< ഇയ്യോബ് 22 >
1 അതിനുശേഷം തേമാന്യനായ എലീഫാസ് ഉത്തരം പറഞ്ഞത്:
അതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
2 “ഒരു മനുഷ്യൻ ദൈവത്തിന് ഉപകാരിയായിത്തീരുമോ? ഒരു ജ്ഞാനിക്കുപോലും ദൈവത്തിന് ഉപകാരംചെയ്യാൻ കഴിയുമോ?
മനുഷ്യൻ ദൈവത്തിന്നു ഉപകാരമായിവരുമോ? ജ്ഞാനിയായവൻ തനിക്കു തന്നേ ഉപകരിക്കേയുള്ളു.
3 നീ നീതിമാനായിരുന്നാൽ സർവശക്തന് എന്ത് ആനന്ദമാണ് ലഭിക്കുന്നത്? നിന്റെ വഴികൾ കളങ്കരഹിതമായിരുന്നാൽ അവിടത്തേക്ക് എന്തു പ്രയോജനമാണുള്ളത്?
നീ നീതിമാനായാൽ സൎവ്വശക്തന്നു പ്രയോജനമുണ്ടോ? നീ നിഷ്കളങ്കനായി നടക്കുന്നതിനാൽ അവന്നു ലാഭമുണ്ടോ?
4 “നിന്റെ ഭക്തിനിമിത്തമാണോ അവിടന്നു നിന്നെ ശാസിക്കുകയും നിനക്കെതിരേ ന്യായവിധി നടത്തുകയും ചെയ്യുന്നത്?
നിന്റെ ഭക്തിനിമിത്തമോ അവൻ നിന്നെ ശാസിക്കയും നിന്നെ ന്യായവിസ്താരത്തിൽ വരുത്തുകയും ചെയ്യുന്നതു?
5 നിന്റെ ദുഷ്ടത അതിബഹുലവും നിന്റെ പാപങ്ങൾ അസംഖ്യവുമല്ലേ?
നിന്റെ ദുഷ്ടത വലിയതല്ലയോ? നിന്റെ അകൃത്യങ്ങൾക്കു അന്തവുമില്ല.
6 നീ കാരണംകൂടാതെ നിന്റെ സഹോദരങ്ങളോടു ജാമ്യം വാങ്ങി; നീ മനുഷ്യരുടെ വസ്ത്രമുരിഞ്ഞ് അവരെ നഗ്നരായി പറഞ്ഞയച്ചു.
നിന്റെ സഹോദരനോടു നീ വെറുതെ പണയം വാങ്ങി, നഗ്നന്മാരുടെ വസ്ത്രം ഉരിഞ്ഞെടുത്തിരിക്കുന്നു.
7 ക്ഷീണിതർക്കു നീ കുടിക്കാൻ വെള്ളം കൊടുത്തില്ല; വിശക്കുന്നവരുടെ ആഹാരം നീ നിഷേധിച്ചു.
ക്ഷീണിച്ചവന്നു നീ വെള്ളം കൊടുത്തില്ല; വിശന്നവന്നു നീ ആഹാരം മുടക്കിക്കളഞ്ഞു.
8 ഭൂമി കൈവശമാക്കുന്ന ഒരു ശക്തൻ നീ ആയിരുന്നെങ്കിലും; ബഹുമാന്യനായ ഒരു മനുഷ്യൻ അതിൽ പാർക്കുന്നു.
കയ്യൂറ്റക്കാരന്നോ ദേശം കൈവശമായി, മാന്യനായവൻ അതിൽ പാൎത്തു.
9 വിധവകളെ നീ വെറുംകൈയോടെ ആട്ടിപ്പായിച്ചു, അനാഥരുടെ ശക്തി നീ തകർത്തുകളഞ്ഞു.
വിധവമാരെ നീ വെറുങ്കയ്യായി അയച്ചു; അനാഥന്മാരുടെ ഭുജങ്ങളെ നീ ഒടിച്ചുകളഞ്ഞു.
10 അതുകൊണ്ടാണ് നിനക്കുചുറ്റും കുരുക്കുകൾ മുറുകുന്നത്; പെട്ടെന്നുള്ള ആപത്തു നിന്നെ കീഴ്പ്പെടുത്തുന്നതും അതുകൊണ്ടുതന്നെ.
അതുകൊണ്ടു നിന്റെ ചുറ്റും കണികൾ ഇരിക്കുന്നു; പെട്ടെന്നു ഭയം നിന്നെ ഭ്രമിപ്പിക്കുന്നു.
11 കണ്ണു കാണാതവണ്ണം ഘോരാന്ധകാരവും ജലപ്രളയവും നിന്നെ മൂടുന്നതും അതുകൊണ്ടുതന്നെ.
അല്ല, നീ അന്ധകാരത്തെയും നിന്നെ മൂടുന്ന പെരുവെള്ളത്തെയും കണുന്നില്ലയോ?
12 “ദൈവം സ്വർഗോന്നതിയിൽ വസിക്കുന്നില്ലേ? വിദൂരസ്ഥങ്ങളായ നക്ഷത്രങ്ങൾ എത്ര ഉയരത്തിലെന്നു നോക്കുക!
ദൈവം സ്വൎഗ്ഗോന്നതത്തിൽ ഇല്ലയോ? നക്ഷത്രങ്ങൾ എത്ര ഉയൎന്നിരിക്കുന്നു എന്നു നോക്കുക.
13 എന്നിട്ടും നീ പറയുന്നു: ‘ദൈവത്തിന് എന്തറിയാം? കൂരിരുട്ടിൽ വിധി പ്രസ്താവിക്കാൻ അവിടത്തേക്കു കഴിയുമോ?
എന്നാൽ നീ: ദൈവം എന്തറിയുന്നു? കൂരിരുട്ടിൽ അവൻ ന്യായം വിധിക്കുമോ?
14 ആകാശവിതാനത്തിന്മേൽ അവിടന്നു നടകൊള്ളുന്നു. മേഘങ്ങൾ അവിടത്തെ മറയ്ക്കുന്നു, അതുകൊണ്ട് അവിടത്തേക്ക് നമ്മളെ കാണാൻ കഴിയുകയില്ല.’
കാണാതവണ്ണം മേഘങ്ങൾ അവന്നു മറ ആയിരിക്കുന്നു; ആകാശമണ്ഡലത്തിൽ അവൻ ഉലാവുന്നു എന്നു പറയുന്നു.
15 ദുഷ്ടർ സഞ്ചരിച്ച പുരാതനമാർഗം നീയും പിൻതുടരുമോ?
ദുഷ്ടമനുഷ്യർ നടന്നിരിക്കുന്ന പുരാതനമാൎഗ്ഗം നീ പ്രമാണിക്കുമോ?
16 സമയത്തിനുമുമ്പുതന്നെ അവരെ പിടിച്ചുകൊണ്ടുപോയി, അവരുടെ അടിസ്ഥാനങ്ങളെ പെരുവെള്ളം ഒഴുക്കിക്കളഞ്ഞു.
കാലം തികയും മുമ്പെ അവർ പിടിപെട്ടുപോയി; അവരുടെ അടിസ്ഥാനം നദിപോലെ ഒഴുകിപ്പോയി.
17 അവർ ദൈവത്തോട് പറഞ്ഞു: ‘ഞങ്ങളെ വിട്ടുപോകുക! സർവശക്തന് ഞങ്ങളോട് എന്തുചെയ്യാൻ കഴിയും?’
അവർ ദൈവത്തോടു: ഞങ്ങളെ വിട്ടുപോക; സൎവ്വശക്തൻ ഞങ്ങളോടു എന്തു ചെയ്യും എന്നു പറഞ്ഞു.
18 എന്നിട്ടും അവിടന്നാണ് അവരുടെ ഭവനങ്ങൾ നന്മകൊണ്ടു നിറച്ചത്, അതുകൊണ്ട് ദുഷ്ടരുടെ ആലോചനയിൽനിന്നു ഞാൻ അകന്നുമാറി നിൽക്കുന്നു.
അവനോ അവരുടെ വീടുകളെ നന്മകൊണ്ടു നിറെച്ചു; ദുഷ്ടന്മാരുടെ ആലോചന എന്നോടു അകന്നിരിക്കുന്നു.
19 നീതിനിഷ്ഠർ അവരുടെ പതനം കണ്ട് ആനന്ദിക്കുന്നു; നിഷ്കളങ്കർ അവരെ പരിഹസിക്കുന്നു.
നീതിമാന്മാർ കണ്ടു സന്തോഷിക്കുന്നു; കുറ്റമില്ലാത്തവൻ അവരെ പരിഹസിച്ചു:
20 ‘നിശ്ചയമായും നമ്മുടെ എതിരാളികൾ സംഹരിക്കപ്പെട്ടിരിക്കുന്നു, അഗ്നി അവരുടെ സമ്പത്ത് ദഹിപ്പിച്ചുകളഞ്ഞു,’ എന്ന് അവർ പറയുന്നു.
ഞങ്ങളുടെ എതിരാളികൾ മുടിഞ്ഞുപോയി; അവരുടെ ശേഷിപ്പു തീക്കിരയായി എന്നു പറയുന്നു.
21 “ദൈവത്തിനു കീഴടങ്ങി അവിടത്തോടു സമാധാനമായിരിക്കുക; അങ്ങനെയെങ്കിൽ നിനക്കു നന്മ കൈവരും.
നീ അവനോടിണങ്ങി സമാധാനമായിരിക്ക; അതിനാൽ നിനക്കു നന്മ വരും.
22 അവിടത്തെ വായിൽനിന്ന് ഉപദേശം കൈക്കൊള്ളുക; അവിടത്തെ വചനം നിന്റെ ഹൃദയത്തിൽ സംഗ്രഹിക്കുക.
അവന്റെ വായിൽനിന്നു ഉപദേശം കൈക്കൊൾക; അവന്റെ വചനങ്ങളെ നിന്റെ ഹൃദയത്തിൽ സംഗ്രഹിക്ക.
23 സർവശക്തനിലേക്കു നീ മടങ്ങിവരുമെങ്കിൽ അവിടന്നു നിന്നെ പുനരുദ്ധരിക്കും: നീതികേടു നിന്റെ കൂടാരത്തിൽനിന്ന് അകറ്റിക്കളയുകയും
സൎവ്വശക്തങ്കലേക്കു തിരിഞ്ഞാൽ നീ അഭിവൃദ്ധിപ്രാപിക്കും; നീതികേടു നിന്റെ കൂടാരങ്ങളിൽനിന്നു അകറ്റിക്കളയും.
24 നിന്റെ സ്വർണത്തെ പൊടിയിലും നിന്റെ ഓഫീർതങ്കം നീരൊഴുക്കുകളിലെ കൽക്കൂനകളിലും ഇട്ടുകളയുകയും ചെയ്യുമെങ്കിൽ,
നിന്റെ പൊന്നു പൊടിയിലും ഓഫീർതങ്കം തോട്ടിലെ കല്ലിൻ ഇടയിലും ഇട്ടുകളക.
25 സർവശക്തൻ നിന്റെ സ്വർണവും വിശിഷ്ടവെള്ളിയും ആയിത്തീരും.
അപ്പോൾ സൎവ്വശക്തൻ നിന്റെ പൊന്നും നിനക്കു വെള്ളിവാളവും ആയിരിക്കും.
26 അപ്പോൾ നീ നിശ്ചയമായും സർവശക്തനിൽ ആനന്ദം കണ്ടെത്തും, നീ ദൈവത്തിങ്കലേക്കു നിന്റെ മുഖമുയർത്തും.
അന്നു നീ സൎവ്വശക്തനിൽ പ്രമോദിക്കും; ദൈവത്തിങ്കലേക്കു നിന്റെ മുഖം ഉയൎത്തും.
27 നീ അവിടത്തോടു പ്രാർഥിക്കും, അവിടന്നു നിന്റെ പ്രാർഥന കേൾക്കും; നീ നിന്റെ നേർച്ചകൾ നിവർത്തിക്കും.
നീ അവനോടു പ്രാൎത്ഥിക്കും; അവൻ നിന്റെ പ്രാൎത്ഥന കേൾക്കും; നീ നിന്റെ നേൎച്ചകളെ കഴിക്കും.
28 നീ ഒരു കാര്യം തീരുമാനിക്കും, അതു നിനക്കു സാധിതമാകും. നിന്റെ വഴികളിൽ വെളിച്ചം പ്രകാശിക്കും.
നീ ഒരു കാൎയ്യം നിരൂപിക്കും; അതു നിനക്കു സാധിക്കും; നിന്റെ വഴികളിൽ വെളിച്ചം പ്രകാശിക്കും.
29 മനുഷ്യർ താഴ്ത്തപ്പെടുമ്പോൾ, ‘അവരെ കൈപിടിച്ച് ഉയർത്തൂ’ എന്നു നീ പറയും. അപ്പോൾ താഴ്ത്തപ്പെട്ടവരെ ദൈവം രക്ഷിക്കും.
നിന്നെ താഴ്ത്തുമ്പോൾ ഉയൎച്ച എന്നു നീ പറയും; താഴ്മയുള്ളവനെ അവൻ രക്ഷിക്കും.
30 നിർദോഷിയല്ലാത്തവരെപ്പോലും അവിടന്നു വിടുവിക്കും; നിന്റെ കൈകളുടെ നൈർമല്യത്താൽ അവർ വിടുവിക്കപ്പെടും.”
നിൎദ്ദോഷിയല്ലാത്തവനെപ്പോലും അവൻ വിടുവിക്കും; നിന്റെ കൈകളുടെ വെടിപ്പിനാൽ അവൻ വിടുവിക്കപ്പെടും.