< യിരെമ്യാവു 52 >
1 സിദെക്കീയാവ് രാജാവായപ്പോൾ അദ്ദേഹത്തിന് ഇരുപത്തിയൊന്നു വയസ്സായിരുന്നു. അദ്ദേഹം പതിനൊന്നുവർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് ഹമൂതൽ എന്നായിരുന്നു. അവർ ലിബ്നാക്കാരനായ യിരെമ്യാവിന്റെ മകളായിരുന്നു.
സിദെക്കീയാവു വാണുതുടങ്ങിയപ്പോൾ അവന്നു ഇരുപത്തൊന്നു വയസ്സായിരുന്നു; അവൻ പതിനൊന്നു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു ഹമൂതൽ എന്നു പേർ; അവൾ ലിബ്നക്കാരനായ യിരെമ്യാവിന്റെ മകൾ ആയിരുന്നു.
2 യെഹോയാക്കീൻ ചെയ്തതുപോലെ അദ്ദേഹവും യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു.
യെഹോയാക്കീം ചെയ്തതുപോലെ ഒക്കെയും അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
3 യഹോവയുടെ കോപംനിമിത്തം ജെറുശലേമിനും യെഹൂദയ്ക്കും ഇതെല്ലാം വന്നുഭവിച്ചു; അവസാനം യഹോവ അവരെ തന്റെ സന്നിധിയിൽനിന്ന് തള്ളിക്കളഞ്ഞു. എന്നാൽ സിദെക്കീയാവ് ബാബേൽരാജാവിനോടു മത്സരിച്ചു.
യഹോവയുടെ കോപം ഹേതുവായി യെരൂശലേമിന്നും യെഹൂദെക്കും അങ്ങനെ ഭവിച്ചു; അവൻ ഒടുവിൽ അവരെ തന്റെ സന്നിധിയിൽനിന്നു തള്ളിക്കളഞ്ഞു; എന്നാൽ സിദെക്കീയാവു ബാബേൽരാജാവിനോടു മത്സരിച്ചു.
4 അതിനാൽ സിദെക്കീയാവിന്റെ ഭരണത്തിന്റെ ഒൻപതാമാണ്ടിൽ പത്താംമാസം പത്താംതീയതി ബാബേൽരാജാവായ നെബൂഖദ്നേസർ തന്റെ സകലസൈന്യവുമായി ജെറുശലേമിനെതിരേ വന്നു. അവർ നഗരത്തിനു വെളിയിൽ പാളയമടിച്ച് ചുറ്റും ഉപരോധം തീർത്തു.
അവന്റെ വാഴ്ചയുടെ ഒമ്പതാം ആണ്ടിൽ പത്താം മാസം പത്താം തിയ്യതി, ബാബേൽരാജാവായ നെബൂഖദ്നേസർ തന്റെ സൎവ്വസൈന്യവുമായി യെരൂശലേമിന്റെ നേരെ വന്നു പാളയമിറങ്ങി അതിന്നെതിരെ ചുറ്റും കൊത്തളങ്ങൾ പണിതു.
5 അങ്ങനെ സിദെക്കീയാരാജാവിന്റെ പതിനൊന്നാമാണ്ടുവരെയും നഗരം ഉപരോധത്തിലായിരുന്നു.
അങ്ങനെ സിദെക്കീയാരാജാവിന്റെ പതിനൊന്നാം ആണ്ടുവരെ നഗരം നിരോധിക്കപ്പെട്ടിരുന്നു.
6 നാലാംമാസം ഒൻപതാംതീയതി ആയപ്പോഴേക്കും പട്ടണത്തിലെ ജനങ്ങൾക്കു ഭക്ഷിക്കാൻ യാതൊന്നും ഇല്ലാത്തതരത്തിൽ ക്ഷാമം അതികഠിനമായി.
നാലാം മാസം ഒമ്പതാം തിയ്യതി ക്ഷാമം നഗരത്തിൽ കലശലായി ദേശത്തെ ജനത്തിന്നു ആഹാരമില്ലാതെ ഭവിച്ചു.
7 ബാബേല്യർ നഗരം വളഞ്ഞിരിക്കെ, യെഹൂദ്യയിലെ സൈന്യം നഗരമതിൽ ഒരിടം പൊളിച്ചു. രാജാവും മുഴുവൻ സൈന്യവും രാത്രിയിൽത്തന്നെ രാജാവിന്റെ ഉദ്യാനത്തിനരികെ രണ്ടു മതിലുകൾക്കിടയിലുള്ള കവാടത്തിലൂടെ ഓടിപ്പോയി. അവർ അരാബയുടെ നേർക്കാണു പലായനംചെയ്തത്.
അപ്പോൾ നഗരത്തിന്റെ മതിൽ ഒരിടം പൊളിച്ചുതുറന്നു; കല്ദയർ നഗരം വളഞ്ഞിരിക്കെ പടയാളികൾ ഒക്കെയും രാത്രിസമയത്തു രാജാവിന്റെ തോട്ടത്തിന്നരികെ രണ്ടു മതിലുകളുടെ മദ്ധ്യേയുള്ള പടിവാതില്ക്കൽകൂടി നഗരം വിട്ടു പുറപ്പെട്ടു അരാബയിലേക്കുള്ള വഴിയായി ഓടിപ്പോയി.
8 എന്നാൽ ബാബേൽസൈന്യം സിദെക്കീയാരാജാവിനെ പിൻതുടർന്നുചെന്ന് യെരീഹോസമതലത്തിൽവെച്ച് അദ്ദേഹത്തോടൊപ്പം എത്തി. പടയാളികൾ മുഴുവനും അദ്ദേഹത്തിൽനിന്നു വേർപെട്ട് ചിതറിപ്പോയിരുന്നു.
എന്നാൽ കല്ദയരുടെ സൈന്യം രാജാവിനെ പിന്തുടൎന്നു, യെരീഹോസമഭൂമിയിൽവെച്ചു സിദെക്കീയാവോടു എത്തി; അവന്റെ സൈന്യമൊക്കെയും അവനെ വിട്ടു ചിതറിപ്പോയി.
9 അങ്ങനെ അദ്ദേഹം പിടിക്കപ്പെട്ടു. അദ്ദേഹത്തെ ഹമാത്തുദേശത്തിലെ രിബ്ലയിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു. അവിടെവെച്ച് അദ്ദേഹം സിദെക്കീയാവിന് വിധി കൽപ്പിച്ചു.
അവർ രാജാവിനെ പിടിച്ചു, ഹമാത്ത് ദേശത്തിലെ രിബ്ളയിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു; അവൻ അവന്നു വിധി കല്പിച്ചു.
10 ബാബേൽരാജാവ് സിദെക്കീയാവിന്റെ പുത്രന്മാരെ അദ്ദേഹത്തിന്റെ കൺമുമ്പിൽവെച്ചു കൊന്നു. യെഹൂദ്യയിലെ സകലപ്രഭുക്കന്മാരെയും അയാൾ രിബ്ലയിൽവെച്ചു കൊന്നുകളഞ്ഞു.
ബാബേൽരാജാവു സിദെക്കീയാവിന്റെ പുത്രന്മാരെ അവൻ കാൺകെ കൊന്നു; യെഹൂദാപ്രഭുക്കന്മാരെ ഒക്കെയും അവൻ രിബ്ളയിൽവെച്ചു കൊന്നുകളഞ്ഞു.
11 അതിനുശേഷം ബാബേൽരാജാവ് സിദെക്കീയാവിന്റെ കണ്ണുകൾ കുത്തിപ്പൊട്ടിച്ചു. അദ്ദേഹത്തെ വെങ്കലംകൊണ്ടുള്ള ചങ്ങലയിൽ ബന്ധിച്ച് ബാബേലിലേക്കു കൊണ്ടുപോയി. മരണപര്യന്തം അദ്ദേഹത്തെ കാരാഗൃഹത്തിൽ പാർപ്പിച്ചു.
പിന്നെ അവൻ സിദെക്കീയാവിന്റെ കണ്ണു പൊട്ടിച്ചു; ബാബേൽരാജാവു അവനെ ചങ്ങലകൊണ്ടു ബന്ധിച്ചു ബാബേലിലേക്കു കൊണ്ടുചെന്നു ജീവപൎയ്യന്തം കാരാഗൃഹത്തിൽ ആക്കി.
12 ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ പത്തൊൻപതാം ആണ്ട്, അഞ്ചാംമാസം പത്താംതീയതി ബാബേൽരാജാവിന്റെ അംഗരക്ഷകസേനയുടെ അധിപതിയായി സേവനം അനുഷ്ഠിക്കുന്ന നെബൂസരദാൻ ജെറുശലേമിലേക്കു വന്നു.
അഞ്ചാം മാസം പത്താം തിയ്യതി, ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ പത്തൊമ്പതാം ആണ്ടിൽ തന്നേ, ബാബേൽരാജാവിന്റെ തിരുമുമ്പിൽ നില്ക്കുന്നവനും അകമ്പടിനായകനുമായ നെബൂസർ-അദാൻ യെരൂശലേമിലേക്കു വന്നു.
13 അദ്ദേഹം യഹോവയുടെ ആലയത്തിനും രാജകൊട്ടാരത്തിനും ജെറുശലേമിലെ സകലവീടുകൾക്കും തീവെച്ചു. പ്രധാനപ്പെട്ട സകലകെട്ടിടങ്ങളും അദ്ദേഹം ചുട്ടുകളഞ്ഞു.
അവൻ യഹോവയുടെ ആലയവും രാജധാനിയും ചുട്ടു, യെരൂശലേമിലെ എല്ലാ വീടുകളും പ്രധാനഭവനങ്ങളൊക്കെയും തീ വെച്ചു ചുട്ടുകളഞ്ഞു.
14 അംഗരക്ഷകസേനയുടെ അധിപതിയായ അദ്ദേഹത്തിന്റെ കീഴിലുണ്ടായിരുന്ന ബാബേൽസൈന്യമെല്ലാംചേർന്ന് ജെറുശലേമിന്റെ ചുറ്റുമതിലെല്ലാം ഇടിച്ചുനിരത്തി.
അകമ്പടിനായകനോടുകൂടെ ഉണ്ടായിരുന്ന കല്ദയസൈന്യമൊക്കെയും യെരൂശലേമിന്റെ ചുറ്റുമുള്ള മതിലുകളെല്ലാം ഇടിച്ചുകളഞ്ഞു.
15 നഗരവാസികളിൽ ശേഷിച്ചിരുന്ന ജനത്തിൽ ഏറ്റവും ദരിദ്രരിൽ ചിലരെയും ശില്പവേലക്കാരിൽ ശേഷിച്ചവരെയും ബാബേൽരാജാവിന്റെ പക്ഷത്തേക്കു കൂറുമാറിയവരെയും അംഗരക്ഷകസേനയുടെ നായകനായ നെബൂസരദാൻ പ്രവാസികളാക്കി കൊണ്ടുപോയി.
ജനത്തിൽ എളിയവരായ ചിലരെയും നഗരത്തിൽ ശേഷിച്ചിരുന്ന ജനശിഷ്ടത്തെയും ബാബേൽരാജാവിനെ ചെന്നു ശരണംപ്രാപിച്ചവരെയും പുരുഷാരത്തിൽ ശേഷിച്ചവരെയും അകമ്പടിനായകനായ നെബൂസർ-അദാൻ ബദ്ധരാക്കി കൊണ്ടുപോയി.
16 എന്നാൽ നെബൂസരദാൻ, മുന്തിരിത്തോപ്പുകളിലും വയലുകളിലും പണിചെയ്യുന്നതിനായി ദേശത്തിലെ ഏറ്റവും ദരിദ്രരിൽ ചിലരെ വിട്ടിട്ടുപോയി.
എന്നാൽ അകമ്പടിനായകനായ നെബൂസർ-അദാൻ ദേശത്തെ എളിയവരിൽ ചിലരെ മുന്തിരിത്തോട്ടക്കാരായും കൃഷിക്കാരായും വിട്ടേച്ചുപോയി.
17 യഹോവയുടെ ആലയത്തിലുണ്ടായിരുന്ന വെങ്കലസ്തംഭങ്ങളും ചലിപ്പിക്കാവുന്ന പീഠങ്ങളും വെങ്കലംകൊണ്ടുള്ള വലിയ ജലസംഭരണിയും ബാബേല്യർ ഉടച്ചുകളഞ്ഞു. അതിന്റെ വെങ്കലം മുഴുവനും അവർ ബാബേലിലേക്കു കൊണ്ടുപോയി.
യഹോവയുടെ ആലയത്തിലെ താമ്രസ്തംഭങ്ങളും പീഠങ്ങളും യഹോവയുടെ ആലയത്തിലെ താമ്രംകൊണ്ടുള്ള കടലും കല്ദയർ ഉടെച്ചു താമ്രം ഒക്കെയും ബാബേലിലേക്കു കൊണ്ടുപോയി.
18 ദൈവാലയശുശ്രൂഷയ്ക്ക് ഉപയോഗിച്ചിരുന്ന കലങ്ങളും കോരികളും തിരികൾ വെടിപ്പാക്കുന്നതിനുള്ള കത്രികകളും കോരിത്തളിക്കുന്നതിനുള്ള കുഴിയൻപാത്രങ്ങളും തളികകളും മറ്റെല്ലാ ഓട്ടുപകരണങ്ങളും അവർ കൊണ്ടുപോയി.
കലങ്ങളും ചട്ടുകങ്ങളും കത്രികകളും കിണ്ണങ്ങളും തവികളും ശുശ്രൂഷെക്കുള്ള സകല താമ്രോപകരണങ്ങളും അവർ എടുത്തുകൊണ്ടുപോയി.
19 ക്ഷാളനപാത്രങ്ങളും ധൂപകലശങ്ങളും കോരിത്തളിക്കുന്നതിനുള്ള കുഴിയൻപാത്രങ്ങളും കുടങ്ങളും വിളക്കുതണ്ടുകളും പാനീയയാഗത്തിന് ഉപയോഗിച്ചിരുന്ന പാത്രങ്ങളും കോപ്പകളും തങ്കംകൊണ്ടോ വെള്ളികൊണ്ടോ ഉണ്ടാക്കിയവയെല്ലാം അംഗരക്ഷകസേനയുടെ അധിപൻ എടുത്തുകൊണ്ടുപോയി.
പാനപാത്രങ്ങളും തീച്ചട്ടികളും കിണ്ണങ്ങളും കലങ്ങളും വിളക്കുതണ്ടുകളും തവികളും കുടങ്ങളും പൊന്നുകൊണ്ടുള്ളതും വെള്ളികൊണ്ടുള്ളതും എല്ലാം അകമ്പടിനായകൻ കൊണ്ടുപോയി.
20 യഹോവയുടെ ആലയത്തിനുവേണ്ടി ശലോമോൻരാജാവ് ഉണ്ടാക്കിയിരുന്ന രണ്ടുസ്തംഭങ്ങളുടെയും ജലസംഭരണിയുടെയും അതിനടിയിലെ വെങ്കലംകൊണ്ടുള്ള പന്ത്രണ്ടു കാളകളുടെയും ചലിപ്പിക്കാവുന്ന പീഠങ്ങളുടെയും വെങ്കലം തൂക്കം തിട്ടപ്പെടുത്താൻ കഴിയാത്തതുപോലെ അത്ര അധികമായിരുന്നു.
ശലോമോൻരാജാവു യഹോവയുടെ ആലയംവകെക്കു ഉണ്ടാക്കിയ രണ്ടു സ്തംഭവും ഒരു കടലും പീഠങ്ങളുടെ കീഴെ ഉണ്ടായിരുന്ന പന്ത്രണ്ടു താമ്രക്കാളയും തന്നേ; ഈ സകല സാധനങ്ങളുടെയും താമ്രത്തിന്നു തൂക്കമില്ലാതെയിരുന്നു.
21 ഓരോ സ്തംഭവും പതിനെട്ടുമുഴം ഉയരവും പന്ത്രണ്ടുമുഴം ചുറ്റളവും നാലു വിരൽപ്പാടു കനവും ഉള്ളതായിരുന്നു. അതു പൊള്ളയായിരുന്നു.
സ്തംഭങ്ങളോ, ഓരോന്നു പതിനെട്ടു മുഴം ഉയരവും പന്ത്രണ്ടു മുഴം ചുറ്റളവും നാലു വിരൽ കനവും ഉള്ളതായിരുന്നു; അതു പൊള്ളയുമായിരുന്നു.
22 ഒരു വെങ്കലസ്തംഭത്തിന്റെ തലയ്ക്കലുള്ള മകുടം അഞ്ചുമുഴം ഉയരമുള്ളതും ചുറ്റും വെങ്കലംകൊണ്ടുള്ള വലമണികളും മാതളനാരകപ്പഴങ്ങളുംകൊണ്ട് അലങ്കൃതവും ആയിരുന്നു. വലമണികളോടുകൂടിയ മറ്റേ സ്തംഭവും മാതളപ്പഴങ്ങൾ ഉൾപ്പെടെ ഇതുപോലെതന്നെ ആയിരുന്നു.
അതിന്മേൽ താമ്രംകൊണ്ടു ഒരു പോതിക ഉണ്ടായിരുന്നു; പോതികയുടെ ഉയരം അഞ്ചു മുഴം; പോതികമേൽ ചുറ്റും വലപ്പണിയും മാതളപ്പഴവും ഉണ്ടായിരുന്നു; സകലവും താമ്രംകൊണ്ടായിരുന്നു; രണ്ടാമത്തെ സ്തംഭത്തിന്നു ഇതുപോലെയുള്ള പണിയും മാതളപ്പഴവും ഉണ്ടായിരുന്നു.
23 നാലു വശത്തുമായി തൊണ്ണൂറ്റിയാറു മാതളപ്പഴം ഉണ്ടായിരുന്നു. ചുറ്റുമുള്ള വലപ്പണിയിൽ മാതളപ്പഴങ്ങൾ ആകെ നൂറ് ആയിരുന്നു.
നാലുപുറത്തുംകൂടെ തൊണ്ണൂറ്റാറു മാതളപ്പഴവും ഉണ്ടായിരുന്നു: വലപ്പണിയിൽ ചുറ്റുമുള്ള മാതളപ്പഴം ആകെ നൂറു ആയിരുന്നു.
24 അംഗരക്ഷകസേനയുടെ നായകൻ മഹാപുരോഹിതനായ സെരായാവെയും തൊട്ടടുത്ത പദവിയിലുള്ള പുരോഹിതനായ സെഫന്യാവിനെയും മൂന്നു വാതിൽകാവൽക്കാരെയും തടവുകാരായി പിടിച്ചുകൊണ്ടുപോയി.
അകമ്പടിനായകൻ മഹാപുരോഹിതനായ സെരായാവെയും രണ്ടാം പുരോഹിതനായ സെഫന്യാവെയും മൂന്നു വാതിൽകാവല്ക്കാരെയും പിടിച്ചു കൊണ്ടുപോയി.
25 നഗരത്തിൽ അപ്പോഴും ഉണ്ടായിരുന്നവരിൽനിന്നു യോദ്ധാക്കളുടെ മേൽവിചാരകനെയും രാജാവിന്റെ ഉപദേശകന്മാരായ ഏഴുപേരെയുംകൂടെ അദ്ദേഹം പിടിച്ചുകൊണ്ടുപോയി. ദേശത്തെ ജനങ്ങളെക്കൊണ്ട് നിർബന്ധിതസൈനികസേവനം ചെയ്യിക്കുന്നതിന്റെ മുഖ്യചുമതലക്കാരനായ ലേഖകനെയും നഗരത്തിൽ കാണപ്പെട്ട അറുപതു ഗ്രാമീണരെയുംകൂടെ പിടിച്ചുകൊണ്ടുപോയി.
നഗരത്തിൽനിന്നു അവൻ യോദ്ധാക്കളുടെ വിചാരകനായ ഒരു ഷണ്ഡനെയും നഗരത്തിൽവെച്ചു കണ്ട ഏഴു രാജപരിചാരകന്മാരെയും ദേശത്തിലെ ജനത്തെ പടെക്കു ശേഖരിക്കുന്ന സേനാപതിയുടെ രായസക്കാരനെയും നഗരത്തിൽ കണ്ട അറുപതു നാട്ടുപുറക്കാരെയും പിടിച്ചു കൊണ്ടുപോയി.
26 സൈന്യാധിപനായ നെബൂസരദാൻ അവരെയെല്ലാം പിടിച്ച് രിബ്ലയിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.
ഇവരെ അകമ്പടിനായകനായ നെബൂസർ-അദാൻ പിടിച്ചു രിബ്ളയിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു.
27 അവിടെ, ഹമാത്തുദേശത്തിലെ രിബ്ലയിൽവെച്ച് ബാബേൽരാജാവ് അവരുടെയെല്ലാം വധശിക്ഷ നടപ്പിലാക്കി. അങ്ങനെ യെഹൂദാ, തന്റെ ദേശത്തുനിന്നും അടിമത്തത്തിലേക്കു പോയി.
ബാബേൽരാജാവു ഹമാത്ത് ദേശത്തിലെ രിബ്ളയിൽവെച്ചു അവരെ വെട്ടിക്കൊന്നു; ഇങ്ങനെ യെഹൂദാ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവന്നു.
28 നെബൂഖദ്നേസർ പ്രവാസത്തിലേക്കു കൊണ്ടുപോയവരുടെ എണ്ണം ഇവയാണ്: ഏഴാംവർഷത്തിൽ, 3,023 യെഹൂദർ;
നെബൂഖദ്നേസർ പ്രവാസത്തിലേക്കു കൊണ്ടുപോയ ജനം: ഏഴാം ആണ്ടിൽ മൂവായിരത്തിരുപത്തുമൂന്നു യെഹൂദന്മാർ;
29 നെബൂഖദ്നേസരിന്റെ പതിനെട്ടാംവർഷത്തിൽ, ജെറുശലേമിൽനിന്ന് 832 പേർ;
നെബൂഖദ്നേസരിന്റെ പതിനെട്ടാം ആണ്ടിൽ അവൻ യെരൂശലേമിൽനിന്നു പ്രവാസത്തിലേക്കു കൊണ്ടുപോയ എണ്ണൂറ്റിമുപ്പത്തുരണ്ടുപേർ;
30 അദ്ദേഹത്തിന്റെ ഇരുപത്തിമൂന്നാം വർഷത്തിൽ അംഗരക്ഷകസേനയുടെ അധിപതിയായ നെബൂസരദാൻ 745 യെഹൂദരെ പ്രവാസത്തിലേക്കു കൊണ്ടുപോയി. ഇങ്ങനെ ആകെ 4,600 പേർ.
നെബൂഖദ്നേസരിന്റെ ഇരുപത്തുമൂന്നാം ആണ്ടിൽ, അകമ്പടിനായകനായ നെബൂസർ-അദാൻ പ്രവാസത്തിലേക്കു കൊണ്ടുപോയ യെഹൂദന്മാർ എഴുനൂറ്റി നാല്പത്തഞ്ചുപേർ; ഇങ്ങനെ ആകെ നാലായിരത്തറുനൂറു പേരായിരുന്നു.
31 യെഹൂദാരാജാവായ യെഹോയാഖീന്റെ പ്രവാസത്തിന്റെ മുപ്പത്തിയേഴാമാണ്ടിൽ എവീൽ-മെരോദക്ക് ബാബേൽരാജാവായി. ആ വർഷം പന്ത്രണ്ടാംമാസം അദ്ദേഹം യെഹൂദാരാജാവായ യെഹോയാഖീനെ കാരാഗൃഹത്തിൽനിന്നു മോചിപ്പിച്ചു.
യെഹൂദാരാജാവായ യെഹോയാഖീന്റെ പ്രവാസത്തിന്റെ മുപ്പത്തേഴാമാണ്ടിൽ പന്ത്രണ്ടാം മാസം ഇരുപത്തഞ്ചാം തിയ്യതി ബാബേൽരാജാവായ എവീൽ-മെരോദക്ക് തന്റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ യെഹൂദാരാജാവായ യെഹോയാഖീനെ കടാക്ഷിച്ചു കാരാഗൃഹത്തിൽനിന്നു വിടുവിച്ചു,
32 അദ്ദേഹം യെഹോയാഖീനോട് ദയാപൂർവം സംസാരിക്കുകയും തന്നോടുകൂടെ ബാബേലിൽ ഉണ്ടായിരുന്ന മറ്റു രാജാക്കന്മാരെക്കാൾ കൂടുതൽ ബഹുമാന്യമായ ഒരു ഇരിപ്പിടം അദ്ദേഹത്തിനു നൽകുകയും ചെയ്തു.
അവനോടു ആദരവായി സംസാരിച്ചു, അവന്റെ ആസനത്തെ തന്നോടു കൂടെ ബാബേലിൽ ഉള്ള രാജാക്കന്മാരുടെ ആസനങ്ങൾക്കു മേലായി വെച്ചു,
33 അങ്ങനെ യെഹോയാഖീൻ തന്റെ കാരാഗൃഹവേഷം മാറ്റിക്കളയുകയും തന്റെ ആയുസ്സിന്റെ ശേഷിച്ചകാലം രാജാവിന്റെ മേശയിൽനിന്നു പതിവായി ഭക്ഷണം കഴിക്കുകയും ചെയ്തുപോന്നു.
അവന്റെ കാരാഗൃഹവസ്ത്രം മാറ്റി, അവൻ ജീവപൎയ്യന്തം നിത്യവും അവന്റെ സന്നിധിയിൽ ഭക്ഷണം കഴിച്ചുപോന്നു.
34 യെഹോയാഖീൻ ജീവിച്ചിരുന്ന കാലംമുഴുവൻ അദ്ദേഹത്തിന്റെ ജീവിതാവശ്യങ്ങൾക്കുവേണ്ട പണം ദിനംതോറും ക്രമമായി ബാബേൽരാജാവ് കൊടുത്തുപോന്നു. ഇത് അദ്ദേഹത്തിന്റെ മരണംവരെ തുടർന്നുവന്നു.
അവന്റെ അഹോവൃത്തിയോ ബാബേൽരാജാവു അവന്നു അവന്റെ മരണദിവസംവരെ അവന്റെ ജീവകാലമൊക്കെയും നിത്യവൃത്തിക്കു ദിവസം പ്രതിയുള്ള ഓഹരി കൊടുത്തു പോന്നു.