< യിരെമ്യാവു 22 >
1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ യെഹൂദാരാജാവിന്റെ കൊട്ടാരത്തിൽചെന്ന് ഈ വചനം വിളംബരംചെയ്യുക:
2 ‘ദാവീദിന്റെ സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്ന യെഹൂദാരാജാവേ, ഈ കവാടങ്ങളിലൂടെ പ്രവേശിക്കുന്ന നീയും നിന്റെ ഉദ്യോഗസ്ഥരും നിന്റെ ജനവും യഹോവയുടെ വചനം കേൾക്കുക.
3 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ നീതിയും ന്യായവും പ്രവർത്തിക്കുക. പീഡകരുടെ കൈയിൽനിന്ന് കൊള്ളചെയ്യപ്പെട്ടവരെ വിടുവിക്കുക. വിദേശികളോടും അനാഥരോടും വിധവകളോടും തിന്മയും അക്രമവും ചെയ്യരുത്; ഈ സ്ഥലത്ത് നിഷ്കളങ്കരക്തം ചൊരിയുകയുമരുത്.
4 നിങ്ങൾ ഗൗരവത്തോടെ ഈ കൽപ്പനകൾ പാലിക്കുമെങ്കിൽ, ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്നവരും രഥങ്ങളിലും കുതിരകളിലും സഞ്ചരിക്കുന്നവരുമായ രാജാക്കന്മാരും അവരുടെ ഉദ്യോഗസ്ഥരും പ്രജകളും ഈ കൊട്ടാരത്തിന്റെ കവാടങ്ങളിൽക്കൂടി കടക്കും.
5 എന്നാൽ നിങ്ങൾ ഈ കൽപ്പനകൾ പാലിക്കാത്തപക്ഷം ഈ കൊട്ടാരം ശൂന്യമായിത്തീരുമെന്ന് ഞാൻ എന്നെക്കൊണ്ടുതന്നെ ശപഥംചെയ്യുന്നു, എന്ന് യഹോവയുടെ അരുളപ്പാട്.’”
6 യെഹൂദാരാജാവിന്റെ അരമനയെപ്പറ്റി യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ എനിക്കു ഗിലെയാദിനെപ്പോലെയും ലെബാനോൻ ഗിരിശൃംഗംപോലെയും ആകുന്നു. എന്നാൽ നിശ്ചയമായും ഞാൻ നിന്നെ മരുഭൂമിയെപ്പോലെയും നിവാസികളില്ലാത്ത പട്ടണംപോലെയും ആക്കിത്തീർക്കും.
7 ഞാൻ നിനക്കെതിരായി അവരവരുടെ ആയുധം ധരിച്ച, വിനാശകന്മാരെ അയയ്ക്കും. അവർ നിന്റെ അതിവിശിഷ്ടമായ ദേവദാരുത്തുലാങ്ങളെ വെട്ടി തീയിലേക്ക് എറിഞ്ഞുകളയും.
8 “അനേകം രാഷ്ട്രങ്ങളിൽനിന്നുള്ളവർ ഈ നഗരത്തിനു സമീപത്തുകൂടി കടന്നുപോകുമ്പോൾ, ‘യഹോവ ഈ മഹാനഗരത്തോട് ഇപ്രകാരം ചെയ്തതെന്തുകൊണ്ട്?’ എന്നു പരസ്പരം ചോദിക്കും.
9 ‘അവർ തങ്ങളുടെ ദൈവമായ യഹോവയോടുള്ള ഉടമ്പടി ലംഘിച്ച് അന്യദേവതകളെ ആരാധിക്കുകയും സേവിക്കുകയും ചെയ്യുകയാൽത്തന്നെ,’ എന്ന് ഉത്തരം പറയും.”
10 മരിച്ച രാജാവിനെക്കുറിച്ചു കരയുകയോ അദ്ദേഹത്തിനുവേണ്ടി വിലപിക്കുകയോ വേണ്ട; എന്നാൽ, അടിമയായി പോകുന്നവനെക്കുറിച്ചു വിലപിക്കുക, കാരണം അവൻ ഒരിക്കലും മടങ്ങിവരികയോ സ്വദേശം കാണുകയോ ഇല്ല.
11 തന്റെ പിതാവായ യോശിയാവിന്റെ അനന്തരാവകാശിയായ രാജാവായിത്തീർന്നിട്ട് ഈ നഗരം വിട്ടുപോയ യെഹൂദാരാജാവും യോശിയാവിന്റെ മകനുമായ ശല്ലൂമിനെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവൻ ഒരിക്കലും ഇവിടേക്കു മടങ്ങിവരികയില്ല.
12 അവർ അവനെ ബന്ദിയാക്കിക്കൊണ്ടുപോയ ആ സ്ഥലത്തുവെച്ചുതന്നെ മരിക്കും; ഈ ദേശം അവൻ ഇനി കാണുകയില്ല.”
13 “അനീതികൊണ്ടു തന്റെ കൊട്ടാരവും അന്യായംകൊണ്ടു തന്റെ മാളികകളും പണിത്, തന്റെ ജനത്തെക്കൊണ്ടു കൂലികൂടാതെ വേലചെയ്യിച്ച് അവർക്കു പ്രതിഫലം നൽകാതിരിക്കുകയും, ചെയ്യുന്നവന് ഹാ കഷ്ടം.
14 ‘എനിക്കുവേണ്ടി വിശാലമായ മാളികകളുള്ള അതിഗംഭീരമായ ഒരു കൊട്ടാരം ഞാൻ നിർമിക്കും,’ എന്നും അവൻ പറയുന്നു. അങ്ങനെ അവൻ ജനാലകൾ വിസ്താരത്തിൽ ഉണ്ടാക്കുന്നു, ദേവദാരുകൊണ്ട് അതിനു തട്ടിടുകയും ചെമപ്പുനിറംകൊണ്ടു മോടി വരുത്തുകയുംചെയ്യുന്നു.
15 “ദേവദാരുവിന്റെ എണ്ണംകൊണ്ട് കേമത്തം കാണിച്ചാൽ നീ രാജാവായിത്തീരുമോ? നിന്റെ പിതാവ് ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തിരുന്നില്ലേ? അദ്ദേഹം നീതിയും ന്യായവും പ്രവർത്തിച്ചിരുന്നു, അതിനാൽ അദ്ദേഹത്തിനു സകലതും നന്മയായിത്തീർന്നു.
16 അദ്ദേഹം ദരിദ്രർക്കും അഗതികൾക്കും ന്യായം പാലിച്ചുകൊടുത്തു, അതിനാൽ സകലതും നന്മയ്ക്കായിത്തീർന്നു. എന്നെ അറിയുക എന്നതിന്റെ അർഥം അതല്ലേ?” എന്ന് യഹോവയുടെ അരുളപ്പാട്.
17 “എന്നാൽ നിന്റെ കണ്ണുകളും നിന്റെ ഹൃദയവും സത്യസന്ധമല്ലാത്ത ലാഭത്തിനുമാത്രമായി ക്രമീകരിച്ചിരിക്കുന്നു, കുറ്റമില്ലാത്ത രക്തം ചൊരിയുന്നതിനും പീഡനവും പിടിച്ചുപറിയും നടത്തുന്നതിനുംതന്നെ.”
18 അതുകൊണ്ട് യെഹൂദാരാജാവും യോശിയാവിന്റെ മകനുമായ യെഹോയാക്കീമിനെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “‘അയ്യോ! എന്റെ സഹോദരാ! അയ്യോ എന്റെ സഹോദരീ!’ എന്ന് അവനെക്കുറിച്ച് അവർ വിലപിക്കുകയില്ല. ‘അയ്യോ! എന്റെ യജമാനനേ! രാജതിരുമനസ്സേ!’ എന്നും അവർ വിലപിക്കുകയില്ല.
19 ജെറുശലേമിന്റെ കവാടങ്ങൾക്കു വെളിയിലേക്ക് ഒരു കഴുതയെ വലിച്ചെറിഞ്ഞ് കുഴിച്ചിടുന്നതുപോലെ അവനെ കുഴിച്ചിടും.”
20 “ലെബാനോനിലേക്കു കയറിച്ചെന്നു വിലപിക്കുക, ബാശാനിൽ നിന്റെ ശബ്ദം ഉയരട്ടെ, അബാരീമിൽനിന്നു നിലവിളിക്കുക, കാരണം നിന്റെ എല്ലാ സ്നേഹിതരെയും കീഴ്പ്പെടുത്തിയിരിക്കുന്നു.
21 നിന്റെ ഐശ്വര്യകാലത്തു ഞാൻ നിന്നോട് സംസാരിച്ചു, എന്നാൽ ‘ഞാൻ കേൾക്കുകയില്ല!’ എന്നു നീ മറുപടി പറഞ്ഞു. എന്നെ അനുസരിക്കാതിരിക്കുക എന്നതുതന്നെയായിരുന്നു യൗവനംമുതലേ നിനക്കുണ്ടായിരുന്ന ശീലം.
22 നിന്റെ ഇടയന്മാരെയെല്ലാം കാറ്റു പറപ്പിച്ചുകളയും, നിന്റെ സ്നേഹിതർ എല്ലാവരും പ്രവാസത്തിലേക്കു പോകും. അപ്പോൾ നിന്റെ സകലദുഷ്ടതയുംനിമിത്തം നീ ലജ്ജിതനും അപമാനിതനുമായിത്തീരും.
23 ദേവദാരുക്കളിൽ കൂടുവെച്ച് ‘ലെബാനോനിൽ,’ വസിക്കുന്നവളേ, പ്രസവവേദന ബാധിച്ചവളെപ്പോലെ വ്യസനം നിന്നെ പിടികൂടുമ്പോൾ നീ എത്ര ഞരങ്ങും!
24 “ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, യെഹൂദാരാജാവായ യെഹോയാക്കീമിന്റെ മകനായ യെഹോയാഖീന് എന്റെ വലങ്കൈയിലെ ഒരു മുദ്രമോതിരമായിരുന്നാലും ഞാൻ നിന്നെ ഊരി എറിഞ്ഞുകളയും,” എന്ന് യഹോവയുടെ അരുളപ്പാട്.
25 “ഞാൻ നിന്നെ നിനക്കു ജീവഹാനി വരുത്താൻ ആഗ്രഹിക്കുന്നവരുടെ കൈയിലും, നീ ഭയപ്പെടുന്ന ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിലും ബാബേല്യരുടെ കൈയിലും ഏൽപ്പിച്ചുകളയും.
26 ഞാൻ നിന്നെയും നിന്നെ പ്രസവിച്ച മാതാവിനെയും നിങ്ങൾ ജനിച്ചതല്ലാത്ത മറ്റൊരു ദേശത്തേക്ക് എറിഞ്ഞുകളയും; അവിടെവെച്ചു നിങ്ങൾ രണ്ടുപേരും മരിക്കും.
27 മടങ്ങിവരാൻ ആഗ്രഹിക്കുന്ന ദേശത്തേക്ക് നിങ്ങൾ മടങ്ങിവരികയില്ല.”
28 യെഹോയാക്കീൻ എന്ന ഈ മനുഷ്യൻ നിന്ദയോടെ ഉടയ്ക്കപ്പെട്ട ഒരു മൺപാത്രമോ? അതോ, ആർക്കും വേണ്ടാത്ത ഒരു പാത്രമോ? അവനെയും അവന്റെ സന്തതികളെയും അവർ അറിഞ്ഞിട്ടില്ലാത്ത ഒരു ദേശത്തേക്ക് എറിഞ്ഞുകളയാൻ എന്താണു കാരണം?
29 ദേശമേ, ദേശമേ, ദേശമേ, യഹോവയുടെ വചനം കേൾക്കുക!
30 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഈ മനുഷ്യനെ മക്കളില്ലാത്ത ഒരുവനെന്നും ജീവിതകാലത്തൊരിക്കലും ശുഭം വരാത്തവനെന്നും എഴുതുവിൻ, കാരണം അവന്റെ സന്തതിയിൽ ഒരുവനും ഇനി ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുകയോ യെഹൂദ്യയിൽ വാഴാൻ തക്കവണ്ണം ഐശ്വര്യം പ്രാപിക്കുകയോ ഇല്ല.”