< യിരെമ്യാവു 33 >
1 യിരെമ്യാവിനെ കാവൽപ്പുരമുറ്റത്തു തടവിലാക്കിയിരിക്കുമ്പോൾ യഹോവയുടെ അരുളപ്പാട് രണ്ടാംപ്രാവശ്യം അദ്ദേഹത്തിനുണ്ടായി:
൧യിരെമ്യാവ് കാവല്പുരമുറ്റത്ത് തടവിലാക്കപ്പെട്ടിരിക്കുമ്പോൾ യഹോവയുടെ അരുളപ്പാട് രണ്ടാം പ്രാവശ്യം അവനുണ്ടായതെന്തെന്നാൽ:
2 “ഭൂമിയെ നിർമിച്ച് സ്വസ്ഥാനത്ത് സ്ഥിരപ്പെടുത്തിയ യഹോവ—അതേ, യഹോവ എന്നാകുന്നു അവിടത്തെ നാമം—ആ യഹോവതന്നെ ഇപ്രകാരം അരുളിച്ചെയ്യുന്നു.
൨“ഭൂമിയെ നിർമ്മിച്ചവനും, അതിനെ ഉറപ്പിച്ചവനുമായ യഹോവ, യഹോവ എന്ന് നാമം ഉള്ളവൻ തന്നെ, ഇപ്രകാരം അരുളിച്ചെയ്യുന്നു;
3 ‘എന്നെ വിളിച്ചപേക്ഷിക്കുക, ഞാൻ നിനക്ക് ഉത്തരമരുളും; നീ അറിയാത്ത മഹത്തും അഗോചരവുമായ കാര്യങ്ങൾ ഞാൻ നിന്നെ അറിയിക്കും.’
൩“എന്നെ വിളിച്ചപേക്ഷിക്കുക; ഞാൻ നിനക്ക് ഉത്തരം അരുളും; നീ അറിയാത്ത മഹത്തും അഗോചരവുമായ കാര്യങ്ങൾ ഞാൻ നിന്നെ അറിയിക്കും.
4 ബാബേല്യരുമായുള്ള യുദ്ധത്തിൽ ഉപരോധത്തിന്റെ ചരിഞ്ഞ പാതയ്ക്കും വാളിനുമെതിരായി ഉപയോഗിക്കേണ്ടതിന് ഈ നഗരത്തിൽ തകർക്കപ്പെട്ട വീടുകളെയും യെഹൂദയിലെ രാജകൊട്ടാരങ്ങളെയുംകുറിച്ച് ഇസ്രായേലിന്റെ ദൈവമായ യഹോവ ഇതാണ് അരുളിച്ചെയ്യുന്നത്:
൪ഉപരോധദുർഗ്ഗങ്ങൾക്കും വാളിനും എതിരെ തടുത്തു നില്ക്കേണ്ടതിനായി ഈ നഗരത്തിൽ പൊളിച്ചിട്ടിരിക്കുന്ന വീടുകളെയും യെഹൂദാ രാജാക്കന്മാരുടെ അരമനകളെയും കുറിച്ച് യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു.
5 ‘അത് എന്റെ കോപത്തിലും ക്രോധത്തിലും ഞാൻ കൊന്നുകളഞ്ഞ മനുഷ്യരുടെ ശവങ്ങൾകൊണ്ട് അവയെ നിറയ്ക്കും. അവരുടെ സകലദുഷ്ടതകളുംനിമിത്തം ഞാൻ എന്റെ മുഖത്തെ ഈ നഗരത്തിനു മറച്ചിരിക്കുന്നു.
൫അവർ കൽദയരോടു യുദ്ധം ചെയ്യുവാൻ ചെല്ലുന്നു; എന്നാൽ അത്, ഞാൻ എന്റെ കോപത്തിലും എന്റെ ക്രോധത്തിലും സംഹരിച്ചിരിക്കുന്ന മനുഷ്യരുടെ ശവങ്ങൾകൊണ്ട് അവയെ നിറയ്ക്കുവാനത്രേ; അവരുടെ സകലദോഷവും നിമിത്തം ഞാൻ എന്റെ മുഖത്തെ ഈ നഗരത്തിനു മറച്ചിരിക്കുന്നു.
6 “‘ഇതാ, ഞാൻ അവർക്ക് ആരോഗ്യവും സൗഖ്യവും വരുത്തും; ഞാൻ എന്റെ ജനത്തെ സൗഖ്യമാക്കുകയും സമാധാനത്തിന്റെയും സത്യത്തിന്റെയും സമൃദ്ധി ആസ്വദിക്കാൻ ഞാൻ അവരെ അനുവദിക്കുകയും ചെയ്യും.
൬ഇതാ, ഞാൻ രോഗശാന്തിയും ആരോഗ്യവും വരുത്തി അവരെ സൗഖ്യമാക്കുകയും സമാധാനത്തിന്റെയും സത്യത്തിന്റെയും സമൃദ്ധി അവർക്ക് വെളിപ്പെടുത്തുകയും ചെയ്യും.
7 ഞാൻ ഇസ്രായേലിനെയും യെഹൂദയെയും അടിമത്തത്തിൽനിന്നു മടക്കിവരുത്തുകയും അവർ പണ്ട് ആയിരുന്നതുപോലെ അവരെ വീണ്ടും പണിതുയർത്തുകയും ചെയ്യും.
൭ഞാൻ യെഹൂദയുടെ പ്രവാസികളെയും യിസ്രായേലിന്റെ പ്രവാസികളെയും മടക്കിവരുത്തി പണ്ടത്തെപ്പോലെ അവർക്ക് അഭിവൃദ്ധി വരുത്തും.
8 അവർ എനിക്കെതിരേ ചെയ്ത അവരുടെ എല്ലാ പാപങ്ങളിൽനിന്നും ഞാൻ അവരെ ശുദ്ധീകരിക്കും, അവർ എനിക്കെതിരേ മത്സരിച്ചുകൊണ്ടു ചെയ്ത എല്ലാ പാപങ്ങളും ഞാൻ അവരോടു ക്ഷമിക്കും.
൮അവർ എന്നോട് പാപം ചെയ്ത സകല അകൃത്യവും ഞാൻ നീക്കി അവരെ ശുദ്ധീകരിക്കുകയും, അവർ എനിക്കെതിരെ ചെയ്ത ദ്രോഹപൂർവമായ സകല അകൃത്യങ്ങളെയും മോചിക്കുകയും ചെയ്യും.
9 ഞാൻ ഈ നഗരത്തിനുവേണ്ടി ചെയ്യുന്ന, സകലനന്മകളെയുംകുറിച്ച് ഭൂമിയിലെ എല്ലാ രാഷ്ട്രങ്ങളും കേൾക്കുമ്പോൾ, അവരുടെമുമ്പിൽ എനിക്കു കീർത്തിയും ആനന്ദവും സ്തോത്രവും മഹത്ത്വവും ഈ നഗരം കൊണ്ടുവരും; ഞാൻ അവർക്കു ചെയ്യുന്ന എല്ലാ നന്മകളും സമാധാനവും നിമിത്തം സ്തബ്ധരാകുകയും ഭയന്നുവിറയ്ക്കുകയും ചെയ്യും.’
൯ഞാൻ അവർക്ക് ചെയ്യുന്ന എല്ലാനന്മയെയും കുറിച്ച് കേൾക്കുന്ന സകലഭൂജാതികളുടെയും മുമ്പിൽ അത് എനിക്ക് ആനന്ദനാമവും പ്രശംസയും മഹത്ത്വവും ആയിരിക്കും; ഞാൻ അതിന് വരുത്തുന്ന എല്ലാ നന്മയും സർവ്വസമാധാനവും നിമിത്തം അവർ പേടിച്ചു വിറയ്ക്കും”.
10 “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘മനുഷ്യരോ മൃഗങ്ങളോ ഇല്ലാത്ത പാഴുംശൂന്യവുമായ സ്ഥലം, എന്ന് ഈ സ്ഥലത്തെക്കുറിച്ച് നിങ്ങൾ പറയുന്നു. എന്നാൽ ശൂന്യവും, മനുഷ്യരോ മൃഗങ്ങളോ അധിവസിക്കാത്തതുമായ യെഹൂദാപട്ടണങ്ങളിലും ജെറുശലേമിന്റെ വീഥികളിലും ഇനിയൊരിക്കൽക്കൂടി,
൧൦യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മനുഷ്യരും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്നു” എന്ന് നിങ്ങൾ പറയുന്ന ഈ സ്ഥലത്തും യെഹൂദാപട്ടണങ്ങളിലും മനുഷ്യനോ, നിവാസികളോ, മൃഗമോ ഇല്ലാതെ ശൂന്യമായിരിക്കുന്ന യെരൂശലേം വീഥികളിലും
11 ആനന്ദത്തിന്റെയും ആഹ്ലാദത്തിന്റെയും ആരവങ്ങളും മണവാളന്റെയും മണവാട്ടിയുടെയും തേൻമൊഴികളും യഹോവയുടെ ആലയത്തിലേക്കു സ്തോത്രയാഗങ്ങൾ കൊണ്ടുവന്ന്, “‘“സൈന്യങ്ങളുടെ യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, യഹോവ നല്ലവനല്ലോ; അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു,” എന്നു പറയുന്നവരുടെ ശബ്ദങ്ങളും കേൾക്കപ്പെടും. കാരണം ഈ ദേശത്തിന്റെ സമ്പൽസമൃദ്ധി ഞാൻ തിരികെ നൽകും,’ എന്ന് യഹോവ അരുളുന്നു.
൧൧ഇനിയും ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും: ‘സൈന്യങ്ങളുടെ യഹോവയെ സ്തുതിക്കുവിൻ, യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളത്’ എന്ന് പറയുന്നവരുടെ ശബ്ദവും യഹോവയുടെ ആലയത്തിൽ സ്തോത്രയാഗം കൊണ്ടുവരുന്നവരുടെ ശബ്ദവും കേൾക്കും; ഞാൻ ദേശത്തിന്റെ സ്ഥിതി മാറ്റി പണ്ടത്തെപ്പോലെ ആക്കും” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
12 “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘മനുഷ്യനോ മൃഗമോ ഇല്ലാതെ ശൂന്യമായിക്കിടന്ന ഈ സ്ഥലത്തും അതിലെ എല്ലാ പട്ടണങ്ങളിലും ആട്ടിൻപറ്റത്തിനു വിശ്രമം നൽകുന്ന ഇടയന്മാരുടെ മേച്ചിൽപ്പുറം ഉണ്ടാകും.
൧൨സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മനുഷ്യനും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്ന ഈ സ്ഥലത്തും അതിന്റെ സകലപട്ടണങ്ങളിലും ആടുകളെ കിടത്തുന്ന ഇടയന്മാർക്ക് ഇനിയും മേച്ചിൽപുറം ഉണ്ടാകും;
13 മലമ്പ്രദേശത്തുള്ള പട്ടണങ്ങളിലും പശ്ചിമഭാഗത്തെ കുന്നിൻപ്രദേശത്തെ പട്ടണങ്ങളിലും ദക്ഷിണദേശത്തെ പട്ടണങ്ങളിലും ബെന്യാമീൻദേശത്തും ജെറുശലേമിനു ചുറ്റുമുള്ള ഗ്രാമങ്ങളിലും യെഹൂദാപട്ടണങ്ങളിലും ആട്ടിൻപറ്റത്തെ എണ്ണിനോക്കുന്നവരുടെ കൈക്കീഴിലൂടെ അജഗണങ്ങൾ കടന്നുപോകുമെന്ന് യഹോവയുടെ അരുളപ്പാട്.
൧൩മലനാട്ടിലെ പട്ടണങ്ങളിലും താഴ്വീതിയിലെ പട്ടണങ്ങളിലും തെക്കെ പട്ടണങ്ങളിലും ബെന്യാമീൻദേശത്തും യെരൂശലേമിന്റെ ചുറ്റുമുള്ള സ്ഥലങ്ങളിലും യെഹൂദാപട്ടണങ്ങളിലും ആടുകൾ എണ്ണുന്നവന്റെ കൈക്കു കീഴെ ഇനിയും കടന്നുപോകും” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
14 “‘ഇതാ, ഇസ്രായേൽജനത്തിനും യെഹൂദാജനത്തിനും ഞാൻ അരുളിയിട്ടുള്ള നല്ല വാഗ്ദാനം ഞാൻതന്നെ നിറവേറ്റുന്ന കാലം വരുന്നു,’ എന്ന് യഹോവയുടെ അരുളപ്പാട്.
൧൪“ഞാൻ യിസ്രായേൽ ഗൃഹത്തോടും യെഹൂദാഗൃഹത്തോടും അരുളിച്ചെയ്ത നല്ലവചനം നിവർത്തിക്കുന്ന കാലം വരും” എന്ന് യഹോവയുടെ അരുളപ്പാട്.
15 “‘ആ നാളുകളിലും ആ കാലത്തും ദാവീദിന്റെ നീതിയുള്ള ശാഖയായവൻ ഉയർന്നുവരാൻ ഞാൻ ഇടവരുത്തും. അവൻ ഭൂമിയിൽ ന്യായവും നീതിയും നടപ്പിലാക്കും.
൧൫ആ നാളുകളിലും ആ കാലത്തും ഞാൻ ദാവീദിന് നീതിയുള്ള ഒരു മുളയെ മുളപ്പിക്കും; അവൻ ദേശത്ത് നീതിയും ന്യായവും നടത്തും.
16 ആ ദിവസങ്ങളിൽ യെഹൂദാ രക്ഷിക്കപ്പെടും, ജെറുശലേം സുരക്ഷിതരായി ജീവിക്കും. യഹോവ നമ്മുടെ നീതിമാനായ രക്ഷകൻ, എന്ന പേരിനാൽ അദ്ദേഹം അറിയപ്പെടും.’
൧൬ആ നാളിൽ യെഹൂദാ രക്ഷിക്കപ്പെടും; യെരൂശലേം നിർഭയമായി വസിക്കും; അതിന് ‘യഹോവ നമ്മുടെ നീതി’ എന്ന് പേര് പറയും”.
17 കാരണം യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇസ്രായേൽഗൃഹത്തിന്റെ സിംഹാസനത്തിൽ ഇരിക്കാൻ ദാവീദിന് ഒരു പുരുഷൻ ഇല്ലാതെ വരികയില്ല,
൧൭യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽ ഗൃഹത്തിന്റെ സിംഹാസനത്തിൽ ഇരിക്കുവാൻ ദാവീദിന് ഒരു പുരുഷൻ ഇല്ലാതെ വരുകയില്ല.
18 ദിനംതോറും ഹോമയാഗങ്ങൾ അർപ്പിക്കുന്നതിനും ഭോജനയാഗങ്ങൾ ദഹിപ്പിക്കുന്നതിനും മറ്റു യാഗങ്ങൾ അർപ്പിക്കുന്നതിനും ലേവ്യപുരോഹിതന്മാർക്ക് എന്റെമുമ്പാകെ നിൽക്കാൻ ഒരു പുരുഷൻ ഇല്ലാതെപോകുകയുമില്ല.’”
൧൮ദിനംപ്രതി ഹോമയാഗം കഴിക്കുവാനും ഭോജനയാഗം ദഹിപ്പിക്കുവാനും ഹനനയാഗം അർപ്പിക്കുവാനും എന്റെ മുമ്പാകെ ലേവ്യ പുരോഹിതന്മാർക്ക് ഒരു പുരുഷൻ ഇല്ലാതെ വരുകയുമില്ല”.
19 യഹോവയുടെ അരുളപ്പാട് യിരെമ്യാവിന് ഉണ്ടായി:
൧൯യിരെമ്യാവിന് യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ:
20 “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ പകലിനോടുചെയ്ത എന്റെ ഉടമ്പടിയും രാത്രിയോടുചെയ്ത എന്റെ ഉടമ്പടിയും ലംഘിച്ചുകൊണ്ട് പകലും രാത്രിയും അതതിന്റെ നിശ്ചിതസമയത്ത് വരാതെയാക്കാൻ നിങ്ങൾക്കു കഴിയുമെങ്കിൽ,
൨൦“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “തക്കസമയത്ത് പകലും രാവും ഇല്ലാതിരിക്കത്തക്കവിധം പകലിനോടുള്ള എന്റെ നിയമവും രാത്രിയോടുള്ള എന്റെ നിയമവും ലംഘിക്കുവാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ,
21 എന്റെ ദാസനായ ദാവീദിന് അവന്റെ സിംഹാസനത്തിലിരിക്കാൻ ഒരു മകൻ ഇല്ലാതെവരത്തക്കവിധം അവനോടുള്ള എന്റെ ഉടമ്പടിയും എന്റെമുമ്പാകെ ശുശ്രൂഷചെയ്യുന്ന ലേവ്യപുരോഹിതന്മാരോടുമുള്ള എന്റെ ഉടമ്പടിയും ലംഘിക്കപ്പെടാം.
൨൧എന്റെ ദാസനായ ദാവീദിന് അവന്റെ സിംഹാസനത്തിൽ ഇരുന്നു വാഴുവാൻ ഒരു മകൻ ഇല്ലാതെ വരത്തക്കവിധം അവനോടും എന്റെ ശുശ്രൂഷകന്മാരായ ലേവ്യപുരോഹിതന്മാരോടും ഉള്ള എന്റെ നിയമവും ഛേദിക്കപ്പെട്ടേക്കാം.
22 ആകാശത്തിലെ നക്ഷത്രങ്ങളെ എണ്ണിനോക്കാനും കടൽത്തീരത്തെ മണലിനെ അളക്കാനും കഴിയാത്തതുപോലെ എന്റെ ദാസനായ ദാവീദിന്റെ സന്തതിയെയും എനിക്കു ശുശ്രൂഷചെയ്യുന്ന ലേവ്യരെയും ഞാൻ അസംഖ്യമായി വർധിപ്പിക്കും.’”
൨൨ആകാശത്തിലെ സൈന്യത്തെ എണ്ണുവാനും കടല്പുറത്തെ മണൽ അളക്കുവാനും കഴിയാത്തതുപോലെ ഞാൻ എന്റെ ദാസനായ ദാവീദിന്റെ സന്തതിയെയും എന്റെ ശുശ്രൂഷകന്മാരായ ലേവ്യരെയും വർദ്ധിപ്പിക്കും.
23 യഹോവയുടെ അരുളപ്പാട് ഇപ്രകാരം യിരെമ്യാവിനുണ്ടായി:
൨൩യഹോവയുടെ അരുളപ്പാട് യിരെമ്യാവിനുണ്ടായതെന്തെന്നാൽ:
24 “‘യഹോവ തെരഞ്ഞെടുത്ത രണ്ടു രാജ്യങ്ങളെയും അവിടന്നു തള്ളിക്കളഞ്ഞിരിക്കുന്നു,’ എന്നിങ്ങനെ ഈ ജനങ്ങൾ പറയുന്ന വാക്ക് നീ ശ്രദ്ധിച്ചില്ലേ? ഇങ്ങനെ അവർ എന്റെ ജനതയെ നിന്ദിക്കുന്നു, തുടർന്ന് അവരെ ഒരു രാഷ്ട്രമായി പരിഗണിക്കുന്നതുമില്ല.
൨൪“യഹോവ തിരഞ്ഞെടുത്തിരിക്കുന്ന രണ്ടു വംശങ്ങളെയും അവൻ തള്ളിക്കളഞ്ഞു എന്ന് ഈ ജനം പറയുന്നത് നീ ശ്രദ്ധിക്കുന്നില്ലയോ? ഇങ്ങനെ അവൻ എന്റെ ജനത്തെ ‘അത് ഇനി ഒരു ജനതയല്ല’ എന്നു ദുഷിച്ചു പറയുന്നു”.
25 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘പകലിനോടും രാത്രിയോടുമുള്ള എന്റെ ഉടമ്പടി നിലനിൽക്കുന്നില്ലെങ്കിൽ, ആകാശത്തിന്റെയും ഭൂമിയുടെയും നിശ്ചിതവ്യവസ്ഥ ഞാൻ നിയമിച്ചിട്ടില്ലെങ്കിൽ,
൨൫യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; “പകലിനോടും രാത്രിയോടും ഉള്ള എന്റെ നിയമം നിലനില്‍ക്കുന്നില്ലെങ്കിൽ, ഞാൻ ആകാശത്തിന്റെയും ഭൂമിയുടെയും വ്യവസ്ഥ നിയമിച്ചിട്ടില്ലെങ്കിൽ,
26 ഞാൻ യാക്കോബിന്റെയും എന്റെ ദാസനായ ദാവീദിന്റെയും സന്തതിയെ, അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും സന്തതികൾക്കു ഭരണാധിപന്മാരായിരിക്കാൻ അവന്റെ പുത്രന്മാരിൽനിന്ന് ഒരാളെ എടുക്കാൻ സാധിക്കാത്തവിധം തള്ളിക്കളയും. എന്നാൽ ഞാൻ അവരുടെ പ്രവാസികളെ മടക്കിവരുത്തുകയും അവരോടു കരുണ കാണിക്കുകയും ചെയ്യും.’”
൨൬ഞാൻ യാക്കോബിന്റെയും എന്റെ ദാസനായ ദാവീദിന്റെയും സന്തതിയെ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും സന്തതിക്ക് അധിപതിമാരായിരിക്കുവാൻ അവന്റെ സന്തതിയിൽനിന്ന് ഒരാളെ എടുക്കാത്തവിധം തള്ളിക്കളയും. അവരുടെ പ്രവാസികളെ ഞാൻ മടക്കിവരുത്തുകയും അവരോട് കരുണ കാണിക്കുകയും ചെയ്യും”.