< യിരെമ്യാവു 21 >
1 സിദെക്കീയാരാജാവ് മൽക്കീയാവിന്റെ മകനായ പശ്ഹൂരിനെയും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാവിന്റെ അടുക്കൽ അയച്ചപ്പോൾ, യഹോവയിൽനിന്നു യിരെമ്യാവിന് അരുളപ്പാടുണ്ടായി. അവർ പറഞ്ഞത്:
൧സിദെക്കീയാരാജാവ് മല്ക്കീയാവിന്റെ മകൻ പശ്ഹൂരിനെയും മയസേയാവിന്റെ മകൻ സെഫന്യാപുരോഹിതനെയും യിരെമ്യാവിന്റെ അടുക്കൽ അയച്ചു:
2 “ബാബേൽരാജാവായ നെബൂഖദ്നേസർ നമുക്കെതിരേ യുദ്ധംചെയ്യുന്നതുകൊണ്ടു താങ്കൾ ഞങ്ങൾക്കുവേണ്ടി യഹോവയോട് അപേക്ഷിക്കുക. അയാൾ ഞങ്ങളെ വിട്ടുപോകേണ്ടതിന് ഒരുപക്ഷേ യഹോവ നമുക്കുവേണ്ടി പണ്ടത്തെപ്പോലെ അത്ഭുതങ്ങൾ പ്രവർത്തിക്കും.”
൨“ബാബേൽരാജാവായ നെബൂഖദ്നേസർ ഞങ്ങളോടു യുദ്ധം ചെയ്യുന്നതുകൊണ്ട് നീ ഞങ്ങൾക്കുവേണ്ടി യഹോവയോട് അപേക്ഷിക്കണമേ; അവൻ ഞങ്ങളെ വിട്ടു പോകേണ്ടതിന്, യഹോവ തന്റെ സകല അത്ഭുതങ്ങൾക്കും തക്കവിധം ഒരുപക്ഷേ ഞങ്ങൾക്കുവേണ്ടി പ്രവർത്തിക്കും” എന്ന് പറയിച്ചപ്പോൾ യിരെമ്യാവിന് യഹോവയിൽ നിന്നുണ്ടായ അരുളപ്പാട്.
3 എന്നാൽ യിരെമ്യാവ് അവരോടു പറഞ്ഞത്: “നിങ്ങൾ സിദെക്കീയാവിനോട് ഇപ്രകാരം പറയുക,
൩യിരെമ്യാവ് അവരോടു പറഞ്ഞത്: “നിങ്ങൾ സിദെക്കീയാവിനോട് ഇപ്രകാരം പറയണം:
4 ‘ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കോട്ടയ്ക്കു പുറമേനിന്നു നിങ്ങളെ ഉപരോധിക്കുന്ന ബാബേൽരാജാവിനും ബാബേല്യർക്കും എതിരേ നിങ്ങൾ പ്രയോഗിക്കുന്ന ആയുധങ്ങൾ ഞാൻ നിങ്ങൾക്കെതിരേ തിരിക്കാൻ പോകുകയാണ്. അങ്ങനെ അവയെല്ലാം ഞാൻ ഈ നഗരത്തിന്റെ മധ്യത്തിൽ കൂട്ടും.
൪യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മതിലുകൾക്കു പുറത്തുനിന്ന് നിങ്ങളെ ഉപരോധിച്ചിരിക്കുന്ന ബാബേൽരാജാവിനോടും കൽദയരോടും യുദ്ധം ചെയ്യുവാൻ നിങ്ങളുടെ കയ്യിലുള്ള ആയുധങ്ങളെ ഞാൻ ഉപയോഗശൂന്യമാക്കി, ഈ നഗരത്തിന്റെ മദ്ധ്യത്തിൽ കൂട്ടും.
5 ഞാൻതന്നെയും നീട്ടിയ ഭുജംകൊണ്ടും ബലവത്തായ കരംകൊണ്ടും ഉഗ്രകോപത്തോടും മഹാക്രോധത്തോടുംകൂടി നിങ്ങൾക്കെതിരേ യുദ്ധംചെയ്യും.
൫ഞാൻ തന്നെയും, നീട്ടിയ കൈകൊണ്ടും ബലമുള്ള ഭുജംകൊണ്ടും കോപത്തോടും ക്രോധത്തോടും അത്യുഗ്രതയോടുംകൂടി നിങ്ങളോട് യുദ്ധം ചെയ്യും.
6 ഈ നഗരത്തിലെ നിവാസികളെ— മനുഷ്യരെയും മൃഗങ്ങളെയും—ഞാൻ സംഹരിക്കും. അവർ ഒരു മഹാമാരിയാൽ മരിക്കും.
൬ഈ നഗരത്തിൽ വസിക്കുന്ന മനുഷ്യരെയും മൃഗങ്ങളെയും ഞാൻ സംഹരിക്കും; അവർ മഹാമാരിയാൽ മരിക്കും.
7 അതിനുശേഷം, മഹാമാരിയിൽനിന്നും വാളിൽനിന്നും ക്ഷാമത്തിൽനിന്നും രക്ഷപ്പെട്ട് ഈ നഗരത്തിൽ ശേഷിക്കുന്ന യെഹൂദാരാജാവായ സിദെക്കീയാവിനെയും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥന്മാരെയും ജനങ്ങളെയും ഞാൻ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിലും അവർക്കു ജീവഹാനി വരുത്താൻ ആഗ്രഹിക്കുന്ന ശത്രുക്കളുടെ കൈയിലും ഏൽപ്പിക്കും. അയാൾ അവരോട് കരുണയോ സഹതാപമോ കാണിക്കാതെ വാളിന്റെ വായ്ത്തലയാൽ അവരെ സംഹരിക്കും, എന്ന് യഹോവയുടെ അരുളപ്പാട്.’
൭അതിന്റെശേഷം യെഹൂദാ രാജാവായ സിദെക്കീയാവിനെയും അവന്റെ ഭൃത്യന്മാരെയും ജനത്തെയും ഈ നഗരത്തിൽ മഹാമാരി, വാൾ, ക്ഷാമം എന്നിവയിൽനിന്ന് രക്ഷപെട്ട് ശേഷിച്ചവരെ തന്നെ, ഞാൻ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിലും അവരുടെ ശത്രുക്കളുടെ കൈയിലും അവർക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈയിലും ഏല്പിക്കും; അവൻ അവരോടു ക്ഷമയോ കനിവോ കരുണയോ കാണിക്കാതെ, അവരെ വാളിന്റെ വായ്ത്തലകൊണ്ട് സംഹരിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
8 “നീ ഇതുംകൂടി ഈ ജനത്തോടു പറയുക: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ ജീവന്റെ വഴിയും മരണത്തിന്റെ വഴിയും നിങ്ങളുടെമുമ്പിൽ വെക്കുന്നു.
൮“നീ ഈ ജനത്തോടു പറയേണ്ടത്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, ഞാൻ ജീവന്റെ വഴിയും മരണത്തിന്റെ വഴിയും നിങ്ങളുടെ മുമ്പിൽ വയ്ക്കുന്നു.
9 ഈ നഗരത്തിൽ വസിക്കുന്നവൻ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; എന്നാൽ പുറത്തുപോയി നിങ്ങളെ ഉപരോധിക്കുന്ന ബാബേല്യർക്കു കീഴ്പ്പെടുന്നവർ ജീവനോടെ ശേഷിക്കും. അവരുടെ ജീവൻ അവർക്കു കൊള്ളകിട്ടിയതുപോലെ ഇരിക്കും.
൯ഈ നഗരത്തിൽ വസിക്കുന്നവൻ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; എന്നാൽ നിങ്ങളെ ഉപരോധിച്ചിരിക്കുന്ന കൽദയരുടെ പക്ഷം ചെന്നു ചേരുന്നവനോ ജീവനോടെ ഇരിക്കും; അവന്റെ ജീവൻ അവന് കൊള്ള കിട്ടിയതുപോലെ ഇരിക്കും.
10 ഞാൻ നന്മയ്ക്കായിട്ടല്ല, ദോഷത്തിനായിത്തന്നെ എന്റെ മുഖം ഈ നഗരത്തിനെതിരേ തിരിച്ചിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു. അതു ബാബേൽരാജാവിന്റെ കൈയിൽ ഏൽപ്പിക്കപ്പെടും; അദ്ദേഹം അതിനെ തീവെച്ചു ചുട്ടുകളയും.’
൧൦ഞാൻ എന്റെ മുഖം ഈ നഗരത്തിനുനേരെ നന്മയ്ക്കല്ല തിന്മയ്ക്കത്രേ വച്ചിരിക്കുന്നു” എന്ന് യഹോവയുടെ അരുളപ്പാട്. “അതിനെ ബാബേൽരാജാവിന്റെ കയ്യിൽ ഏല്പിക്കും; അവൻ അതിനെ തീവച്ചു ചുട്ടുകളയും”.
11 “അതിനുശേഷം നീ യെഹൂദയിലെ രാജകുടുംബത്തോട് ഇപ്രകാരം പറയുക: ‘യഹോവയുടെ വചനം കേൾക്കുക.
൧൧“യെഹൂദാരാജഗൃഹത്തോടു നീ പറയേണ്ടത്: “യഹോവയുടെ വചനം കേൾക്കുവിൻ!
12 ദാവീദ് ഗൃഹമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “‘നിങ്ങൾ ചെയ്യുന്ന ദുഷ്ടതനിമിത്തം ആർക്കും കെടുത്താൻ കഴിയാത്തവിധം എന്റെ ക്രോധം തീപോലെ പൊട്ടിപ്പുറപ്പെടാതിരിക്കേണ്ടതിന്, പ്രഭാതംതോറും ന്യായം പരിപാലിക്കുകയും കവർച്ചയ്ക്കിരയായവരെ പീഡകരുടെ കൈയിൽനിന്നും വിടുവിക്കുകയുംചെയ്യുക.
൧൨“ദാവീദുഗൃഹമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പ്രവൃത്തികളുടെ ദോഷംനിമിത്തം എന്റെ ക്രോധം തീപോലെ പുറപ്പെട്ട് ആർക്കും കെടുത്താനാകാത്തവിധം, കത്താതെയിരിക്കേണ്ടതിന് നിങ്ങൾ രാവിലെതോറും ന്യായം പാലിക്കുകയും കവർച്ചയ്ക്ക് ഇരയായവനെ പീഡകന്റെ കൈയിൽനിന്നു വിടുവിക്കുകയും ചെയ്യുവിൻ.
13 ഈ താഴ്വരയ്ക്കുമീതേ, പാറനിറഞ്ഞ പീഠഭൂമിയിൽ പാർക്കുന്ന ജെറുശലേമേ, ഞാൻ നിനക്കെതിരാണ്— എന്ന് യഹോവ അരുളിച്ചെയ്യുന്നു— “ആർ ഞങ്ങളുടെനേരേ വരും? ആർ ഞങ്ങളുടെ പാർപ്പിടങ്ങളിൽ കടക്കും?” എന്നു പറയുന്നവർക്കെതിരേതന്നെ.
൧൩താഴ്വരയിലും സമഭൂമിയിലെ പാറയിലും പാർത്ത്, ‘ഞങ്ങളുടെ നേരെ ആര് വരും? ഞങ്ങളുടെ പാർപ്പിടങ്ങളിൽ ആര് കടക്കും?’ എന്നു പറയുന്നവരേ, ഞാൻ നിങ്ങൾക്ക് വിരോധമായിരിക്കുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.
14 നിങ്ങളുടെ പ്രവൃത്തികൾക്ക് അനുസൃതമായി ഞാൻ നിങ്ങളെ ശിക്ഷിക്കും, എന്ന് യഹോവ അരുളിച്ചെയ്യുന്നു. നിങ്ങളുടെ വനങ്ങൾക്കു ഞാൻ തീവെക്കും ആ അഗ്നി നിങ്ങൾക്കു ചുറ്റുമുള്ള എല്ലാറ്റിനെയും ദഹിപ്പിക്കും.’”
൧൪ഞാൻ നിങ്ങളുടെ പ്രവൃത്തികളുടെ ഫലത്തിനു തക്കവിധം സന്ദർശിക്കും; ഞാൻ അവളുടെ വനത്തിനു തീ വയ്ക്കും; അത് അവളുടെ ചുറ്റുമുള്ള സകലത്തെയും ദഹിപ്പിച്ചുകളയും” എന്ന് യഹോവയുടെ അരുളപ്പാട്.