< യിരെമ്യാവു 22 >

1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ യെഹൂദാരാജാവിന്റെ കൊട്ടാരത്തിൽചെന്ന് ഈ വചനം വിളംബരംചെയ്യുക:
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ യെഹൂദാരാജാവിന്റെ അരമനയിൽ ചെന്ന്, അവിടെ ഈ വചനം പ്രസ്താവിക്കുക:
2 ‘ദാവീദിന്റെ സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്ന യെഹൂദാരാജാവേ, ഈ കവാടങ്ങളിലൂടെ പ്രവേശിക്കുന്ന നീയും നിന്റെ ഉദ്യോഗസ്ഥരും നിന്റെ ജനവും യഹോവയുടെ വചനം കേൾക്കുക.
“ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന യെഹൂദാരാജാവേ, നീയും, നിന്റെ ഭൃത്യന്മാരും, ഈ വാതിലുകളിൽകൂടി കടക്കുന്ന നിന്റെ ജനവും യഹോവയുടെ വചനം കേട്ടുകൊള്ളുവിൻ!
3 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ നീതിയും ന്യായവും പ്രവർത്തിക്കുക. പീഡകരുടെ കൈയിൽനിന്ന് കൊള്ളചെയ്യപ്പെട്ടവരെ വിടുവിക്കുക. വിദേശികളോടും അനാഥരോടും വിധവകളോടും തിന്മയും അക്രമവും ചെയ്യരുത്; ഈ സ്ഥലത്ത് നിഷ്കളങ്കരക്തം ചൊരിയുകയുമരുത്.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ നീതിയും ന്യായവും നടത്തി, കവർച്ചയ്ക്ക് ഇരയായവനെ പീഡകന്റെ കൈയിൽനിന്ന് വിടുവിക്കുവിൻ; പരദേശിയോടും അനാഥനോടും വിധവയോടും അന്യായവും ബലാല്ക്കാരവും ചെയ്യരുത്; ഈ സ്ഥലത്ത് കുറ്റമില്ലാത്ത രക്തം ചൊരിയുകയുമരുത്.
4 നിങ്ങൾ ഗൗരവത്തോടെ ഈ കൽപ്പനകൾ പാലിക്കുമെങ്കിൽ, ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്നവരും രഥങ്ങളിലും കുതിരകളിലും സഞ്ചരിക്കുന്നവരുമായ രാജാക്കന്മാരും അവരുടെ ഉദ്യോഗസ്ഥരും പ്രജകളും ഈ കൊട്ടാരത്തിന്റെ കവാടങ്ങളിൽക്കൂടി കടക്കും.
നിങ്ങൾ ഈ വചനം അനുഷ്ഠിച്ചാൽ ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്നവരും രഥങ്ങളിലും കുതിരപ്പുറത്തും കയറുന്നവരുമായ രാജാക്കന്മാരും അവരുടെ ഭൃത്യന്മാരും പ്രജകളും ഈ അരമനയുടെ വാതിലുകളിൽകൂടി കടക്കും.
5 എന്നാൽ നിങ്ങൾ ഈ കൽപ്പനകൾ പാലിക്കാത്തപക്ഷം ഈ കൊട്ടാരം ശൂന്യമായിത്തീരുമെന്ന് ഞാൻ എന്നെക്കൊണ്ടുതന്നെ ശപഥംചെയ്യുന്നു, എന്ന് യഹോവയുടെ അരുളപ്പാട്.’”
ഈ വചനം കേട്ടനുസരിക്കുകയില്ലെങ്കിലോ, ഈ അരമന ശൂന്യമായിപ്പോകുമെന്ന് ഞാൻ എന്നെച്ചൊല്ലി സത്യം ചെയ്യുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.
6 യെഹൂദാരാജാവിന്റെ അരമനയെപ്പറ്റി യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ എനിക്കു ഗിലെയാദിനെപ്പോലെയും ലെബാനോൻ ഗിരിശൃംഗംപോലെയും ആകുന്നു. എന്നാൽ നിശ്ചയമായും ഞാൻ നിന്നെ മരുഭൂമിയെപ്പോലെയും നിവാസികളില്ലാത്ത പട്ടണംപോലെയും ആക്കിത്തീർക്കും.
യെഹൂദാരാജാവിന്റെ അരമനയോട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ ഗിലെയാദും ലെബാനോന്റെ ശിഖരവും ആകുന്നു; എങ്കിലും ഞാൻ നിന്നെ ഒരു മരുഭൂമിയും നിവാസികളില്ലാത്ത പട്ടണങ്ങളും ആക്കും.
7 ഞാൻ നിനക്കെതിരായി അവരവരുടെ ആയുധം ധരിച്ച, വിനാശകന്മാരെ അയയ്ക്കും. അവർ നിന്റെ അതിവിശിഷ്ടമായ ദേവദാരുത്തുലാങ്ങളെ വെട്ടി തീയിലേക്ക് എറിഞ്ഞുകളയും.
ഞാൻ ആയുധപാണികളായ സംഹാരകന്മാരെ നിന്റെനേരെ ഒരുക്കും; അവർ നിന്റെ വിശിഷ്ടദേവദാരുക്കളെ വെട്ടി തീയിൽ ഇട്ടുകളയും.
8 “അനേകം രാഷ്ട്രങ്ങളിൽനിന്നുള്ളവർ ഈ നഗരത്തിനു സമീപത്തുകൂടി കടന്നുപോകുമ്പോൾ, ‘യഹോവ ഈ മഹാനഗരത്തോട് ഇപ്രകാരം ചെയ്തതെന്തുകൊണ്ട്?’ എന്നു പരസ്പരം ചോദിക്കും.
അനേകം ജനതകളും ഈ നഗരംവഴി കടന്നുപോകുമ്പോൾ ഓരോരുത്തൻ അവനവന്റെ കൂട്ടുകാരനോട്: ‘ഈ മഹാനഗരത്തോട് യഹോവ ഇങ്ങനെ ചെയ്തതെന്ത്’ എന്നു ചോദിക്കുകയും
9 ‘അവർ തങ്ങളുടെ ദൈവമായ യഹോവയോടുള്ള ഉടമ്പടി ലംഘിച്ച് അന്യദേവതകളെ ആരാധിക്കുകയും സേവിക്കുകയും ചെയ്യുകയാൽത്തന്നെ,’ എന്ന് ഉത്തരം പറയും.”
‘അവർ അവരുടെ ദൈവമായ യഹോവയുടെ നിയമം ഉപേക്ഷിച്ച് അന്യദേവന്മാരെ നമസ്കരിച്ച് സേവിച്ചതുകൊണ്ടു തന്നെ’ എന്നുത്തരം പറയുകയും ചെയ്യും.
10 മരിച്ച രാജാവിനെക്കുറിച്ചു കരയുകയോ അദ്ദേഹത്തിനുവേണ്ടി വിലപിക്കുകയോ വേണ്ട; എന്നാൽ, അടിമയായി പോകുന്നവനെക്കുറിച്ചു വിലപിക്കുക, കാരണം അവൻ ഒരിക്കലും മടങ്ങിവരികയോ സ്വദേശം കാണുകയോ ഇല്ല.
൧൦മരിച്ചവനെക്കുറിച്ചു കരയണ്ടാ, അവനെക്കുറിച്ചു വിലപിക്കുകയും വേണ്ടാ; നാടുവിട്ടു പോകേണ്ടിവരുന്നവനെക്കുറിച്ചു തന്നെ കരയുവിൻ; അവൻ മടങ്ങിവരുകയില്ല; ജന്മദേശം ഇനി കാണുകയുമില്ല.
11 തന്റെ പിതാവായ യോശിയാവിന്റെ അനന്തരാവകാശിയായ രാജാവായിത്തീർന്നിട്ട് ഈ നഗരം വിട്ടുപോയ യെഹൂദാരാജാവും യോശിയാവിന്റെ മകനുമായ ശല്ലൂമിനെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവൻ ഒരിക്കലും ഇവിടേക്കു മടങ്ങിവരികയില്ല.
൧൧തന്റെ അപ്പനായ യോശീയാവിനു പകരം വാണശേഷം ഈ സ്ഥലം വിട്ടുപോയവനായ യോശീയാവിന്റെ മകനും യെഹൂദാരാജാവുമായ ശല്ലൂമിനെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവൻ ഇവിടേക്ക് മടങ്ങിവരുകയില്ല.
12 അവർ അവനെ ബന്ദിയാക്കിക്കൊണ്ടുപോയ ആ സ്ഥലത്തുവെച്ചുതന്നെ മരിക്കും; ഈ ദേശം അവൻ ഇനി കാണുകയില്ല.”
൧൨അവനെ ബദ്ധനാക്കി കൊണ്ടുചെന്ന സ്ഥലത്തുവച്ചു തന്നെ അവൻ മരിക്കും; ഈ ദേശം അവൻ ഇനി കാണുകയുമില്ല.
13 “അനീതികൊണ്ടു തന്റെ കൊട്ടാരവും അന്യായംകൊണ്ടു തന്റെ മാളികകളും പണിത്, തന്റെ ജനത്തെക്കൊണ്ടു കൂലികൂടാതെ വേലചെയ്യിച്ച് അവർക്കു പ്രതിഫലം നൽകാതിരിക്കുകയും, ചെയ്യുന്നവന് ഹാ കഷ്ടം.
൧൩നീതികേടുകൊണ്ട് അരമനയും അന്യായം കൊണ്ട് മാളികയും പണിത്, കൂട്ടുകാരനെക്കൊണ്ടു വേല ചെയ്യിച്ച് കൂലി കൊടുക്കാതിരിക്കുകയും
14 ‘എനിക്കുവേണ്ടി വിശാലമായ മാളികകളുള്ള അതിഗംഭീരമായ ഒരു കൊട്ടാരം ഞാൻ നിർമിക്കും,’ എന്നും അവൻ പറയുന്നു. അങ്ങനെ അവൻ ജനാലകൾ വിസ്താരത്തിൽ ഉണ്ടാക്കുന്നു, ദേവദാരുകൊണ്ട് അതിനു തട്ടിടുകയും ചെമപ്പുനിറംകൊണ്ടു മോടി വരുത്തുകയുംചെയ്യുന്നു.
൧൪‘ഞാൻ വിസ്താരമുള്ള അരമനയും വിശാലമായ മാളികയും പണിയും’ എന്നു പറഞ്ഞ് കിളിവാതിലുകൾ വീതിയിൽ തീർക്കുകയും ദേവദാരുകൊണ്ടു തട്ടിടുകയും ചുവപ്പുചായംകൊണ്ടു മോടി പിടിപ്പിക്കുകയും ചെയ്യുന്നവന് അയ്യോ കഷ്ടം!
15 “ദേവദാരുവിന്റെ എണ്ണംകൊണ്ട് കേമത്തം കാണിച്ചാൽ നീ രാജാവായിത്തീരുമോ? നിന്റെ പിതാവ് ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തിരുന്നില്ലേ? അദ്ദേഹം നീതിയും ന്യായവും പ്രവർത്തിച്ചിരുന്നു, അതിനാൽ അദ്ദേഹത്തിനു സകലതും നന്മയായിത്തീർന്നു.
൧൫ദേവദാരുകൊണ്ടു മികച്ചവൻ ആകുവാൻ ശ്രമിക്കുന്നതുകൊണ്ട് നീ രാജാവായിത്തീരുമോ? നിന്റെ അപ്പനും ഭക്ഷണപാനീയങ്ങൾ കഴിച്ച് നീതിയും ന്യായവും നടത്തിയിരുന്നില്ലയോ? അത് അവന് നന്മയായിത്തീർന്നു.
16 അദ്ദേഹം ദരിദ്രർക്കും അഗതികൾക്കും ന്യായം പാലിച്ചുകൊടുത്തു, അതിനാൽ സകലതും നന്മയ്ക്കായിത്തീർന്നു. എന്നെ അറിയുക എന്നതിന്റെ അർഥം അതല്ലേ?” എന്ന് യഹോവയുടെ അരുളപ്പാട്.
൧൬അവൻ എളിയവനും ദരിദ്രനും ന്യായം പാലിച്ചുകൊടുത്തു; അതിനാൽ അവന് നന്മ ഭവിച്ചു; ഇതല്ലയോ എന്നെ അറിയുക എന്നുള്ളത്?” എന്ന് യഹോവയുടെ അരുളപ്പാട്.
17 “എന്നാൽ നിന്റെ കണ്ണുകളും നിന്റെ ഹൃദയവും സത്യസന്ധമല്ലാത്ത ലാഭത്തിനുമാത്രമായി ക്രമീകരിച്ചിരിക്കുന്നു, കുറ്റമില്ലാത്ത രക്തം ചൊരിയുന്നതിനും പീഡനവും പിടിച്ചുപറിയും നടത്തുന്നതിനുംതന്നെ.”
൧൭“എന്നാൽ നിന്റെ കണ്ണും മനസ്സും, അത്യാഗ്രഹത്തിനും, കുറ്റമില്ലാത്ത രക്തം ചൊരിയുന്നതിനും, പീഡനവും സാഹസവും ചെയ്യുന്നതിനും അല്ലാതെ മറ്റൊന്നിനും ഉപകരിക്കുന്നില്ല.
18 അതുകൊണ്ട് യെഹൂദാരാജാവും യോശിയാവിന്റെ മകനുമായ യെഹോയാക്കീമിനെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “‘അയ്യോ! എന്റെ സഹോദരാ! അയ്യോ എന്റെ സഹോദരീ!’ എന്ന് അവനെക്കുറിച്ച് അവർ വിലപിക്കുകയില്ല. ‘അയ്യോ! എന്റെ യജമാനനേ! രാജതിരുമനസ്സേ!’ എന്നും അവർ വിലപിക്കുകയില്ല.
൧൮അതുകൊണ്ട് യഹോവ യോശീയാവിന്റെ മകനായി യെഹൂദാ രാജാവായ യെഹോയാക്കീമിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവനെക്കുറിച്ച് അവർ: “അയ്യോ സഹോദരാ, അയ്യോ സഹോദരീ” എന്നു ചൊല്ലി വിലപിക്കുകയില്ല; അവനെക്കുറിച്ച്: “അയ്യോ തമ്പുരാനേ, അയ്യോ തിരുമേനീ” എന്നു ചൊല്ലി വിലപിക്കുകയുമില്ല.
19 ജെറുശലേമിന്റെ കവാടങ്ങൾക്കു വെളിയിലേക്ക് ഒരു കഴുതയെ വലിച്ചെറിഞ്ഞ് കുഴിച്ചിടുന്നതുപോലെ അവനെ കുഴിച്ചിടും.”
൧൯യെരൂശലേമിന്റെ പടിവാതിലുകൾക്കു പുറത്ത് അവനെ വലിച്ചെറിഞ്ഞ് ഒരു കഴുതയെ കുഴിച്ചിടുന്നതുപോലെ അവനെ കുഴിച്ചിടും.
20 “ലെബാനോനിലേക്കു കയറിച്ചെന്നു വിലപിക്കുക, ബാശാനിൽ നിന്റെ ശബ്ദം ഉയരട്ടെ, അബാരീമിൽനിന്നു നിലവിളിക്കുക, കാരണം നിന്റെ എല്ലാ സ്നേഹിതരെയും കീഴ്പ്പെടുത്തിയിരിക്കുന്നു.
൨൦ലെബാനോനിൽ കയറിച്ചെന്നു നിലവിളിക്കുക; ബാശാനിൽനിന്നു നിന്റെ ശബ്ദം ഉയർത്തുക; അബാരീമിൽനിന്നു നിലവിളിക്കുക; നിന്റെ സകലസ്നേഹിതന്മാരും തകർന്നുകിടക്കുന്നുവല്ലോ.
21 നിന്റെ ഐശ്വര്യകാലത്തു ഞാൻ നിന്നോട് സംസാരിച്ചു, എന്നാൽ ‘ഞാൻ കേൾക്കുകയില്ല!’ എന്നു നീ മറുപടി പറഞ്ഞു. എന്നെ അനുസരിക്കാതിരിക്കുക എന്നതുതന്നെയായിരുന്നു യൗവനംമുതലേ നിനക്കുണ്ടായിരുന്ന ശീലം.
൨൧നിന്റെ ശുഭകാലത്തു ഞാൻ നിന്നോട് സംസാരിച്ചു; നീയോ: ‘ഞാൻ കേൾക്കുകയില്ല’ എന്നു പറഞ്ഞു; എന്റെ വാക്ക് അനുസരിക്കാതിരിക്കുന്നതായിരുന്നു ബാല്യംമുതൽ നിനക്കുള്ള ശീലം.
22 നിന്റെ ഇടയന്മാരെയെല്ലാം കാറ്റു പറപ്പിച്ചുകളയും, നിന്റെ സ്നേഹിതർ എല്ലാവരും പ്രവാസത്തിലേക്കു പോകും. അപ്പോൾ നിന്റെ സകലദുഷ്ടതയുംനിമിത്തം നീ ലജ്ജിതനും അപമാനിതനുമായിത്തീരും.
൨൨നിന്നെ മേയിക്കുന്നവരെ എല്ലാം കൊടുങ്കാറ്റു പറപ്പിക്കും; നിന്റെ സ്നേഹിതന്മാർ പ്രവാസത്തിലേക്കു പോകും. അപ്പോൾ നീ നിന്റെ സകലദുഷ്ടതയും നിമിത്തം ലജ്ജിച്ച് അമ്പരന്നുപോകും.
23 ദേവദാരുക്കളിൽ കൂടുവെച്ച് ‘ലെബാനോനിൽ,’ വസിക്കുന്നവളേ, പ്രസവവേദന ബാധിച്ചവളെപ്പോലെ വ്യസനം നിന്നെ പിടികൂടുമ്പോൾ നീ എത്ര ഞരങ്ങും!
൨൩ദേവദാരുക്കളിൽ കൂടുവച്ച് ലെബാനോനിൽ വസിക്കുന്നവളേ, നിനക്ക് വ്യസനവും, പ്രസവവേദന കിട്ടിയവളെപ്പോലെ വേദനയും ഉണ്ടാകുമ്പോൾ നീ എത്ര ഞരങ്ങും.
24 “ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, യെഹൂദാരാജാവായ യെഹോയാക്കീമിന്റെ മകനായ യെഹോയാഖീന് എന്റെ വലങ്കൈയിലെ ഒരു മുദ്രമോതിരമായിരുന്നാലും ഞാൻ നിന്നെ ഊരി എറിഞ്ഞുകളയും,” എന്ന് യഹോവയുടെ അരുളപ്പാട്.
൨൪എന്നാണ, യെഹോയാക്കീമിന്റെ മകനായി യെഹൂദാ രാജാവായ കൊന്യാവ് എന്റെ വലങ്കൈക്ക് ഒരു മുദ്രമോതിരം ആയിരുന്നാലും ഞാൻ നിന്നെ ഊരിയെറിഞ്ഞുകളയും” എന്ന് യഹോവയുടെ അരുളപ്പാട്.
25 “ഞാൻ നിന്നെ നിനക്കു ജീവഹാനി വരുത്താൻ ആഗ്രഹിക്കുന്നവരുടെ കൈയിലും, നീ ഭയപ്പെടുന്ന ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിലും ബാബേല്യരുടെ കൈയിലും ഏൽപ്പിച്ചുകളയും.
൨൫നിനക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈയിലും നീ ഭയപ്പെടുന്നവരുടെ കൈയിലും ഞാൻ നിന്നെ ഏല്പിക്കും; ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിലും കൽദയരുടെ കൈയിലും തന്നെ.
26 ഞാൻ നിന്നെയും നിന്നെ പ്രസവിച്ച മാതാവിനെയും നിങ്ങൾ ജനിച്ചതല്ലാത്ത മറ്റൊരു ദേശത്തേക്ക് എറിഞ്ഞുകളയും; അവിടെവെച്ചു നിങ്ങൾ രണ്ടുപേരും മരിക്കും.
൨൬നിന്നെയും നിന്നെ പ്രസവിച്ച അമ്മയെയും നിങ്ങൾ ജനിച്ചതല്ലാത്ത അന്യദേശത്തേക്കു ഞാൻ തള്ളിക്കളയും; അവിടെവച്ചു നിങ്ങൾ മരിക്കും.
27 മടങ്ങിവരാൻ ആഗ്രഹിക്കുന്ന ദേശത്തേക്ക് നിങ്ങൾ മടങ്ങിവരികയില്ല.”
൨൭അവർ മടങ്ങിവരുവാൻ ആഗ്രഹിക്കുന്ന ദേശത്തേക്ക് അവർ മടങ്ങിവരുകയില്ല.
28 യെഹോയാക്കീൻ എന്ന ഈ മനുഷ്യൻ നിന്ദയോടെ ഉടയ്ക്കപ്പെട്ട ഒരു മൺപാത്രമോ? അതോ, ആർക്കും വേണ്ടാത്ത ഒരു പാത്രമോ? അവനെയും അവന്റെ സന്തതികളെയും അവർ അറിഞ്ഞിട്ടില്ലാത്ത ഒരു ദേശത്തേക്ക് എറിഞ്ഞുകളയാൻ എന്താണു കാരണം?
൨൮കൊന്യാവ് എന്ന ഈ ആൾ, ‘സാരമില്ല’ എന്നുവച്ച് ഉടച്ചുകളഞ്ഞ ഒരു കലമോ? ആർക്കും ഇഷ്ടമില്ലാത്ത പാത്രമോ? അവനെയും അവന്റെ സന്തതിയെയും ത്യജിച്ച്, അവർ അറിയാത്ത ദേശത്തേക്ക് തള്ളിക്കളയുവാൻ കാരണം എന്ത്?
29 ദേശമേ, ദേശമേ, ദേശമേ, യഹോവയുടെ വചനം കേൾക്കുക!
൨൯ദേശമേ, ദേശമേ, ദേശമേ, യഹോവയുടെ വചനം കേൾക്കുക!
30 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഈ മനുഷ്യനെ മക്കളില്ലാത്ത ഒരുവനെന്നും ജീവിതകാലത്തൊരിക്കലും ശുഭം വരാത്തവനെന്നും എഴുതുവിൻ, കാരണം അവന്റെ സന്തതിയിൽ ഒരുവനും ഇനി ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുകയോ യെഹൂദ്യയിൽ വാഴാൻ തക്കവണ്ണം ഐശ്വര്യം പ്രാപിക്കുകയോ ഇല്ല.”
൩൦“ഈ ആളിനെ ‘മക്കളില്ലാത്തവൻ’ എന്നും ‘ആയുഷ്കാലത്ത് ഒരിക്കലും ശുഭംവരാത്തവൻ’ എന്നും എഴുതുവിൻ; അവന്റെ സന്തതിയിൽ യാതൊരുത്തനും ഇനി ദാവീദിന്റെ സിംഹാസനത്തിൽ ഇരുന്ന്, യെഹൂദയിൽ വാഴുവാൻ ഐശ്വര്യം പ്രാപിക്കുകയില്ല” എന്ന് യഹോവ അരുളിച്ചെയ്യുന്നു.

< യിരെമ്യാവു 22 >