< യിരെമ്യാവു 34 >
1 ബാബേൽരാജാവായ നെബൂഖദ്നേസരും അദ്ദേഹത്തിന്റെ സകലസൈന്യവും അദ്ദേഹത്തിന്റെ അധികാരത്തിൻകീഴുള്ള ഭൂമിയിലെ സകലരാജ്യങ്ങളും സകലജനങ്ങളും ചേർന്ന് ജെറുശലേമിനും അതിലെ എല്ലാ പട്ടണങ്ങൾക്കുമെതിരേ യുദ്ധംചെയ്തുകൊണ്ടിരിക്കുമ്പോൾ യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട്:
൧ബാബേൽരാജാവായ നെബൂഖദ്നേസരും അവന്റെ സകലസൈന്യവും അവന്റെ ആധിപത്യത്തിൻ കീഴുള്ള സകലഭൂരാജ്യങ്ങളും സകലജനതകളും യെരൂശലേമിനോടും അതിന്റെ എല്ലാപട്ടണങ്ങളോടും യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോൾ, യിരെമ്യാവിന് യഹോവയിങ്കൽ നിന്നുണ്ടായ അരുളപ്പാട് എന്തെന്നാൽ:
2 “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ പോയി യെഹൂദാരാജാവായ സിദെക്കീയാവിനോട് ഇപ്രകാരം പറയുക: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ ഞാൻ ഈ നഗരം ബാബേൽരാജാവിന്റെ കൈയിൽ ഏൽപ്പിക്കുന്നു. അദ്ദേഹം അതിനെ തീവെച്ചു ചുട്ടുകളയും.
൨യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ ചെന്ന്, യെഹൂദാ രാജാവായ സിദെക്കീയാവിനോട് പറയേണ്ടതെന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ നഗരം ബാബേൽരാജാവിന്റെ കയ്യിൽ ഏല്പിക്കും; അവൻ അതിനെ തീ വെച്ചു ചുട്ടുകളയും.
3 നീ അദ്ദേഹത്തിന്റെ കൈയിൽനിന്ന് രക്ഷപ്പെടുകയില്ല, എന്നാൽ നിന്നെ അവൻ പിടിച്ചടക്കും, നീ അദ്ദേഹത്തിന്റെ കൈയിൽ ഏൽപ്പിക്കപ്പെടും. നീ ബാബേൽരാജാവിനെ കണ്മുമ്പിൽ കാണും; അദ്ദേഹം അഭിമുഖമായി നിന്നോടു സംസാരിക്കും. നീ ബാബേലിലേക്കു പോകേണ്ടിവരും.
൩നീ അവന്റെ കൈയിൽനിന്ന് രക്ഷപെട്ടുപോകാതെ പിടിപെട്ട് അവന്റെ കയ്യിൽ ഏല്പിക്കപ്പെടും; നീ ബാബേൽരാജാവിനെ കണ്ണിൽകണ്ണിൽ നോക്കുകയും അവൻ മുഖാമുഖമായി നിന്നോട് സംസാരിക്കുകയും നീ ബാബേലിലേക്ക് പോകേണ്ടിവരുകയും ചെയ്യും.
4 “‘എന്നാലും യെഹൂദാരാജാവായ സിദെക്കീയാവേ, യഹോവയുടെ വാഗ്ദാനം കേൾക്കുക. നിന്നെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ വാളാൽ മരിക്കുകയില്ല;
൪എങ്കിലും യെഹൂദാ രാജാവായ സിദെക്കീയാവേ, യഹോവയുടെ വചനം കേൾക്കുക! നിന്നെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
5 നീ സമാധാനത്തോടെ മരിക്കും. നിനക്കുമുമ്പ് വാണിരുന്ന രാജാക്കന്മാരായ നിന്റെ മുൻഗാമികളുടെ ആദരസൂചകമായി ചിതയൊരുക്കിയതുപോലെ അവർ നിനക്കുവേണ്ടിയും ആദരസൂചകമായി ചിതയൊരുക്കി, “അയ്യോ തമ്പുരാനേ!” എന്നു പറഞ്ഞ് അവർ നിനക്കായും വിലപിക്കും. ഞാൻതന്നെയാണ് ഈ വാഗ്ദാനം നൽകുന്നത്, എന്നു യഹോവ പ്രഖ്യാപിക്കുന്നു.’”
൫“നീ വാളാൽ മരിക്കുകയില്ല; നീ സമാധാനത്തോടെ മരിക്കും; നിനക്ക് മുമ്പുണ്ടായിരുന്ന പണ്ടത്തെ രാജാക്കന്മാരായ നിന്റെ പിതാക്കന്മാർക്കു വേണ്ടി സുഗന്ധദഹനം കഴിച്ചതുപോലെ അവർ നിനക്കുവേണ്ടിയും കഴിക്കും; ‘അയ്യോ തമ്പുരാനേ!’ എന്നു ചൊല്ലി അവർ നിന്നെക്കുറിച്ച് വിലപിക്കും; അത് ഞാൻ കല്പിച്ച വചനമല്ലയോ” എന്ന് യഹോവയുടെ അരുളപ്പാട്.
6 അതിനുശേഷം യിരെമ്യാപ്രവാചകൻ ജെറുശലേമിൽവെച്ച് ഈ വചനങ്ങളെല്ലാം യെഹൂദാരാജാവായ സിദെക്കീയാവിനോട് സംസാരിച്ചു.
൬യിരെമ്യാപ്രവാചകൻ ഈ വചനങ്ങളെല്ലാം യെരൂശലേമിൽ യെഹൂദാ രാജാവായ സിദെക്കീയാവിനോട് പ്രസ്താവിച്ചു.
7 അന്ന് ബാബേൽരാജാവിന്റെ സൈന്യം ജെറുശലേമിനോടും യെഹൂദ്യയിലെ ശേഷിച്ച നഗരങ്ങളായ ലാഖീശ്, അസേക്കാ എന്നിവയോടും യുദ്ധംചെയ്തുകൊണ്ടിരുന്നു. യെഹൂദാനഗരങ്ങളിൽ ഇവമാത്രം കോട്ടകൾകെട്ടി ഉറപ്പിക്കപ്പെട്ട നഗരങ്ങളായി ശേഷിച്ചിരുന്നു.
൭അന്ന് ബാബേൽരാജാവിന്റെ സൈന്യം യെരൂശലേമിനോടും ലാക്കീശ്, അസെക്കാ എന്നിങ്ങനെ യെഹൂദയിൽ ശേഷിച്ചിരുന്ന എല്ലാപട്ടണങ്ങളോടും യുദ്ധം ചെയ്തുകൊണ്ടിരുന്നു; യെഹൂദാപട്ടണങ്ങളിൽവച്ച് ഉറപ്പുള്ള പട്ടണങ്ങളായി ശേഷിച്ചിരുന്നത് ഇവയത്രേ.
8 ഒരു യെഹൂദൻ തന്റെ സഹോദരങ്ങളായ എബ്രായദാസീദാസന്മാരെ അടിമകളാക്കി വെക്കാതെ അവരെ സ്വതന്ത്രരാക്കാൻ ഒരു വിമോചനം പ്രസിദ്ധമാക്കണമെന്ന്, സിദെക്കീയാരാജാവ് ജെറുശലേമിലുണ്ടായിരുന്ന എല്ലാ ജനങ്ങളോടും ഒരു ഉടമ്പടി ചെയ്തശേഷം യഹോവയിൽനിന്നും യിരെമ്യാവിനുണ്ടായ അരുളപ്പാട്.
൮ആരും തന്റെ സഹോദരനായ ഒരു യെഹൂദനെക്കൊണ്ട് അടിമവേല ചെയ്യിക്കാതെ എബ്രായദാസനെയും എബ്രായദാസിയെയും
൯സ്വതന്ത്രരായി വിട്ടയയ്ക്കേണ്ടതിന് ഒരു വിമോചനം പ്രസിദ്ധമാക്കണമെന്ന് സിദെക്കീയാരാജാവ് യെരൂശലേമിലെ സകലജനത്തോടും ഒരു നിയമം ചെയ്തശേഷം, യിരെമ്യാവിന് യഹോവയിങ്കൽ നിന്നുണ്ടായ അരുളപ്പാട്.
10 അതുകൊണ്ട് ഓരോരുത്തനും തന്റെ ദാസനെയും ദാസിയെയും അടിമകളായി വെച്ചുകൊണ്ടിരിക്കാതെ അവരെ സ്വതന്ത്രരാക്കണമെന്ന ഉടമ്പടിയിൽ പങ്കാളികളായിരുന്ന എല്ലാ പ്രഭുക്കന്മാരും ജനങ്ങളും അതനുസരിച്ച് അവരെ സ്വതന്ത്രരാക്കി വിട്ടയച്ചിരുന്നു.
൧൦ആരും തന്റെ ദാസനെക്കൊണ്ടും ദാസിയെക്കൊണ്ടും ഇനി അടിമവേല ചെയ്യിക്കാതെ അവരെ സ്വതന്ത്രരായി വിട്ടയക്കണമെന്നുള്ള നിയമത്തിൽ ഉൾപ്പെട്ട സകലപ്രഭുക്കന്മാരും സർവ്വജനവും അത് അനുസരിച്ച് അവരെ വിട്ടയച്ചിരുന്നു.
11 എന്നാൽ പിന്നീട് തങ്ങളുടെ തീരുമാനം മാറ്റി അവർ സ്വതന്ത്രരാക്കിയ ദാസന്മാരെയും ദാസിമാരെയും തിരികെ വിളിച്ച് അവരെ വീണ്ടും അടിമകളാക്കി.
൧൧പിന്നീട് അവർ അവരുടെ മനസ്സുമാറ്റി, സ്വതന്ത്രരായി വിട്ടയച്ചിരുന്ന ദാസന്മാരെയും ദാസിമാരെയും മടക്കിവരുത്തി അവരെ വീണ്ടും ദാസീദാസന്മാരാക്കിത്തീർത്തു.
12 അപ്പോൾ യഹോവയിൽനിന്നു യിരെമ്യാവിന് ഇപ്രകാരം അരുളപ്പാടുണ്ടായി:
൧൨അതുകൊണ്ട് യിരെമ്യാവിന് യഹോവയിങ്കൽനിന്ന് അരുളപ്പാട് ഉണ്ടായതെന്തെന്നാൽ:
13 “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പൂർവികരെ അടിമദേശമായ ഈജിപ്റ്റിൽനിന്നു കൊണ്ടുവന്നപ്പോൾ ഞാൻ അവരോട് ഒരു ഉടമ്പടിചെയ്തു.
൧൩“യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിങ്ങളുടെ പിതാക്കന്മാരെ അടിമവീടായ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവന്ന നാളിൽ അവരോട് ഒരു നിയമം ചെയ്തു:
14 ‘നിനക്കു വിലയ്ക്കു വിൽക്കപ്പെട്ട ഓരോ എബ്രായദാസരും ആറുവർഷം നിങ്ങളെ സേവിച്ചതിനുശേഷം, ഏഴാംവർഷത്തിൽ നിങ്ങൾ അയാളെ വിട്ടയയ്ക്കണം; നിങ്ങൾ അവരെ സ്വതന്ത്രരായി വിട്ടയയ്ക്കണം.’ എന്നാൽ നിങ്ങളുടെ പൂർവികർ എന്നെ അനുസരിക്കുകയോ എന്റെ വചനത്തിനു ചെവിചായ്‌ക്കുകയോ ചെയ്തില്ല.
൧൪‘തന്നെത്താൻ നിനക്ക് വില്ക്കുകയും ആറുസംവത്സരം നിന്നെ സേവിക്കുകയും ചെയ്ത എബ്രായസഹോദരനെ ഏഴാം സംവത്സരത്തിൽ വിട്ടയയ്ക്കണം; അവനെ സ്വതന്ത്രനായി നിന്റെ അടുക്കൽനിന്ന് വിട്ടയയ്ക്കണം’ എന്ന് കല്പിച്ചിരുന്നു; എങ്കിലും നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ എന്റെ കല്പന അനുസരിച്ചില്ല, ശ്രദ്ധിച്ചതുമില്ല.
15 അടുത്തകാലത്ത് നിങ്ങൾ പശ്ചാത്തപിച്ച് എന്റെ ദൃഷ്ടിയിൽ ശരിയായതു ചെയ്തു: നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ സ്വന്തം ജനത്തിനു സ്വാതന്ത്ര്യം പ്രസിദ്ധമാക്കി. എന്റെ നാമം വഹിക്കുന്ന ആലയത്തിൽവെച്ച് നിങ്ങൾ ഉടമ്പടിയും ചെയ്തു.
൧൫നിങ്ങളോ ഇന്ന് തിരിഞ്ഞ് ഓരോരുത്തൻ തന്റെ കൂട്ടുകാരനു വിമോചനം പ്രസിദ്ധമാക്കിയതിനാൽ എനിക്ക് ഹിതമായത് പ്രവർത്തിച്ച്, എന്റെ നാമം വിളിച്ചിരിക്കുന്ന ആലയത്തിൽവച്ച് എന്റെ മുമ്പാകെ ഒരു നിയമം ചെയ്തു.
16 എന്നാൽ നിങ്ങൾ പിന്തിരിഞ്ഞ് എന്റെ നാമം അശുദ്ധമാക്കി; ഓരോരുത്തനും അവരവരുടെ ഹിതപ്രകാരം നിങ്ങൾ സ്വതന്ത്രരാക്കി വിട്ടയച്ചിരുന്ന ദാസനെയും ദാസിയെയും തിരികെ വിളിപ്പിച്ചിരിക്കുന്നു. നിങ്ങൾ വീണ്ടും അവരെ ബലപ്രയോഗത്തിലൂടെ അടിമകളാക്കിയിരിക്കുന്നു.
൧൬എങ്കിലും നിങ്ങൾ മനസ്സുമാറ്റി, എന്റെ നാമത്തെ അശുദ്ധമാക്കി ഓരോരുത്തൻ വിമോചനം കൊടുത്ത് അയച്ചിരുന്ന ദാസനെയും ദാസിയെയും തന്റെ ഇഷ്ടംപോലെ മടക്കിവരുത്തി ദാസീദാസന്മാരാക്കിയിരിക്കുന്നു.
17 “അതിനാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ നിങ്ങളുടെ ജനത്തിനു വിമോചനം പ്രസിദ്ധമാക്കണമെന്നുള്ള എന്റെ വചനം അനുസരിച്ചിട്ടില്ല. അതുകൊണ്ട് ഞാൻ നിങ്ങൾക്ക് ഒരു ‘വിമോചനം,’ പ്രസിദ്ധമാക്കുന്നു, എന്ന് യഹോവ അരുളിച്ചെയ്യുന്നു—വാളിലേക്കും മഹാമാരിയിലേക്കും ക്ഷാമത്തിലേക്കും വീഴുന്നതിനുള്ള ഒരു വിമോചനംതന്നെ. ഭൂമിയിലെ സകലരാജ്യങ്ങൾക്കും ഞാൻ നിങ്ങളെ ഒരു ഭീതി വിഷയമാക്കിത്തീർക്കും.
൧൭അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഓരോരുത്തൻ താന്താന്റെ സഹോദരനും കൂട്ടുകാരനും വിമോചനം പ്രസിദ്ധമാക്കുവാൻ തക്കവിധം നിങ്ങൾ എന്റെ വാക്കു കേട്ടില്ലല്ലോ; ഇതാ, ഞാൻ ഒരു വിമോചനം പ്രസിദ്ധമാക്കുന്നു; അത് വാളിനും മഹാമാരിക്കും ക്ഷാമത്തിനുമത്രേ; ഭൂമിയിലെ സകലരാജ്യങ്ങളിലും ഞാൻ നിങ്ങളെ ഭീതിവിഷയമാക്കിത്തീർക്കും എന്ന് യഹോവയുടെ അരുളപ്പാട്”.
18 എന്റെ ഉടമ്പടി ലംഘിക്കുകയും എന്റെമുമ്പാകെ ചെയ്ത ഉടമ്പടിയുടെ നിബന്ധനകൾ പാലിക്കാതിരിക്കുകയും ചെയ്തവരെ, അവർ ഏതൊരു കാളക്കിടാവിനെ രണ്ടു ഖണ്ഡമായി പിളർന്ന് അതിനു മധ്യേകൂടി കടന്നുപോയോ, ആ കിടാവിനെപ്പോലെ ഞാൻ അവരോട് ഇടപെടും.
൧൮“കാളക്കുട്ടിയെ രണ്ടായിപിളർന്ന് അതിന്റെ പിളർപ്പുകളുടെ നടുവെ കടന്നുകൊണ്ട് എന്റെ മുമ്പാകെ ചെയ്ത നിയമത്തിലെ സംഗതികൾ നിവർത്തിക്കാതെ എന്റെ നിയമം ലംഘിച്ചിരിക്കുന്നവരെ,
19 യെഹൂദ്യയിലെയും ജെറുശലേമിലെയും പ്രഭുക്കന്മാരെയും ഉദ്യോഗസ്ഥമേധാവിമാരെയും പുരോഹിതന്മാരെയും പിളർക്കപ്പെട്ട കാളക്കിടാവിന്റെ ഖണ്ഡങ്ങളിലൂടെ നടന്ന ദേശത്തെ സകലജനങ്ങളെയും,
൧൯കാളക്കുട്ടിയുടെ പിളർപ്പുകളുടെ നടുവെ കടന്നുപോയ യെഹൂദാപ്രഭുക്കന്മാരെയും യെരൂശലേംപ്രഭുക്കന്മാരെയും ഷണ്ഡന്മാരെയും പുരോഹിതന്മാരെയും ദേശത്തിലെ സകലജനത്തെയും തന്നെ, ഞാൻ ഏല്പിക്കും.
20 ഞാൻ ശത്രുക്കളുടെ കൈയിലും അവർക്കു ജീവഹാനി വരുത്താൻ ആഗ്രഹിക്കുന്നവരുടെ കൈയിലും ഏൽപ്പിക്കും. അവരുടെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ആഹാരമായിത്തീരും.
൨൦അവരുടെ ശത്രുക്കളുടെ കൈയിലും അവർക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈയിലും ഞാൻ അവരെ ഏല്പിക്കും; അവരുടെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയായിത്തീരും.
21 “യെഹൂദാരാജാവായ സിദെക്കീയാവിനെയും അവന്റെ പ്രഭുക്കന്മാരെയും ഞാൻ അവരുടെ ശത്രുക്കളുടെ കൈയിലും അവർക്കു ജീവഹാനി വരുത്താൻ ആഗ്രഹിക്കുന്നവരുടെ കൈയിലും നിങ്ങളെ വിട്ടു പിൻവാങ്ങിയിരിക്കുന്ന ബാബേൽരാജാവിന്റെ സൈന്യത്തിന്റെ കൈയിലും ഏൽപ്പിക്കും.
൨൧യെഹൂദാ രാജാവായ സിദെക്കീയാവിനെയും അവന്റെ പ്രഭുക്കന്മാരെയും ഞാൻ അവരുടെ ശത്രുക്കളുടെ കൈയിലും അവർക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈയിലും നിങ്ങളെ വിട്ടുപോയിരിക്കുന്ന ബാബേൽരാജാവിന്റെ സൈന്യത്തിന്റെ കൈയിലും ഏല്പിക്കും.
22 ഇതാ, ഞാൻ ആജ്ഞ കൊടുക്കാൻ പോകുന്നു, എന്ന് യഹോവ അരുളിച്ചെയ്യുന്നു. അവരെ ഞാൻ ഈ നഗരത്തിലേക്കു തിരികെവരുത്തും. അവർ അതിനെതിരേ യുദ്ധംചെയ്ത് അതിനെ പിടിച്ചടക്കി തീവെച്ചു ചുട്ടുകളയും. ഞാൻ യെഹൂദാനഗരങ്ങളെ ആൾപ്പാർപ്പില്ലാത്ത ഒരു ശൂന്യസ്ഥലമാക്കും.”
൨൨ഞാൻ കല്പിച്ച് അവരെ ഈ നഗരത്തിലേക്കു മടക്കിവരുത്തും; അവർ അതിനെ യുദ്ധംചെയ്തു പിടിച്ച് തീ വെച്ചു ചുട്ടുകളയും; ഞാൻ യെഹൂദാപട്ടണങ്ങളെ നിവാസികളില്ലാതെ ശൂന്യമാക്കും” എന്ന് യഹോവയുടെ അരുളപ്പാട്.