനുഷ്യർ ചങ്ങലകളാൽ ബന്ധിതരായി ദുരിതങ്ങളുടെ ചരടുകളാൽ പിടിക്കപ്പെട്ടാൽ
അവർ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടു കഷ്ടതയുടെ പാശങ്ങളാൽ പിടിക്കപ്പെട്ടാൽ
9 അവിടന്ന് അവരുടെ പ്രവൃത്തിയും അവർ അഹങ്കാരംനിമിത്തം ചെയ്തുപോയ പാപങ്ങളും അവർക്കു കാണിച്ചുകൊടുക്കുന്നു.
അവൻ അവർക്കു അവരുടെ പ്രവൃത്തിയും അഹങ്കരിച്ചുപോയ ലംഘനങ്ങളും കാണിച്ചുകൊടുക്കും.
10 തെറ്റുകൾ തിരുത്തുന്നതിനായി അവിടന്ന് അവരുടെ കാതുകൾ തുറക്കുന്നു; തിന്മയിൽനിന്ന് മടങ്ങിവരാൻ അവരോട് ആജ്ഞാപിക്കുന്നു.
അവൻ അവരുടെ ചെവി പ്രബോധനത്തിന്നു തുറക്കുന്നു; അവർ നീതികേടു വിട്ടുതിരിവാൻ കല്പിക്കുന്നു.
11 അവർ അതുകേട്ട് അവിടത്തെ സേവിച്ചാൽ തങ്ങളുടെ ശിഷ്ടകാലം ഐശ്വര്യത്തിൽ ജീവിക്കും അവരുടെ സംവത്സരങ്ങൾ സംതൃപ്തിയോടെ പൂർത്തിയാക്കും.
അവർ കേട്ടനുസരിച്ചു അവനെ സേവിച്ചാൽ തങ്ങളുടെ നാളുകളെ ഭാഗ്യത്തിലും ആണ്ടുകളെ ആനന്ദത്തിലും കഴിച്ചുകൂട്ടും.
12 ശ്രദ്ധിക്കുന്നില്ലെങ്കിലോ, അവർ വാളാൽ നശിച്ചുപോകും, പരിജ്ഞാനംകൂടാതെ മരണമടയും.
കേൾക്കുന്നില്ലെങ്കിലോ അവർ വാളാൽ നശിക്കും; ബുദ്ധിമോശത്താൽ മരിച്ചുപോകും.
13 “അഭക്തർ തങ്ങളുടെ ഹൃദയത്തിൽ കോപം സംഗ്രഹിച്ചുവെക്കുന്നു; അവിടന്ന് അവരെ ചങ്ങലയ്ക്കിടുമ്പോഴും അവർ സഹായത്തിനായി നിലവിളിക്കുന്നില്ല.
ദുഷ്ടമാനസന്മാർ കോപം സംഗ്രഹിച്ചുവെക്കുന്നു; അവൻ അവരെ ബന്ധിക്കുമ്പോൾ അവർ രക്ഷെക്കായി വിളിക്കുന്നില്ല.
14 ക്ഷേത്രങ്ങളിലെ പുരുഷവേശ്യകളോടൊപ്പം അവരും യൗവനത്തിൽത്തന്നെ മരിക്കുന്നു.
അവർ യൗവനത്തിൽ തന്നേ മരിച്ചു പോകുന്നു; അവരുടെ ജീവൻ ദുർന്നടപ്പുകാരുടേതു പോലെ നശിക്കുന്നു.
15 അവിടന്നു പീഡിതരെ തങ്ങളുടെ പീഡയിൽനിന്ന് വിടുവിക്കുന്നു; അവിടന്ന് അവരുടെ കഷ്ടതയിൽ അവരോടു സംസാരിക്കുന്നു.
അവൻ അരിഷ്ടനെ അവന്റെ അരിഷ്ടതയാൽ വിടുവിക്കുന്നു; പീഡയിൽ തന്നേ അവരുടെ ചെവി തുറക്കുന്നു.
16 “അങ്ങനെതന്നെ താങ്കളെയും അവിടന്ന് ഞെരുക്കത്തിന്റെ വായിൽനിന്ന് വിശാലതയിലേക്ക്; വിശിഷ്ടഭോജ്യത്താൽ സമൃദ്ധമായ മേശയിലേക്കുതന്നെ ആഹ്വാനംചെയ്യുന്നു.
നിന്നെയും അവൻ കഷ്ടതയുടെ വായിൽ നിന്നു ഇടുക്കമില്ലാത്ത വിശാലതയിലേക്കു നടത്തുമായിരുന്നു. നിന്റെ മേശമേൽ സ്വാദുഭോജനം വെക്കുമായിരുന്നു.
17 താങ്കളോ, ദുഷ്ടരെ വിധിക്കുന്നതിൽ മുഴുകിയിരിക്കുന്നു; വിധികൽപ്പനയും ന്യായവാദവും താങ്കളെ പിടിച്ചടക്കിയിരിക്കുന്നു.
നീയോ ദുഷ്ടവിധികൊണ്ടു നിറഞ്ഞിരിക്കുന്നു; വിധിയും നീതിയും നിന്നെ പിടിക്കും.
18 ആരും താങ്കളെ സമ്പത്തുകൊണ്ട് പ്രലോഭിപ്പിക്കാതിരിക്കാൻ ജാഗ്രതപുലർത്തുക; കൈക്കൂലിയുടെ വലുപ്പം താങ്കളെ വഴിതെറ്റിക്കാതിരിക്കട്ടെ.
കോപം നിന്നെ പരിഹാസത്തിന്നായി വശീകരിക്കരുതു; മറുവിലയുടെ വലിപ്പം ഓർത്തു നീ തെറ്റിപ്പോകയുമരുതു.
19 താങ്കൾ ദുരിതത്തിൽ അകപ്പെടാതെ പരിപാലിക്കുന്നതിന് താങ്കളുടെ സമ്പത്തിനോ അതിശയകരമായ പ്രയത്നങ്ങൾക്കോ കഴിയുമോ?
കഷ്ടത്തിൽ അകപ്പെടാതിരിപ്പാൻ നിന്റെ നിലവിളിയും ശക്തിയേറിയ പരിശ്രമങ്ങൾ ഒക്കെയും മതിയാകുമോ?
20 ജനങ്ങളെ തങ്ങളുടെ ഭവനങ്ങളിൽനിന്നു വലിച്ചിഴയ്ക്കുന്ന രാത്രിക്കായി താങ്കൾ മോഹിക്കരുത്.
ജാതികൾ തങ്ങളുടെ സ്ഥലത്തുവെച്ചു മുടിഞ്ഞുപോകുന്ന രാത്രിയെ നീ കാംക്ഷിക്കരുതു.
21 അനീതിയിലേക്കു തിരിയാതിരിക്കാൻ സൂക്ഷിക്കുക, പീഡനത്തെക്കാൾ അതിനോടാണല്ലോ താങ്കൾക്ക് ആഭിമുഖ്യം.
സൂക്ഷിച്ചുകൊൾക; നീതികേടിലേക്കു തിരിയരുതു; അതല്ലോ നീ അരിഷ്ടതയെക്കാൾ ഇച്ഛിക്കുന്നതു.
22 “നോക്കൂ, ദൈവം ശക്തിയിൽ എത്ര ഉന്നതനാകുന്നു; അവിടത്തെപ്പോലെ ഒരു ഗുരു ആരാണ്?
ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു; അവന്നു തുല്യനായ ഉപദേശകൻ ആരുള്ളു?
23 അവിടത്തേക്ക് മാർഗനിർദേശം നൽകിയവൻ ആരാണ്? ‘അങ്ങു തെറ്റ് ചെയ്തു,’ എന്ന് ആർക്ക് അവിടത്തോട് പറയാൻകഴിയും?
അവനോടു അവന്റെ വഴിയെ കല്പിച്ചതാർ? നീ നീതികേടു ചെയ്തു എന്നു അവനോടു ആർക്കു പറയാം?
24 മനുഷ്യർ പാടി പ്രകീർത്തിച്ചിട്ടുള്ള അവിടത്തെ പ്രവൃത്തി, മഹിമപ്പെടുത്താൻ മറക്കാതിരിക്കുക.
അവന്റെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാൻ നീ ഓർത്തുകൊൾക; അതിനെക്കുറിച്ചല്ലോ മനുഷ്യർ പാടിയിരിക്കുന്നതു.
25 സകലമനുഷ്യരും അതു കണ്ടിട്ടുണ്ട്; മനുഷ്യർ ദൂരത്തുനിന്ന് അത് ഉറ്റുനോക്കും.
മനുഷ്യരൊക്കെയും അതു കണ്ടു രസിക്കുന്നു; ദൂരത്തുനിന്നു മർത്യൻ അതിനെ സൂക്ഷിച്ചുനോക്കുന്നു.
26 ദൈവം എത്രയോ ഉന്നതൻ—നമ്മുടെ സകലവിവേകത്തിനും അതീതൻ! അവിടത്തെ സംവത്സരങ്ങൾ നമ്മുടെ ഗണനയിൽ ഒതുങ്ങുന്നുമില്ല.
നമുക്കു അറിഞ്ഞുകൂടാതവണ്ണം ദൈവം അത്യുന്നതൻ; അവന്റെ ആണ്ടുകളുടെ സംഖ്യ ആരാഞ്ഞുകൂടാത്തതു.
27 “അവിടന്നു നീർത്തുള്ളികളെ സംഭരിക്കുന്നു; അവ നീരാവിയായി മഴപൊഴിക്കുന്നു.
അവൻ നീർത്തുള്ളികളെ ആകർഷിക്കുന്നു; അവന്റെ ആവിയാൽ അവ മഴയായി പെയ്യുന്നു.
28 മേഘങ്ങൾ ഘനീഭവിച്ച് മഴപൊഴിക്കുന്നു; മനുഷ്യന്റെമേൽ അതു സമൃദ്ധമായി വർഷിക്കുന്നു.
മേഘങ്ങൾ അവയെ ചൊരിയുന്നു; മനുഷ്യരുടെമേൽ ധാരാളമായി പൊഴിക്കുന്നു.
29 അവിടന്ന് മേഘങ്ങളെ എങ്ങനെ വിന്യസിക്കുന്നു എന്നും അവിടത്തെ കൂടാരത്തിൽനിന്ന് എങ്ങനെ ഇടിമുഴക്കുന്നു എന്നും ആർക്കു ഗ്രഹിക്കാൻ കഴിയും?
ആർക്കെങ്കിലും മേഘങ്ങളുടെ വിരിവുകളെയും അവന്റെ കൂടാരത്തിന്റെ മുഴക്കത്തെയും ഗ്രഹിക്കാമോ?
30 അവിടന്നു മിന്നൽപ്പിണർ തനിക്കുചുറ്റും എങ്ങനെ ചിതറിക്കുന്നു എന്നും സമുദ്രത്തിന്റെ അടിത്തട്ടുകൾ എങ്ങനെ മൂടുന്നു എന്നും കാണുക.
അവൻ തന്റെ ചുറ്റും പ്രകാശം വിരിക്കുന്നു; സമുദ്രത്തിന്റെ അടിയെ മൂടുന്നു.
31 ഇപ്രകാരം അവിടന്നു ജനതകളെ ഭരിക്കുന്നു; ഭക്ഷണവും സമൃദ്ധമായി ദാനംചെയ്യുന്നു.
ഇവയാൽ അവൻ ജാതികളെ ന്യായം വിധിക്കുന്നു; ആഹാരവും ധാരാളമായി കൊടുക്കുന്നു.
32 തന്റെ കൈകൾ അവിടന്നു മിന്നൽപ്പിണർകൊണ്ടു പൊതിയുന്നു; നിർദിഷ്ടലക്ഷ്യത്തിൽ പതിക്കാൻ അവിടന്ന് അതിനെ നിയോഗിക്കുന്നു.
അവൻ മിന്നൽകൊണ്ടു തൃക്കൈ നിറെക്കുന്നു; പ്രതിയോഗിയുടെ നേരെ അതിനെ നിയോഗിക്കുന്നു.
33 അവിടത്തെ ഗർജനം കൊടുങ്കാറ്റിന്റെ ആഗമനം വിളിച്ചറിയിക്കുന്നു; കന്നുകാലികളും അതിന്റെ വരവിനെപ്പറ്റി അറിവു കൊടുക്കുന്നു.
അതിന്റെ മുഴക്കം അവനെയും കന്നുകാലികൾ എഴുന്നെള്ളുന്നവനെയും കുറിച്ചു അറിവുതരുന്നു.