< യെശയ്യാവ് 34 >
1 രാഷ്ട്രങ്ങളേ, അടുത്തുവന്നു കേൾക്കുക; ജനതകളേ, ശ്രദ്ധിക്കുക! ഭൂമിയും അതിലുള്ള സമസ്തവും ഭൂതലവും അതിൽ മുളയ്ക്കുന്നതൊക്കെയും കേൾക്കട്ടെ!
൧ജനതകളേ, അടുത്തുവന്നു കേൾക്കുവിൻ; വംശങ്ങളേ, ശ്രദ്ധതരുവിൻ; ഭൂമിയും അതിന്റെ നിറവും ഭൂതലവും അതിൽ മുളയ്ക്കുന്ന സകലവും കേൾക്കട്ടെ.
2 യഹോവയുടെ കോപം എല്ലാ രാഷ്ട്രങ്ങളോടും അവിടത്തെ ക്രോധം അവരുടെ സകലസൈന്യങ്ങളോടും ആകുന്നു. അവിടന്ന് അവരെ സമ്പൂർണമായി നശിപ്പിക്കും, അവിടന്ന് അവരെ കൊലയ്ക്കായി വിട്ടുകൊടുത്തിരിക്കുന്നു.
൨യഹോവയ്ക്കു സകലജനതകളോടും കോപവും അവരുടെ സർവ്വസൈന്യത്തോടും ക്രോധവും ഉണ്ട്; അവൻ അവരെ ശപഥാർപ്പിതമായി കൊലയ്ക്ക് ഏല്പിച്ചിരിക്കുന്നു.
3 അവരുടെ ഹതന്മാരെ എറിഞ്ഞുകളയപ്പെടും, അവരുടെ ശവങ്ങളിൽനിന്നു ദുർഗന്ധം വമിക്കും; പർവതങ്ങൾ അവരുടെ രക്തംകൊണ്ടു കുതിരും.
൩അവരുടെ കൊല്ലപ്പെട്ടവരെ എറിഞ്ഞുകളയും; അവരുടെ ശവങ്ങളിൽനിന്നു നാറ്റം പുറപ്പെടും; അവരുടെ രക്തംകൊണ്ടു മലകൾ ഉരുകിപ്പോകും.
4 ആകാശസൈന്യമെല്ലാം അലിഞ്ഞുപോകും, ആകാശം ഒരു തുകൽച്ചുരുൾപോലെ ചുരുണ്ടുപോകും; മുന്തിരിവള്ളിയുടെ ഇലകൾ വാടിക്കൊഴിയുന്നതുപോലെയും അത്തിമരത്തിൽനിന്ന് കായ്കൾ പൊഴിയുന്നതുപോലെയും അതിലെ സൈന്യമൊക്കെയും കൊഴിഞ്ഞുവീഴും.
൪ആകാശത്തിലെ സൈന്യമെല്ലാം അലിഞ്ഞുപോകും; ആകാശവും ഒരു ചുരുൾപോലെ ചുരുണ്ടുപോകും; അതിലെ സൈന്യമെല്ലാം മുന്തിരിവള്ളിയുടെ ഇല വാടി പൊഴിയുന്നതുപോലെയും അത്തിവൃക്ഷത്തിന്റെ കായ് വാടി പൊഴിയുന്നതുപോലെയും പൊഴിഞ്ഞുപോകും.
5 എന്റെ വാൾ ആകാശമണ്ഡലങ്ങളിൽ അതിന്റെ ദൗത്യം പൂർത്തീകരിച്ചുകഴിയുമ്പോൾ; ഇതാ, അത് ന്യായവിധിക്കായി ഏദോമിന്മേൽ, നാശത്തിനായി ഞാൻ നിയമിച്ചിരിക്കുന്ന ജനതയുടെമേൽത്തന്നെ പതിക്കും.
൫എന്റെ വാൾ ആകാശത്തിൽ ലഹരിപിടിച്ചിരിക്കുന്നു; അത് ഏദോമിന്മേലും എന്റെ ശപഥാർപ്പിതജനത്തിന്മേലും ന്യായവിധിക്കായി ഇറങ്ങിവരും.
6 യഹോവയുടെ വാൾ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു, അതിൽ കൊഴുപ്പു പൊതിഞ്ഞിരിക്കുന്നു— ചെമ്മരിയാടുകളുടെയും കോലാടുകളുടെയും രക്തംകൊണ്ടും മുട്ടാടുകളുടെ വൃക്കകളിലെ കൊഴുപ്പുകൊണ്ടുംതന്നെ. യഹോവയ്ക്ക് ബൊസ്രായിൽ ഒരു യാഗവും ഏദോം ദേശത്ത് ഒരു മഹാസംഹാരവുമുണ്ട്.
൬യഹോവയുടെ വാൾ രക്തം പുരണ്ടും കൊഴുപ്പു പൊതിഞ്ഞും ഇരിക്കുന്നു; കുഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തംകൊണ്ടും ആട്ടുകൊറ്റന്മാരുടെ വൃക്കകളുടെ കൊഴുപ്പുംകൊണ്ടും തന്നെ; യഹോവയ്ക്കു ബൊസ്ര പട്ടണത്തില്‍ ഒരു യാഗവും ഏദോംദേശത്ത് ഒരു മഹാസംഹാരവും ഉണ്ട്.
7 കാട്ടുകാളകൾ അവയോടൊപ്പം വീഴും, കാളക്കിടാങ്ങളും മൂരികളും വീണുപോകും. അങ്ങനെ അവരുടെ ദേശം രക്തം വീണു നനയും, അതിലെ പൊടി മൃഗക്കൊഴുപ്പുകൊണ്ട് കുതിരും.
൭അവയോടുകൂടി കാട്ടുപോത്തുകളും കാളകളോടുകൂടി മൂരികളും വീഴും; അവരുടെ ദേശം രക്തം കുടിച്ചു ലഹരിപിടിക്കും; അവരുടെ നിലം കൊഴുപ്പുകൊണ്ടു നിറഞ്ഞിരിക്കും.
8 കാരണം അത് യഹോവയ്ക്ക് ഒരു പ്രതികാരദിവസവും സീയോനുവേണ്ടി പ്രതികാരംചെയ്യുന്ന ഒരു വർഷവും ആകുന്നു.
൮അത് യഹോവ പ്രതികാരം നടത്തുന്ന ദിവസവും സീയോന്റെ വ്യവഹാരത്തിൽ പകരംവീട്ടുന്ന വർഷവും ആകുന്നു.
9 ഏദോമിന്റെ തോടുകളിൽ കീൽ കുത്തിയൊലിച്ചൊഴുകും, അവളുടെ മണ്ണ് കത്തുന്ന ഗന്ധകമായി മാറും നിലം ജ്വലിക്കുന്ന കീലായും തീരും!
൯അവിടത്തെ തോടുകൾ കീലായും മണ്ണ് ഗന്ധകമായും നിലം കത്തുന്ന കീലായും ഭവിക്കും.
10 രാത്രിയും പകലും അത് അണയാതിരിക്കും; അതിന്റെ പുക നിരന്തരം ഉയർന്നുകൊണ്ടിരിക്കും. തലമുറതലമുറയായി അതു ശൂന്യമായിക്കിടക്കും; ഒരിക്കലും ആരും അതുവഴി കടന്നുപോകുകയില്ല.
൧൦രാവും പകലും അത് കെടുകയില്ല; അതിന്റെ പുക സദാകാലം പൊങ്ങിക്കൊണ്ടിരിക്കും; തലമുറതലമുറയായി അത് ശൂന്യമായി കിടക്കും; ഒരുത്തനും ഒരുനാളും അതിൽകൂടി കടന്നുപോവുകയുമില്ല.
11 മൂങ്ങയും നത്തും അതു കൈവശമാക്കും; കൂമനും മലങ്കാക്കയും അതിൽ കൂടുകെട്ടും. ദൈവം ഏദോമിന്റെമേൽ സംഭ്രമത്തിന്റെ അളവുനൂലും ശൂന്യതയുടെ തൂക്കുകട്ടയും പിടിക്കും.
൧൧വേഴാമ്പലും മുള്ളൻപന്നിയും അതിനെ കൈവശമാക്കും; മൂങ്ങയും മലങ്കാക്കയും അതിൽ പാർക്കും; അവൻ അതിന്മേൽ പാഴിന്റെ നൂലും ശൂന്യത്തിന്റെ തൂക്കുകട്ടിയും പിടിക്കും.
12 അവളുടെ പ്രഭുക്കന്മാർക്ക് രാജ്യം എന്നു വിളിക്കാൻ കഴിയുംവിധം ഒന്നും ഉണ്ടാകുകയില്ല, അവളുടെ എല്ലാ ഭരണാധിപന്മാരും ഇല്ലാതെയാകും.
൧൨അതിലെ കുലീനന്മാർ ആരും രാജത്വം ഘോഷിക്കുകയില്ല; അതിലെ പ്രഭുക്കന്മാർ എല്ലാവരും ഒന്നുമില്ലാതെയായിപ്പോകും.
13 അവളുടെ അരമനകളിൽ മുള്ളും കോട്ടകളിൽ ചൊറിയണവും ഞെരിഞ്ഞിലും വളരും. അവൾ കുറുനരികളുടെ സങ്കേതവും ഒട്ടകപ്പക്ഷികളുടെ താവളവുമായി മാറും.
൧൩അതിന്റെ അരമനകളിൽ മുള്ളും അതിന്റെ കോട്ടകളിൽ തൂവയും ഞെരിഞ്ഞിലും മുളയ്ക്കും; അത് കുറുക്കന്മാർക്കു പാർപ്പിടവും ഒട്ടകപ്പക്ഷികൾക്കു താവളവും ആകും.
14 അവിടെ മരുഭൂമിയിലെ മൃഗങ്ങൾ കഴുതപ്പുലികളോട് ഏറ്റുമുട്ടും, കാട്ടാടുകൾതമ്മിൽ പോർവിളി നടത്തും; നിശാജന്തുക്കൾ അവിടെ കിടക്കുകയും അവയ്ക്കുവേണ്ടി വിശ്രമസ്ഥാനം കണ്ടെത്തുകയും ചെയ്യും.
൧൪മരുഭൂമിയിലെ വന്യമൃഗങ്ങളും ചെന്നായ്ക്കളും തമ്മിൽ എതിർപ്പെടും; വനഭൂതം വനഭൂതത്തെ വിളിക്കും; അവിടെ വേതാളം കിടക്കുകയും വിശ്രമം പ്രാപിക്കുകയും ചെയ്യും.
15 അവിടെ മൂങ്ങ കൂടുകെട്ടി മുട്ടയിടും, അവൾ അതു വിരിയിച്ചു കുഞ്ഞുങ്ങളെ തന്റെ ചിറകിൻനിഴലിൽ ചേർക്കും; ഇരപിടിയൻപക്ഷികളും അവിടെ ഒരുമിച്ചുകൂടും ഓരോന്നും അതിന്റെ ഇണകളോടൊപ്പംതന്നെ.
൧൫അവിടെ അസ്ത്രനാഗം കൂടുണ്ടാക്കി മുട്ടയിട്ടു വിരിയിച്ചു കുഞ്ഞുങ്ങളെ തന്റെ നിഴലിൻ കീഴിൽ ചേർത്തുകൊള്ളും; അവിടെ പരുന്തുകൾ അതതിന്റെ ഇണയോടു കൂടും.
16 യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചുനോക്കുക: ഈ ജീവികളിൽ ഒന്നും നഷ്ടപ്പെട്ടുപോകുകയില്ല, ഒന്നിനും ഇണയില്ലാതെ വരികയുമില്ല. കാരണം അവിടത്തെ വായാണ് കൽപ്പന നൽകിയിരിക്കുന്നത്, അവിടത്തെ ആത്മാവാണ് അവയെ ഒരുമിച്ചു ചേർക്കുന്നത്.
൧൬യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ; അവയിൽ ഒന്നും കാണാതിരിക്കുകയില്ല; ഒന്നിനും ഇണ ഇല്ലാതിരിക്കുകയുമില്ല; അവിടുത്തെ വായല്ലയോ കല്പിച്ചത്; അവിടുത്തെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയത്.
17 അവിടന്ന് അവരുടെ ഭാഗം നറുക്കിടുകയും അവിടത്തെ കരം അളവുനൂൽ പിടിച്ച് അവർക്കായി വിഭജിക്കയും ചെയ്തിരിക്കുന്നു. അവർ അവയെ എന്നേക്കുമായി കൈവശമാക്കുകയും തലമുറതലമുറയായി അതിൽ പാർക്കുകയും ചെയ്യും.
൧൭അവിടുന്ന് അവക്കായി ചീട്ടിട്ടു, അവിടുത്തെ കൈ അതിനെ അവയ്ക്കു ചരടുകൊണ്ടു വിഭാഗിച്ചു കൊടുത്തു; അവ സദാകാലത്തേക്കും അതിനെ കൈവശമാക്കി തലമുറതലമുറയായി അതിൽ വസിക്കും.