< യെശയ്യാവ് 3 >
1 കണ്ടാലും, കർത്താവ്, സൈന്യങ്ങളുടെ യഹോവേ, ജെറുശലേമിൽനിന്നും യെഹൂദ്യയിൽനിന്നും ശേഖരണവും വിതരണവും: അപ്പത്തിന്റെ എല്ലാ ശേഖരവും വെള്ളത്തിന്റെ എല്ലാ സ്രോതസ്സുകളും നീക്കിക്കളയും;
സൈന്യങ്ങളുടെ യഹോവയായ കർത്താവു യെരൂശലേമിൽനിന്നും യെഹൂദയിൽനിന്നും ആധാരവും ആശ്രയവും, അപ്പം എന്ന ആധാരമൊക്കെയും വെള്ളം എന്ന ആധാരമൊക്കെയും
2 വീരന്മാർ, യോദ്ധാക്കൾ, ന്യായാധിപന്മാർ, പ്രവാചകന്മാർ, ദേവപ്രശ്നംവെക്കുന്നവർ, നേതാക്കന്മാർ,
വീരൻ, യോദ്ധാവു, ന്യായാധിപതി, പ്രവാചകൻ, പ്രശ്നക്കാരൻ, മൂപ്പൻ,
3 സൈന്യത്തിൽ അൻപതുപേർക്ക് അധിപർ, വിവിധ പദവികൾ അലങ്കരിക്കുന്നവർ, ഉപദേഷ്ടാക്കൾ, കരകൗശലപ്പണിക്കാർ, സമർഥരായ മാന്ത്രികർ, എന്നിങ്ങനെയുള്ള എല്ലാവരെയും നീക്കിക്കളയും.
അമ്പതുപേർക്കു അധിപതി, മാന്യൻ, മന്ത്രി, കൗശലപ്പണിക്കാരൻ, മന്ത്രവാദി എന്നിവരെയും നീക്കിക്കളയും.
4 “ഞാൻ കേവലം ബാലന്മാരെ അവരുടെ അധിപരായി നിയമിക്കും; ശിശുക്കൾ അവരുടെമേൽ ഭരണംനടത്തും.”
ഞാൻ ബാലന്മാരെ അവർക്കു പ്രഭുക്കന്മാരാക്കി വെക്കും; ശിശുക്കൾ അവരെ വാഴും.
5 ജനം പരസ്പരം പീഡിപ്പിക്കും— ഒരാൾ മറ്റൊരാളെയും അയൽവാസി അയൽവാസിയെയുംതന്നെ. യുവാക്കൾ വൃദ്ധർക്കെതിരേയും ഹീനജനം ബഹുമാനിതർക്കെതിരേയും എഴുന്നേൽക്കും.
ഒരുത്തൻ മറ്റൊരുവനെയും ഒരാൾ തന്റെ കൂട്ടുകാരനെയും ഇങ്ങനെ ജനം അന്യോന്യം പീഡിപ്പിക്കും; ബാലൻ വൃദ്ധനോടും നീചൻ മാന്യനോടും കയർക്കും.
6 ഒരു മനുഷ്യൻ തന്റെ പിതൃഭവനത്തിലുള്ള ഒരു സഹോദരനെ പിടിച്ച്, “നിനക്കൊരു മേലങ്കിയുണ്ടല്ലോ, നീ ഞങ്ങൾക്ക് അധിപതിയായിരിക്കുക; ഈ നാശനഷ്ടങ്ങളുടെ കൂമ്പാരത്തിന്റെ ഭരണം ഏറ്റെടുത്താലും!” എന്നു പറയും.
ഒരുത്തൻ തന്റെ പിതൃഭവനത്തിലെ സഹോദരനെ പിടിച്ചു: നിനക്കു മേലങ്കിയുണ്ടു; നീ ഞങ്ങളുടെ അധിപതി ആയിരിക്ക; ഈ ശൂന്യശിഷ്ടം നിന്റെ കൈവശം ഇരിക്കട്ടെ എന്നു പറയും.
7 എന്നാൽ അന്ന്, “എന്റെപക്കൽ യാതൊരു പ്രതിവിധിയുമില്ല, എന്റെ ഭവനത്തിൽ ഭക്ഷണമോ വസ്ത്രമോ ഇല്ല, എന്നെ നിങ്ങൾ ജനത്തിന് അധിപതിയായി നിയമിക്കരുത്” എന്നിങ്ങനെ അയാൾ നിലവിളിക്കും.
അവൻ അന്നു കൈ ഉയർത്തിക്കൊണ്ടു: വൈദ്യനായിരിപ്പാൻ എനിക്കു മനസ്സില്ല; എന്റെ വീട്ടിൽ ആഹാരവുമില്ല, വസ്ത്രവുമില്ല; എന്നെ ജനത്തിന്നു അധിപതിയാക്കരുതു എന്നു പറയും.
8 ജെറുശലേം വേച്ചുനടക്കുന്നു, യെഹൂദാ വീഴുന്നു; കാരണം, അവരുടെ വാക്കുകളും പ്രവൃത്തികളും യഹോവയുടെ തേജോമയനയനങ്ങൾക്ക് എതിരായിരിക്കുന്നു.
യഹോവയുടെ തേജസ്സുള്ള കണ്ണിന്നു വെറുപ്പുതോന്നുവാൻ തക്കവണ്ണം അവരുടെ നാവുകളും പ്രവൃത്തികളും അവന്നു വിരോധമായിരിക്കയാൽ യെരൂശലേം ഇടിഞ്ഞുപോകും; യെഹൂദാ വീണുപോകും.
9 അവരുടെ മുഖഭാവം അവർക്കെതിരേ സാക്ഷിയായിരിക്കുന്നു; അവർ തങ്ങളുടെ പാപം സൊദോമിനെപ്പോലെ പ്രദർശിപ്പിക്കുന്നു; അതു മറച്ചുവെക്കുന്നില്ലതാനും. അവർ തങ്ങൾക്കുതന്നെ ദോഷം വരുത്തിയിരിക്കുകയാൽ, അവർക്ക് അയ്യോ കഷ്ടം!
അവരുടെ മുഖഭാവം അവർക്കു വിരോധമായി സാക്ഷീകരിക്കുന്നു; അവർ സൊദോംപോലെ തങ്ങളുടെ പാപത്തെ പരസ്യമാക്കുന്നു; അതിനെ മറെക്കുന്നതുമില്ല; അവർക്കു അയ്യോ കഷ്ടം! അവർ തങ്ങൾക്കു തന്നേ ദോഷം വരുത്തുന്നു.
10 നീതിനിഷ്ഠരോടു നിങ്ങൾക്കു നന്മ വരും എന്നു പറയുക; കാരണം അവരുടെ പ്രവൃത്തികളുടെ ഫലം അവർ അനുഭവിക്കും.
നീതിമാനെക്കുറിച്ചു: അവന്നു നന്മവരും എന്നു പറവിൻ; തങ്ങളുടെ പ്രവൃത്തികളുടെ ഫലം അവർ അനുഭവിക്കും.
11 ദുഷ്ടർക്ക് അയ്യോ കഷ്ടം! വിനാശം അവരുടെമേൽ വന്നുഭവിക്കും! അവരുടെ കൈകളുടെ പ്രവൃത്തികൾക്ക് അനുസൃതമായ പ്രതിഫലം അവർക്കു ലഭിക്കും.
ദുഷ്ടന്നു അയ്യോ കഷ്ടം! അവന്നു ദോഷം വരും; അവന്റെ പ്രവൃത്തികളുടെ ഫലം അവനും അനുഭവിക്കും.
12 യുവാക്കൾ എന്റെ ജനത്തെ പീഡിപ്പിക്കുന്നു, സ്ത്രീകൾ അവരെ ഭരിക്കുന്നു. എന്റെ ജനമേ, നിങ്ങളെ നയിക്കുന്നവർതന്നെ നിങ്ങളെ വഴിതെറ്റിക്കുന്നു; അവർ നിങ്ങളെ തെറ്റായ വഴിയിലൂടെ നയിക്കുന്നു.
എന്റെ ജനമോ, കുട്ടികൾ അവരെ പീഡിപ്പിക്കുന്നു; സ്ത്രീകൾ അവരെ വാഴുന്നു; എന്റെ ജനമേ, നിന്നെ നടത്തുന്നവർ നിന്നെ വഴിതെറ്റിക്കുന്നു; നീ നടക്കേണ്ടുന്ന വഴി അവർ നശിപ്പിക്കുന്നു.
13 യഹോവ കോടതിയിൽ ന്യായാധിപസ്ഥാനം ഏറ്റെടുത്തിരിക്കുന്നു; അവിടന്ന് ജനത്തെ ന്യായംവിധിക്കാൻ എഴുന്നേൽക്കുന്നു.
യഹോവ വ്യവഹരിപ്പാൻ എഴുന്നേറ്റു വംശങ്ങളെ വിധിപ്പാൻ നില്ക്കുന്നു.
14 തന്റെ ജനത്തിന്റെ നേതാക്കന്മാർക്കും പ്രഭുക്കന്മാർക്കും എതിരായി യഹോവ ന്യായവിധി പുറപ്പെടുവിക്കുന്നു: “നിങ്ങളാണ് എന്റെ മുന്തിരിത്തോപ്പ് നശിപ്പിച്ചുകളഞ്ഞവർ; ദരിദ്രരിൽനിന്നു കവർച്ചചെയ്തതു, നിങ്ങളുടെ ഭവനങ്ങളിലുണ്ട്.
യഹോവ തന്റെ ജനത്തിന്റെ മൂപ്പന്മാരോടും പ്രഭുക്കന്മാരോടും ന്യായവിസ്താരത്തിൽ പ്രവേശിക്കും; നിങ്ങൾ മുന്തിരിത്തോട്ടം തിന്നുകളഞ്ഞു; എളിയവരോടു കവർന്നെടുത്തതു നിങ്ങളുടെ വീടുകളിൽ ഉണ്ടു;
15 എന്റെ ജനത്തെ തകർക്കുന്നതിലൂടെയും ദരിദ്രരെ പീഡിപ്പിക്കുന്നതിലൂടെയും നിങ്ങൾ എന്താണ് അർഥമാക്കുന്നത്?” എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
എന്റെ ജനത്തെ തകർത്തുകളവാനും എളിയവരെ ദുഃഖിപ്പിപ്പാനും നിങ്ങൾക്കു എന്തു കാര്യം എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റെ അരുളപ്പാടു.
16 യഹോവ പിന്നെയും അരുളിച്ചെയ്തത്: “സീയോൻ പുത്രിമാർ അഹങ്കാരികളായിരിക്കുന്നു, അവർ തലയുയർത്തി നടക്കുന്നു, കണ്ണുകൾകൊണ്ട് ശൃംഗരിക്കുന്നു, അഹങ്കാരത്തോടെ നിതംബം കുലുക്കി നടക്കുന്നു, കാൽച്ചിലമ്പൊച്ച കേൾപ്പിക്കുകയും ചെയ്യുന്നു.
യഹോവ പിന്നെയും അരുളിച്ചെയ്തതെന്തെന്നാൽ: സീയോൻ പുത്രിമാർ നിഗളിച്ചു കഴുത്തു നീട്ടിയും എറികണ്ണിട്ടുംകൊണ്ടു സഞ്ചരിക്കയും തത്തിത്തത്തി നടക്കയും കാൽകൊണ്ടു ചിലമ്പൊലി കേൾപ്പിക്കുകയും ചെയ്യുന്നു.
17 അതിനാൽ കർത്താവ് സീയോൻപുത്രിമാരുടെ നെറ്റിയിൽ ചൊറി പിടിപ്പിക്കും; യഹോവ അവരുടെ തലയോട്ടി കഷണ്ടിയാക്കും.”
ഇതുനിമിത്തം യഹോവ സീയോൻ പുത്രിമാരുടെ നെറുകെക്കു ചൊറി പിടിപ്പിക്കും; യഹോവ അവരുടെ ഗുഹ്യപ്രദേശങ്ങളെ നഗ്നമാക്കും.
18 ആ ദിവസത്തിൽ കർത്താവ് അവരുടെ പാദസരം, നെറ്റിപ്പട്ടം, ചന്ദ്രക്കല,
അന്നു കർത്താവു അവരുടെ കാൽച്ചിലമ്പുകളുടെ അലങ്കാരം,
അവരുടെ നെറ്റിപ്പട്ടം, ചന്ദ്രക്കല, കാതില, കടകം, കവണി,
20 തലപ്പാവ്, കാൽത്തള, പട്ടുകച്ച, പരിമളപ്പെട്ടി, ഏലസ്,
തലപ്പാവു, കാൽത്തള, പട്ടുകച്ച, പരിമളപ്പെട്ടി,
21 മുദ്രമോതിരം, മൂക്കുത്തി,
തകിട്ടുകൂടു, മോതിരം, മൂക്കുത്തി,
22 മാർദവവസ്ത്രം, ഷാൾ, പുറങ്കുപ്പായം, ചെറുസഞ്ചി,
ഉത്സവ വസ്ത്രം, മേലാട, ശാല്‌വാ, ചെറുസഞ്ചി, ദർപ്പണം, ക്ഷോമപടം,
23 ദർപ്പണം, നേർമയേറിയ ചണവസ്ത്രം, കിരീടം, മൂടുപടം എന്നിവ നീക്കിക്കളയും.
കല്ലാവു, മൂടുപടം എന്നിവ നീക്കിക്കളയും.
24 അന്ന് പരിമളത്തിനുപകരം ദുർഗന്ധവും, അരക്കച്ചയ്ക്കുപകരം കയറും; കേശസൗന്ദര്യത്തിനുപകരം കഷണ്ടിയും ഉടയാടയ്ക്കു പകരം ചാക്കുശീലയും; സൗന്ദര്യത്തിനു പകരം കരുവാളിപ്പും ഉണ്ടാകും.
അപ്പോൾ സുഗന്ധത്തിന്നു പകരം ദുർഗ്ഗന്ധവും അരക്കച്ചെക്കു പകരം കയറും പുരികുഴലിന്നു പകരം കഷണ്ടിയും ഉടയാടെക്കു പകരം രട്ടും സൗന്ദര്യത്തിന്നു പകരം കരിവാളിപ്പും ഉണ്ടാകും.
25 നിന്റെ പുരുഷന്മാർ വാളിനാൽ വീഴും; നിന്റെ യോദ്ധാക്കൾ യുദ്ധത്തിൽ കൊല്ലപ്പെടും.
നിന്റെ പുരുഷന്മാർ വാളിനാലും നിന്റെ വീരന്മാർ യുദ്ധത്തിലും വീഴും.
26 സീയോന്റെ കവാടങ്ങൾ വിലപിച്ചു ദുഃഖിക്കും; ഉപേക്ഷിക്കപ്പെട്ടവളായി അവൾ നിലത്ത് ഇരിക്കും.
അതിന്റെ വാതിലുകൾ വിലപിച്ചു ദുഃഖിക്കും; അതു ശൂന്യമായി നിലത്തു കിടക്കും.