< ഇയ്യോബ് 27 >
1 ഇയ്യോബ് തന്റെ പ്രഭാഷണം ഇപ്രകാരം തുടർന്നു:
ഇയ്യോബ് തന്റെ സുഭാഷിതം തുടർന്നു ചൊല്ലിയതെന്തെന്നാൽ:
2 “എനിക്കു നീതി നിഷേധിച്ച് എന്റെ ജീവിതം ദുഃഖപൂർണമാക്കിയ സർവശക്തനായ ജീവനുള്ള ദൈവത്താണ,
എന്റെ ന്യായം നീക്കിക്കളഞ്ഞ ദൈവത്താണ, എനിക്കു മനോവ്യസനം വരുത്തിയ സർവ്വശക്തനാണ -
3 എന്നിൽ ജീവനുള്ള കാലത്തോളം, എന്റെ നാസികയിൽ ദൈവത്തിന്റെ ശ്വാസം നിലനിൽക്കുന്നതുവരെയും,
എന്റെ പ്രാണൻ മുഴുവനും എന്നിലും ദൈവത്തിന്റെ ശ്വാസം എന്റെ മൂക്കിലും ഉണ്ടല്ലോ -
4 എന്റെ അധരങ്ങൾ നീതികേടു സംസാരിക്കുകയില്ല; എന്റെ നാവു വഞ്ചന ഉച്ചരിക്കയുമില്ല.
എന്റെ അധരം നീതികേടു സംസാരിക്കയില്ല; എന്റെ നാവു വ്യാജം ഉച്ചരിക്കയുമില്ല.
5 നിങ്ങളുടെ ഭാഗം ശരിയെന്നു ഞാൻ ഒരിക്കലും അംഗീകരിക്കുകയില്ല; മരിക്കുന്നതുവരെ എന്റെ പരമാർഥത ഞാൻ ത്യജിക്കുകയില്ല.
നിങ്ങളുടെ വാദം ഞാൻ ഒരുനാളും സമ്മതിക്കയില്ല; മരിക്കുവോളം എന്റെ നിഷ്കളങ്കത്വം ഉപേക്ഷിക്കയുമില്ല.
6 എന്റെ നീതിനിഷ്ഠയിൽ ഞാൻ ഉറച്ചുനിൽക്കും, അതു ഞാൻ ഒരിക്കലും ഉപേക്ഷിക്കുകയില്ല; എന്റെ ജീവിതകാലത്തൊരിക്കലും എന്റെ മനസ്സാക്ഷി എന്നെ നിന്ദിക്കുകയില്ല.
എന്റെ നീതി ഞാൻ വിടാതെ മുറുകെ പിടിക്കുന്നു; എന്റെ ഹൃദയം എന്റെ നാളുകളിൽ ഒന്നിനെയും ആക്ഷേപിക്കുന്നില്ല.
7 “എന്റെ ശത്രു ദുഷ്ടരെപ്പോലെയും എന്റെ എതിരാളി നീതികെട്ടവരെപ്പോലെയുമിരിക്കട്ടെ!
എന്റെ ശത്രു ദുഷ്ടനെപ്പോലെയും എന്റെ എതിരാളി നീതികെട്ടവനെപ്പോലെയും ആകട്ടെ.
8 അഭക്തർ ഛേദിക്കപ്പെടുകയും ദൈവം അവരുടെ ജീവൻ എടുത്തുകളകയും ചെയ്യുമ്പോൾ അവർക്കുള്ള പ്രത്യാശയെന്ത്?
ദൈവം വഷളനെ ഛേദിച്ചു അവന്റെ പ്രാണനെ എടുത്തുകളഞ്ഞാൽ അവന്നു എന്തു പ്രത്യാശ ശേഷിപ്പുള്ളു?
9 അവർക്കു കഷ്ടത വരുമ്പോൾ ദൈവം അവരുടെ നിലവിളി കേൾക്കുമോ?
അവന്നു കഷ്ടത വരുമ്പോൾ ദൈവം അവന്റെ നിലവിളി കേൾക്കുമോ?
10 അവർ സർവശക്തനിൽ സന്തോഷിക്കുമോ? എപ്പോഴും ദൈവത്തെ വിളിച്ചപേക്ഷിക്കുമോ?
അവൻ സർവ്വശക്തനിൽ ആനന്ദിക്കുമോ? എല്ലാകാലത്തും ദൈവത്തെ വിളിച്ചപേക്ഷിക്കുമോ?
11 “ദൈവശക്തിയെക്കുറിച്ചു ഞാൻ നിങ്ങളെ പഠിപ്പിക്കാം; സർവശക്തന്റെ മാർഗങ്ങളൊന്നും ഞാൻ മറച്ചുവെക്കുകയില്ല.
ദൈവത്തിന്റെ കയ്യെക്കുറിച്ചു ഞാൻ നിങ്ങളെ ഉപദേശിക്കും; സർവ്വശക്തന്റെ ആന്തരം ഞാൻ മറെച്ചുവെക്കയില്ല.
12 ഇതാ, നിങ്ങളെല്ലാവരും ഇതു നേരിട്ടു കണ്ടുകഴിഞ്ഞു; പിന്നെ എന്തിനാണ് ഈ പാഴ്ച്ചൊല്ലുകൾ?
നിങ്ങൾ എല്ലാവരും അതു കണ്ടിരിക്കുന്നു; നിങ്ങൾ വ്യർത്ഥബുദ്ധികളായിരിക്കുന്നതെന്തു?
13 “ഇതെല്ലാം ദൈവം ദുഷ്ടമനുഷ്യർക്കു നൽകുന്ന ഭാഗധേയവും നിഷ്ഠുരർക്കു സർവശക്തനിൽനിന്നു ലഭിക്കുന്ന പൈതൃകവും ആകുന്നു:
ഇതു ദുർജ്ജനത്തിന്നു ദൈവത്തിന്റെ പക്കലുള്ള ഓഹരിയും നിഷ്ഠൂരന്മാർ സർവ്വശക്തങ്കൽനിന്നു പ്രാപിക്കുന്ന അവകാശവും തന്നേ.
14 അവർക്ക് എത്രയധികം മക്കൾ ഉണ്ടായാലും അവരെല്ലാം വാളിനു വിധിക്കപ്പെട്ടിരിക്കുന്നു; അവരുടെ സന്തതിക്കു മതിവരുവോളം ഭക്ഷിക്കാൻ ലഭിക്കുകയില്ല.
അവന്റെ മക്കൾ പെരുകിയാൽ അതു വാളിന്നായിട്ടത്രേ; അവന്റെ സന്തതി അപ്പം തിന്നു തൃപ്തരാകയില്ല.
15 അവരിൽ ശേഷിക്കുന്നവരെ മഹാമാരി കുഴിമാടത്തിലെത്തിക്കും, അവരുടെ വിധവകൾ അവരെയോർത്തു വിലപിക്കുകയുമില്ല.
അവന്നു ശേഷിച്ചവർ മഹാമാരിയാൽ കുഴിയിൽ ആകും; അവന്റെ വിധവമാർ വിലപിക്കയുമില്ല.
16 അവർ മണ്ണുപോലെ വെള്ളി വാരിക്കൂട്ടിയാലും, കളിമൺകൂനകൾപോലെ വിശേഷവസ്ത്രങ്ങൾ ഒരുക്കിവെച്ചാലും,
അവൻ പൊടിപോലെ വെള്ളി സ്വരൂപിച്ചാലും മണ്ണുപോലെ വസ്ത്രം സമ്പാദിച്ചാലും
17 അവർ ശേഖരിച്ചുവെക്കുന്നവ നീതിനിഷ്ഠർ ധരിക്കും; നിഷ്കളങ്കർ അവരുടെ വെള്ളി പങ്കിടും.
അവൻ സമ്പാദിച്ചു എന്നേയുള്ളു; നീതിമാൻ അതു ഉടുക്കും; കുറ്റമില്ലാത്തവൻ വെള്ളി പങ്കിടും.
18 അവർ പണിയുന്ന വീട് പട്ടുനൂൽപ്പുഴുവിന്റെ കൂടുപോലെ; അഥവാ, കാവൽക്കാരൻ കെട്ടുന്ന മാടംപോലെയല്ലോ.
ചെലന്തിയെപ്പോലെ അവൻ വീടുപണിയുന്നു; കാവല്ക്കാരൻ മാടം കെട്ടുന്നതുപോലെ തന്നേ.
19 ധനികരായി അവർ കിടക്കയിലേക്കു പോകുന്നു, എന്നാൽ പിന്നീട് അങ്ങനെ ചെയ്യാൻ കഴിയില്ല; കാരണം, കിടക്കവിട്ട് കണ്ണു തുറക്കുമ്പോൾ എല്ലാം പോയ്പ്പോയിരിക്കും.
അവൻ ധനവാനായി കിടക്കുന്നു; പിന്നെ അങ്ങനെ ചെയ്കയില്ല; അവൻ കണ്ണു തുറക്കുന്നു; ഇല്ലാതെയാകുന്നു.
20 പ്രളയംപോലെ ഭയം അവരെ കീഴടക്കുന്നു; കൊടുങ്കാറ്റ് രാത്രിയിൽ അവരെ പറപ്പിച്ചുകൊണ്ടുപോകുന്നു.
വെള്ളംപോലെ ഭയം അവനെ പിടിക്കുന്നു; രാത്രിയിൽ കൊടുങ്കാറ്റു അവനെ കവർന്നു കൊണ്ടുപോകുന്നു.
21 കിഴക്കൻകാറ്റ് അവരെ എടുത്തുകൊണ്ടുപോകുന്നു; തങ്ങളുടെ സ്ഥാനത്തുനിന്നും അത് അവരെ തൂത്തെറിയുന്നു.
കിഴക്കൻ കാറ്റു അവനെ പിടിച്ചിട്ടു അവൻ പൊയ്പോകുന്നു; അവന്റെ സ്ഥലത്തുനിന്നു അതു അവനെ പാറ്റിക്കളയുന്നു.
22 അതിന്റെ ശക്തിയിൽനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നവരെ അത് നിർദാക്ഷിണ്യം ചുഴറ്റിയെറിയുന്നു;
ദൈവം ആദരിയാതെ അവനെ എയ്യുന്നു; തൃക്കയ്യിൽനിന്നു ചാടിപ്പോകുവാൻ അവൻ നോക്കുന്നു.
23 അത് അവരെ നോക്കി കൈകൊട്ടും; കാറ്റിന്റെ ഒരു ഊത്തിനാൽ അവരെ സ്വസ്ഥാനത്തുനിന്നു പുറന്തള്ളും.”
മനുഷ്യർ അവന്റെ നേരെ കൈകൊട്ടും: അവന്റെ സ്ഥലത്തുനിന്നു അവനെ വിരട്ടി പുറത്താക്കും.