< യെശയ്യാവ് 8 >

1 അപ്പോൾ യഹോവ എന്നോട്: “നീ ഒരു വലിയ ഫലകം എടുത്ത് അതിൽ സാധാരണ അക്ഷരത്തിൽ, മഹേർ-ശാലാൽ-ഹാശ്-ബസ്” എന്ന് എഴുതുക.
യഹോവ എന്നോട് കല്പിച്ചത്: “നീ ഒരു വലിയ പലക എടുത്ത്, സാമാന്യഅക്ഷരത്തിൽ: മഹേർ-ശാലാൽ ഹാശ്-ബസ് എന്ന് എഴുതുക.
2 ഞാൻ എനിക്കുവേണ്ടി ഊരിയാ പുരോഹിതനെയും യെബെരെഖ്യാവിന്റെ മകനായ സെഖര്യാവിനെയും വിശ്വസ്തസാക്ഷികളായി വിളിക്കും.
ഞാൻ ഊരീയാപുരോഹിതനെയും യെബെരെഖ്യാവിന്റെ മകനായ സെഖര്യാവെയും എനിക്ക് വിശ്വസ്തസാക്ഷികളാക്കി വയ്ക്കും”.
3 പിന്നീട് ഞാൻ പ്രവാചികയുടെ അടുക്കൽ ചെന്നു, അങ്ങനെ അവൾ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തു: “അവന് മഹേർ-ശാലാൽ-ഹാശ്-ബസ്, എന്നു പേരിടുക.
ഞാൻ പ്രവാചകിയുടെ അടുക്കൽ ചെന്നു; അവൾ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. യഹോവ എന്നോട്: “അവന് മഹേർ-ശാലാൽ ഹാശ്-ബസ് എന്നു പേര് വിളിക്കുക;
4 കാരണം ഈ കുട്ടിക്ക് അപ്പാ, അമ്മാ എന്നു വിളിക്കാൻ പ്രായമാകുന്നതിനുമുമ്പ്, ദമസ്കോസിലെ ധനവും ശമര്യയിലെ കവർച്ചമുതലും അശ്ശൂർരാജാവ് എടുത്തുകൊണ്ടുപോകും.”
ഈ കുട്ടിക്ക് ‘അപ്പാ, അമ്മേ’ എന്നു വിളിക്കുവാൻ പ്രായമാകുംമുമ്പ് ദമ്മേശെക്കിലെ ധനവും ശമര്യയിലെ കൊള്ളയും അശ്ശൂർരാജാവിന്റെ അടുക്കലേക്ക് എടുത്തുകൊണ്ടുപോകും” എന്നരുളിച്ചെയ്തു.
5 യഹോവ പിന്നെയും എന്നോട് ഇപ്രകാരം അരുളിച്ചെയ്തു:
യഹോവ പിന്നെയും എന്നോട് അരുളിച്ചെയ്തത് എന്തെന്നാൽ:
6 “ഈ ജനം ശാന്തമായി ഒഴുകുന്ന ശീലോഹാവെള്ളത്തെ ഉപേക്ഷിച്ചതുകൊണ്ടും രെസീനിലും രെമല്യാവിന്റെ മകനിലും ആനന്ദിക്കുന്നതുകൊണ്ടും,
“ഈ ജനം സാവധാനത്തോടെ ഒഴുകുന്ന ശീലോഹാവെള്ളത്തെ നിരസിച്ചു രെസീനിലും രെമല്യാവിന്‍റെ മകനിലും സന്തോഷിക്കുന്നതുകൊണ്ട്,
7 കർത്താവ് അവരുടെമേൽ യൂഫ്രട്ടീസിലെ ശക്തവും സമൃദ്ധവുമായ പ്രളയജലം— അശ്ശൂർരാജാവിനെയും അവന്റെ സകലസന്നാഹത്തെയും—അയയ്ക്കും. അത് അവരുടെ എല്ലാ തോടുകളിലും പൊങ്ങി അതിന്റെ എല്ലാ കരകളിലും കവിഞ്ഞൊഴുകും.
അതുകാരണത്താൽ തന്നെ, യഹോവ നദിയിലെ ബലമേറിയ പെരുവെള്ളത്തെ, അശ്ശൂർരാജാവിനെയും അവന്റെ സകലമഹത്ത്വത്തെയും തന്നെ, അവരുടെ മേൽ വരുത്തും; അത് അതിന്റെ എല്ലാതോടുകളിലും പൊങ്ങി അതിന്റെ എല്ലാകരകളെയും കവിഞ്ഞൊഴുകും.
8 അനന്തരം അതു യെഹൂദ്യയിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തുവരെയും എത്തും. ഇമ്മാനുവേലേ, അതിന്റെ വിരിച്ച ചിറകുകൾ, നിന്റെ ദേശത്തിന്റെ വിസ്തൃതിയെ മൂടും.”
അത് യെഹൂദായിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തോളം എത്തും; അതിന്റെ വിടർന്ന ചിറക്, ഇമ്മാനൂവേലേ, നിന്റെ ദേശത്തിന്റെ വിസ്‌തൃതിയെ മൂടും”.
9 രാഷ്ട്രങ്ങളേ, യുദ്ധാരവം മുഴക്കുകയും തകർന്നടിയുകയുംചെയ്യുക! ഭൂമിയിലെ വിദൂരസ്ഥലങ്ങളേ, ചെവിതരിക. യുദ്ധത്തിനു തയ്യാറെടുക്കുകയും തകർന്നടിയുകയുംചെയ്യുക! അതേ, യുദ്ധത്തിനു തയ്യാറെടുക്കുകയും തകർന്നടിയുകയുംചെയ്യുക!
ജനതകളേ, കലഹിക്കുവിൻ; തകർന്നുപോകുവിൻ! സകല ദൂരരാജ്യക്കാരുമായുള്ളവരേ, ശ്രദ്ധിച്ചുകൊള്ളുവിൻ; അര കെട്ടിക്കൊള്ളുവിൻ; തകർന്നുപോകുവിൻ. അര കെട്ടിക്കൊള്ളുവിൻ, തകർന്നുപോകുവിൻ.
10 നിങ്ങൾ ഒരു യുദ്ധതന്ത്രം ആവിഷ്ക്കരിക്കുക, എന്നാൽ അതു നിഷ്ഫലമാക്കപ്പെടും; നിങ്ങളുടെ ഉത്തരവ് പുറപ്പെടുവിക്കുക, അതു നിലനിൽക്കുകയില്ല, കാരണം ദൈവം നമ്മോടുകൂടെയുണ്ട്.
൧൦കൂടി ആലോചിച്ചുകൊള്ളുവിൻ; അത് നിഷ്ഫലമായിത്തീരും; കാര്യം പറഞ്ഞുറക്കുവിൻ; അത് നിലനില്‍ക്കുകയില്ല; ദൈവം ഞങ്ങളോടുകൂടി ഉണ്ട്.
11 യഹോവ വളരെ കർക്കശമായ മുന്നറിയിപ്പോടെ എന്നോടു സംസാരിച്ച് ഈ ജനങ്ങളുടെ വഴിയിൽ നടക്കാതിരിക്കാൻ ഉപദേശിച്ചു. അവിടന്ന് അരുളിച്ചെയ്തത്:
൧൧യഹോവ ബലമുള്ള കൈകൊണ്ട് എന്നെ പിടിച്ച് എന്നോട് അരുളിച്ചെയ്തു; ഞാൻ ഈ ജനത്തിന്റെ വഴിയിൽ നടക്കാതെയിരിക്കേണ്ടതിന് എനിക്ക് ഉപദേശിച്ചുതന്നത് എന്തെന്നാൽ:
12 “ഈ ജനം ഗൂഢാലോചന എന്നു വിളിക്കുന്ന എല്ലാറ്റിനെയും നിങ്ങൾ ഗൂഢാലോചന എന്നു വിളിക്കരുത്; അവർ ഭയപ്പെടുന്നതിനെ നിങ്ങൾ ഭയപ്പെടരുത്, ഭ്രമിക്കുകയുമരുത്.
൧൨“ഈ ജനം കൂട്ടുകെട്ട് എന്നു പറയുന്നതിനെല്ലാം കൂട്ടുകെട്ട് എന്നു നിങ്ങൾ പറയരുത്; അവർ ഭയപ്പെടുന്നതിനെ നിങ്ങൾ ഭയപ്പെടരുത്, ഭ്രമിച്ചുപോകുകയുമരുത്.
13 സൈന്യങ്ങളുടെ യഹോവയെയാണ് നിങ്ങൾ പരിശുദ്ധനായി കരുതേണ്ടത്, അവിടന്നു നിങ്ങളുടെ ഭയം ആയിരിക്കട്ടെ, അവിടന്നുതന്നെ നിങ്ങളുടെ ഭീതിയും ആയിരിക്കട്ടെ.
൧൩സൈന്യങ്ങളുടെ യഹോവ ശുദ്ധിഉള്ളവനും ബഹുമാനിക്കപ്പെടുന്നവനും ആകട്ടെ; അവിടുന്ന് തന്നെ നിങ്ങളുടെ ഭയവും നിങ്ങളുടെ ഭീതിയും ആയിരിക്കട്ടെ.
14 അപ്പോൾ അവിടന്ന് ഒരു വിശുദ്ധമന്ദിരമാകും; എന്നാൽ ഇസ്രായേലിനും യെഹൂദയ്ക്കും അവിടന്ന് കാലിടറിക്കുന്ന കല്ലും നിലംപരിചാക്കുന്ന പാറയുമാണ്. ജെറുശലേംനിവാസികൾക്ക് അവിടന്ന് ഒരു കെണിയും കുരുക്കും ആയിരിക്കും.
൧൪എന്നാൽ അവൻ ഒരു വിശുദ്ധമന്ദിരമായിരിക്കും; എങ്കിലും യിസ്രായേൽ ഗൃഹത്തിനു രണ്ടിനും അവൻ ഒരു ഇടർച്ചക്കല്ലും തടങ്ങൽപാറയും യെരൂശലേം നിവാസികൾക്ക് ഒരു കുടുക്കും കെണിയും ആയിരിക്കും.
15 പലരും കാലിടറി വീഴും; അവർ വീണു തകർന്നുപോകുകയും കെണിയിൽ കുടുങ്ങി പിടിക്കപ്പെടുകയും ചെയ്യും.”
൧൫പലരും അതിന്മേൽ തട്ടിവീണു തകർന്നുപോവുകയും കെണിയിൽ കുടുങ്ങി പിടിപെടുകയും ചെയ്യും”.
16 ഈ മുന്നറിയിപ്പിന്റെ സാക്ഷ്യം കെട്ടിവെക്കുക; എന്റെ ശിഷ്യരുടെയിടയിൽ നിയമം മുദ്രയിട്ടു സൂക്ഷിക്കുക.
൧൬സാക്ഷ്യം പൊതിഞ്ഞുകെട്ടുക; എന്റെ ശിഷ്യന്മാരുടെ ഇടയിൽ ഉപദേശം മുദ്രയിട്ടു വെക്കുക.
17 യാക്കോബിന്റെ സന്തതികളിൽനിന്ന് തന്റെ മുഖം മറച്ചുവെക്കുന്ന യഹോവയ്ക്കായി ഞാൻ കാത്തിരിക്കും; എന്റെ ആശ്രയം ഞാൻ യഹോവയിൽത്തന്നെ അർപ്പിക്കും.
൧൭ഞാനോ യാക്കോബ് ഗൃഹത്തിന് തന്റെ മുഖം മറച്ചുകളഞ്ഞ യഹോവയ്ക്കായി കാത്തിരിക്കുകയും പ്രത്യാശിക്കുകയും ചെയ്യും.
18 ഇതാ, ഞാനും യഹോവ എനിക്കു നൽകിയ മക്കളും. സീയോൻപർവതത്തിൽ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയിൽനിന്ന് ഇസ്രായേലിനുള്ള ചിഹ്നങ്ങളും മുന്നറിയിപ്പുകളും ആയിരിക്കുന്നു.
൧൮ഇതാ, ഞാനും യഹോവ എനിക്ക് തന്ന മക്കളും സീയോൻ പർവ്വതത്തിൽ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയാൽ യിസ്രായേലിൽ അടയാളങ്ങളും അത്ഭുതങ്ങളും ആയിരിക്കുന്നു.
19 വെളിച്ചപ്പാടുകളോടും തന്ത്രമന്ത്രങ്ങൾ ചെയ്യുന്ന ഭൂതസേവക്കാരോടും ആലോചന ചോദിക്കുക, എന്ന് അവർ നിങ്ങളോടു പറയുന്നെങ്കിൽ ജനം തങ്ങളുടെ ദൈവത്തോടല്ലേ ആലോചന ചോദിക്കേണ്ടത്? ജീവിച്ചിരിക്കുന്നവർക്കുവേണ്ടി മരിച്ചവരോട് ആരായുന്നത് എന്തിന്?
൧൯“വെളിച്ചപ്പാടന്മാരോട് ചിലയ്ക്കുകയും ജപിക്കുകയും ചെയ്യുന്നവരായ ലക്ഷണവാദികളോടും അരുളപ്പാട് ചോദിക്കുവിൻ” എന്ന് അവർ നിങ്ങളോടു പറയുന്നുവെങ്കിൽ - “ജനം അവരുടെ ദൈവത്തോടല്ലയോ ചോദിക്കേണ്ടത്? ജീവനുള്ളവർക്കുവേണ്ടി മരിച്ചവരോടോ ചോദിക്കേണ്ടത്?
20 ദൈവത്തിന്റെ നിർദേശത്തിനും പ്രവാചകസാക്ഷ്യത്തിനും ആരായുക. ഈ വചനപ്രകാരം ഒരാൾ സംസാരിക്കുന്നില്ലെങ്കിൽ അത് അവർക്ക് ഉഷസ്സിന്റെ വെളിച്ചം ഇല്ലായ്കയാലാണ്.
൨൦ഉപദേശത്തിനും സാക്ഷ്യത്തിനും വരുവിൻ!” അവർ ഈ വാക്കുപോലെ പറയുന്നില്ലെങ്കിൽ - അവർക്ക് അരുണോദയം ഉണ്ടാവുകയില്ല.
21 അവർ ഏറ്റവും വലഞ്ഞും വിശന്നും ദേശത്തുകൂടി കടന്നുപോകും; അവർക്കു വിശക്കുമ്പോൾ അവർ കോപിച്ച് തങ്ങളുടെ രാജാവിനെയും ദൈവത്തെയും ശപിച്ച് മുഖം ആകാശത്തിലേക്കു തിരിക്കും,
൨൧അവർ ഏറ്റവും വലഞ്ഞും വിശന്നും ദേശത്തുകൂടി കടന്നുപോകും; അവർക്ക് വിശക്കുമ്പോൾ അവർ കോപാകുലരായി മുഖം മേലോട്ടുയർത്തി അവരുടെ രാജാവിനെയും അവരുടെ ദൈവത്തെയും ശപിക്കും.
22 അവർ ഭൂമിയിലേക്കു നോക്കുമ്പോൾ കഷ്ടതയും അന്ധകാരവും ഭയാനകമായ മൂകതയുംമാത്രമേ കാണുകയുള്ളൂ; ഒടുവിൽ അവർ ഘോരാന്ധകാരത്തിലേക്കു തള്ളപ്പെടും.
൨൨അവർ ഭൂമിയിൽ നോക്കുമ്പോൾ കഷ്ടതയും അന്ധകാരവും സങ്കടമുള്ള തിമിരവും കാണും; കൂരിരുട്ടിലേക്ക് അവരെ തള്ളിക്കളയും.

< യെശയ്യാവ് 8 >