< യിരെമ്യാവു 20 >
1 യിരെമ്യാവ് ഈ കാര്യങ്ങൾ പ്രവചിക്കുന്നത് ഇമ്മേരിന്റെ മകനും യഹോവയുടെ ആലയത്തിലെ പ്രധാന ചുമതലക്കാരനുമായ പശ്ഹൂർപുരോഹിതൻ കേട്ടു.
൧എന്നാൽ യിരെമ്യാവ് ഈ കാര്യങ്ങൾ പ്രവചിക്കുന്നത് ഇമ്മേരിന്റെ മകനും യഹോവയുടെ ആലയത്തിന് പ്രധാനവിചാരകനുമായ
2 അപ്പോൾ പശ്ഹൂർ യിരെമ്യാപ്രവാചകനെ അടിപ്പിക്കുകയും അദ്ദേഹത്തെ യഹോവയുടെ ആലയത്തിനു സമീപമുള്ള ബെന്യാമീൻകവാടത്തിന്റെ മുകൾഭാഗത്തുള്ള വിലങ്ങിൽ ബന്ധിക്കാൻ ഉത്തരവിടുകയും ചെയ്തു.
൨പശ്ഹൂർപുരോഹിതൻ കേട്ടിട്ട് യിരെമ്യാപ്രവാചകനെ അടിച്ച്, യഹോവയുടെ ആലയത്തിനരികിലുള്ള മുകളിലത്തെ ബെന്യാമീൻ ഗോപുരത്തിലെ ആമത്തിൽ ഇട്ടു.
3 അടുത്തദിവസം പശ്ഹൂർ യിരെമ്യാവിനെ വിലങ്ങഴിച്ചു വിട്ടപ്പോൾ യിരെമ്യാവ് അയാളോട് ഇപ്രകാരം പറഞ്ഞു, “യഹോവ നിന്നെ വിളിച്ചിരിക്കുന്ന പേര് പശ്ഹൂർ എന്നല്ല, മാഗോർ-മിസ്സാബീബ് എന്നാകുന്നു.
൩പിറ്റെന്നാൾ പശ്ഹൂർ യിരെമ്യാവിനെ വിലങ്ങഴിച്ചുവിട്ടപ്പോൾ യിരെമ്യാവ് അവനോട് പറഞ്ഞത്: “യഹോവ നിനക്ക് പശ്ഹൂർ എന്നല്ല, മാഗോർ മിസ്സാബീബ് എന്നത്രേ പേര് വിളിച്ചിരിക്കുന്നത്”.
4 കാരണം യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ നിന്നെ നിനക്കും നിന്റെ സകലസ്നേഹിതർക്കും ഒരു ഭീതിയാക്കിത്തീർക്കും; നിന്റെ കണ്ണുകൾ നോക്കിക്കൊണ്ടിരിക്കെ അവർ ശത്രുക്കളുടെ വാൾകൊണ്ടു വീഴും. ഞാൻ യെഹൂദയെ മുഴുവൻ ബാബേൽരാജാവിന്റെ കൈയിൽ ഏൽപ്പിക്കും. അദ്ദേഹം അവരെ തടവുകാരാക്കി ബാബേലിലേക്കു കൊണ്ടുപോകുകയോ വാളിനാൽ കൊലപ്പെടുത്തുകയോചെയ്യും.
൪യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിന്നെ നിനക്കും നിന്റെ സകല സ്നേഹിതന്മാർക്കും ഭീതിയാക്കിത്തീർക്കും; അവർ ശത്രുക്കളുടെ വാൾകൊണ്ടു വീഴും; നിന്റെ കണ്ണ് അത് കാണും; എല്ലാ യെഹൂദയെയും ഞാൻ ബാബേൽരാജാവിന്റെ കയ്യിൽ ഏല്പിക്കും; അവൻ അവരെ പിടിച്ച്, ബാബേലിലേക്കു കൊണ്ടുപോയി വാൾകൊണ്ട് കൊന്നുകളയും.
5 ഈ പട്ടണത്തിലെ സകലസമ്പത്തും— അതിലെ സകല ഉത്പന്നങ്ങളും വിലപിടിപ്പുള്ള എല്ലാ വസ്തുക്കളും എല്ലാ നിധികളും യെഹൂദാരാജാക്കന്മാരുടെ സകലനിക്ഷേപങ്ങളും ഞാൻ അവരുടെ ശത്രുക്കളുടെകൈയിൽ ഏൽപ്പിക്കും. അവർ അവയെ കൊള്ളമുതലായി ബാബേലിലേക്കു കൊണ്ടുപോകും.
൫ഈ നഗരത്തിലെ സകലനിക്ഷേപങ്ങളും അതിലെ സകലസമ്പാദ്യങ്ങളും സകല വിശിഷ്ടവസ്തുക്കളും യെഹൂദാ രാജാക്കന്മാരുടെ സകലഭണ്ഡാരങ്ങളും ഞാൻ ശത്രുക്കളുടെ കയ്യിൽ ഏല്പിക്കും; അവർ അവ കൊള്ള ചെയ്ത് ബാബേലിലേക്കു കൊണ്ടുപോകും.
6 പശ്ഹൂരേ, നീയും നിന്റെ ഭവനത്തിൽ വസിക്കുന്ന എല്ലാവരും ബാബേലിലേക്ക് പ്രവാസികളായി പോകേണ്ടിവരും. നീയും നീ വ്യാജപ്രവചനം അറിയിച്ച നിന്റെ എല്ലാ സ്നേഹിതരും അവിടെ മരിച്ച് അടക്കപ്പെടും.’”
൬എന്നാൽ പശ്ഹൂരേ, നീയും നിന്റെ വീട്ടിൽ വസിക്കുന്ന എല്ലാവരും പ്രവാസത്തിലേക്കു പോകേണ്ടിവരും; നീയും നിന്റെ വ്യാജപ്രവചനം കേട്ട നിന്റെ സകലസ്നേഹിതന്മാരും ബാബേലിലേക്കു ചെന്ന്, അവിടെവച്ച് മരിച്ച്, അടക്കപ്പെടും.
7 യഹോവേ, അങ്ങ് എന്നെ പ്രലോഭിപ്പിച്ചു; ഞാൻ പ്രലോഭിതനാകുകയും ചെയ്തു. അങ്ങ് എന്നെ കീഴടക്കിയിരിക്കുന്നു; ദിവസം മുഴുവൻ ഞാൻ ഒരു പരിഹാസവിഷയമായിരിക്കുന്നു; എല്ലാവരും എന്നെ പരിഹസിക്കുന്നു.
൭യഹോവേ, അങ്ങ് എന്നെ സമ്മതിപ്പിക്കുകയും ഞാൻ സമ്മതിക്കുകയും ചെയ്തു; അങ്ങ് ബലം പ്രയോഗിച്ചു ജയിച്ചിരിക്കുന്നു; ഞാൻ ഇടവിടാതെ പരിഹാസവിഷയമായിരിക്കുന്നു; എല്ലാവരും എന്നെ പരിഹസിക്കുന്നു.
8 സംസാരിക്കുമ്പോഴെല്ലാം ഞാൻ നിലവിളിച്ചുകൊണ്ട്, അതിക്രമത്തെയും നാശത്തെയുംകുറിച്ചു വിളംബരംചെയ്യുന്നു. അതുകൊണ്ട് യഹോവയുടെ ഈ വചനം ദിവസംമുഴുവനും എനിക്ക് നിന്ദയും പരിഹാസവും കൊണ്ടുവരുന്നു.
൮സംസാരിക്കുമ്പോഴെല്ലാം ഞാൻ നിലവിളിച്ച് സാഹസത്തെയും ബലാല്ക്കാരത്തെയും കുറിച്ച് ആവലാതി പറയേണ്ടിവരുന്നു; അങ്ങനെ യഹോവയുടെ വചനം എനിക്ക് ഇടവിടാതെ നിന്ദയ്ക്കും പരിഹാസത്തിനും കാരണമായിരിക്കുന്നു.
9 “ഞാൻ അവിടത്തെ വചനം ഓർക്കുകയോ അവിടത്തെ നാമത്തിൽ മേലാൽ സംസാരിക്കുകയോ ഇല്ല,” എന്നു ഞാൻ പറഞ്ഞാൽ, അവിടത്തെ വചനം എന്റെ അസ്ഥികളിൽ അടക്കപ്പെട്ടിട്ട്, എന്റെ ഹൃദയത്തിൽ തീ കത്തുന്നതുപോലെ ആയിത്തീരുന്നു. ഞാൻ തളർന്നു; എനിക്ക് അതു സഹിക്കാൻ കഴിയാതായിരിക്കുന്നു.
൯‘ഞാൻ ഇനി അങ്ങയെ ഓർക്കുകയില്ല, അവിടുത്തെ നാമത്തിൽ സംസാരിക്കുകയുമില്ല’ എന്നു പറഞ്ഞാൽ അത് എന്റെ അസ്ഥികളിൽ അടയ്ക്കപ്പെട്ടിട്ട് എന്റെ ഹൃദയത്തിൽ തീ കത്തുംപോലെ ഇരിക്കുന്നു; ഞാൻ തളർന്ന്, എനിക്ക് സഹിക്കുവാൻ കഴിയാതെയായി.
10 “ചുറ്റും കൊടുംഭീതി! അയാളെ കുറ്റം വിധിക്കൂ! നമുക്ക് അയാളെ കുറ്റം വിധിക്കാം!” എന്ന് ധാരാളംപേർ അടക്കംപറയുന്നതു ഞാൻ കേൾക്കുന്നു. “ഒരുപക്ഷേ നമുക്ക് അയാളെ തോൽപ്പിച്ച് അയാളോടു പകരം വീട്ടാൻ തക്കവണ്ണം അയാൾ വശീകരിക്കപ്പെടാം,” എന്ന് എന്റെ വീഴ്ചയ്ക്കു കാത്തിരിക്കുന്ന എന്റെ ഉറ്റ സ്നേഹിതരൊക്കെയും പറയുന്നു.
൧൦“സർവ്വത്രഭീതി; ഞാൻ പലരുടെയും ഏഷണി കേട്ടിരിക്കുന്നു; കുറ്റം ബോധിപ്പിക്കുവിൻ; ഞങ്ങളും അവനെക്കുറിച്ചു കുറ്റം ബോധിപ്പിക്കാം; നാം അവനെ തോല്പിച്ച് അവനോട് പകവീട്ടുവാൻ തക്കവണ്ണം പക്ഷേ അവനെ വശത്താക്കാം” എന്ന് എന്റെ വീഴ്ചയ്ക്കു കാത്തിരിക്കുന്നവരായ എന്റെ സ്നേഹിതന്മാർ എല്ലാവരും പറയുന്നു.
11 എന്നാൽ യഹോവ ഒരു യുദ്ധവീരനെപ്പോലെ എന്നോടൊപ്പമുണ്ട്; അതിനാൽ എന്റെ പീഡകർ ഇടറിവീഴും, അവർ ജയിക്കുകയില്ല. അവർ പരാജിതരാകും; പരിപൂർണമായി അപമാനിതരാകും അവരുടെ അപമാനം അവിസ്മരണീയമായിരിക്കും.
൧൧എന്നാൽ യഹോവ ബലവാനായ വീരനെപ്പോലെ എന്നോടുകൂടി ഉണ്ട്; അതിനാൽ എന്നെ ഉപദ്രവിക്കുന്നവർ ഇടറിവീഴും; അവർ ജയിക്കുകയില്ല; അവർ ബുദ്ധിയോടെ പ്രവർത്തിക്കാതിരുന്നതിനാൽ ഏറ്റവും ലജ്ജിച്ചുപോകും; ഒരിക്കലും മറന്നുപോകാത്ത നിത്യലജ്ജയോടെ തന്നെ.
12 നീതിനിഷ്ഠരെ പരിശോധിക്കുകയും അന്തരിന്ദ്രിയത്തെയും ഹൃദയത്തെയും കാണുകയുംചെയ്യുന്ന സൈന്യങ്ങളുടെ യഹോവേ, അവരുടെമേലുള്ള അങ്ങയുടെ പ്രതികാരം ഞാൻ കാണട്ടെ, കാരണം എന്റെ വ്യവഹാരം ഞാൻ അങ്ങയുടെമുമ്പിൽ വെച്ചിരിക്കുന്നു.
൧൨നീതിമാനെ ശോധനചെയ്ത്, അന്തരംഗങ്ങളെയും ഹൃദയത്തെയും കാണുന്നവനായ സൈന്യങ്ങളുടെ യഹോവേ, അങ്ങ് അവരോടു ചെയ്യുന്ന പ്രതികാരം ഞാൻ കാണുമാറാകട്ടെ; എന്റെ വ്യവഹാരം ഞാൻ അങ്ങയോടു ബോധിപ്പിച്ചിരിക്കുന്നുവല്ലോ.
13 യഹോവയ്ക്കു പാടുക! യഹോവയ്ക്കു സ്തോത്രംചെയ്യുക! കാരണം അവിടന്ന് ദരിദ്രരുടെ പ്രാണനെ ദുഷ്ടരുടെ കൈയിൽനിന്ന് വിടുവിച്ചിരിക്കുന്നു.
൧൩യഹോവയ്ക്കു പാട്ടുപാടുവിൻ! യഹോവയെ സ്തുതിക്കുവിൻ! അവിടുന്ന് ദരിദ്രന്റെ പ്രാണനെ ദുഷ്ടന്മാരുടെ കൈയിൽനിന്ന് വിടുവിച്ചിരിക്കുന്നു.
14 ഞാൻ പിറന്ന ദിവസം ശപിക്കപ്പെടട്ടെ! എന്റെ അമ്മ എന്നെ പ്രസവിച്ച ദിവസം അനുഗ്രഹിക്കപ്പെടാതിരിക്കട്ടെ!
൧൪ഞാൻ ജനിച്ചദിവസം ശപിക്കപ്പെട്ടിരിക്കട്ടെ; എന്റെ അമ്മ എന്നെ പ്രസവിച്ച ദിവസം അനുഗ്രഹിക്കപ്പെടാതിരിക്കട്ടെ.
15 “നിനക്ക് ഒരു പുരുഷപ്രജ ലഭിച്ചിരിക്കുന്നു!” എന്ന് എന്റെ പിതാവിന്റെ അടുക്കൽ വാർത്ത കൊണ്ടുവന്ന് അദ്ദേഹത്തെ ഏറ്റവും സന്തോഷിപ്പിച്ച മനുഷ്യൻ ശപിക്കപ്പെട്ടവനാകട്ടെ.
൧൫‘നിനക്ക് ഒരു മകൻ ജനിച്ചിരിക്കുന്നു’ എന്ന് എന്റെ അപ്പനോട് അറിയിച്ച് അവനെ ഏറ്റവും സന്തോഷിപ്പിച്ച മനുഷ്യൻ ശപിക്കപ്പെട്ടവൻ.
16 ഒരു സഹതാപവുംകൂടാതെ യഹോവ നശിപ്പിച്ചുകളഞ്ഞ പട്ടണങ്ങളെപ്പോലെ ആ മനുഷ്യൻ ആകട്ടെ. രാവിലെ അയാൾ നിലവിളിയും ഉച്ചസമയത്തു പോർവിളിയും കേൾക്കാനിടയാകട്ടെ.
൧൬എന്റെ അമ്മ എന്റെ ശവക്കുഴിയും, അവളുടെ ഗർഭപാത്രം എല്ലായ്പോഴും നിറഞ്ഞതും ആയിരിക്കേണ്ടതിന്, ആ മനുഷ്യൻ എന്നെ ഉദരത്തിൽവച്ച് കൊന്നുകളയാതിരുന്നതുകൊണ്ട് അവൻ,
17 എന്റെ അമ്മ എനിക്കു ശവക്കുഴിയായി, അവളുടെ ഉദരം എപ്പോഴും എന്നെക്കൊണ്ടു നിറഞ്ഞിരിക്കുമാറ്, അയാൾ എന്നെ ഗർഭത്തിൽവെച്ചുതന്നെ കൊന്നുകളഞ്ഞില്ലല്ലോ.
൧൭അനുതപിക്കാതെ യഹോവ ഉന്മൂലനാശം വരുത്തിയ പട്ടണങ്ങളെപ്പോലെ ആയിത്തീരട്ടെ; രാവിലെ അവൻ നിലവിളിയും ഉച്ചസമയത്ത് പോർവിളിയും കേൾക്കുമാറാകട്ടെ.
18 കഷ്ടതയും സങ്കടവും അനുഭവിക്കാനും എന്റെ ജീവിതകാലം ലജ്ജയിൽ കഴിഞ്ഞുകൂടുന്നതിനും ഞാൻ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതെന്തിന്?
൧൮കഷ്ടവും സങ്കടവും അനുഭവിച്ച് ജീവകാലം ലജ്ജയിൽ കഴിച്ചുകൂട്ടേണ്ടതിന് ഞാൻ ഉദരത്തിൽനിന്ന് പുറത്തുവന്നത് എന്തിന്?”.