< യെശയ്യാവ് 66 >

1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “സ്വർഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു. നിങ്ങൾ എനിക്കുവേണ്ടി നിർമിക്കുന്ന ആലയം എവിടെ? എന്റെ വിശ്രമസ്ഥലം എവിടെ?
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “സ്വർഗ്ഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു; നിങ്ങൾ എനിക്ക് പണിയുന്ന ആലയം ഏതുവിധം? എന്റെ വിശ്രാമസ്ഥലവും ഏത്?
2 എന്റെ കരങ്ങളാണല്ലോ ഇവയെല്ലാം നിർമിച്ചത്, അങ്ങനെയാണല്ലോ ഇവയെല്ലാം ഉളവായിവന്നത്,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “വിനയശീലരും മനസ്സുതകർന്നവരും എന്റെ വചനത്തിൽ വിറയ്ക്കുന്നവരുമായ മനുഷ്യരോടാണ് ഞാൻ കരുണയോടെ കടാക്ഷിക്കുന്നത്.
എന്റെ കൈ ഇതൊക്കെയും ഉണ്ടാക്കി; അങ്ങനെയാകുന്നു ഇതെല്ലാം ഉളവായത്” എന്നു യഹോവ അരുളിച്ചെയ്യുന്നു; “എങ്കിലും എളിയവനും മനസ്സു തകർന്നവനും എന്റെ വചനത്തിങ്കൽ വിറയ്ക്കുന്നവനുമായ മനുഷ്യനെ ഞാൻ കടാക്ഷിക്കും.
3 എന്നാൽ ഒരു കാളയെ യാഗമർപ്പിക്കുന്നവർ ഒരു മനുഷ്യനെ വധിക്കുന്നവരെപ്പോലെയാണ്, ഒരു ആട്ടിൻകുട്ടിയെ യാഗം കഴിക്കുന്നവർ ഒരു നായുടെ കഴുത്ത് ഒടിക്കുന്നവരെപ്പോലെയും ഒരു ഭോജനയാഗം അർപ്പിക്കുന്നവർ പന്നിയുടെ രക്തം അർപ്പിക്കുന്നവരെപ്പോലെയും സുഗന്ധധൂപം സ്മാരകമായി അർപ്പിക്കുന്നവർ വിഗ്രഹത്തെ പൂജിക്കുന്നവരെപ്പോലെയുമാണ്. അവരെല്ലാം സ്വന്തവഴികൾ തെരഞ്ഞെടുക്കുകയും അവർ തങ്ങളുടെ മ്ലേച്ഛതയിൽ ആഹ്ലാദിക്കുകയും ചെയ്യുന്നു.
കാളയെ അറുക്കുകയും മനുഷ്യനെ കൊല്ലുകയും ചെയ്യുന്നവൻ, കുഞ്ഞാടിനെ യാഗം കഴിക്കുകയും നായുടെ കഴുത്ത് ഒടിക്കുകയും ചെയ്യുന്നവൻ, ഭോജനയാഗം കഴിക്കുകയും പന്നിച്ചോര അർപ്പിക്കുകയും ചെയ്യുന്നവൻ, ധൂപം കാണിക്കുകയും മിഥ്യാമൂർത്തിയെ വാഴ്ത്തുകയും ചെയ്യുന്നവൻ, ഇവർ സ്വന്തവഴികളെ തിരഞ്ഞെടുക്കുകയും അവരുടെ മനസ്സ് മ്ലേച്ഛവിഗ്രഹങ്ങളിൽ ഇഷ്ടപ്പെടുകയും ചെയ്യുന്നതുപോലെ ഞാനും അവരെ ഉപദ്രവിക്കുന്നതു തിരഞ്ഞെടുത്ത്
4 അതുകൊണ്ട് ഞാനും അവരെ കഠിനമായി ശിക്ഷിക്കുന്നതു തെരഞ്ഞെടുക്കും അവർ ഭയപ്പെട്ടത് ഞാൻ അവരുടെമേൽ വരുത്തും. ഞാൻ വിളിച്ചു, ആരും ഉത്തരം നൽകിയില്ല, ഞാൻ സംസാരിച്ചു, ആരും ശ്രദ്ധിച്ചില്ല. അവർ എന്റെമുമ്പിൽ തിന്മ പ്രവർത്തിക്കുകയും എനിക്കു പ്രസാദമില്ലാത്തത് തെരഞ്ഞെടുക്കുകയും ചെയ്തു.”
അവർ ഭയപ്പെടുന്നത് അവർക്കും വരുത്തും; ഞാൻ വിളിച്ചപ്പോൾ ആരും ഉത്തരം പറയാതെയും ഞാൻ അരുളിച്ചെയ്തപ്പോൾ കേൾക്കാതെയും അവർ എനിക്ക് അനിഷ്ടമായുള്ളതു ചെയ്ത് എനിക്ക് പ്രസാദമല്ലാത്തതു തിരഞ്ഞെടുത്തതുകൊണ്ട് തന്നെ”.
5 യഹോവയുടെ വചനത്തിൽ വിറയ്ക്കുന്നവരേ, അവിടത്തെ വചനം കേൾക്കുക: “നിങ്ങളെ വെറുക്കുകയും എന്റെ നാമംനിമിത്തം നിങ്ങളെ ഭ്രഷ്ടരാക്കുകയും ചെയ്ത നിങ്ങളുടെ സ്വന്തം ജനം: ‘നിങ്ങളുടെ ആഹ്ലാദം ഞങ്ങൾ കാണേണ്ടതിന് യഹോവ മഹത്ത്വപ്പെട്ടവനാകട്ടെ!’ എന്നു പറഞ്ഞുവല്ലോ. എന്നിട്ടും അവർ ലജ്ജിതരാക്കപ്പെടും.
യഹോവയുടെ വചനത്തിങ്കൽ വിറയ്ക്കുന്നവരേ, അവന്റെ വചനം കേട്ടുകൊള്ളുവിൻ; “നിങ്ങളെ പകച്ച്, എന്റെ നാമംനിമിത്തം നിങ്ങളെ പുറത്താക്കിക്കളയുന്ന നിങ്ങളുടെ സഹോദരന്മാർ: ‘ഞങ്ങൾ നിങ്ങളുടെ സന്തോഷം കണ്ടു രസിക്കേണ്ടതിനു യഹോവ സ്വയം മഹത്ത്വീകരിക്കട്ടെ’ എന്നു പറയുന്നുവല്ലോ; എന്നാൽ അവർ ലജ്ജിച്ചുപോകും”.
6 നഗരത്തിൽനിന്നുള്ള ബഹളം കേൾക്കുക, ദൈവാലയത്തിൽനിന്നുള്ള ഘോഷം കേൾക്കുക! തന്റെ ശത്രുക്കളോട് അവർ അർഹിക്കുന്നത് പ്രതികാരംചെയ്യുന്ന യഹോവയുടെ ശബ്ദമാണോ ഈ കേൾക്കുന്നത്.
നഗരത്തിൽനിന്ന് ഒരു മുഴക്കം കേൾക്കുന്നു; മന്ദിരത്തിൽനിന്ന് ഒരു നാദം കേൾക്കുന്നു; തന്റെ ശത്രുക്കളോടു പകരംവീട്ടുന്ന യഹോവയുടെ നാദം തന്നെ.
7 “പ്രസവവേദന അനുഭവിക്കുന്നതിനുമുമ്പേ, അവൾ പ്രസവിക്കുന്നു; നോവു കിട്ടുന്നതിനു മുമ്പുതന്നെ അവൾ ഒരു മകനു ജന്മംനൽകുന്നു.
“നോവു കിട്ടുംമുമ്പ് അവൾ പ്രസവിച്ചു; വേദന വരുംമുമ്പ് അവൾ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു.
8 ഇപ്രകാരമുള്ള ഒന്ന് ആരെങ്കിലും കേട്ടിട്ടുണ്ടോ? ഈ വിധമുള്ളത് ആരെങ്കിലും കണ്ടിട്ടുണ്ടോ? ഒരു ദിവസംകൊണ്ട് ഒരു രാജ്യം ജനിക്കുമോ? ഒരു നിമിഷംകൊണ്ട് ഒരു ജനത ഉത്ഭവിക്കുമോ? സീയോന് നോവുകിട്ടിയ ഉടൻതന്നെ അവൾ മക്കളെ പ്രസവിച്ചിരിക്കുന്നു.
ഈ വക ആര് കേട്ടിട്ടുള്ളു? ഇങ്ങനെയുള്ളതു ആര് കണ്ടിട്ടുള്ളു? ഒരു ദേശം ഒരു ദിവസംകൊണ്ട് പിറക്കുമോ? ഒരു ജനത ഒന്നായിട്ടുതന്നെ ജനിക്കുമോ? സീയോൻ, നോവുകിട്ടിയ ഉടൻ തന്നെ മക്കളെ പ്രസവിച്ചിരിക്കുന്നു.
9 ഞാൻ പ്രസവത്തിന്റെ നിമിഷംവരെ കൊണ്ടുവന്നശേഷം പ്രസവിപ്പിക്കാതിരിക്കുമോ?” എന്ന് യഹോവ ചോദിക്കുന്നു. “പ്രസവമെടുക്കുന്ന ഞാൻ ഗർഭദ്വാരം അടച്ചുകളയുമോ?” എന്ന് നിങ്ങളുടെ ദൈവം ചോദിക്കുന്നു.
ഞാൻ പ്രസവദ്വാരത്തിങ്കൽ വരുത്തിയിട്ടു പ്രസവിപ്പിക്കാതെ ഇരിക്കുമോ?” എന്നു യഹോവ അരുളിച്ചെയ്യുന്നു; “പ്രസവിക്കുമാറാക്കിയിട്ടു ഞാൻ ഗർഭപാത്രം അടച്ചുകളയുമോ?” എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു.
10 “ജെറുശലേമിനെ സ്നേഹിക്കുന്ന എല്ലാവരുമേ, അവളോടൊപ്പം ആനന്ദിച്ച് ആഹ്ലാദിക്കുക; അവളെക്കുറിച്ചു വിലപിക്കുന്നവരേ അവളോടുകൂടെ അതിയായി ആനന്ദിക്കുക.
൧൦യെരൂശലേമിനെ സ്നേഹിക്കുന്ന ഏവരുമായുള്ളവരേ, അവളോടുകൂടി സന്തോഷിക്കുവിൻ അവളെച്ചൊല്ലി ഘോഷിച്ചുല്ലസിക്കുവിൻ; അവളെച്ചൊല്ലി ദുഃഖിക്കുന്ന ഏവരുമായുള്ളവരേ, അവളോടുകൂടി അത്യന്തം ആനന്ദിക്കുവിൻ.
11 ഒരു ശിശു തന്റെ മാതാവിന്റെ സാന്ത്വനംനൽകുന്ന സ്തനങ്ങൾ വലിച്ചുകുടിക്കുന്നതുപോലെ അവളുടെ കവിഞ്ഞൊഴുകുന്ന സമൃദ്ധി നുകർന്നു നിങ്ങൾ തൃപ്തിയടയും.”
൧൧അവളുടെ സാന്ത്വനസ്തനങ്ങളെ പാനംചെയ്തു തൃപ്തരാകുകയും അവളുടെ തേജസ്സിൻ കുചാഗ്രങ്ങളെ നുകർന്നു രമിക്കുകയും ചെയ്യുവിൻ.
12 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, ഒരു നദിയെന്നപോലെ സമാധാനവും കവിഞ്ഞൊഴുകുന്ന അരുവിപോലെ ജനതകളുടെ ധനവും ഞാൻ അവൾക്കു വർധിപ്പിക്കും; നിങ്ങൾ മുലപ്പാൽ കുടിക്കുകയും നിങ്ങളെ ഒക്കത്ത് എടുത്തുകൊണ്ടു നടക്കുകയും മടിയിൽ ഇരുത്തി ലാളിക്കുകയും ചെയ്യും.
൧൨യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾക്ക് കുടിക്കുവാൻവേണ്ടി ഞാൻ അവൾക്കു നദിപോലെ സമാധാനവും കവിഞ്ഞൊഴുകുന്ന തോടുപോലെ ജാതികളുടെ മഹത്ത്വവും നീട്ടിക്കൊടുക്കും; നിങ്ങളെ എളിയിൽ എടുത്തുകൊണ്ട് നടക്കുകയും മുഴങ്കാലിന്മേൽ ഇരുത്തി ലാളിക്കുകയും ചെയ്യും.
13 അമ്മ അവളുടെ കുഞ്ഞിനെ ആശ്വസിപ്പിക്കുന്നതുപോലെ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും; നിങ്ങൾ ജെറുശലേമിനെക്കുറിച്ച് ആശ്വസ്തരാകും.”
൧൩അമ്മ ആശ്വസിപ്പിക്കുന്നതുപോലെ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും; നിങ്ങൾ യെരൂശലേമിൽ ആശ്വാസം പ്രാപിക്കും”.
14 ഇതു നിങ്ങൾ കാണുമ്പോൾ നിങ്ങളുടെ ഹൃദയം ആനന്ദിക്കും, നിങ്ങളുടെ അസ്ഥികൾ ഇളംപുല്ലുപോലെ തഴച്ചുവളരും; യഹോവയുടെ കരം അവിടത്തെ ദാസന്മാർക്കു വെളിപ്പെടും, എന്നാൽ തന്റെ ശത്രുക്കളോട് അവിടന്നു ക്രുദ്ധനാകും.
൧൪അത് കണ്ടിട്ട് നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ അസ്ഥികൾ ഇളമ്പുല്ലുപോലെ തഴയ്ക്കും; യഹോവയുടെ കൈ തന്റെ ദാസന്മാർക്ക് വെളിപ്പെടും; ശത്രുക്കളോട് അവൻ ക്രോധം കാണിക്കും.
15 യഹോവ തന്റെ കോപം ഉഗ്രതയോടും തന്റെ ശാസന അഗ്നിജ്വാലകളോടും കൂടെ വെളിപ്പെടുത്തും; ഇതാ, അവിടന്ന് അഗ്നിയിൽ പ്രത്യക്ഷനാകും, അവിടത്തെ രഥങ്ങൾ ചുഴലിക്കാറ്റുപോലെ ആയിരിക്കും.
൧൫യഹോവ തന്റെ കോപത്തെ ഉഗ്രതയോടും തന്റെ ശാസനയെ അഗ്നിജ്വാലകളോടുംകൂടി നടത്തുവാൻ അഗ്നിയിൽ പ്രത്യക്ഷമാകും; അവന്റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെ ആയിരിക്കും.
16 അഗ്നിയാലും തന്റെ വാളിനാലും സകലജനത്തിന്മേലും യഹോവ ന്യായവിധി നടപ്പിലാക്കും, യഹോവയാൽ വധിക്കപ്പെടുന്നവർ നിരവധിയായിരിക്കും.
൧൬യഹോവ അഗ്നികൊണ്ടും വാൾകൊണ്ടും സകലജഡത്തോടും വ്യവഹരിക്കും; യഹോവയാൽ വധിക്കപ്പെട്ടവർ വളരെ ആയിരിക്കും.
17 “പന്നിയിറച്ചി, ചുണ്ടെലി, മറ്റ് നിഷിദ്ധവസ്തുക്കൾ തിന്നുന്നവരെ അനുഗമിച്ചുകൊണ്ട് തോട്ടങ്ങൾക്കുള്ളിലേക്കു പോകാനായി തങ്ങളെത്തന്നെ വിശുദ്ധീകരിക്കുന്നവർ, അവർ ആരെ അനുഗമിക്കുന്നുവോ അവരുടെയും ഇവരുടെയും അന്ത്യം ഒന്നുതന്നെയായിരിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
൧൭“തോട്ടങ്ങളിൽ പോകേണ്ടതിനു നടുവിലുള്ളവനെ അനുകരിച്ചു അവരെത്തന്നെ ശുദ്ധീകരിച്ചു വെടിപ്പാക്കുകയും പന്നിയിറച്ചി, അറയ്ക്കപ്പെട്ടവ, ചുണ്ടെലി എന്നിവയെ തിന്നുകയും ചെയ്യുന്നവർ ഒരുപോലെ മുടിഞ്ഞുപോകും” എന്നു യഹോവയുടെ അരുളപ്പാട്.
18 “ഞാൻ അവരുടെ പ്രവൃത്തികളെയും ചിന്തകളെയും അറിയുന്നു. ഞാൻ സകലരാഷ്ട്രങ്ങളിലെ ജനത്തെയും ഭാഷക്കാരെയും ഒരുമിച്ചുകൂട്ടും, അവരെല്ലാം വന്ന് എന്റെ മഹത്ത്വം കാണും.
൧൮“ഞാൻ അവരുടെ പ്രവൃത്തികളെയും വിചാരങ്ങളെയും അറിയുന്നു; ഞാൻ സകലജനതകളെയും ഭാഷക്കാരെയും ഒന്നിച്ചുകൂട്ടുന്ന കാലം വരുന്നു; അവർ വന്ന് എന്റെ മഹത്ത്വം കാണും.
19 “ഞാൻ അവരുടെ ഇടയിൽ ഒരു ചിഹ്നം സ്ഥാപിക്കും; അവരിൽ ശേഷിക്കുന്ന ചിലരെ തർശീശ്, ലിബിയ, വില്ലാളികളുടെ നാടായ ലൂദ്, തൂബാൽ, ഗ്രീസ് എന്നീ രാഷ്ട്രങ്ങളിലേക്കും എന്റെ നാമം കേൾക്കുകയോ എന്റെ മഹത്ത്വം ദർശിക്കുകയോ ചെയ്തിട്ടില്ലാത്ത വിദൂരദ്വീപുകളിലേക്കും അയയ്ക്കും. അവർ ഈ ജനതകൾക്കിടയിൽ എന്റെ മഹത്ത്വം വിളംബരംചെയ്യും.
൧൯ഞാൻ അവരുടെ ഇടയിൽ ഒരു അടയാളം പ്രവർത്തിക്കും; അവരിൽ രക്ഷിക്കപ്പെട്ട ചിലരെ ഞാൻ തർശീശ്, വില്ലാളികളായ പൂൽ, ലൂദ് എന്നിവരും തൂബാൽ യാവാൻ എന്നിവരുമായ ജനതകളുടെ അടുക്കലേക്കും എന്റെ കീർത്തി കേൾക്കുകയും എന്റെ മഹത്ത്വം കാണുകയും ചെയ്തിട്ടില്ലാത്ത ദൂരദ്വീപുകളിലേക്കും അയയ്ക്കും; അവർ എന്റെ മഹത്ത്വത്തെ ജാതികളുടെ ഇടയിൽ പ്രസ്താവിക്കും;
20 ഇസ്രായേൽമക്കൾ ആചാരപരമായി വെടിപ്പുള്ള ഒരു പാത്രത്തിൽ യഹോവയുടെ ആലയത്തിലേക്കു ഭോജനയാഗങ്ങൾ കൊണ്ടുവരുന്നതുപോലെ അവർ സകലജനതകളുടെയും ഇടയിൽനിന്ന് നിങ്ങളുടെ സകലജനത്തെയും എല്ലാ രാജ്യങ്ങളിൽനിന്നും കുതിരപ്പുറത്തും രഥങ്ങളിലും പല്ലക്കുകളിലും കോവർകഴുതപ്പുറത്തും ഒട്ടകപ്പുറത്തും കയറ്റി എന്റെ വിശുദ്ധപർവതമായ ജെറുശലേമിലേക്ക് യഹോവയ്ക്ക് ഒരു വഴിപാടായി കൊണ്ടുവരും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
൨൦യിസ്രായേൽ മക്കൾ യഹോവയുടെ ആലയത്തിലേക്കു വെടിപ്പുള്ള പാത്രങ്ങളിൽ വഴിപാട് കൊണ്ടുവരുന്നതുപോലെ അവർ സകലജനതകളുടെയും ഇടയിൽനിന്ന് നിങ്ങളുടെ സഹോദരന്മാർ എല്ലാവരെയും കുതിരപ്പുറത്തും രഥങ്ങളിലും പല്ലക്കുകളിലും കോവർകഴുതപ്പുറത്തും ഒട്ടകപ്പുറത്തും കയറ്റി എന്റെ വിശുദ്ധ പർവ്വതമായ യെരൂശലേമിലേക്കു യഹോവയ്ക്കു വഴിപാടായി കൊണ്ടുവരും” എന്നു യഹോവ അരുളിച്ചെയ്യുന്നു.
21 “അവരുടെ ഇടയിൽനിന്ന് ഞാൻ ചിലരെ പുരോഹിതന്മാരായും ലേവ്യരായും തിരഞ്ഞെടുക്കും,” എന്നും യഹോവ അരുളിച്ചെയ്യുന്നു.
൨൧“അവരിൽനിന്നും ചിലരെ ഞാൻ പുരോഹിതന്മാരായും ലേവ്യരായും എടുക്കും” എന്നു യഹോവ അരുളിച്ചെയ്യുന്നു.
22 “ഞാൻ ഉണ്ടാക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എന്റെമുമ്പിൽ നിലനിൽക്കുന്നതുപോലെ നിങ്ങളുടെ പേരും പിൻഗാമികളും നിലനിൽക്കും,” എന്ന് യഹോവയുടെ അരുളപ്പാട്.
൨൨“ഞാൻ ഉണ്ടാക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എന്റെ മുമ്പാകെ നിലനില്‍ക്കുന്നതുപോലെ നിങ്ങളുടെ സന്തതിയും നിങ്ങളുടെ പേരും നിലനില്ക്കും” എന്നു യഹോവയുടെ അരുളപ്പാട്.
23 “ഒരു അമാവാസിമുതൽ മറ്റൊരു അമാവാസിവരെയും ഒരു ശബ്ബത്തുമുതൽ മറ്റൊരു ശബ്ബത്തുവരെയും എല്ലാ മനുഷ്യരും എന്റെ സന്നിധിയിൽ നമസ്കരിക്കാൻ വരും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
൨൩“പിന്നെ അമാവാസിതോറും ശബ്ബത്തുതോറും സകലജഡവും എന്റെ സന്നിധിയിൽ നമസ്കരിക്കുവാൻ വരും” എന്നു യഹോവ അരുളിച്ചെയ്യുന്നു.
24 “അവർ പുറപ്പെട്ടുചെന്ന് എനിക്കെതിരേ മത്സരിച്ച മനുഷ്യരുടെ ശവങ്ങൾ നോക്കും; അവരെ തിന്നുന്ന പുഴു ചാകുകയില്ല, അവരെ ദഹിപ്പിക്കുന്ന അഗ്നി കെട്ടുപോകുകയുമില്ല. അവർ സകലമനുഷ്യവർഗത്തിനും അറപ്പായിരിക്കും.”
൨൪“അവർ പുറപ്പെട്ടു ചെന്ന്, എന്നോട് അതിക്രമം ചെയ്ത മനുഷ്യരുടെ ശവങ്ങളെ നോക്കും; അവരുടെ പുഴു ചാവുകയില്ല; അവരുടെ തീ കെട്ടുപോകുകയില്ല; അവർ സകലജഡത്തിനും അറപ്പായിരിക്കും”.

< യെശയ്യാവ് 66 >