< ഇയ്യോബ് 12 >
1 അപ്പോൾ ഇയ്യോബ് ഉത്തരം പറഞ്ഞു:
൧അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:
2 “നിങ്ങൾമാത്രമാണ് ജ്ഞാനികൾ; നിങ്ങളോടൊപ്പംതന്നെ ജ്ഞാനവും മരിക്കും.
൨“ഓഹോ, നിങ്ങൾ ആകുന്നു വിദ്വജ്ജനം! നിങ്ങൾ മരിച്ചാൽ ജ്ഞാനം മരിക്കും.
3 എന്നാൽ നിങ്ങളെപ്പോലെതന്നെ എനിക്കും ബുദ്ധിയുണ്ട്; ഞാൻ നിങ്ങളെക്കാൾ ഒട്ടും മോശവുമല്ല. ഈ കാര്യങ്ങൾ ആർക്കാണ് അറിഞ്ഞുകൂടാത്തത്?
൩നിങ്ങളെപ്പോലെ എനിക്കും ബുദ്ധി ഉണ്ട്; നിങ്ങളേക്കാൾ ഞാൻ ഒട്ടും കുറഞ്ഞവനല്ല; ആർക്കാകുന്നു ഇതൊക്കെ അറിഞ്ഞുകൂടാത്തത്?
4 “ഞാൻ ദൈവത്തെ വിളിച്ചു, അവിടന്ന് ഉത്തരമരുളുകയും ചെയ്തു, എന്നാൽ ഞാൻ എന്റെ സ്നേഹിതന്മാർക്ക് ഒരു പരിഹാസപാത്രമാണ്; നീതിനിഷ്ഠനും നിഷ്കളങ്കനുമെങ്കിലും ഒരു പരിഹാസവിഷയംതന്നെ!
൪ദൈവത്തെ വിളിച്ച് ഉത്തരം ലഭിച്ച ഞാൻ എന്റെ സഖിയ്ക്ക് പരിഹാസവിഷയമായിത്തീർന്നു; നീതിമാനും നിഷ്കളങ്കനുമായവൻ തന്നെ പരിഹാസവിഷയമായിത്തീർന്നു.
5 സുഖലോലുപൻ ആപത്തു വെറുക്കുന്നു; കാലിടറുന്നവരെയാണ് വിനാശം കാത്തിരിക്കുന്നത്.
൫വിപത്ത് നിന്ദ്യം എന്ന് സുഖിമാന്റെ വിചാരം; കാൽ ഇടറുന്നവർക്കായി അത് ഒരുങ്ങിയിരിക്കുന്നു.
6 കവർച്ചക്കാരുടെ കൂടാരങ്ങൾ സ്വസ്ഥമായിരിക്കുന്നു, ദൈവത്തെ പ്രകോപിപ്പിക്കുന്നവർ സുരക്ഷിതരായും ഇരിക്കുന്നു— അവരുടെ കരങ്ങളിലാണ് ദൈവം എന്ന് അവർ ചിന്തിക്കുന്നു!
൬പിടിച്ചുപറിക്കാരുടെ കൂടാരങ്ങൾ സമാധാനമായിരിക്കുന്നു; ദൈവത്തെ കോപിപ്പിക്കുന്നവർ നിർഭയമായ് വസിക്കുന്നു; അവരുടെ കയ്യിൽ ദൈവം എത്തിച്ചുകൊടുക്കുന്നു.
7 “എന്നാൽ മൃഗങ്ങളോടു ചോദിക്കുക, അവ നിന്നെ പഠിപ്പിക്കും അല്ലെങ്കിൽ ആകാശത്തിലെ പക്ഷികളോടു ചോദിക്കുക, അവ നിന്നോടു സംസാരിക്കും;
൭മൃഗങ്ങളോട് ചോദിക്കുക; അവ നിന്നെ ഉപദേശിക്കും; ആകാശത്തിലെ പക്ഷികളോട് ചോദിക്കുക; അവ പറഞ്ഞുതരും;
8 നീ ഭൂമിയോടു സംസാരിക്കുക, അതു നിനക്ക് ആലോചന പറഞ്ഞുതരും അതുമല്ലെങ്കിൽ സമുദ്രത്തിലെ മത്സ്യങ്ങൾ നിനക്ക് അറിവു തരട്ടെ.
൮അല്ല, ഭൂമിയോട് സംഭാഷിക്കുക; അത് നിന്നെ ഉപദേശിക്കും; സമുദ്രത്തിലെ മത്സ്യം നിന്നോട് വിവരിക്കും.
9 യഹോവയുടെ കൈ ഇതു ചെയ്തുവെന്ന് ഇവയിൽ ഏതിനാണ് അറിവില്ലാത്തത്?
൯യഹോവയുടെ കൈ ഇത് പ്രർത്തിച്ചിരിക്കുന്നു എന്ന് ഇവയെല്ലാംകൊണ്ടും ഗ്രഹിക്കാത്തവനാര്?
10 എല്ലാ ജീവജാലങ്ങളുടെയും ജീവൻ നിലനിൽക്കുന്നത് അവിടത്തെ കരങ്ങളിൽ ആണല്ലോ, സകലമനുഷ്യരുടെയും ശ്വാസം നിയന്ത്രിക്കുന്നതും അവിടന്നാണ്.
൧൦സകലജീവജന്തുക്കളുടെയും പ്രാണനും സകലമനുഷ്യവർഗ്ഗത്തിന്റെയും ശ്വാസവും ദൈവത്തിന്റെ കയ്യിൽ ഇരിക്കുന്നു.
11 നാവ് ഭക്ഷണത്തിന്റെ രുചിഭേദങ്ങൾ തിരിച്ചറിയുന്നതുപോലെ, ചെവി വാക്കുകൾ വിവേചിക്കുന്നില്ലേ?
൧൧ചെവി വാക്കുകളെ പരിശോധിക്കുന്നില്ലയോ? അണ്ണാക്ക് ഭക്ഷണം രുചിനോക്കുന്നില്ലയോ?
12 വയോധികരിൽ ജ്ഞാനം കാണാതിരിക്കുമോ? ആയുർദൈർഘ്യത്തോടൊപ്പം വിവേകം ആർജിക്കാതിരിക്കുമോ?
൧൨വൃദ്ധന്മാരുടെ പക്കൽ ജ്ഞാനവും വയോധികന്മാരിൽ വിവേകവും ഉണ്ട്.
13 “ജ്ഞാനവും ശക്തിയും ദൈവത്തിനുള്ളത്; ആലോചനയും വിവേകവും അവിടത്തേക്കുള്ളത്.
൧൩ജ്ഞാനവും ശക്തിയും യഹോവയുടെ പക്കൽ, ആലോചനയും വിവേകവും അവിടുത്തേക്കുള്ളത്.
14 അവിടന്ന് തകർക്കുന്നതിനെ പുനരുദ്ധരിക്കാൻ സാധ്യമല്ല; അവിടന്ന് തടവിലാക്കുന്നവരെ മോചിപ്പിക്കുക അസാധ്യം.
൧൪യഹോവ ഇടിച്ചുകളഞ്ഞാൽ ആർക്കും പണിതുകൂടാ; അവിടുന്ന് മനുഷ്യനെ ബന്ധിച്ചാൽ ആരും അഴിച്ചുവിടുകയില്ല.
15 അവിടന്നു മഴ മുടക്കിയാൽ, വരൾച്ചയുണ്ടാകുന്നു; അവിടന്ന് അതിനെ തുറന്നുവിട്ടാൽ അതു ഭൂമിയെ മുക്കിക്കളയുന്നു.
൧൫അവിടുന്ന് വെള്ളം തടഞ്ഞുവച്ചാൽ അത് വറ്റിപ്പോകുന്നു; അവിടുന്ന് വിട്ടയച്ചാൽ അത് ഭൂമിയെ മറിച്ചുകളയുന്നു.
16 ശക്തിയും ജ്ഞാനവും അവിടത്തേക്കുള്ളത്; വഞ്ചിതരും വഞ്ചകരും അവിടത്തേക്കുള്ളവർതന്നെ.
൧൬ദൈവത്തിന്റെ പക്കൽ ശക്തിയും മഹാജ്ഞാനവും ഉണ്ട്; വഞ്ചിതനും വഞ്ചകനും അവിടുത്തേക്കുള്ളവർ.
17 അവിടന്ന് ഭരണാധിപരെ നഗ്നരാക്കി കൊണ്ടുപോകുന്നു, ന്യായാധിപരെ വിഡ്ഢിവേഷംകെട്ടിക്കുന്നു.
൧൭യഹോവ മന്ത്രിമാരെ കവർച്ചയായി കൊണ്ട് പോകുന്നു; ന്യായാധിപന്മാരെ ഭോഷന്മാരാക്കുന്നു.
18 രാജാക്കന്മാർ ബന്ധിച്ച വിലങ്ങുകൾ അവിടന്ന് അഴിക്കുന്നു; അവിടന്നു രാജാക്കന്മാരെ കൗപീനധാരികളാക്കുന്നു.
൧൮രാജാക്കന്മാരുടെ അധികാരത്തെ അഴിക്കുന്നു; അവരുടെ അരയ്ക്ക് ബന്ധനം മുറുക്കുന്നു.
19 അവിടന്നു പുരോഹിതന്മാരെ കവർച്ചയായി കൊണ്ടുപോകുന്നു; നാളുകളായി അജയ്യരായിരുന്ന ഭരണാധിപരെ അവിടന്ന് അട്ടിമറിക്കുന്നു.
൧൯യഹോവ പുരോഹിതന്മാരെ കവർച്ചയായി കൊണ്ടുപോകുന്നു; ബലശാലികളെ തള്ളിയിട്ടുകളയുന്നു.
20 അവിടന്നു വിശ്വസ്ത ഉപദേശകരെ മൂകരാക്കുകയും വയോധികരുടെ വിവേകം എടുത്തുകളയുകയും ചെയ്യുന്നു.
൨൦യഹോവ വിശ്വസ്തന്മാർക്ക് വാക്ക് മുട്ടിക്കുന്നു. വൃദ്ധന്മാരുടെ ബുദ്ധി എടുത്തുകളയുന്നു.
21 അവിടന്നു പ്രഭുക്കന്മാരെ നിന്ദ്യരാക്കുന്നു; ബലശാലികളുടെ അരക്കച്ച അഴിച്ചുകളയുന്നു.
൨൧യഹോവ പ്രഭുക്കന്മാരുടെമേൽ നിന്ദ പകരുന്നു; ബലവാന്മാരുടെ അരക്കച്ച അഴിച്ചുകളയുന്നു.
22 അവിടന്ന് അന്ധകാരത്തിന്റെ അഗാധത വെളിപ്പെടുത്തുന്നു; കൂരിരുട്ടിനെ പ്രകാശമായി മാറ്റുന്നു.
൨൨യഹോവ അഗാധകാര്യങ്ങൾ അന്ധകാരത്തിൽനിന്ന് വെളിച്ചത്ത് കൊണ്ടുവരുന്നു; അന്ധതമസ്സിനെ പ്രകാശത്തിൽ വരുത്തുന്നു.
23 അവിടന്നു രാഷ്ട്രങ്ങളെ പണിതുയർത്തുകയും നശിപ്പിക്കുകയും ചെയ്യുന്നു; അവിടന്നു രാഷ്ട്രങ്ങളെ വിസ്തൃതമാക്കുകയും ചിതറിക്കുകയും ചെയ്യുന്നു.
൨൩യഹോവ ജനതകളെ വർദ്ധിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു; അവിടുന്ന് ജനതകളെ ചിതറിക്കുകയും കൂട്ടുകയും ചെയ്യുന്നു.
24 അവിടന്നു ഭൂമിയിലെ നേതാക്കന്മാരുടെ വിവേകം ക്ഷയിപ്പിക്കുന്നു; വഴിയില്ലാത്ത ഊഷരഭൂമിയിൽ അവരെ ഉഴലുമാറാക്കുന്നു.
൨൪യഹോവ ഭൂവാസികളിലെ തലവന്മാരിൽ നിന്ന് ധൈര്യം എടുത്തുകളയുന്നു; വഴിയില്ലാത്ത ശൂന്യപ്രദേശത്ത് അവരെ ഉഴന്നു നടക്കുമാറാക്കുന്നു;
25 അവർ വെളിച്ചമില്ലാതെ ഇരുളിൽ തപ്പിത്തടയുന്നു; അവിടന്ന് അവരെ മദോന്മത്തരെപ്പോലെ ചാഞ്ചാടി നടക്കുമാറാക്കുന്നു.
൨൫അവർ വെളിച്ചമില്ലാതെ ഇരുട്ടിൽ തപ്പിനടക്കുന്നു; യഹോവ മദ്യപന്മാരെപ്പോലെ അവരെ ചാഞ്ചാടുമാറാക്കുന്നു.