< ഇയ്യോബ് 11 >
1 അപ്പോൾ നാമാത്യനായ സോഫർ ഇപ്രകാരം ഉത്തരം പറഞ്ഞു:
൧അതിന് നയമാത്യനായ സോഫർ ഉത്തരം പറഞ്ഞത്:
2 “ഈ വാക്പ്രവാഹത്തിന് ഉത്തരം പറയേണ്ടതല്ലേ? ഈ വിടുവായൻ കുറ്റവിമുക്തനാകുമോ?
൨“അതിഭാഷണത്തിന് ഉത്തരം പറയേണ്ടയോ? ധാരാളം സംസാരിക്കുന്നവൻ നീതിമാനായിരിക്കുമോ?
3 നിന്റെ പുലമ്പൽ മറ്റുള്ളവരെ നിശ്ശബ്ദരാക്കുമോ? നീ പരിഹസിക്കുമ്പോൾ ആരും നിന്നെ ശകാരിക്കാതിരിക്കുമെന്നാണോ?
൩നിന്റെ ജല്പനം കേട്ടിട്ട് പുരുഷന്മാർ മിണ്ടാതിരിക്കുമോ? നീ പരിഹസിക്കുമ്പോൾ നിന്നെ ലജ്ജിപ്പിക്കുവാൻ ആരുമില്ലയോ?
4 ‘എന്റെ ഉപദേശം കുറ്റമറ്റതും ദൈവത്തിന്റെ ദൃഷ്ടിയിൽ ഞാൻ നിർമലനും ആകുന്നു,’ എന്നു നീ പറഞ്ഞല്ലോ.
൪“എന്റെ ഉപദേശം നിർമ്മലം എന്നും തൃക്കണ്ണിന് ഞാൻ വെടിപ്പുള്ളവൻ” എന്നും നീ പറഞ്ഞുവല്ലോ.
5 എന്നാൽ, ദൈവം സംസാരിച്ചിരുന്നെങ്കിൽ, അവിടത്തെ അധരങ്ങൾ നിനക്കെതിരേയും
൫അയ്യോ ദൈവം അരുളിച്ചെയ്യുകയും നിന്റെനേരെ അധരം തുറക്കുകയും
6 ജ്ഞാനത്തിന്റെ രഹസ്യങ്ങൾ നിനക്കായും തുറന്നെങ്കിൽ കൊള്ളാമായിരുന്നു; കാരണം യഥാർഥ ജ്ഞാനത്തിനു രണ്ടുവശങ്ങൾ ഉണ്ടല്ലോ. നിന്റെ ചില പാപങ്ങൾ ദൈവം മറന്നിരിക്കുന്നു എന്നുതുകൂടെ നീ അറിയുക.
൬ജ്ഞാനമർമ്മങ്ങൾ വിവിധ സാഫല്യമുള്ളവ എന്ന് നിന്നെ ഗ്രഹിപ്പിക്കുകയും ചെയ്തു എങ്കിൽ! അപ്പോൾ നിന്റെ അകൃത്യം ഓരോന്നും ദൈവം ക്ഷമിച്ചിരിക്കുന്നു എന്ന് നീ അറിയുമായിരുന്നു.
7 “ദൈവികരഹസ്യങ്ങളുടെ നിഗൂഢത ഗ്രഹിക്കാൻ നിനക്കു കഴിയുമോ? സർവശക്തന്റെ അതിരുകൾ നിനക്കു നിർണയിക്കാൻ കഴിയുമോ?
൭ദൈവത്തിന്റെ അഗാധതത്വം നിനക്ക് ഗ്രഹിക്കാമോ? സർവ്വശക്തന്റെ സമ്പൂർത്തി നിനക്ക് മനസ്സിലാകുമോ?
8 അത് ആകാശത്തെക്കാൾ ഉന്നതം—നിനക്ക് എന്തുചെയ്യാൻ കഴിയും? അതു പാതാളത്തെക്കാൾ അഗാധം—നിനക്ക് എന്ത് അറിയാൻ സാധിക്കും? (Sheol )
൮അത് ആകാശത്തോളം ഉയരമുള്ളത്; നീ എന്ത് ചെയ്യും; അത് പാതാളത്തേക്കാൾ അഗാധമായത്; നിനക്കെന്തറിയാം? (Sheol )
9 അതിന്റെ അളവ് ഭൂമിയെക്കാൾ ദൈർഘ്യമുള്ളതും സമുദ്രത്തെക്കാൾ വിശാലവും ആകുന്നു.
൯അതിന്റെ അളവ് ഭൂമിയെക്കാൾ നീളവും സമുദ്രത്തെക്കാൾ വീതിയും ഉള്ളത്.
10 “അവിടന്ന് വന്നു നിന്നെ ബന്ധനത്തിലാക്കുകയും ന്യായവിസ്താരത്തിനായി ഒരുമിച്ചുകൂട്ടുകയും ചെയ്താൽ ആർക്ക് അവിടത്തെ എതിർക്കാൻ കഴിയും?
൧൦യഹോവ കടന്നുവന്ന് ബന്ധിക്കുകയും വിസ്താരസഭയെ കൂട്ടുകയും ചെയ്താൽ അവിടുത്തെ തടുക്കുന്നത് ആർ?
11 അവിടന്നു വഞ്ചകരെ തിരിച്ചറിയുന്നു; അധർമം കണ്ടാൽ അവിടന്ന് അതു ഗൗനിക്കുകയില്ലേ?
൧൧ദൈവം കൊള്ളരുതാത്തവരെ അറിയുന്നുവല്ലോ; ദൃഷ്ടിവക്കാതെ തന്നെ അവിടുന്ന് ദ്രോഹം കാണുന്നു.
12 ഒരു കാട്ടുകഴുതക്കുട്ടി മനുഷ്യനായി ജനിക്കുന്നതിലും വൈഷമ്യം ഒരു അവിവേകി ബുദ്ധിമാനായിത്തീരുന്നതിലാണ്.
൧൨വിഡ്ഢിയായവനും ബുദ്ധിപ്രാപിക്കും; കാട്ടുകഴുതക്കുട്ടി മനുഷ്യനായി ജനിക്കും;
13 “നീ നിന്റെ ഹൃദയം തിരുസന്നിധിയിൽ ഉയർത്തുമെങ്കിൽ, നിന്റെ കരങ്ങൾ ദൈവമുമ്പാകെ നീട്ടുമെങ്കിൽ,
൧൩നീ നിന്റെ ഹൃദയത്തെ സ്ഥിരമാക്കി ദൈവത്തിങ്കലേക്ക് കൈമലർത്തുമ്പോൾ
14 നിന്റെ കൈകളിലുള്ള പാപം നീക്കിക്കളയുമെങ്കിൽ, ദുഷ്ടത നിന്റെ കൂടാരത്തിൽ പാർപ്പിക്കാതിരിക്കുമെങ്കിൽ,
൧൪നിന്റെ കയ്യിൽ ദ്രോഹം ഉണ്ടെങ്കിൽ അതിനെ അകറ്റുക; നീതികേട് നിന്റെ കൂടാരങ്ങളിൽ പാർപ്പിക്കരുത്.
15 നീ നിഷ്കളങ്കതയോടെ നിന്റെ മുഖമുയർത്തും; നീ സ്ഥിരചിത്തനായിരിക്കും, ഭയപ്പെടുകയുമില്ല.
൧൫അപ്പോൾ നീ കളങ്കംകൂടാതെ മുഖം ഉയർത്തും; നീ ഉറച്ചുനില്ക്കും; ഭയപ്പെടുകയുമില്ല.
16 നീ നിന്റെ കഷ്ടത മറക്കും, നിശ്ചയം, ഒഴുകിപ്പോയ വെള്ളംപോലെ എന്നു നീ അതിനെ ഓർക്കും.
൧൬അതെ, നീ കഷ്ടത മറക്കും; ഒഴുകിപ്പോയ വെള്ളംപോലെ അതിനെ ഓർക്കും.
17 നിന്റെ ജീവിതം മധ്യാഹ്നത്തെക്കാൾ പ്രകാശപൂരിതമാകും, അന്ധകാരം നിനക്ക് അരുണോദയപ്രഭയായി മാറും.
൧൭നിന്റെ ആയുസ്സ് മദ്ധ്യാഹ്നത്തെക്കാൾ പ്രകാശിക്കും; ഇരുൾ പ്രഭാതംപോലെയാകും.
18 അപ്പോൾ പ്രത്യാശ അവശേഷിക്കുന്നതിനാൽ നീ സുരക്ഷിതനായിരിക്കും; നീ ചുറ്റും നോക്കും, നിർഭയനായി വിശ്രമിക്കും.
൧൮പ്രത്യാശയുള്ളതുകൊണ്ട് നീ നിർഭയനായിരിക്കും; നീ ചുറ്റും നോക്കി സ്വൈരമായി വസിക്കും;
19 നീ വിശ്രമിക്കും, ആരും നിന്നെ അസ്വസ്ഥനാക്കുകയില്ല, പലരും നിന്റെ ഔദാര്യത്തിന്റെ ആനുകൂല്യം പ്രതീക്ഷിച്ചുവരും.
൧൯നീ കിടക്കും; ആരും നിന്നെ ഭയപ്പെടുത്തുകയില്ല; പലരും നിന്റെ മമത അന്വേഷിക്കും.
20 ദുഷ്ടരുടെ കണ്ണോ, മങ്ങിപ്പോകും, അവർക്കു രക്ഷാമാർഗം ഉണ്ടാകുകയില്ല; അന്ത്യശ്വാസംവലിക്കുകയായിരിക്കും അവരുടെ പ്രത്യാശ.”
൨൦എന്നാൽ ദുഷ്ടന്മാരുടെ കണ്ണ് മങ്ങിപ്പോകും; ശരണം അവർക്ക് പൊയ്പോകും; പ്രാണനെ വിടുന്നതത്രേ അവർക്കുള്ള പ്രത്യാശ”.