< ഇയ്യോബ് 29 >

1 ഇയ്യോബ് തന്റെ പ്രഭാഷണം ഇപ്രകാരം തുടർന്നു:
ഇയ്യോബ് പിന്നെയും പറഞ്ഞത്:
2 “അയ്യോ! കഴിഞ്ഞുപോയ മാസങ്ങൾ എനിക്കു തിരിച്ചു കിട്ടിയിരുന്നെങ്കിൽ ദൈവം എന്നെ കാത്തുസൂക്ഷിച്ച ദിവസങ്ങൾ മടങ്ങിവന്നിരുന്നെങ്കിൽ,
“അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ ദൈവം എന്നെ പരിപാലിച്ച നാളുകളിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളാമായിരുന്നു.
3 അവിടത്തെ വിളക്ക് എന്റെ തലയ്ക്കുമീതേ പ്രകാശിച്ചപ്പോൾ അവിടത്തെ പ്രകാശത്താൽ ഞാൻ ഇരുളടഞ്ഞവഴികൾ താണ്ടിയ ദിനങ്ങൾതന്നെ.
അന്ന് അവിടുത്തെ ദീപം എന്റെ തലയ്ക്കുമീതെ പ്രകാശിച്ചു; അവിടുത്തെ വെളിച്ചത്താൽ ഞാൻ ഇരുട്ടിൽകൂടി നടന്നു.
4 എന്റെ ഉൽക്കൃഷ്ടദിനങ്ങളിലെപ്പോലെ ദൈവത്തിന്റെ സഖിത്വം എന്റെ കൂടാരത്തിനുമീതേ ഉണ്ടായിരിക്കുകയും
എന്റെ കൂടാരത്തിന് ദൈവത്തിന്റെ സഖ്യത ഉണ്ടായിരുന്നു; സർവ്വശക്തൻ എന്നോടുകൂടി വസിക്കുകയും
5 സർവശക്തൻ എന്നോടുകൂടെ ഇരിക്കുകയും എന്റെ മക്കൾ എനിക്കുചുറ്റും ഉണ്ടായിരുന്നപോലെ ഞാൻ ആയിത്തീരുകയും ചെയ്തെങ്കിൽ!
എന്റെ മക്കൾ എന്റെ ചുറ്റും ഇരിക്കുകയും ചെയ്ത എന്റെ ശുഭകാലത്തിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളാമായിരുന്നു.
6 അന്ന് എന്റെ കാലടികൾ വെണ്ണയിൽ കുളിച്ചിരുന്നു; പാറകൾ എനിക്കുവേണ്ടി ഒലിവെണ്ണയുടെ അരുവികൾ ഒഴുക്കിയിരുന്നു.
അന്ന് ഞാൻ എന്റെ കാലുകൾ വെണ്ണകൊണ്ട് കഴുകി; പാറ എനിയ്ക്ക് തൈലനദികളെ ഒഴുക്കിത്തന്നു.
7 “അന്നു ഞാൻ പട്ടണവാതിൽക്കലേക്കു പോകുകയും ചത്വരങ്ങളിൽ ഉപവിഷ്ടനാകുകയും ചെയ്തിരുന്നപ്പോൾ.
ഞാൻ പുറപ്പെട്ട് പട്ടണത്തിലേക്കുള്ള പടിവാതില്ക്കൽ ചെന്നു. വിശാലസ്ഥലത്ത് എന്റെ ഇരിപ്പിടം വയ്ക്കുമ്പോൾ
8 യുവാക്കൾ എന്നെക്കണ്ട് ആദരപൂർവം വഴിമാറിത്തന്നിരുന്നു, വയോധികർ എന്നെക്കണ്ട് എഴുന്നേറ്റിരുന്നു.
യൗവ്വനക്കാർ എന്നെ കണ്ടിട്ട് ഒളിക്കും; വൃദ്ധന്മാർ എഴുന്നേറ്റുനില്ക്കും.
9 പ്രഭുക്കന്മാർ സംസാരം നിർത്തുകയും അവർ അവരുടെ കൈകൊണ്ടു വായ് പൊത്തുകയും ചെയ്യുമായിരുന്നു.
പ്രഭുക്കന്മാർ സംസാരം നിർത്തി, കൈകൊണ്ട് വായ് പൊത്തും.
10 പ്രമാണികൾ നിശ്ശബ്ദരായി നിൽക്കുകയും അവരുടെ നാവ് മേലണ്ണാക്കിനോടു പറ്റിച്ചേരുകയും ചെയ്യുമായിരുന്നു.
൧൦ശ്രേഷ്ഠന്മാരുടെ ശബ്ദം അടങ്ങും; അവരുടെ നാവ് അണ്ണാക്കോടു പറ്റും.
11 എന്റെ പ്രഭാഷണം കേട്ടവരൊക്കെ എന്നെ ശ്ലാഘിച്ചിരുന്നു, എന്നെ കണ്ടവരൊക്കെ എന്നെ പ്രശംസിച്ചിരുന്നു,
൧൧എന്റെ വാക്ക് കേട്ട ചെവി എന്നെ വാഴ്ത്തും; എന്നെ കണ്ട കണ്ണ് എനിയ്ക്ക് സാക്ഷ്യം നല്കും.
12 കാരണം സഹായത്തിനായി നിലവിളിച്ച ദരിദ്രരെയും ആരും സഹായത്തിനില്ലാത്ത അനാഥരെയും ഞാൻ മോചിപ്പിച്ചിരുന്നു.
൧൨നിലവിളിച്ച എളിയവനെയും അനാഥനെയും തുണയറ്റവനെയും ഞാൻ വിടുവിച്ചു.
13 നാശത്തിന്റെ വക്കിലെത്തിയിരുന്നവർ എന്നെ അനുഗ്രഹിച്ചു; വിധവയുടെ ഹൃദയത്തിൽനിന്ന് ആനന്ദഗീതം ഉയരാൻ ഞാൻ വഴിയൊരുക്കി.
൧൩നശിക്കുമാറായവന്റെ അനുഗ്രഹം എന്റെ മേൽ വന്നു; വിധവയുടെ ഹൃദയത്തെ ഞാൻ സന്തോഷംകൊണ്ട് ആലപിക്കുമാറാക്കി.
14 ഞാൻ നീതിനിഷ്ഠ ഒരു വസ്ത്രംപോലെ അണിഞ്ഞു; നീതി എന്റെ പുറങ്കുപ്പായവും തലപ്പാവും ആയിരുന്നു.
൧൪ഞാൻ നീതിയെ ധരിച്ചു; അത് എന്റെ ഉടുപ്പായിരുന്നു; എന്റെ ന്യായം ഉത്തരീയവും തലപ്പാവും പോലെയായിരുന്നു.
15 ഞാൻ അന്ധർക്കു കണ്ണുകളും മുടന്തർക്കു കാലുകളും ആയിരുന്നു.
൧൫ഞാൻ കുരുടന് കണ്ണും മുടന്തന് കാലും ആയിരുന്നു.
16 ബുദ്ധിമുട്ടനുഭവിക്കുന്നവർക്കു ഞാൻ പിതാവായിരുന്നു; അപരിചിതന്റെ വ്യവഹാരംപോലും ഞാൻ ഏറ്റെടുത്തു നടത്തി.
൧൬ദരിദ്രന്മാർക്ക് ഞാൻ അപ്പനായിരുന്നു; ഞാൻ അറിയാത്തവന്റെ വ്യവഹാരം പരിശോധിച്ചു.
17 ദുഷ്ടരുടെ അണപ്പല്ലുകൾ ഞാൻ തകർത്തു; അവരുടെ പല്ലുകൾക്കിടയിൽനിന്ന് ഞാൻ ഇരകളെ വിടുവിച്ചു.
൧൭നീതികെട്ടവന്റെ അണപ്പല്ല് ഞാൻ തകർത്തു; അവന്റെ പല്ലിനിടയിൽനിന്ന് ഇരയെ പറിച്ചെടുത്തു.
18 “അപ്പോൾ ഞാൻ വിചാരിച്ചു, ‘എന്റെ ഭവനത്തിൽവെച്ചുതന്നെ ഞാൻ മരിക്കും, മണൽത്തരിപോലെ എന്റെ ദിവസങ്ങൾ അസംഖ്യമായിരിക്കും.
൧൮എന്റെ കൂട്ടിൽവച്ച് ഞാൻ മരിക്കും; ഹോൽപക്ഷിയെപ്പോലെ ഞാൻ ദീർഘായുസ്സോടെ ഇരിക്കും.
19 എന്റെ വേരുകൾ വെള്ളത്തിനരികിൽ എത്തും, രാത്രിമുഴുവൻ മഞ്ഞുവെള്ളം എന്റെ ശാഖകളിൽ തങ്ങിനിൽക്കും.
൧൯എന്റെ വേര് വെള്ളം വരെ പടർന്നുചെല്ലുന്നു; എന്റെ കൊമ്പിന്മേൽ മഞ്ഞ് രാപാർക്കുന്നു.
20 എന്റെ തേജസ്സ് നിത്യഹരിതമായിരിക്കും; എന്റെ വില്ല് എന്റെ കൈയിൽ എന്നും നവീനമായിരിക്കും.’
൨൦എന്റെ മഹത്വം എന്നിൽ പച്ചയായിരിക്കുന്നു; എന്റെ വില്ല് എന്റെ കയ്യിൽ പുതിയതായിരിക്കും എന്ന് ഞാൻ പറഞ്ഞു.
21 “ജനം വളരെ പ്രതീക്ഷയോടെ എന്റെ വാക്കുകൾ ചെവിക്കൊണ്ടിരുന്നു, എന്റെ ഉപദേശത്തിനു നിശ്ശബ്ദരായി കാത്തിരിക്കുകയും ചെയ്തിരുന്നു.
൨൧മനുഷ്യർ കാത്തിരുന്ന് എന്റെ വാക്ക് കേൾക്കും; എന്റെ ആലോചന കേൾക്കുവാൻ മിണ്ടാതെയിരിക്കും.
22 ഞാൻ സംസാരിച്ചുകഴിഞ്ഞാൽ, പിന്നെ അവർക്ക് ഒന്നുംതന്നെ പറയാൻ ഉണ്ടായിരുന്നില്ല; എന്റെ വാക്കുകൾ അവരുടെ ഉള്ളിൽ പതിഞ്ഞിരുന്നു.
൨൨ഞാൻ സംസാരിച്ചശേഷം അവർ മിണ്ടുകയില്ല; എന്റെ മൊഴി അവരുടെ മേൽ മഴപോലെ ഇറ്റിറ്റ് വീഴും.
23 മഴയ്ക്കുവേണ്ടിയെന്നപോലെ അവർ എനിക്കുവേണ്ടി കാത്തിരുന്നു; വസന്തകാലമഴപോലെ അവർ എന്റെ മൊഴികൾ ആസ്വദിച്ചു.
൨൩മഴയ്ക്ക് എന്നപോലെ അവർ എനിക്കായി കാത്തിരിക്കും; പിന്മഴയ്ക്കെന്നപോലെ അവർ വായ്പിളർക്കും.
24 അവരെ നോക്കി ഞാൻ മന്ദഹസിച്ചപ്പോൾ അവർക്കത് അവിശ്വസനീയമായിരുന്നു; എന്റെ മുഖത്തെ പ്രകാശം അവർക്ക് അമൂല്യമായിരുന്നു.
൨൪അവർ പ്രതീക്ഷിക്കാതിരിക്കുമ്പോൾ ഞാൻ അവരെ നോക്കി പുഞ്ചിരിതൂകി; എന്റെ മുഖപ്രസാദം അവർ തള്ളിക്കളയുകയുമില്ല.
25 ഞാൻ അവർക്കു വഴികാട്ടിയും നായകനുമായിത്തീർന്നു; സൈന്യമധ്യത്തിലെ രാജാവിനെപ്പോലെയും വിലപിക്കുന്നവർക്ക് ആശ്വാസദായകനെപ്പോലെയും ആയിത്തീർന്നു ഞാൻ.
൨൫ഞാൻ അവരുടെ വഴി തിരഞ്ഞെടുത്ത് തലവനായി ഇരിക്കും; സൈന്യസമേതനായ രാജാവിനെപ്പോലെയും ദുഃഖിതന്മാരെ ആശ്വസിപ്പിക്കുന്നവനെപ്പോലെയും ഞാൻ വസിക്കും.

< ഇയ്യോബ് 29 >