< യെശയ്യാവ് 8 >

1 അപ്പോൾ യഹോവ എന്നോട്: “നീ ഒരു വലിയ ഫലകം എടുത്ത് അതിൽ സാധാരണ അക്ഷരത്തിൽ, മഹേർ-ശാലാൽ-ഹാശ്-ബസ്” എന്ന് എഴുതുക.
ויאמר יהוה אלי קח לך גליון גדול וכתב עליו בחרט אנוש למהר שלל חש בז׃
2 ഞാൻ എനിക്കുവേണ്ടി ഊരിയാ പുരോഹിതനെയും യെബെരെഖ്യാവിന്റെ മകനായ സെഖര്യാവിനെയും വിശ്വസ്തസാക്ഷികളായി വിളിക്കും.
ואעידה לי עדים נאמנים את אוריה הכהן ואת זכריהו בן יברכיהו׃
3 പിന്നീട് ഞാൻ പ്രവാചികയുടെ അടുക്കൽ ചെന്നു, അങ്ങനെ അവൾ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തു: “അവന് മഹേർ-ശാലാൽ-ഹാശ്-ബസ്, എന്നു പേരിടുക.
ואקרב אל הנביאה ותהר ותלד בן ויאמר יהוה אלי קרא שמו מהר שלל חש בז׃
4 കാരണം ഈ കുട്ടിക്ക് അപ്പാ, അമ്മാ എന്നു വിളിക്കാൻ പ്രായമാകുന്നതിനുമുമ്പ്, ദമസ്കോസിലെ ധനവും ശമര്യയിലെ കവർച്ചമുതലും അശ്ശൂർരാജാവ് എടുത്തുകൊണ്ടുപോകും.”
כי בטרם ידע הנער קרא אבי ואמי ישא את חיל דמשק ואת שלל שמרון לפני מלך אשור׃
5 യഹോവ പിന്നെയും എന്നോട് ഇപ്രകാരം അരുളിച്ചെയ്തു:
ויסף יהוה דבר אלי עוד לאמר׃
6 “ഈ ജനം ശാന്തമായി ഒഴുകുന്ന ശീലോഹാവെള്ളത്തെ ഉപേക്ഷിച്ചതുകൊണ്ടും രെസീനിലും രെമല്യാവിന്റെ മകനിലും ആനന്ദിക്കുന്നതുകൊണ്ടും,
יען כי מאס העם הזה את מי השלח ההלכים לאט ומשוש את רצין ובן רמליהו׃
7 കർത്താവ് അവരുടെമേൽ യൂഫ്രട്ടീസിലെ ശക്തവും സമൃദ്ധവുമായ പ്രളയജലം— അശ്ശൂർരാജാവിനെയും അവന്റെ സകലസന്നാഹത്തെയും—അയയ്ക്കും. അത് അവരുടെ എല്ലാ തോടുകളിലും പൊങ്ങി അതിന്റെ എല്ലാ കരകളിലും കവിഞ്ഞൊഴുകും.
ולכן הנה אדני מעלה עליהם את מי הנהר העצומים והרבים את מלך אשור ואת כל כבודו ועלה על כל אפיקיו והלך על כל גדותיו׃
8 അനന്തരം അതു യെഹൂദ്യയിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തുവരെയും എത്തും. ഇമ്മാനുവേലേ, അതിന്റെ വിരിച്ച ചിറകുകൾ, നിന്റെ ദേശത്തിന്റെ വിസ്തൃതിയെ മൂടും.”
וחלף ביהודה שטף ועבר עד צואר יגיע והיה מטות כנפיו מלא רחב ארצך עמנו אל׃
9 രാഷ്ട്രങ്ങളേ, യുദ്ധാരവം മുഴക്കുകയും തകർന്നടിയുകയുംചെയ്യുക! ഭൂമിയിലെ വിദൂരസ്ഥലങ്ങളേ, ചെവിതരിക. യുദ്ധത്തിനു തയ്യാറെടുക്കുകയും തകർന്നടിയുകയുംചെയ്യുക! അതേ, യുദ്ധത്തിനു തയ്യാറെടുക്കുകയും തകർന്നടിയുകയുംചെയ്യുക!
רעו עמים וחתו והאזינו כל מרחקי ארץ התאזרו וחתו התאזרו וחתו׃
10 നിങ്ങൾ ഒരു യുദ്ധതന്ത്രം ആവിഷ്ക്കരിക്കുക, എന്നാൽ അതു നിഷ്ഫലമാക്കപ്പെടും; നിങ്ങളുടെ ഉത്തരവ് പുറപ്പെടുവിക്കുക, അതു നിലനിൽക്കുകയില്ല, കാരണം ദൈവം നമ്മോടുകൂടെയുണ്ട്.
עצו עצה ותפר דברו דבר ולא יקום כי עמנו אל׃
11 യഹോവ വളരെ കർക്കശമായ മുന്നറിയിപ്പോടെ എന്നോടു സംസാരിച്ച് ഈ ജനങ്ങളുടെ വഴിയിൽ നടക്കാതിരിക്കാൻ ഉപദേശിച്ചു. അവിടന്ന് അരുളിച്ചെയ്തത്:
כי כה אמר יהוה אלי בחזקת היד ויסרני מלכת בדרך העם הזה לאמר׃
12 “ഈ ജനം ഗൂഢാലോചന എന്നു വിളിക്കുന്ന എല്ലാറ്റിനെയും നിങ്ങൾ ഗൂഢാലോചന എന്നു വിളിക്കരുത്; അവർ ഭയപ്പെടുന്നതിനെ നിങ്ങൾ ഭയപ്പെടരുത്, ഭ്രമിക്കുകയുമരുത്.
לא תאמרון קשר לכל אשר יאמר העם הזה קשר ואת מוראו לא תיראו ולא תעריצו׃
13 സൈന്യങ്ങളുടെ യഹോവയെയാണ് നിങ്ങൾ പരിശുദ്ധനായി കരുതേണ്ടത്, അവിടന്നു നിങ്ങളുടെ ഭയം ആയിരിക്കട്ടെ, അവിടന്നുതന്നെ നിങ്ങളുടെ ഭീതിയും ആയിരിക്കട്ടെ.
את יהוה צבאות אתו תקדישו והוא מוראכם והוא מערצכם׃
14 അപ്പോൾ അവിടന്ന് ഒരു വിശുദ്ധമന്ദിരമാകും; എന്നാൽ ഇസ്രായേലിനും യെഹൂദയ്ക്കും അവിടന്ന് കാലിടറിക്കുന്ന കല്ലും നിലംപരിചാക്കുന്ന പാറയുമാണ്. ജെറുശലേംനിവാസികൾക്ക് അവിടന്ന് ഒരു കെണിയും കുരുക്കും ആയിരിക്കും.
והיה למקדש ולאבן נגף ולצור מכשול לשני בתי ישראל לפח ולמוקש ליושב ירושלם׃
15 പലരും കാലിടറി വീഴും; അവർ വീണു തകർന്നുപോകുകയും കെണിയിൽ കുടുങ്ങി പിടിക്കപ്പെടുകയും ചെയ്യും.”
וכשלו בם רבים ונפלו ונשברו ונוקשו ונלכדו׃
16 ഈ മുന്നറിയിപ്പിന്റെ സാക്ഷ്യം കെട്ടിവെക്കുക; എന്റെ ശിഷ്യരുടെയിടയിൽ നിയമം മുദ്രയിട്ടു സൂക്ഷിക്കുക.
צור תעודה חתום תורה בלמדי׃
17 യാക്കോബിന്റെ സന്തതികളിൽനിന്ന് തന്റെ മുഖം മറച്ചുവെക്കുന്ന യഹോവയ്ക്കായി ഞാൻ കാത്തിരിക്കും; എന്റെ ആശ്രയം ഞാൻ യഹോവയിൽത്തന്നെ അർപ്പിക്കും.
וחכיתי ליהוה המסתיר פניו מבית יעקב וקויתי לו׃
18 ഇതാ, ഞാനും യഹോവ എനിക്കു നൽകിയ മക്കളും. സീയോൻപർവതത്തിൽ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയിൽനിന്ന് ഇസ്രായേലിനുള്ള ചിഹ്നങ്ങളും മുന്നറിയിപ്പുകളും ആയിരിക്കുന്നു.
הנה אנכי והילדים אשר נתן לי יהוה לאתות ולמופתים בישראל מעם יהוה צבאות השכן בהר ציון׃
19 വെളിച്ചപ്പാടുകളോടും തന്ത്രമന്ത്രങ്ങൾ ചെയ്യുന്ന ഭൂതസേവക്കാരോടും ആലോചന ചോദിക്കുക, എന്ന് അവർ നിങ്ങളോടു പറയുന്നെങ്കിൽ ജനം തങ്ങളുടെ ദൈവത്തോടല്ലേ ആലോചന ചോദിക്കേണ്ടത്? ജീവിച്ചിരിക്കുന്നവർക്കുവേണ്ടി മരിച്ചവരോട് ആരായുന്നത് എന്തിന്?
וכי יאמרו אליכם דרשו אל האבות ואל הידענים המצפצפים והמהגים הלוא עם אל אלהיו ידרש בעד החיים אל המתים׃
20 ദൈവത്തിന്റെ നിർദേശത്തിനും പ്രവാചകസാക്ഷ്യത്തിനും ആരായുക. ഈ വചനപ്രകാരം ഒരാൾ സംസാരിക്കുന്നില്ലെങ്കിൽ അത് അവർക്ക് ഉഷസ്സിന്റെ വെളിച്ചം ഇല്ലായ്കയാലാണ്.
לתורה ולתעודה אם לא יאמרו כדבר הזה אשר אין לו שחר׃
21 അവർ ഏറ്റവും വലഞ്ഞും വിശന്നും ദേശത്തുകൂടി കടന്നുപോകും; അവർക്കു വിശക്കുമ്പോൾ അവർ കോപിച്ച് തങ്ങളുടെ രാജാവിനെയും ദൈവത്തെയും ശപിച്ച് മുഖം ആകാശത്തിലേക്കു തിരിക്കും,
ועבר בה נקשה ורעב והיה כי ירעב והתקצף וקלל במלכו ובאלהיו ופנה למעלה׃
22 അവർ ഭൂമിയിലേക്കു നോക്കുമ്പോൾ കഷ്ടതയും അന്ധകാരവും ഭയാനകമായ മൂകതയുംമാത്രമേ കാണുകയുള്ളൂ; ഒടുവിൽ അവർ ഘോരാന്ധകാരത്തിലേക്കു തള്ളപ്പെടും.
ואל ארץ יביט והנה צרה וחשכה מעוף צוקה ואפלה מנדח׃

< യെശയ്യാവ് 8 >