< യിരെമ്യാവു 5 >
1 “ജെറുശലേമിന്റെ വീഥികളിലൂടെ ചുറ്റിനടന്ന് ന്യായം പ്രവർത്തിക്കുകയും വിശ്വസ്തത ആചരിക്കുകയും ചെയ്യുന്ന ഒരു മനുഷ്യനെ കാണാൻ കഴിയുമോ എന്നുനോക്കി അറിയുകയും അതിന്റെ വിശാലസ്ഥലങ്ങളിൽ അന്വേഷിക്കുകയും ചെയ്യുവിൻ. ഒരാളെങ്കിലും ഉണ്ടെങ്കിൽ ഞാൻ അതിനോടു ക്ഷമിക്കും.
2 ‘ജീവിക്കുന്ന യഹോവയാണെ,’ എന്ന് അവർ പറയുന്നെങ്കിലും അവർ ശപഥംചെയ്യുന്നത് കാപട്യത്തോടെയാണ്.”
3 യഹോവേ, അങ്ങയുടെ കണ്ണുകൾ വിശ്വസ്തതയല്ലേ നോക്കുന്നത്? അങ്ങ് അവരെ അടിച്ചു, എങ്കിലും അവർക്കു വേദനയുണ്ടായില്ല; അങ്ങ് അവരെ ക്ഷയിപ്പിച്ചു, എങ്കിലും തെറ്റു തിരുത്താൻ അവർ മനസ്സുവെച്ചില്ല. അവർ തങ്ങളുടെ മുഖം പാറയെക്കാൾ കഠിനമാക്കുകയും പശ്ചാത്തപിക്കാൻ വിസമ്മതിക്കുകയും ചെയ്തു.
4 അതുകൊണ്ടു ഞാൻ: “ഇവർ ദരിദ്രർമാത്രമാണ്; അവർ ഭോഷരാണ്, കാരണം അവർ യഹോവയുടെ വഴി അറിയുന്നില്ല, അവരുടെ ദൈവത്തിന്റെ പ്രമാണങ്ങളും.
5 അതുകൊണ്ട് ഞാൻ നേതാക്കന്മാരുടെ അടുക്കൽ ചെന്ന് അവരോടു സംസാരിക്കും; അവർ യഹോവയുടെ വഴിയും തങ്ങളുടെ ദൈവത്തിന്റെ പ്രമാണങ്ങളും നിശ്ചയമായും അറിയുന്നു.” എന്നാൽ അവർ എല്ലാവരും ഒരുപോലെ നുകം തകർക്കുകയും കെട്ടുകളെ പൊട്ടിക്കുകയും ചെയ്തിരിക്കുന്നു.
6 അതിനാൽ കാട്ടിൽനിന്നുള്ള ഒരു സിംഹം അവരെ ആക്രമിക്കും, മരുഭൂമിയിൽനിന്നുള്ള ഒരു ചെന്നായ് അവരെ നശിപ്പിക്കും, ഒരു പുള്ളിപ്പുലി അവരുടെ പട്ടണങ്ങൾക്കരികെ പതിയിരിക്കും; അവയിൽനിന്ന് പുറത്തേക്കു പോകുന്നവരെ കടിച്ചുകീറിക്കളയുന്നതിനുതന്നെ, കാരണം, അവരുടെ ലംഘനങ്ങൾ അനവധിയും അവരുടെ വിശ്വാസത്യാഗം നിരവധിയുമാണ്.
7 “ഞാൻ നിന്നോട് എങ്ങനെ ക്ഷമിക്കും? നിന്റെ മക്കൾ എന്നെ ഉപേക്ഷിച്ച് ദേവതകൾ അല്ലാത്ത ദേവതകളെക്കൊണ്ടു ശപഥംചെയ്യുന്നു. ഞാൻ അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി, എന്നിട്ടും അവർ വ്യഭിചാരം ചെയ്യുകയും വേശ്യാഗൃഹങ്ങളിൽ കൂട്ടമായി പോകുകയും ചെയ്യുന്നു.
8 അവൻ തടിച്ചുകൊഴുത്ത വിത്തുകുതിരകളെപ്പോലെ ഓരോരുത്തനും തന്റെ കൂട്ടുകാരന്റെ ഭാര്യയെ നോക്കി ചിനക്കുന്നു.
9 ഈ കാര്യങ്ങൾനിമിത്തം ഞാൻ അവരെ ശിക്ഷിക്കുകയില്ലേ, ഇതുപോലെയുള്ള ഒരു രാഷ്ട്രത്തോടു ഞാൻ പ്രതികാരംചെയ്യുകയില്ലേ,” എന്ന് യഹോവയുടെ അരുളപ്പാട്.
10 “അവളുടെ മുന്തിരിത്തോപ്പിൽ കടന്നു നാശം ചെയ്യുക; എന്നാൽ അവ പൂർണമായും നശിപ്പിക്കരുത്. അവളുടെ ശാഖകൾ നീക്കിക്കളയുക, കാരണം ഈ ജനം യഹോവയുടേത് അല്ലല്ലോ.
11 എന്തെന്നാൽ ഇസ്രായേൽഗൃഹവും യെഹൂദാഗൃഹവും എന്നോട് അത്യന്തം വഞ്ചന കാണിച്ചിരിക്കുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്.
12 അവർ യഹോവയെക്കുറിച്ചു വ്യാജം പറഞ്ഞിരിക്കുന്നു: “അവിടന്ന് ഒന്നും ചെയ്യുകയില്ല! നമുക്ക് യാതൊരുദോഷവും സംഭവിക്കുകയില്ല; വാളോ ക്ഷാമമോ നാം കാണുകയുമില്ല.
13 “യഹോവയുടെ പ്രവാചകന്മാർ വെറും വായുവത്രേ, അവരിൽ ദൈവത്തിൽനിന്നുള്ള അരുളപ്പാടില്ല; അതുകൊണ്ട് അവരുടെ പ്രവചനം അവരുടെമേൽതന്നെ വന്നുചേരട്ടെ.”
14 അതിനാൽ സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജനം ഈ വാക്കുകൾ പറഞ്ഞതുകൊണ്ട് ഞാൻ എന്റെ വചനങ്ങൾ നിന്റെ വായിൽനിന്നുള്ള അഗ്നിയായും ഈ ജനത്തെ അതു ദഹിപ്പിക്കുന്ന വിറകായും തീർക്കും.
15 ഇസ്രായേൽഗൃഹമേ,” യഹോവ അരുളിച്ചെയ്യുന്നു, “ഇതാ, ഞാൻ ദൂരത്തുനിന്ന് ഒരു രാഷ്ട്രത്തെ നിങ്ങൾക്കെതിരേ വരുത്തും— പുരാതനവും പ്രബലവുമായ ഒരു രാഷ്ട്രത്തെത്തന്നെ, അവരുടെ ഭാഷ നിങ്ങൾക്കറിഞ്ഞുകൂടാ, അവർ പറയുന്നതു നിങ്ങൾ ഗ്രഹിക്കുകയുമില്ല.
16 അവരുടെ ആവനാഴി തുറന്ന ശവക്കുഴിപോലെ; അവരെല്ലാവരും പരാക്രമശാലികളായ യോദ്ധാക്കൾതന്നെ.
17 അവർ നിങ്ങളുടെ ധാന്യവും അപ്പവും ഭക്ഷിക്കും, നിന്റെ പുത്രന്മാരെയും പുത്രിമാരെയും വിഴുങ്ങിക്കളയും; അവർ നിന്റെ ആട്ടിൻപറ്റത്തെയും കന്നുകാലികളെയും തിന്നുതീർക്കും; നിന്റെ മുന്തിരിയും അത്തിവൃക്ഷവും അവർ തിന്നുതീർക്കും. നീ ആശ്രയം വെച്ചിരിക്കുന്ന നിങ്ങളുടെ ഉറപ്പുള്ള പട്ടണങ്ങൾ അവർ വാളിനാൽ ശൂന്യമാക്കും.
18 “എന്നാൽ ആ നാളിലും ഞാൻ നിന്നെ നിശ്ശേഷം നശിപ്പിക്കുകയില്ല,” എന്ന് യഹോവയുടെ അരുളപ്പാട്.
19 “‘നമ്മുടെ ദൈവമായ യഹോവ ഈ കാര്യങ്ങളൊക്കെയും നമ്മോടു ചെയ്യുന്നത് എന്തുകൊണ്ട്,’ എന്ന് അവർ ചോദിക്കുമ്പോൾ, നീ അവരോട്, ‘നിങ്ങൾ നിങ്ങളുടെ ദേശത്ത് എന്നെ ഉപേക്ഷിച്ച് അന്യദേവതകളെ സേവിച്ചതുപോലെ, നിങ്ങൾ സ്വന്തമല്ലാത്ത ദേശത്ത് വിദേശികളെ സേവിക്കേണ്ടിവരും’ എന്ന് ഉത്തരം പറയണം.
20 “യാക്കോബുഗൃഹത്തിൽ ഇതു പ്രസ്താവിക്കുക യെഹൂദ്യയിൽ ഇതു പ്രസിദ്ധമാക്കുക:
21 ഭോഷരും വിവേകശൂന്യരും കണ്ണുണ്ടെങ്കിലും കാണാത്തവരും ചെവിയുണ്ടെങ്കിലും കേൾക്കാത്തവരുമായ ജനങ്ങളേ, ഇതു കേൾക്കുക:
22 നിങ്ങൾ എന്നെ ഭയപ്പെടേണ്ടതല്ലേ?” എന്ന് യഹോവ ചോദിക്കുന്നു. “എന്റെ സന്നിധിയിൽ നിങ്ങൾ വിറയ്ക്കേണ്ടതല്ലേ? ഞാൻ ശാശ്വതമായൊരു ആജ്ഞയാൽ മണൽത്തിട്ടയെ സമുദ്രത്തിന് മറിച്ചുകടക്കാൻ കഴിയാത്ത ഒരു അതിർത്തിയായി സ്ഥാപിച്ചിരിക്കുന്നു. അതിലെ തിരമാലകൾ ഇളകിമറിഞ്ഞാലും ഒന്നും സംഭവിക്കുകയില്ല. അവ അലറിയാലും അതിനെ മറികടക്കുകയില്ല.
23 എന്നാൽ ഈ ജനത്തിന് ധിക്കാരവും മത്സരവുമുള്ള ഒരു ഹൃദയമാണുള്ളത്; അവർ എന്നെ ഉപേക്ഷിച്ചു പൊയ്ക്കളഞ്ഞിരിക്കുന്നു.
24 ‘നമ്മുടെ തക്കസമയത്തു മുന്മഴയും പിന്മഴയും തരുന്ന നമ്മുടെ ദൈവമായ യഹോവയെ നമുക്കു ഭയപ്പെടാം, അവിടന്നു തക്കസമയത്ത് നമുക്കു കൊയ്ത്തുകാലം തരുന്നല്ലോ,’ എന്ന് അവർ ഹൃദയത്തിൽ പറയുന്നില്ല.
25 നിങ്ങളുടെ അകൃത്യങ്ങൾ ഇവ അകറ്റിനിർത്തി; നിങ്ങളുടെ പാപങ്ങൾ നിങ്ങളുടെ നന്മ മുടക്കിക്കളഞ്ഞിരിക്കുന്നു.
26 “എന്റെ ജനത്തിനിടയിൽ ദുഷ്ടരുണ്ട്; അവർ പക്ഷിക്ക് കെണി വെക്കുന്നവരെപ്പോലെ പതിയിരിക്കുന്നു, അവർ കുടുക്കുവെച്ച് മനുഷ്യരെ പിടിക്കുന്നവരെപ്പോലെതന്നെ.
27 പക്ഷികൾ കൂടുകളിൽ നിറഞ്ഞിരിക്കുന്നതുപോലെ, അവരുടെ വീടുകളിൽ വഞ്ചന നിറഞ്ഞിരിക്കുന്നു; അവർ ധനികരും ശക്തരും ആയിരിക്കുന്നു,
28 അവർ തടിച്ചുകൊഴുത്തിരിക്കുന്നു. അവരുടെ ദുഷ്കർമങ്ങൾക്കു യാതൊരു പരിധിയുമില്ല; അവർ ന്യായം അന്വേഷിക്കുന്നില്ല. അവർ അനാഥർക്കുവേണ്ടി വ്യവഹരിക്കുന്നില്ല; അവർ ദരിദ്രരുടെ അവകാശങ്ങൾക്കുവേണ്ടി വാദിക്കുന്നതുമില്ല.
29 ഈ കാര്യങ്ങൾനിമിത്തം ഞാൻ അവരെ ശിക്ഷിക്കാതിരിക്കുമോ? ഇതുപോലെയുള്ള ഒരു രാഷ്ട്രത്തോടു ഞാൻ പ്രതികാരം ചെയ്യാതെയിരിക്കുമോ?” എന്ന് യഹോവയുടെ അരുളപ്പാട്.
30 “ഭയാനകവും വിസ്മയാവഹവുമായ ഒന്ന് ദേശത്തു സംഭവിച്ചിരിക്കുന്നു:
31 പ്രവാചകന്മാർ വ്യാജപ്രവചനം നടത്തുന്നു, പുരോഹിതന്മാർ സ്വേച്ഛാധിപതികളായി ഭരണം നടത്തുന്നു, എന്റെ ജനം അത് ഇഷ്ടപ്പെടുകയും ചെയ്യുന്നു. എന്നാൽ അവസാനം നിങ്ങൾ എന്തുചെയ്യും?