< യിരെമ്യാവു 41 >
1 ഏഴാംമാസത്തിൽ രാജവംശക്കാരനായ രാജാവിന്റെ ഉദ്യോഗസ്ഥന്മാരിൽ ഒരുവനുമായ എലീശാമയുടെ പൗത്രനായ നെഥന്യാവിന്റെ മകൻ യിശ്മായേൽ പത്തു പുരുഷന്മാരുമായി മിസ്പായിൽ അഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ അടുക്കൽവന്നു. അവിടെ അവർ ഒരുമിച്ചു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ,
൧എന്നാൽ ഏഴാം മാസത്തിൽ രാജവംശജനും രാജാവിന്റെ മഹത്തുക്കളിൽ ഒരുവനുമായി എലീശാമയുടെ മകനായ നെഥന്യാവിന്റെ മകൻ യിശ്മായേൽ പത്ത് ആളുകളുമായി മിസ്പയിൽ അഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ അടുക്കൽ വന്നു; അവിടെ മിസ്പയിൽവച്ച് അവർ ഒന്നിച്ച് ഭക്ഷണം കഴിച്ചു.
2 നെഥന്യാവിന്റെ മകൻ യിശ്മായേലും അയാളോടു കൂടെയുള്ള പത്തു പുരുഷന്മാരും ചാടിയെഴുന്നേറ്റ്, ബാബേൽരാജാവു ദേശാധിപതിയായി നിയമിച്ചിരുന്ന ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനുമായ ഗെദല്യാവിനെ വാളിനിരയാക്കി.
൨നെഥന്യാവിന്റെ മകൻ യിശ്മായേലും കൂടെ ഉണ്ടായിരുന്ന പത്ത് ആളുകളും എഴുന്നേറ്റ്, ബാബേൽരാജാവ് ദേശാധിപതിയാക്കിയിരുന്ന ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവിനെ വാൾകൊണ്ട് വെട്ടിക്കൊന്നു.
3 മിസ്പായിൽ ഗെദല്യാവിനോടൊപ്പം ഉണ്ടായിരുന്ന എല്ലാ യെഹൂദന്മാരെയും അദ്ദേഹത്തിനോടൊപ്പം ഉണ്ടായിരുന്ന ബാബേല്യസൈനികരെയുംകൂടി യിശ്മായേൽ വധിച്ചു.
൩മിസ്പയിൽ ഗെദല്യാവിന്റെ അടുക്കൽ ഉണ്ടായിരുന്ന എല്ലാ യെഹൂദന്മാരെയും, അവിടെക്കണ്ട കല്ദയപടയാളികളെയും യിശ്മായേൽ കൊന്നുകളഞ്ഞു.
4 ഗെദല്യാവിനെ വധിച്ചതിന്റെ അടുത്തദിവസം, ആരും അത് അറിയാതിരിക്കുമ്പോൾതന്നെ,
൪ഗെദല്യാവിനെ കൊന്നതിന്റെ രണ്ടാംദിവസം, അത് ആരും അറിയാതിരിക്കുമ്പോൾ തന്നെ,
5 ശേഖേമിൽനിന്നും ശീലോവിൽനിന്നും ശമര്യയിൽനിന്നും എൺപതു പുരുഷന്മാർ താടിവടിച്ചും വസ്ത്രം കീറിയും സ്വയം മുറിവേൽപ്പിച്ചുംകൊണ്ട് കൈയിൽ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുപോകാനുള്ള ഭോജനയാഗങ്ങളും സുഗന്ധവർഗവുമായി അവിടെയെത്തി.
൫ശെഖേമിൽനിന്നും ശീലോവിൽനിന്നും ശമര്യയിൽനിന്നും എണ്പത് പുരുഷന്മാർ താടി വടിച്ചും വസ്ത്രം കീറിയും സ്വയം മുറിവേല്പിച്ചുംകൊണ്ട് വഴിപാടും കുന്തുരുക്കവുമായി യഹോവയുടെ ആലയത്തിലേക്ക് പോകുന്നവഴി അവിടെ എത്തി.
6 അപ്പോൾ നെഥന്യാവിന്റെ മകനായ യിശ്മായേൽ മിസ്പായിൽനിന്നു കരഞ്ഞുകൊണ്ട് അവരെ എതിരേറ്റുചെന്നു. അവരെ കണ്ടപ്പോൾ, “അഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ അടുക്കലേക്കു വരിക” എന്ന് അവരോടു പറഞ്ഞു.
൬നെഥന്യാവിന്റെ മകൻ യിശ്മായേൽ മിസ്പയിൽനിന്നു പുറപ്പെട്ട്, കരഞ്ഞുംകൊണ്ട് അവരെ എതിരേറ്റു ചെന്നു; അവരെ കണ്ടപ്പോൾ അവൻ അവരോട്: “അഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ അടുക്കൽ വരുവിൻ” എന്ന് പറഞ്ഞു.
7 അവർ പട്ടണത്തിനുള്ളിൽ കടന്ന ഉടൻതന്നെ, നെഥന്യാവിന്റെ മകനായ യിശ്മായേലും കൂടെയുണ്ടായിരുന്ന ആളുകളും അവരെ കൊന്ന് ഒരു ജലസംഭരണിയിൽ ഇട്ടുകളഞ്ഞു.
൭അവർ പട്ടണത്തിന്റെ നടുവിൽ എത്തിയപ്പോൾ നെഥന്യാവിന്റെ മകനായ യിശ്മായേലും കൂടെയുണ്ടായിരുന്ന ആളുകളും അവരെ കൊന്ന് ഒരു കുഴിയിൽ ഇട്ടുകളഞ്ഞു.
8 എന്നാൽ അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന പത്തുപേർ യിശ്മായേലിനോട്, “ഞങ്ങളെ കൊല്ലരുതേ! ഞങ്ങളുടെപക്കൽ വയലിൽ ഒളിച്ചുവെച്ച ഗോതമ്പ്, യവം, ഒലിവെണ്ണ, തേൻ എന്നിവയുടെ ശേഖരമുണ്ട്” എന്നു പറഞ്ഞു. അതുകൊണ്ട് അദ്ദേഹം അവരെ മറ്റുള്ളവരോടൊപ്പം കൊല്ലാതെ പോകാൻ അനുവദിച്ചു.
൮എന്നാൽ അവരിൽ പത്തുപേർ യിശ്മായേലിനോട്: “ഞങ്ങളെ കൊല്ലരുതേ; വയലിൽ ഗോതമ്പ്, യവം, എണ്ണ, തേൻ എന്നിവയുടെ ശേഖരങ്ങൾ ഞങ്ങൾ ഒളിച്ചുവച്ചിട്ടുണ്ട്” എന്നു പറഞ്ഞു; അതുകൊണ്ട് അവൻ സമ്മതിച്ച് അവരെ അവരുടെ സഹോദരന്മാരോടുകൂടി കൊല്ലാതെയിരുന്നു.
9 ഗെദല്യാവിനോടൊപ്പം യിശ്മായേൽ കൊന്ന ആളുകളുടെയെല്ലാം ശവങ്ങൾ ഇട്ടുകളഞ്ഞ ജലസംഭരണി ഇസ്രായേൽരാജാവായ ബയെശായെ പ്രതിരോധിക്കാനായി ആസാരാജാവു നിർമിച്ചവയുടെ കൂട്ടത്തിൽപ്പെട്ടവയായിരുന്നു. നെഥന്യാവിന്റെ മകൻ യിശ്മായേൽ അത് കൊല്ലപ്പെട്ടവരുടെ ശവംകൊണ്ടു നിറച്ചു.
൯യിശ്മായേൽ ഗെദല്യാവിനെയും കൂടെയുള്ളവരെയും കൊന്ന് ശവങ്ങൾ എല്ലാം ഇട്ടുകളഞ്ഞ കുഴി, ആസാ രാജാവ് യിസ്രായേൽ രാജാവായ ബയെശനിമിത്തം ഉണ്ടാക്കിയതായിരുന്നു; നെഥന്യാവിന്റെ മകനായ യിശ്മായേൽ അത് മൃതദേഹങ്ങൾ കൊണ്ട് നിറച്ചു.
10 അതിനുശേഷം യിശ്മായേൽ, മിസ്പായിൽ ശേഷിച്ച എല്ലാ ജനത്തെയും ബന്ദികളാക്കി—രാജകുമാരിമാരെയും അംഗരക്ഷകസേനയുടെ അധിപതിയായ നെബൂസരദാൻ അഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ ചുമതലയിൽ ആക്കിവെച്ചിരുന്നവരെയും—കൊണ്ടുപോയി. നെഥന്യാവിന്റെ മകനായ യിശ്മായേൽ അവരെ ബന്ധനസ്ഥരാക്കി അമ്മോന്യരുടെ അടുത്തേക്കു കൊണ്ടുപോകാൻ യാത്രതിരിച്ചു.
൧൦പിന്നെ യിശ്മായേൽ മിസ്പയിൽ ഉണ്ടായിരുന്ന ജനശിഷ്ടത്തെയും രാജകുമാരികളെയും, അകമ്പടിനായകനായ നെബൂസർ-അദാൻ അഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ ചുമതലയിൽ ഏല്പിച്ചവരായി മിസ്പയിൽ ശേഷിച്ചിരുന്ന സകലജനത്തെയും ബദ്ധരാക്കി കൊണ്ടുപോയി; നെഥന്യാവിന്റെ മകൻ യിശ്മായേൽ അവരെ ബദ്ധരാക്കി അമ്മോന്യരുടെ അടുക്കൽ കൊണ്ടുപോകുവാൻ യാത്ര പുറപ്പെട്ടു.
11 എന്നാൽ നെഥന്യാവിന്റെ മകനായ യിശ്മായേൽ ചെയ്ത എല്ലാ കുറ്റകൃത്യങ്ങളെയുംപറ്റി കാരേഹിന്റെ മകനായ യോഹാനാനും അദ്ദേഹത്തോടൊപ്പമുള്ള പടത്തലവന്മാരും കേട്ടു.
൧൧നെഥന്യാവിന്റെ മകൻ യിശ്മായേൽ ചെയ്ത ദോഷം എല്ലാം കാരേഹിന്റെ മകനായ യോഹാനാനും കൂടെ ഉണ്ടായിരുന്ന പടത്തലവന്മാരും കേട്ടപ്പോൾ
12 അതിനാൽ അവർ അവരുടെ സകലപുരുഷന്മാരെയും ചേർത്തുകൊണ്ട് നെഥന്യാവിന്റെ മകനായ യിശ്മായേലിനോടു യുദ്ധംചെയ്യാൻ പുറപ്പെട്ടു. ഗിബെയോനിലുള്ള വലിയ കുളത്തിനു സമീപത്തുവെച്ച് അവനെ കണ്ടെത്തി.
൧൨അവർ സകലപുരുഷന്മാരെയും കൂട്ടിക്കൊണ്ട് നെഥന്യാവിന്റെ മകനായ യിശ്മായേലിനോടു യുദ്ധം ചെയ്യുവാൻ ചെന്നു; ഗിബെയോനിലെ വലിയ കുളക്കരയിൽ വച്ച് അവനെ കണ്ടെത്തി.
13 യിശ്മായേലിനോടൊപ്പമുള്ള സകലജനവും കാരേഹിന്റെ മകനായ യോഹാനാനെയും അദ്ദേഹത്തോടൊപ്പമുള്ള സൈനിക ഉദ്യോഗസ്ഥരെയും കണ്ടപ്പോൾ സന്തോഷിച്ചു.
൧൩യിശ്മായേലിനോടു കൂടി ഉണ്ടായിരുന്ന ജനമെല്ലാം കാരേഹിന്റെ മകനായ യോഹാനാനെയും കൂടെയുണ്ടായിരുന്ന എല്ലാ പടത്തലവന്മാരെയും കണ്ടപ്പോൾ സന്തോഷിച്ചു.
14 അങ്ങനെ മിസ്പായിൽനിന്ന് യിശ്മായേൽ തടവുകാരാക്കിയിരുന്ന സകലജനവും തിരിഞ്ഞ് കാരേഹിന്റെ മകനായ യോഹാനാന്റെ അടുക്കൽവന്നു.
൧൪യിശ്മായേൽ മിസ്പയിൽനിന്ന് ബദ്ധരാക്കി കൊണ്ടുപോയിരുന്ന സർവ്വജനവും തിരിഞ്ഞ്, കാരേഹിന്റെ മകനായ യോഹാനാന്റെ അടുക്കൽ വന്നു.
15 എന്നാൽ നെഥന്യാവിന്റെ മകനായ യിശ്മായേൽ എട്ട് ആളുകളോടൊപ്പം യോഹാനാന്റെ അടുക്കൽനിന്ന് തെറ്റിയൊഴിഞ്ഞ് അമ്മോന്യരുടെ അടുത്തേക്ക് പൊയ്ക്കളഞ്ഞു.
൧൫നെഥന്യാവിന്റെ മകൻ യിശ്മായേലോ എട്ട് ആളുകളുമായി യോഹാനാന്റെ അടുക്കൽനിന്ന് രക്ഷപെട്ട് അമ്മോന്യരുടെ അടുക്കൽ പൊയ്ക്കളഞ്ഞു.
16 കാരേഹിന്റെ മകനായ യോഹാനാനും കൂടെയുണ്ടായിരുന്ന സൈനിക ഉദ്യോഗസ്ഥരും മിസ്പായിൽ അവശേഷിച്ച എല്ലാവരെയും അവർ തങ്ങളോടൊപ്പം കൂട്ടി—ഗിബെയോനിൽവെച്ച് രക്ഷിച്ച സൈനികർ, സ്ത്രീകൾ, കുട്ടികൾ, ഷണ്ഡന്മാർ ഇങ്ങനെ നെഥന്യാവിന്റെ മകനായ യിശ്മായേൽ അഹീക്കാമിന്റെ മകനായ ഗെദല്യാവിനെ വധിച്ചതിനുശേഷം ബന്ദികളാക്കിയിരുന്ന എല്ലാവരെയുംതന്നെ.
൧൬നെഥന്യാവിന്റെ മകൻ യിശ്മായേൽ അഹീക്കാമിന്റെ മകനായ ഗെദല്യാവിനെ കൊന്നതിനുശേഷം, അവന്റെ കൈയിൽനിന്ന് കാരേഹിന്റെ മകനായ യോഹാനാനും കൂടെ ഉണ്ടായിരുന്ന എല്ലാ പടത്തലവന്മാരും യിശ്മായേലിന്റെ പക്കൽ നിന്നു വിടുവിച്ച ജനശിഷ്ടത്തെയും, ഗിബെയോനിൽനിന്ന് തിരികെ കൊണ്ടുവന്ന പടയാളികളെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഷണ്ഡന്മാരെയും കൂട്ടികൊണ്ട് അവർ മിസ്പയിൽനിന്ന്
17 അവർ ബാബേല്യരിൽനിന്നു രക്ഷപ്പെടുന്നതിനായി, ഈജിപ്റ്റിലേക്കുള്ള അവരുടെ യാത്രയ്ക്കിടയിൽ ബേത്ലഹേമിനു സമീപത്തുള്ള ഗേരൂത്ത്-കിംഹാമിൽ നിൽക്കുന്നതുവരെ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. നെഥന്യാവിന്റെ മകൻ യിശ്മായേൽ അഹീക്കാമിന്റെ മകൻ ഗെദല്യാവിനെ വധിച്ചതിനാൽ അവർ ബാബേല്യരെ ഭയപ്പെട്ടിരുന്നു. ബാബേൽരാജാവ് ദേശാധിപതിയായി നിയമിച്ചിരുന്ന ആളായിരുന്നു ഈ ഗെദല്യാവ്.
൧൭കല്ദയരെ ഭയന്ന് ഈജിപ്റ്റിൽ പോകുവാൻ യാത്ര പുറപ്പെട്ട് ബേത്ത്-ലേഹേമിനു സമീപത്തുള്ള ഗേരൂത്ത്-കിംഹാമിൽ ചെന്നു താമസിച്ചു.
൧൮ബാബേൽരാജാവ് ദേശാധിപതിയാക്കിയ അഹീക്കാമിന്റെ മകനായ ഗെദല്യാവിനെ നെഥന്യാവിന്റെ മകൻ യിശ്മായേൽ കൊന്നത് നിമിത്തമാണ് അവർ കല്ദയരെ ഭയന്നത്.