< യെശയ്യാവ് 9 >

1 എന്നാൽ കഷ്ടതയിലായിരുന്ന ജനത്തിന്റെമേൽ ഇനിയൊരിക്കലും അന്ധകാരം ഉണ്ടാകുകയില്ല. മുൻകാലത്ത് അവിടന്ന് സെബൂലൂൻ ദേശത്തോടും നഫ്താലി ദേശത്തോടും നിന്ദയോടെ പെരുമാറി; എന്നാൽ പിൽക്കാലത്ത് കടൽക്കരെ, യോർദാനക്കരെ, ജനതകൾ വസിക്കുന്ന ഗലീലാദേശത്തിന് അവിടന്നു മഹത്ത്വം വരുത്തും.
എന്നാൽ കഷ്ടതയിൽ ഇരുന്ന ദേശത്തിന് തിമിരം നില്‍ക്കുകയില്ല; പണ്ട് അവിടുന്ന് സെബൂലൂൻദേശത്തിനും നഫ്താലിദേശത്തിനും അപമാനം വരുത്തിയെങ്കിലും പിന്നത്തേതിൽ അവിടുന്ന് കടൽവഴിയായി യോർദ്ദാനക്കരെയുള്ള ജാതികളുടെ ഗലീലയിൽ മഹത്ത്വം വരുത്തും.
2 ഇരുട്ടിൽ നടന്ന ജനം വലിയൊരു പ്രഭ ദർശിച്ചു; കൂരിരുട്ടിന്റെ ദേശത്തു താമസിച്ചവരുടെമേൽ ഒരു പ്രകാശം ഉദിച്ചു.
ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; മരണനിഴലിന്റെ ദേശത്തു വസിച്ചവരുടെ മേൽ പ്രകാശം ശോഭിച്ചു.
3 അങ്ങ് രാഷ്ട്രം വിസ്തൃതമാക്കുകയും അവരുടെ ആനന്ദം അധികമാക്കുകയും ചെയ്തു. കൊയ്ത്തുകാലത്ത് ആനന്ദിക്കുന്നതുപോലെയും കൊള്ള പങ്കിടുമ്പോൾ യോദ്ധാക്കൾ ആഹ്ലാദിക്കുന്നതുപോലെയും അവർ അങ്ങയുടെ സന്നിധിയിൽ ആനന്ദിക്കുന്നു.
അവിടുന്ന് ജനതയെ പെരുക്കുന്നു; അവരുടെ ആനന്ദത്തെ വർദ്ധിപ്പിക്കുന്നു; അവർ അവിടുത്തെ സന്നിധിയിൽ സന്തോഷിക്കുന്ന സന്തോഷം കൊയ്ത്തുകാലത്തിലെ സന്തോഷംപോലെയും കൊള്ളപങ്കിടുമ്പോൾ ആനന്ദിക്കുന്നതുപോലെയും ആകുന്നു.
4 അവരുടെ ഭാരമുള്ള നുകവും അവരുടെ ചുമലിലെ നുകക്കോലും അവരെ പീഡിപ്പിക്കുന്നവരുടെ വടിയും മിദ്യാന്റെകാലത്ത് എന്നപോലെ അങ്ങ് ഒടിച്ചുകളഞ്ഞിരിക്കുന്നു.
അവൻ ചുമക്കുന്ന നുകവും അവന്റെ ചുമലിലെ കോലും അവനെ ദണ്ഡിപ്പിക്കുന്നവന്റെ വടിയും മിദ്യാന്റെ നാളിലെപ്പോലെ അവിടുന്ന് ഒടിച്ചുകളഞ്ഞിരിക്കുന്നു.
5 യുദ്ധത്തിൽ ഉപയോഗിച്ച എല്ലാ യോദ്ധാക്കളുടെയും ചെരിപ്പും രക്തംപുരണ്ട ഓരോ അങ്കിയും അഗ്നിക്ക് ഇന്ധനമായി എരിഞ്ഞടങ്ങും.
ഒച്ചയോടെ ചവിട്ടി നടക്കുന്ന യോദ്ധാവിന്റെ ചെരിപ്പൊക്കെയും രക്തംപുരണ്ട വസ്ത്രവും വിറകുപോലെ തീക്ക് ഇരയായിത്തീരും.
6 എന്തെന്നാൽ നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു, നമുക്ക് ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു, ആധിപത്യം അവന്റെ തോളിലായിരിക്കും. അവൻ ഇപ്രകാരം വിളിക്കപ്പെടും: അത്ഭുതമന്ത്രി, ശക്തനായ ദൈവം, നിത്യപിതാവ്, സമാധാനപ്രഭു.
നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക് ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന് അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നു പേര് വിളിക്കപ്പെടും.
7 അവിടത്തെ ആധിപത്യത്തിന്റെ വർധനയ്ക്കും സമാധാനത്തിനും അവസാനം ഉണ്ടാകുകയില്ല. ദാവീദിന്റെ സിംഹാസനത്തിൽ ആരൂഢനായി അതിനെ നീതിയോടും ന്യായത്തോടുംകൂടി സ്ഥാപിച്ച് സുസ്ഥിരമാക്കി ദാവീദിന്റെ രാജ്യത്തിന്മേൽ ഇന്നുമുതൽ എന്നേക്കും വാഴും. സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത ഇതു നിറവേറ്റും.
അവന്റെ ആധിപത്യത്തിന്റെ വർദ്ധനയ്ക്കും സമാധാനത്തിനും അവസാനം ഉണ്ടാവുകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടി സ്ഥാപിച്ചു നിലനിർത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും.
8 കർത്താവ് യാക്കോബിനെതിരേ ഒരു വചനം അയച്ചു; അത് ഇസ്രായേലിന്മേൽ വീഴും.
കർത്താവ് യാക്കോബിൽ ഒരു വചനം അയച്ചു; അത് യിസ്രായേലിന്മേൽ വീണും ഇരിക്കുന്നു.
9 “ഇഷ്ടികകൾ വീണുപോയി, എന്നാൽ ഞങ്ങൾ ചെത്തിമിനുക്കിയ കല്ലുകൊണ്ടുപണിയും; അത്തിമരങ്ങൾ വെട്ടിവീഴ്ത്തപ്പെട്ടു, എന്നാൽ അവയ്ക്കുപകരം ഞങ്ങൾ ദേവദാരുക്കൾ നട്ടുപിടിപ്പിക്കും,” എന്ന് അഹങ്കാരത്തോടും ഗർവമുള്ള ഹൃദയത്തോടും സംസാരിക്കുന്ന സകലജനവും—എഫ്രയീമും ശമര്യാനിവാസികളും—അത് അറിയും.
“ഇഷ്ടികകൾ വീണുപോയി എങ്കിലും ഞങ്ങൾ വെട്ടുകല്ലുകൊണ്ടു പണിയും; കാട്ടത്തികളെ വെട്ടിക്കളഞ്ഞു എങ്കിലും ഞങ്ങൾ അവയ്ക്കു പകരം ദേവദാരുക്കളെ നട്ടുകൊള്ളും”
൧൦എന്നിങ്ങനെ അഹങ്കാരത്തോടും ഹൃദയഗർവ്വത്തോടുംകൂടി പറയുന്ന എഫ്രയീമും ശമര്യനിവാസികളുമായ ജനമെല്ലാം അത് അറിയും.
11 അതിനാൽ യഹോവ രെസീന്റെ എതിരാളികളെ അവർക്കെതിരേ വരുത്തും, അവന്റെ എല്ലാ ശത്രുക്കളെയും ഇളക്കിവിടും.
൧൧അതുകൊണ്ട് യഹോവ രെസീന്റെ വൈരികളെ അവന്റെനേരെ ഉയർത്തി, അവന്റെ ശത്രുക്കളെ ഇളക്കിവിട്ടിരിക്കുന്നു.
12 അരാമ്യർ കിഴക്കും ഫെലിസ്ത്യർ പടിഞ്ഞാറുംതന്നെ അവർ ഇസ്രായേലിനെ വായ് പിളർന്നു വിഴുങ്ങിക്കളയും. ഇതൊന്നുകൊണ്ടും അവിടത്തെ കോപം നീങ്ങിപ്പോയിട്ടില്ല, അവിടത്തെ കൈ ഇപ്പോഴും ഉയർന്നുതന്നെയിരിക്കുന്നു.
൧൨അരാമ്യർ കിഴക്കും ഫെലിസ്ത്യർ പടിഞ്ഞാറും തന്നെ; അവർ യിസ്രായേലിനെ വായ് പിളർന്നു വിഴുങ്ങിക്കളയും. ഇതെല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും.
13 എന്നിട്ടും ജനം തങ്ങളെ അടിച്ചവനിലേക്കു തിരിയുന്നില്ല, സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കുന്നതുമില്ല.
൧൩എന്നിട്ടും ജനം അവരെ അടിക്കുന്ന ദൈവത്തിങ്കലേക്ക് തിരിയുന്നില്ല; സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കുന്നതുമില്ല.
14 അതിനാൽ യഹോവ ഇസ്രായേലിൽനിന്നു തലയും വാലും പനമ്പട്ടയും ഞാങ്ങണയും ഒരു ദിവസംതന്നെ ഛേദിച്ചുകളയും.
൧൪അതുകൊണ്ട് യഹോവ യിസ്രായേലിൽനിന്നു തലയും വാലും പനമ്പട്ടയും പോട്ടപ്പുല്ലും ഒരു ദിവസത്തിൽ തന്നെ ഛേദിച്ചുകളയും.
15 ജനത്തിന്റെ നേതാക്കന്മാരും ഉന്നതാധികാരികളും അവരുടെ തലയും വ്യാജം പഠിപ്പിക്കുന്ന പ്രവാചകന്മാർ അവരുടെ വാലും ആകുന്നു.
൧൫മൂപ്പനും മാന്യപുരുഷനും തന്നെ തല; അസത്യം ഉപദേശിക്കുന്ന പ്രവാചകൻ തന്നെ വാൽ.
16 ഈ ജനത്തെ നയിക്കുന്നവർതന്നെ അവരെ വഴിതെറ്റിക്കുന്നു, അവർ നയിച്ച ജനം നശിച്ചുപോകുകയും ചെയ്തു.
൧൬ഈ ജനത്തെ നടത്തുന്നവർ അവരെ തെറ്റിച്ചുകളയുന്നു; അവരാൽ നടത്തപ്പെടുന്നവർ നശിച്ചുപോകുന്നു.
17 അതിനാൽ യഹോവ അവരുടെ യുവാക്കന്മാരിൽ പ്രസാദിക്കുന്നില്ല, അവരുടെ അനാഥരോടും വിധവകളോടും അവിടത്തേക്ക് സഹതാപം തോന്നുന്നതുമില്ല. കാരണം അവരെല്ലാവരും അഭക്തരും ദുഷ്ടരുമാണ്; എല്ലാ വായും ഭോഷത്തം സംസാരിക്കുന്നു. ഇതൊന്നുകൊണ്ടും അവിടത്തെ കോപം നീങ്ങിപ്പോയിട്ടില്ല, അവിടത്തെ കൈ ഇപ്പോഴും ഉയർന്നുതന്നെയിരിക്കുന്നു.
൧൭അതുകൊണ്ട് കർത്താവ് അവരുടെ യൗവനക്കാരിൽ സന്തോഷിക്കുകയില്ല; അവരുടെ അനാഥന്മാരോടും വിധവമാരോടും അവിടുത്തേക്കു കരുണ തോന്നുകയുമില്ല; എല്ലാവരും വഷളന്മാരും ദുഷ്കർമ്മികളും ആകുന്നു; എല്ലാ വായും ബുദ്ധികേട്‌ സംസാരിക്കുന്നു. ഇത് എല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും.
18 ദുഷ്ടത തീപോലെ ജ്വലിക്കുന്നു, നിശ്ചയം; അത് മുള്ളും പറക്കാരയും ദഹിപ്പിക്കുന്നു. അതു വനത്തിലെ കുറ്റിക്കാടുകൾക്കു തീ കൊടുക്കുന്നു, അതുകൊണ്ട് അവ പുകത്തൂണായി കറങ്ങിമറിഞ്ഞു മേലോട്ട് ഉയരുന്നു.
൧൮ദുഷ്ടത തീപോലെ ജ്വലിക്കുന്നു; അത് മുൾച്ചെടികളും മുള്ളുകളും ദഹിപ്പിക്കുന്നു; വനത്തിലെ കുറ്റിക്കാടുകളിൽ കത്തുന്നു; പുകത്തൂണുകളായി ഉരുണ്ടുയരുന്നു.
19 സൈന്യങ്ങളുടെ യഹോവയുടെ കോപംനിമിത്തം ദേശം വരണ്ടുണങ്ങും; ജനം അഗ്നിക്ക് ഇന്ധനമാകും; ആരുംതന്നെ സഹോദരങ്ങളെ വെറുതേ വിടുകയില്ല.
൧൯സൈന്യങ്ങളുടെ യഹോവയുടെ കോപംനിമിത്തം ദേശം ദഹിച്ചുപോയിരിക്കുന്നു; ജനവും തീയ്ക്ക് ഇരയായിരിക്കുന്നു; ഒരുത്തനും തന്റെ സഹോദരനെ ആദരിക്കുന്നില്ല.
20 അവർ തങ്ങളുടെ വലത്തുവശത്തുള്ള അയൽവാസിയെ ആക്രമിക്കും എന്നിട്ടും വിശന്നിരിക്കുന്നു; ഇടത്തുവശത്തുള്ള അയൽവാസിയെ കവർച്ചചെയ്യും, എന്നിട്ടും തൃപ്തിവരുന്നില്ല. ഓരോരുത്തനും അവരവരുടെ ഭുജംതന്നെയും ഭക്ഷിക്കും:
൨൦ഒരുവൻ വലത്തുഭാഗം കടിച്ചുപറിച്ചിട്ടും വിശന്നിരിക്കും; ഇടത്തുഭാഗവും തിന്നും; തൃപ്തിവരുകയുമില്ല; ഓരോരുത്തൻ അവനവന്റെ കുഞ്ഞുങ്ങളുടെ മാംസം തിന്നുകളയുന്നു.
21 മനശ്ശെ എഫ്രയീമിനെയും എഫ്രയീം മനശ്ശെയെയും വിഴുങ്ങുന്നു. അവർ ഒരുമിച്ച് യെഹൂദയ്ക്ക് എതിരായിരിക്കുന്നു. ഇതൊന്നുകൊണ്ടും അവിടത്തെ കോപം നീങ്ങിപ്പോയിട്ടില്ല, അവിടത്തെ കൈ ഇപ്പോഴും ഉയർന്നുതന്നെയിരിക്കുന്നു.
൨൧മനശ്ശെ എഫ്രയീമിനെയും എഫ്രയീം മനശ്ശെയെയും തന്നെ; അവർ ഇരുവരും യെഹൂദാക്കു വിരോധമായിരിക്കുന്നു. ഇതെല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും.

< യെശയ്യാവ് 9 >