< ഇയ്യോബ് 24 >

1 “സർവശക്തൻ ന്യായവിധിക്കുള്ള സമയങ്ങൾ നിർണയിക്കാതിരിക്കുന്നത് എന്തുകൊണ്ട്? അവിടത്തെ ഭക്തർ ആ ദിവസങ്ങൾക്കുവേണ്ടി വൃഥാ കാത്തിരിക്കുന്നതും എന്തുകൊണ്ട്?
സർവ്വശക്തൻ ശിക്ഷാസമയങ്ങളെ നിയമിക്കാത്തതും അവിടുത്തെ ഭക്തന്മാർ അവിടുത്തെ വിസ്താര ദിവസങ്ങളെ കാണാതിരിക്കുന്നതും എന്ത്?
2 അതിർത്തിക്കല്ലുകൾ മാറ്റിയിടുന്ന ചിലരുണ്ട്; അവർ കവർന്നെടുത്ത ആട്ടിൻപറ്റത്തെ മേയിക്കുന്നു.
ചിലർ അതിരുകളെ മാറ്റുന്നു; ചിലർ ആട്ടിൻകൂട്ടത്തെ കവർന്ന് കൊണ്ടുപോയി മേയ്ക്കുന്നു.
3 അവർ അനാഥരുടെ കഴുതകളെ ഓടിച്ചുകളയുന്നു; വിധവയുടെ കാളയെ പണയമായി വാങ്ങുന്നു.
ചിലർ അനാഥരുടെ കഴുതയെ കൊണ്ട് പോകുന്നു; ചിലർ വിധവയുടെ കാളയെ പണയം വാങ്ങുന്നു.
4 അവർ ബുദ്ധിമുട്ടനുഭവിക്കുന്നവരെ വഴിയിൽനിന്ന് തള്ളിമാറ്റുന്നു; ഭൂമിയിലെ ദരിദ്രരെയെല്ലാം ഒളിയിടങ്ങൾ തേടാൻ നിർബന്ധിതരാക്കുന്നു.
ചിലർ സാധുക്കളെ വഴി തെറ്റിക്കുന്നു; ദേശത്തെ ദരിദ്രർ എല്ലാം ഒളിച്ചുകൊള്ളുന്നു.
5 മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ, ദരിദ്രർ അന്നംതേടി വേലയ്ക്കു പുറപ്പെടുന്നു; മരുഭൂമി അവർക്കും അവരുടെ മക്കൾക്കും ഭക്ഷണം നൽകുന്നു.
അവർ മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ ഇരതേടി വേലയ്ക്ക് പുറപ്പെടുന്നു; അവർ മക്കൾക്കുവേണ്ടി ശൂന്യപ്രദേശത്ത് ആഹാരം തേടിയുള്ള വേലയ്ക്ക് പുറപ്പെടുന്നു.
6 അവർ വയലിൽനിന്നു കാലിത്തീറ്റ കൊയ്തെടുക്കുന്നു; ദുഷ്ടരുടെ മുന്തിരിത്തോപ്പിൽനിന്ന് അവർ കാലാപെറുക്കുന്നു.
അവർ അന്യന്റെ വയലിൽ വിളവെടുക്കുന്നു; ദുഷ്ടന്റെ മുന്തിരിത്തോട്ടത്തിൽ കാലാ പെറുക്കുന്നു.
7 വസ്ത്രമില്ലാത്തതിനാൽ രാത്രിയിൽ അവർ നഗ്നരായിക്കഴിയുന്നു; ശൈത്യമകറ്റുന്നതിനുള്ള പുതപ്പ് അവർക്കില്ല.
അവർ വസ്ത്രമില്ലാതെ നഗ്നരായി രാത്രി കഴിച്ചുകൂട്ടുന്നു; കുളിർ മാറ്റാൻ അവർക്ക് പുതപ്പും ഇല്ല.
8 മലകളിലെ മഴകൊണ്ട് അവർ നനഞ്ഞിരിക്കുന്നു; പാർപ്പിടം ഇല്ലാത്തതിനാൽ അവർ പാറയെ അഭയമാക്കിയിരിക്കുന്നു.
അവർ മലകളിൽ മഴ നനയുന്നു; മറവിടം ഇല്ലാത്തതിനാൽ അവർ പാറയെ ആശ്രയിക്കുന്നു.
9 ദുഷ്ടർ മുലകുടിക്കുന്ന അനാഥശിശുക്കളെ അപഹരിക്കുന്നു; ദരിദ്രരുടെ ശിശുക്കളെ അവർ പണയമുതലായി പിടിച്ചെടുക്കുന്നു.
ചിലർ മുലകുടിക്കുന്ന അനാഥക്കുട്ടികളെ അപഹരിക്കുന്നു; ചിലർ ദരിദ്രനോട് കുട്ടികളെ പണയം വാങ്ങുന്നു.
10 ആവശ്യത്തിനു വസ്ത്രമില്ലാത്തതിനാൽ അവർ നഗ്നരായി നടക്കുന്നു; അവർ കറ്റകൾ ചുമക്കുന്നെങ്കിലും വിശക്കുന്നവരായി പോകുന്നു.
൧൦അവർ വസ്ത്രം കൂടാതെ നഗ്നരായി നടക്കുന്നു; പട്ടിണി കിടന്നുകൊണ്ട് കറ്റ ചുമക്കുന്നു.
11 അവർ ഒലിവുവൃക്ഷങ്ങൾക്കിടയിൽ ഒലിവെണ്ണ ആട്ടിയെടുക്കുന്നു; അവർ മുന്തിരിച്ചക്കു ചവിട്ടുന്നെങ്കിലും ദാഹാർത്തരായിത്തന്നെ കഴിയുന്നു.
൧൧ദുഷ്ടന്മാരുടെ മതിലുകൾക്കകത്ത് അവർ ചക്കാട്ടുന്നു; മുന്തിരിച്ചക്ക് ചവിട്ടുകയും ദാഹിച്ചിരിക്കുകയും ചെയ്യുന്നു.
12 മരണാസന്നരുടെ തേങ്ങൽ പട്ടണത്തിൽ ഉയരുന്നു; മുറിവേറ്റവരുടെ ആത്മാക്കൾ സഹായത്തിനായി നിലവിളിക്കുന്നു; എന്നാൽ ദൈവം ആരുടെമേലും കുറ്റാരോപണം നടത്തുന്നില്ല.
൧൨പട്ടണത്തിൽ ആളുകൾ ഞരങ്ങുന്നു; മുറിവേറ്റവരുടെ പ്രാണൻ നിലവിളിക്കുന്നു; ദൈവം അവരുടെ പ്രാര്‍ത്ഥന ശ്രദ്ധിക്കുന്നില്ല
13 “അതിന്റെ വഴികൾ അറിയാതെ അതിന്റെ പാതകളിൽ നിൽക്കാതെ പ്രകാശത്തിനെതിരേ മത്സരിക്കുന്ന ചിലരുണ്ട്.
൧൩ഇവർ വെളിച്ചത്തോട് മത്സരിക്കുന്നു; അതിന്റെ വഴികളെ അറിയുന്നില്ല; അതിന്റെ പാതകളിൽ നടക്കുന്നതുമില്ല.
14 സൂര്യാസ്തമയം കഴിഞ്ഞാലുടൻതന്നെ കൊലയാളികൾ ഉണരുന്നു; ദരിദ്രരെയും ആലംബഹീനരെയും അവർ വധിക്കുന്നു; രാത്രിയിൽ അവർ മോഷ്ടാക്കളായി സഞ്ചരിക്കുന്നു.
൧൪കൊലപാതകൻ രാവിലെ എഴുന്നേല്ക്കുന്നു; ദരിദ്രനെയും എളിയവനെയും കൊല്ലുന്നു; രാത്രിയിൽ കള്ളനായി നടക്കുന്നു.
15 വ്യഭിചരിക്കുന്നവന്റെ കണ്ണ് അന്തിമയക്കത്തിനായി കാത്തിരിക്കുന്നു; ‘ഞാൻ ആരുടെയും കണ്ണിൽപ്പെടുകയില്ല,’ എന്നു പറഞ്ഞ് അവൻ തന്റെ മുഖം മറച്ചുനടക്കുന്നു.
൧൫വ്യഭിചാരിയുടെ കണ്ണ് അസ്തമയം കാത്തിരിക്കുന്നു; അവൻ മുഖം മറച്ച് നടക്കുന്നു. “ഒരു കണ്ണും എന്നെ കാണുകയില്ല” എന്ന് പറയുന്നു.
16 ഇരുട്ടിൽ മോഷ്ടാക്കൾ വീട് തുരന്നുകയറുന്നു, എന്നാൽ പകൽസമയത്ത് അവർ കതകടച്ചിരിക്കുന്നു; പ്രകാശമുള്ളപ്പോൾ അവർക്ക് ചെയ്യാൻ ഒന്നുംതന്നെയില്ല.
൧൬ചിലർ ഇരുട്ടത്ത് വീട് തുരന്നു കയറുന്നു; പകൽ അവർ വാതിൽ അടച്ചു പാർക്കുന്നു; വെളിച്ചത്ത് ഇറങ്ങുന്നതുമില്ല.
17 അങ്ങനെയുള്ളവർക്കെല്ലാം പ്രഭാതം അർധരാത്രിയാണ്; അന്ധകാരത്തിന്റെ ബീഭൽസതകളുമായിട്ടാണ് അവർക്കു ചങ്ങാത്തം.
൧൭പ്രഭാതം അവർക്ക് അന്ധതമസ്സ് തന്നെ; അന്ധതമസ്സിന്റെ ഭീകരത അവർക്ക് പരിചയമുണ്ടല്ലോ.
18 “എന്നാൽ അവർ ജലോപരിതലത്തിലെ കുമിളകളാണ്; അവരുടെ ഭൂസ്വത്തുക്കൾ ശപിക്കപ്പെട്ടതാണ്, അതുകൊണ്ട് ആരും അവരുടെ മുന്തിരിത്തോപ്പുകളിലേക്ക് പ്രവേശിക്കുന്നില്ല.
൧൮വെള്ളത്തിനുമീതെകൂടി അവർ വേഗത്തിൽ പൊയ്പോകുന്നു; അവരുടെ ഓഹരി ഭൂമിയിൽ ശപിക്കപ്പെട്ടിരിക്കുന്നു; അവരുടെ മുന്തിരിത്തോട്ടങ്ങളിൽ ആരും പോകുന്നില്ല.
19 ചൂടും വരൾച്ചയും ഉരുകിയ മഞ്ഞ്, വറ്റിച്ചുകളയുന്നതുപോലെ പാപംചെയ്തവരെ പാതാളം തട്ടിയെടുക്കുന്നു. (Sheol h7585)
൧൯ഹിമജലം വരൾച്ചയ്ക്കും ഉഷ്ണത്തിനും പാപം ചെയ്തവൻ പാതാളത്തിനും ഇരയാകുന്നു. (Sheol h7585)
20 ഗർഭാശയം അവരെ മറക്കുന്നു, അവർ പുഴുക്കൾക്കു സദ്യയാകുന്നു; ദുഷ്ടർ ഒരിക്കലും ഓർക്കപ്പെടുന്നില്ല; എന്നാൽ ഒരു വൃക്ഷംപോലെ അവർ തകർക്കപ്പെടുന്നു.
൨൦അവനെ വഹിച്ച ഗർഭപാത്രം അവനെ മറന്നുകളയും; കൃമി അവനെ തിന്ന് രസിക്കും; പിന്നെ ആരും അവനെ ഓർക്കുകയില്ല; നീതികേട് ഒരു വൃക്ഷംപോലെ തകർന്നുപോകും.
21 വന്ധ്യയെയും മക്കളില്ലാത്ത സ്ത്രീകളെയും അവർ ഇരയാക്കുന്നു; വിധവയോട് അവർ ഒരു ദയയും കാണിക്കുന്നില്ല.
൨൧പ്രസവിക്കാത്ത മച്ചിയെ അവൻ വിഴുങ്ങിക്കളയുന്നു; വിധവയ്ക്ക് നന്മ ചെയ്യുന്നതുമില്ല.
22 ദൈവം തന്റെ ശക്തിയാൽ പ്രബലരെ വലിച്ചിഴയ്ക്കുന്നു; അവർ സുസ്ഥിരർ ആയെങ്കിൽപോലും അവരുടെ ജീവനു യാതൊരുവിധ ഉറപ്പുമില്ല.
൨൨ദൈവം തന്റെ ശക്തിയാൽ കരുത്തന്മാരെ നിലനില്‍ക്കുമാറാക്കുന്നു; ജീവനെക്കുറിച്ച് നിരാശപ്പെട്ടിരിക്കെ അവർ എഴുന്നേല്ക്കുന്നു.
23 സുരക്ഷിതർ എന്ന ചിന്തയിൽ വിശ്രമിക്കാൻ അവിടന്ന് അവരെ അനുവദിക്കുന്നു, അവിടത്തെ കണ്ണ് അവരുടെ വഴികളിൽത്തന്നെ ഉണ്ട്.
൨൩അവിടുന്ന് അവർക്ക് നിർഭയവാസം നല്കുന്നു; അവർ ഉറച്ചുനില്ക്കുന്നു; എങ്കിലും അവിടുത്തെ ദൃഷ്ടി അവരുടെ വഴികളിലുണ്ട്.
24 അൽപ്പകാലത്തേക്ക് അവർ ഉന്നതരായിരിക്കുമെങ്കിലും അവർ വീണുപോകുന്നു; അവർ താഴ്ത്തപ്പെടുകയും മറ്റുള്ളവരെപ്പോലെ ശേഖരിക്കപ്പെടുകയും ചെയ്യുന്നു; കതിരുകളുടെ തലപോലെ അവർ ഛേദിക്കപ്പെടുന്നു.
൨൪അവർ ഉയർന്നിരിക്കുന്നു; കുറെകഴിഞ്ഞിട്ട് അവർ ഇല്ല; അവരെ താഴ്ത്തി മറ്റെല്ലാവരെയുംപോലെ നീക്കിക്കളയുന്നു; കതിർക്കുലയെന്നപോലെ അവരെ അറുക്കുന്നു.
25 “അങ്ങനെയല്ലെങ്കിൽ ഞാൻ പറയുന്നതു വ്യാജമെന്നും എന്റെ വാക്കുകൾ അർഥശൂന്യമെന്നും തെളിയിക്കാൻ ആർക്കു കഴിയും?”
൨൫ഇങ്ങനെയല്ലെങ്കിൽ എന്നെ കള്ളനാക്കുകയും എന്റെ വാക്ക് അർത്ഥശൂന്യമെന്ന് തെളിയിക്കുകയും ചെയ്യാവുന്നവൻ ആര്?

< ഇയ്യോബ് 24 >