< യെശയ്യാവ് 29 >
1 അരീയേലേ, അരീയേലേ, ദാവീദ് വസിച്ചിരുന്ന നഗരമേ, നിനക്കു ഹാ, കഷ്ടം! വർഷത്തോടു വർഷം ചേർത്തുകൊള്ളുക, നിങ്ങളുടെ ഉത്സവങ്ങൾ പതിവുപോലെ ആഘോഷിക്കുക.
2 ഞാൻ അരീയേലിനു ദുരിതംവരുത്തും; അവൾ വിലപിക്കുകയും ദുഃഖിക്കുകയും ചെയ്യും, അവൾ എനിക്ക് ഒരു ബലിപീഠത്തിന്റെ അടുപ്പുപോലെ ആയിരിക്കും.
3 ഞാൻ നിന്നെ വളഞ്ഞു നിനക്കുചുറ്റും പാളയമടിക്കും; നിനക്കുചുറ്റും ഉപരോധക്കോട്ടകൾ തീർക്കും, ഞാൻ നിനക്കെതിരേ കൊത്തളങ്ങൾ പണിയിക്കുകയും ചെയ്യും.
4 അപ്പോൾ നീ താഴ്ത്തപ്പെടും, നിലത്തുനിന്നുകൊണ്ട് നീ സംസാരിക്കും; നീ സാഷ്ടാംഗം വീണുകിടക്കുന്ന പൂഴിയിൽനിന്ന് നിന്റെ വാക്കുകൾ പുറപ്പെടും. ഭൂമിയിൽനിന്നു ഭൂതം പുറപ്പെട്ടുവരുന്നതുപോലെ നിന്റെ ശബ്ദം വരും; പൊടിയിൽനിന്ന് നിന്റെ ഭാഷണം മന്ത്രിക്കും.
5 നിന്റെ ശത്രുസമൂഹം നേരിയ പൊടിപോലെയും ക്രൂരരായ കവർച്ചസംഘം പാറിപ്പോകുന്ന പതിർപോലെയും ആകും. അതു ക്ഷണനേരംകൊണ്ട്, പെട്ടെന്നുതന്നെ സംഭവിക്കും.
6 ഇടിമുഴക്കം, ഭൂകമ്പം, വലിയശബ്ദം, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, ദഹിപ്പിക്കുന്ന അഗ്നിജ്വാല എന്നിവയോടുകൂടെ സൈന്യങ്ങളുടെ യഹോവ എഴുന്നള്ളും.
7 അരീയേലിനെതിരേ യുദ്ധംചെയ്യുന്ന എല്ലാ രാഷ്ട്രങ്ങളുടെയും കവർച്ചസംഘം, അവൾക്കും അവളുടെ കോട്ടയ്ക്കുമെതിരേ ഉപരോധംതീർക്കും. അവളെ ആക്രമിക്കുന്നവർ ഒരു സ്വപ്നംപോലെ, രാത്രിയിൽ കാണുന്ന ഒരു ദർശനംപോലെ ആയിത്തീരും—
8 വിശപ്പുള്ളയാൾ ഭക്ഷിക്കുന്നത് സ്വപ്നംകാണുകയും ഉണരുമ്പോൾ വിശപ്പു ശമിച്ചിട്ടില്ലാത്തതുപോലെയും ദാഹമുള്ളയാൾ പാനംചെയ്യുന്നത് സ്വപ്നംകാണുകയും ഉണരുമ്പോൾ ദാഹം ശമിക്കാതെ ക്ഷീണിതനായിരിക്കുന്നതുപോലെയും ആകും. സീയോൻപർവതത്തെ ആക്രമിക്കുന്ന എല്ലാ രാഷ്ട്രങ്ങളുടെയും സൈന്യത്തിന്റെ ഗതി ഇതുതന്നെ ആയിരിക്കും.
9 സ്തബ്ധരാകുക, അത്ഭുതംകൂറുക, അന്ധത പിടിച്ച് കുരുടരാകുക; അവർ മത്തരായിരിക്കുന്നു, വീഞ്ഞുകൊണ്ടല്ലതാനും, അവർ ചാഞ്ചാടി നടക്കുന്നു; മദ്യപാനംകൊണ്ടല്ലതാനും.
10 യഹോവ നിങ്ങളുടെമേൽ ഗാഢനിദ്ര അയച്ചിരിക്കുന്നു: നിങ്ങളുടെ പ്രവാചകന്മാരാകുന്ന കണ്ണുകളെ അവിടന്ന് അടച്ചുകളഞ്ഞു; ദർശകന്മാരാകുന്ന ശിരസ്സുകളെ അവിടന്നു മൂടിക്കളഞ്ഞു.
11 എല്ലാ ദർശനവും നിങ്ങൾക്ക് മുദ്രയിട്ട പുസ്തകച്ചുരുളിലെ വചനങ്ങൾപോലെ ആയിത്തീരും. അത് അക്ഷരാഭ്യാസമുള്ള ഒരുവന്റെ പക്കൽ കൊടുത്ത്, “വായിച്ചാലും” എന്നു പറഞ്ഞാൽ, “എനിക്കു കഴിയില്ല, ഇതു മുദ്രയിട്ടിരിക്കുന്നു” എന്ന് അയാൾ മറുപടി പറയും.
12 അപ്പോൾ ആ പുസ്തകച്ചുരുൾ അക്ഷരാഭ്യാസമില്ലാത്തവന്റെ പക്കൽ കൊടുത്ത്, “വായിച്ചാലും” എന്നു പറഞ്ഞാൽ. “എനിക്ക് വായിക്കാൻ അറിഞ്ഞുകൂടാ,” എന്ന് അയാളും ഉത്തരം പറയും.
13 അപ്പോൾ കർത്താവ് അരുളിച്ചെയ്തു: “ഈ ജനം വാകൊണ്ട് എന്നോട് അടുത്തു വരികയും അധരംകൊണ്ട് എന്നെ ബഹുമാനിക്കുകയും ചെയ്യുന്നു, എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ട് അകന്നിരിക്കുന്നു. അവർ എന്നെ ആരാധിക്കുന്നത് പഠിച്ചുവെച്ച മാനുഷകൽപ്പനകൾ ആധാരമാക്കിയാണ്.
14 അതിനാൽ അത്ഭുതത്തിന്മേൽ അത്ഭുതം പ്രവർത്തിച്ചുകൊണ്ട് ഞാൻ ഈ ജനത്തെ ഒരിക്കൽക്കൂടി സ്തബ്ധരാക്കും. ഏറ്റവും അത്ഭുതകരമായിത്തന്നെ അവരോട് ഇടപെടും; അവരുടെ ജ്ഞാനികളുടെ ജ്ഞാനം നശിച്ചുപോകും, ബുദ്ധിമാന്മാരുടെ ബുദ്ധിയും മാഞ്ഞുപോകും.”
15 തങ്ങളുടെ പദ്ധതികൾ യഹോവയിൽനിന്ന് മറച്ചുവെക്കാനായി ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നവർക്ക്, തങ്ങളുടെ പ്രവൃത്തികൾ അന്ധകാരത്തിൽ ചെയ്തിട്ട്, “ആർ കാണും? ആർ അറിയും?” എന്നു ചിന്തിക്കുന്നവർക്ക്, ഹാ, കഷ്ടം!
16 നിങ്ങൾ കാര്യങ്ങൾ കീഴ്മേൽ മറിച്ചുകളയുന്നു, കുശവനും കളിമണ്ണും സമമെന്നു കരുതുന്നതുപോലെ! നിർമിതമായ വസ്തു തന്നെ നിർമിച്ചവനെപ്പറ്റി, “അയാളല്ല എന്നെ നിർമിച്ചത്” എന്നു പറയുമോ? മൺപാത്രം കുശവനെക്കുറിച്ച്, “അയാൾക്കു വിവേകമില്ല” എന്നു പ്രസ്താവിക്കുമോ?
17 ഇനി അൽപ്പസമയത്തിനുള്ളിൽ ലെബാനോൻ ഫലസമൃദ്ധമായ ഒരു വയലായിത്തീരുകയില്ലേ, ആ വയൽ വനമായി കാണപ്പെടുകയുമില്ലേ?
18 ആ ദിവസത്തിൽ ചെകിടന്മാർ പുസ്തകച്ചുരുളിലെ വചനങ്ങൾ കേൾക്കുകയും അന്ധരുടെ കണ്ണുകൾ അന്ധതനീങ്ങി കാഴ്ചനേടുകയും ചെയ്യും.
19 അപ്പോൾ സൗമ്യതയുള്ളവർക്ക് യഹോവയിലുള്ള സന്തോഷം വർധിക്കുകയും ദരിദ്രർ ഇസ്രായേലിന്റെ പരിശുദ്ധനിൽ ആനന്ദിക്കുകയും ചെയ്യും.
20 ക്രൂരർ ഇല്ലാതെയാകും, പരിഹാസികൾ നാമാവശേഷമാകും, ദോഷം ചെയ്യാൻ മുതിരുന്ന എല്ലാവരും ഛേദിക്കപ്പെടും—
21 മനുഷ്യരെ വാക്കിൽ കുടുക്കി കുറ്റക്കാരാക്കുന്നവർ, നഗരകവാടത്തിൽ ന്യായം വിസ്തരിക്കുന്നവനു കെണി വെക്കുന്നവർ, നീതിനിഷ്ഠരെ വ്യാജവാദങ്ങളാൽ വഞ്ചിക്കുന്നവർ എന്നിവരെയെല്ലാംതന്നെ.
22 അതിനാൽ അബ്രാഹാമിനെ വീണ്ടെടുത്ത യഹോവ യാക്കോബിന്റെ സന്തതികളോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യാക്കോബ് ഇനി ലജ്ജിതനാകുകയില്ല; അവന്റെ മുഖം ഇനിയൊരിക്കലും വിളറുകയുമില്ല.
23 എന്നാൽ അവർ അവരുടെ മക്കളുടെ മധ്യേ, എന്റെ കൈകളുടെ പ്രവൃത്തി കാണുമ്പോൾ, അവർ എന്റെ നാമത്തെ വിശുദ്ധീകരിക്കും; അതേ, അവർ യാക്കോബിന്റെ പരിശുദ്ധന്റെ വിശുദ്ധി അംഗീകരിക്കുകയും ഇസ്രായേലിന്റെ ദൈവത്തെ ഭയപ്പെടുകയും ചെയ്യും.
24 മനോവിഭ്രമം ബാധിച്ചു തെറ്റിപ്പോയവർ വിവേകബുദ്ധിനേടുകയും പിറുപിറുത്തവർ ഉപദേശം സ്വീകരിക്കുകയും ചെയ്യും.”