< ഇയ്യോബ് 24 >
1 “സർവശക്തൻ ന്യായവിധിക്കുള്ള സമയങ്ങൾ നിർണയിക്കാതിരിക്കുന്നത് എന്തുകൊണ്ട്? അവിടത്തെ ഭക്തർ ആ ദിവസങ്ങൾക്കുവേണ്ടി വൃഥാ കാത്തിരിക്കുന്നതും എന്തുകൊണ്ട്?
൧സർവ്വശക്തൻ ശിക്ഷാസമയങ്ങളെ നിയമിക്കാത്തതും അവിടുത്തെ ഭക്തന്മാർ അവിടുത്തെ വിസ്താര ദിവസങ്ങളെ കാണാതിരിക്കുന്നതും എന്ത്?
2 അതിർത്തിക്കല്ലുകൾ മാറ്റിയിടുന്ന ചിലരുണ്ട്; അവർ കവർന്നെടുത്ത ആട്ടിൻപറ്റത്തെ മേയിക്കുന്നു.
൨ചിലർ അതിരുകളെ മാറ്റുന്നു; ചിലർ ആട്ടിൻകൂട്ടത്തെ കവർന്ന് കൊണ്ടുപോയി മേയ്ക്കുന്നു.
3 അവർ അനാഥരുടെ കഴുതകളെ ഓടിച്ചുകളയുന്നു; വിധവയുടെ കാളയെ പണയമായി വാങ്ങുന്നു.
൩ചിലർ അനാഥരുടെ കഴുതയെ കൊണ്ട് പോകുന്നു; ചിലർ വിധവയുടെ കാളയെ പണയം വാങ്ങുന്നു.
4 അവർ ബുദ്ധിമുട്ടനുഭവിക്കുന്നവരെ വഴിയിൽനിന്ന് തള്ളിമാറ്റുന്നു; ഭൂമിയിലെ ദരിദ്രരെയെല്ലാം ഒളിയിടങ്ങൾ തേടാൻ നിർബന്ധിതരാക്കുന്നു.
൪ചിലർ സാധുക്കളെ വഴി തെറ്റിക്കുന്നു; ദേശത്തെ ദരിദ്രർ എല്ലാം ഒളിച്ചുകൊള്ളുന്നു.
5 മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ, ദരിദ്രർ അന്നംതേടി വേലയ്ക്കു പുറപ്പെടുന്നു; മരുഭൂമി അവർക്കും അവരുടെ മക്കൾക്കും ഭക്ഷണം നൽകുന്നു.
൫അവർ മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ ഇരതേടി വേലയ്ക്ക് പുറപ്പെടുന്നു; അവർ മക്കൾക്കുവേണ്ടി ശൂന്യപ്രദേശത്ത് ആഹാരം തേടിയുള്ള വേലയ്ക്ക് പുറപ്പെടുന്നു.
6 അവർ വയലിൽനിന്നു കാലിത്തീറ്റ കൊയ്തെടുക്കുന്നു; ദുഷ്ടരുടെ മുന്തിരിത്തോപ്പിൽനിന്ന് അവർ കാലാപെറുക്കുന്നു.
൬അവർ അന്യന്റെ വയലിൽ വിളവെടുക്കുന്നു; ദുഷ്ടന്റെ മുന്തിരിത്തോട്ടത്തിൽ കാലാ പെറുക്കുന്നു.
7 വസ്ത്രമില്ലാത്തതിനാൽ രാത്രിയിൽ അവർ നഗ്നരായിക്കഴിയുന്നു; ശൈത്യമകറ്റുന്നതിനുള്ള പുതപ്പ് അവർക്കില്ല.
൭അവർ വസ്ത്രമില്ലാതെ നഗ്നരായി രാത്രി കഴിച്ചുകൂട്ടുന്നു; കുളിർ മാറ്റാൻ അവർക്ക് പുതപ്പും ഇല്ല.
8 മലകളിലെ മഴകൊണ്ട് അവർ നനഞ്ഞിരിക്കുന്നു; പാർപ്പിടം ഇല്ലാത്തതിനാൽ അവർ പാറയെ അഭയമാക്കിയിരിക്കുന്നു.
൮അവർ മലകളിൽ മഴ നനയുന്നു; മറവിടം ഇല്ലാത്തതിനാൽ അവർ പാറയെ ആശ്രയിക്കുന്നു.
9 ദുഷ്ടർ മുലകുടിക്കുന്ന അനാഥശിശുക്കളെ അപഹരിക്കുന്നു; ദരിദ്രരുടെ ശിശുക്കളെ അവർ പണയമുതലായി പിടിച്ചെടുക്കുന്നു.
൯ചിലർ മുലകുടിക്കുന്ന അനാഥക്കുട്ടികളെ അപഹരിക്കുന്നു; ചിലർ ദരിദ്രനോട് കുട്ടികളെ പണയം വാങ്ങുന്നു.
10 ആവശ്യത്തിനു വസ്ത്രമില്ലാത്തതിനാൽ അവർ നഗ്നരായി നടക്കുന്നു; അവർ കറ്റകൾ ചുമക്കുന്നെങ്കിലും വിശക്കുന്നവരായി പോകുന്നു.
൧൦അവർ വസ്ത്രം കൂടാതെ നഗ്നരായി നടക്കുന്നു; പട്ടിണി കിടന്നുകൊണ്ട് കറ്റ ചുമക്കുന്നു.
11 അവർ ഒലിവുവൃക്ഷങ്ങൾക്കിടയിൽ ഒലിവെണ്ണ ആട്ടിയെടുക്കുന്നു; അവർ മുന്തിരിച്ചക്കു ചവിട്ടുന്നെങ്കിലും ദാഹാർത്തരായിത്തന്നെ കഴിയുന്നു.
൧൧ദുഷ്ടന്മാരുടെ മതിലുകൾക്കകത്ത് അവർ ചക്കാട്ടുന്നു; മുന്തിരിച്ചക്ക് ചവിട്ടുകയും ദാഹിച്ചിരിക്കുകയും ചെയ്യുന്നു.
12 മരണാസന്നരുടെ തേങ്ങൽ പട്ടണത്തിൽ ഉയരുന്നു; മുറിവേറ്റവരുടെ ആത്മാക്കൾ സഹായത്തിനായി നിലവിളിക്കുന്നു; എന്നാൽ ദൈവം ആരുടെമേലും കുറ്റാരോപണം നടത്തുന്നില്ല.
൧൨പട്ടണത്തിൽ ആളുകൾ ഞരങ്ങുന്നു; മുറിവേറ്റവരുടെ പ്രാണൻ നിലവിളിക്കുന്നു; ദൈവം അവരുടെ പ്രാര്ത്ഥന ശ്രദ്ധിക്കുന്നില്ല
13 “അതിന്റെ വഴികൾ അറിയാതെ അതിന്റെ പാതകളിൽ നിൽക്കാതെ പ്രകാശത്തിനെതിരേ മത്സരിക്കുന്ന ചിലരുണ്ട്.
൧൩ഇവർ വെളിച്ചത്തോട് മത്സരിക്കുന്നു; അതിന്റെ വഴികളെ അറിയുന്നില്ല; അതിന്റെ പാതകളിൽ നടക്കുന്നതുമില്ല.
14 സൂര്യാസ്തമയം കഴിഞ്ഞാലുടൻതന്നെ കൊലയാളികൾ ഉണരുന്നു; ദരിദ്രരെയും ആലംബഹീനരെയും അവർ വധിക്കുന്നു; രാത്രിയിൽ അവർ മോഷ്ടാക്കളായി സഞ്ചരിക്കുന്നു.
൧൪കൊലപാതകൻ രാവിലെ എഴുന്നേല്ക്കുന്നു; ദരിദ്രനെയും എളിയവനെയും കൊല്ലുന്നു; രാത്രിയിൽ കള്ളനായി നടക്കുന്നു.
15 വ്യഭിചരിക്കുന്നവന്റെ കണ്ണ് അന്തിമയക്കത്തിനായി കാത്തിരിക്കുന്നു; ‘ഞാൻ ആരുടെയും കണ്ണിൽപ്പെടുകയില്ല,’ എന്നു പറഞ്ഞ് അവൻ തന്റെ മുഖം മറച്ചുനടക്കുന്നു.
൧൫വ്യഭിചാരിയുടെ കണ്ണ് അസ്തമയം കാത്തിരിക്കുന്നു; അവൻ മുഖം മറച്ച് നടക്കുന്നു. “ഒരു കണ്ണും എന്നെ കാണുകയില്ല” എന്ന് പറയുന്നു.
16 ഇരുട്ടിൽ മോഷ്ടാക്കൾ വീട് തുരന്നുകയറുന്നു, എന്നാൽ പകൽസമയത്ത് അവർ കതകടച്ചിരിക്കുന്നു; പ്രകാശമുള്ളപ്പോൾ അവർക്ക് ചെയ്യാൻ ഒന്നുംതന്നെയില്ല.
൧൬ചിലർ ഇരുട്ടത്ത് വീട് തുരന്നു കയറുന്നു; പകൽ അവർ വാതിൽ അടച്ചു പാർക്കുന്നു; വെളിച്ചത്ത് ഇറങ്ങുന്നതുമില്ല.
17 അങ്ങനെയുള്ളവർക്കെല്ലാം പ്രഭാതം അർധരാത്രിയാണ്; അന്ധകാരത്തിന്റെ ബീഭൽസതകളുമായിട്ടാണ് അവർക്കു ചങ്ങാത്തം.
൧൭പ്രഭാതം അവർക്ക് അന്ധതമസ്സ് തന്നെ; അന്ധതമസ്സിന്റെ ഭീകരത അവർക്ക് പരിചയമുണ്ടല്ലോ.
18 “എന്നാൽ അവർ ജലോപരിതലത്തിലെ കുമിളകളാണ്; അവരുടെ ഭൂസ്വത്തുക്കൾ ശപിക്കപ്പെട്ടതാണ്, അതുകൊണ്ട് ആരും അവരുടെ മുന്തിരിത്തോപ്പുകളിലേക്ക് പ്രവേശിക്കുന്നില്ല.
൧൮വെള്ളത്തിനുമീതെകൂടി അവർ വേഗത്തിൽ പൊയ്പോകുന്നു; അവരുടെ ഓഹരി ഭൂമിയിൽ ശപിക്കപ്പെട്ടിരിക്കുന്നു; അവരുടെ മുന്തിരിത്തോട്ടങ്ങളിൽ ആരും പോകുന്നില്ല.
19 ചൂടും വരൾച്ചയും ഉരുകിയ മഞ്ഞ്, വറ്റിച്ചുകളയുന്നതുപോലെ പാപംചെയ്തവരെ പാതാളം തട്ടിയെടുക്കുന്നു. (Sheol )
൧൯ഹിമജലം വരൾച്ചയ്ക്കും ഉഷ്ണത്തിനും പാപം ചെയ്തവൻ പാതാളത്തിനും ഇരയാകുന്നു. (Sheol )
20 ഗർഭാശയം അവരെ മറക്കുന്നു, അവർ പുഴുക്കൾക്കു സദ്യയാകുന്നു; ദുഷ്ടർ ഒരിക്കലും ഓർക്കപ്പെടുന്നില്ല; എന്നാൽ ഒരു വൃക്ഷംപോലെ അവർ തകർക്കപ്പെടുന്നു.
൨൦അവനെ വഹിച്ച ഗർഭപാത്രം അവനെ മറന്നുകളയും; കൃമി അവനെ തിന്ന് രസിക്കും; പിന്നെ ആരും അവനെ ഓർക്കുകയില്ല; നീതികേട് ഒരു വൃക്ഷംപോലെ തകർന്നുപോകും.
21 വന്ധ്യയെയും മക്കളില്ലാത്ത സ്ത്രീകളെയും അവർ ഇരയാക്കുന്നു; വിധവയോട് അവർ ഒരു ദയയും കാണിക്കുന്നില്ല.
൨൧പ്രസവിക്കാത്ത മച്ചിയെ അവൻ വിഴുങ്ങിക്കളയുന്നു; വിധവയ്ക്ക് നന്മ ചെയ്യുന്നതുമില്ല.
22 ദൈവം തന്റെ ശക്തിയാൽ പ്രബലരെ വലിച്ചിഴയ്ക്കുന്നു; അവർ സുസ്ഥിരർ ആയെങ്കിൽപോലും അവരുടെ ജീവനു യാതൊരുവിധ ഉറപ്പുമില്ല.
൨൨ദൈവം തന്റെ ശക്തിയാൽ കരുത്തന്മാരെ നിലനില്ക്കുമാറാക്കുന്നു; ജീവനെക്കുറിച്ച് നിരാശപ്പെട്ടിരിക്കെ അവർ എഴുന്നേല്ക്കുന്നു.
23 സുരക്ഷിതർ എന്ന ചിന്തയിൽ വിശ്രമിക്കാൻ അവിടന്ന് അവരെ അനുവദിക്കുന്നു, അവിടത്തെ കണ്ണ് അവരുടെ വഴികളിൽത്തന്നെ ഉണ്ട്.
൨൩അവിടുന്ന് അവർക്ക് നിർഭയവാസം നല്കുന്നു; അവർ ഉറച്ചുനില്ക്കുന്നു; എങ്കിലും അവിടുത്തെ ദൃഷ്ടി അവരുടെ വഴികളിലുണ്ട്.
24 അൽപ്പകാലത്തേക്ക് അവർ ഉന്നതരായിരിക്കുമെങ്കിലും അവർ വീണുപോകുന്നു; അവർ താഴ്ത്തപ്പെടുകയും മറ്റുള്ളവരെപ്പോലെ ശേഖരിക്കപ്പെടുകയും ചെയ്യുന്നു; കതിരുകളുടെ തലപോലെ അവർ ഛേദിക്കപ്പെടുന്നു.
൨൪അവർ ഉയർന്നിരിക്കുന്നു; കുറെകഴിഞ്ഞിട്ട് അവർ ഇല്ല; അവരെ താഴ്ത്തി മറ്റെല്ലാവരെയുംപോലെ നീക്കിക്കളയുന്നു; കതിർക്കുലയെന്നപോലെ അവരെ അറുക്കുന്നു.
25 “അങ്ങനെയല്ലെങ്കിൽ ഞാൻ പറയുന്നതു വ്യാജമെന്നും എന്റെ വാക്കുകൾ അർഥശൂന്യമെന്നും തെളിയിക്കാൻ ആർക്കു കഴിയും?”
൨൫ഇങ്ങനെയല്ലെങ്കിൽ എന്നെ കള്ളനാക്കുകയും എന്റെ വാക്ക് അർത്ഥശൂന്യമെന്ന് തെളിയിക്കുകയും ചെയ്യാവുന്നവൻ ആര്?