< യെശയ്യാവ് 21 >

1 സമുദ്രതീരത്തെ മരുഭൂമിക്കെതിരേയുള്ള പ്രവചനം: ദക്ഷിണദിക്കിൽ ചുഴലിക്കാറ്റ് വീശിയടിക്കുന്നതുപോലെ മരുഭൂമിയിൽനിന്ന് അക്രമികൾ വരുന്നു, ഭയാനകമായ പ്രദേശത്തുനിന്നുതന്നെ.
സമുദ്രതീരത്തെ മരുഭൂമിയെക്കുറിച്ചുള്ള പ്രവാചകം: തെക്ക് ചുഴലിക്കാറ്റ് അടിക്കുന്നതുപോലെ, അത് മരുഭൂമിയിൽനിന്നു ഭയങ്കരദേശത്തുനിന്നു തന്നെ വരുന്നു!
2 ഭയാനകമായ ഒരു ദർശനം എനിക്കു വെളിപ്പെട്ടിരിക്കുന്നു: വഞ്ചകർ ഒറ്റുകൊടുക്കുന്നു, കൊള്ളക്കാർ കൊള്ളയിടുന്നു. ഏലാമ്യരേ, ആക്രമിക്കുക! മേദ്യരേ, ഉപരോധം ഏർപ്പെടുത്തുക! ബാബേല്യർ വരുത്തിയ എല്ലാ നെടുവീർപ്പുകൾക്കും ഞാൻ ഒരു അറുതി വരുത്താൻപോകുന്നു.
അസഹ്യപ്പെടുത്തുന്ന ഒരു ദർശനം എനിക്ക് വെളിപ്പെട്ടിരിക്കുന്നു; ദ്രോഹി ദ്രോഹം ചെയ്യുന്നു; കവർച്ചക്കാരൻ കവർച്ച ചെയ്യുന്നു. ഏലാമേ, കയറിച്ചെല്ലുക, മേദ്യയേ, നിരോധിച്ചുകൊള്ളുക; അതിന്റെ ഞരക്കമെല്ലാം ഞാൻ നിർത്തിക്കളയും.
3 ഈ കാരണത്താൽ എന്റെ അരക്കെട്ടിൽ വേദന നിറഞ്ഞിരിക്കുന്നു. പ്രസവവേദന ബാധിച്ച ഒരു സ്ത്രീയുടേതുപോലെയുള്ള വേദനതന്നെ; കേൾക്കുന്ന കാര്യങ്ങളാൽ ഞാൻ പരിഭ്രാന്തനായിരിക്കുന്നു, കാണുന്ന കാഴ്ചകളാൽ ഞാൻ ഭയപ്പെടുന്നു.
അതുകൊണ്ട് എന്റെ അരയിൽ വേദന നിറഞ്ഞിരിക്കുന്നു; നോവുകിട്ടിയ സ്ത്രീയുടെ നോവുപോലെയുള്ള വേദന എന്നെ പിടിച്ചിരിക്കുന്നു; എനിക്ക് ചെവി കേട്ടുകൂടാത്തവിധം ഞാൻ അതിവേദനപ്പെട്ടിരിക്കുന്നു; കണ്ണ് കാണാത്തവിധം ഞാൻ പരിഭ്രമിച്ചിരിക്കുന്നു.
4 എന്റെ ഹൃദയം പതറുന്നു; ഭീതി എന്നെ വലയംചെയ്തിരിക്കുന്നു; ഞാൻ കാത്തിരുന്ന സന്ധ്യാസമയം എനിക്കൊരു ഘോരത നൽകിയിരിക്കുന്നു.
എന്റെ ഹൃദയം പതറുന്നു; ഭീതി എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു; ഞാൻ കാംക്ഷിച്ച സന്ധ്യാസമയം അവിടുന്ന് എനിക്ക് വിറയലാക്കിത്തീർത്തു.
5 അവർ മേശയൊരുക്കുന്നു പരവതാനി വിരിക്കുന്നു ഭക്ഷിച്ചു പാനംചെയ്യുകയും ചെയ്യുന്നു! പ്രഭുക്കന്മാരേ, എഴുന്നേൽക്കുക, പരിചയ്ക്ക് എണ്ണയിടുക!
മേശ ഒരുക്കുവിൻ; പരവതാനി വിരിക്കുവിൻ; ഭക്ഷിച്ചു പാനം ചെയ്യുവിൻ; പ്രഭുക്കന്മാരേ, എഴുന്നേല്ക്കുവിൻ; പരിചക്ക് എണ്ണ പൂശുവിൻ.
6 കർത്താവ് എന്നോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “പോകൂ, ഒരു കാവൽക്കാരനെ നിർത്തൂ, അവൻ കാണുന്നതൊക്കെ നിന്നെ അറിയിക്കട്ടെ.
കർത്താവ് എന്നോട്: “നീ ചെന്ന് ഒരു കാവല്ക്കാരനെ നിർത്തിക്കൊള്ളുക; അവൻ കാണുന്നത് അറിയിക്കട്ടെ.
7 ഈരണ്ടു കുതിരകളെ പൂട്ടിയ രഥങ്ങൾ വരുന്നതും നിരനിരയായി കഴുതകളും ഒട്ടകങ്ങളും വരുന്നതു കാണുമ്പോൾ അവൻ ജാഗ്രതയുള്ളവനാകട്ടെ, പരിപൂർണ ജാഗരൂകൻതന്നെ.”
ഈരണ്ടീരണ്ടായി വരുന്ന കുതിരപ്പടയേയും കഴുതപ്പടയെയും ഒട്ടകപ്പടയെയും കാണുമ്പോൾ അവൻ ബഹുശ്രദ്ധയോടെ ശ്രദ്ധിക്കട്ടെ” എന്നു കല്പിച്ചു.
8 അപ്പോൾ കാവൽക്കാരൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: “എന്റെ യജമാനനേ, എല്ലാ പകലുകളിലും ഞാൻ കാവൽഗോപുരത്തിൽ നിൽക്കുന്നു; എല്ലാ രാത്രിയിലും ഞാൻ എന്റെ കാവൽസ്ഥാനത്തുതന്നെ ആയിരിക്കുന്നു.
അവൻ ഒരു സിംഹംപോലെ അലറി: “കർത്താവേ, ഞാൻ പകൽ ഇടവിടാതെ കാവൽനില്ക്കുന്നു; രാത്രിമുഴുവനും ഞാൻ കാവൽ കാത്തുകൊണ്ടിരുന്നു.
9 ഇതാ, രണ്ടു കുതിരയെപ്പൂട്ടി ഒരു പുരുഷൻ രഥമേറി വരുന്നു. ‘ബാബേൽ വീണുപോയിരിക്കുന്നു, വീണുപോയിരിക്കുന്നു! അവളുടെ എല്ലാ ദേവതകളുടെയും വിഗ്രഹങ്ങൾ നിലത്തു ചിതറിക്കിടക്കുന്നു,’” എന്ന് അയാൾ വിളിച്ചുപറയുന്നു.
ഇതാ, ഒരു കൂട്ടം കുതിരപ്പടയാളികൾ; ഈരണ്ടീരണ്ടായി കുതിരപ്പട വരുന്നു” എന്നു പറഞ്ഞു. “വീണു, ബാബേൽ വീണു! അതിലെ ദേവന്മാരുടെ വിഗ്രഹങ്ങൾ സകലവും നിലത്തുവീണു തകർന്നുകിടക്കുന്നു” എന്നും അവൻ പറഞ്ഞു.
10 മെതിക്കളത്തിൽവെച്ച് മെതിക്കപ്പെട്ട എന്റെ ജനമേ, ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവയിൽനിന്ന് ഞാൻ കേട്ടതു നിങ്ങളെ അറിയിക്കുന്നു.
൧൦എന്റെ മെതിയേ, എന്റെ കളത്തിലെ ധാന്യമേ, യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തു ഞാൻ കേട്ടിട്ടുള്ളത് നിങ്ങളോട് അറിയിച്ചിരിക്കുന്നു.
11 ദൂമായ്ക്കെതിരേയുള്ള പ്രവചനം: സേയീരിൽനിന്നും ഒരാൾ എന്നോടു വിളിച്ചുപറയുന്നു, “കാവൽക്കാരാ, രാത്രി ഇനിയെത്ര ബാക്കി? കാവൽക്കാരാ, രാത്രി ഇനിയെത്ര ബാക്കി?”
൧൧ദൂമയെക്കുറിച്ചുള്ള പ്രവാചകം: “കാവല്ക്കാരാ, രാത്രി എന്തായി? കാവല്ക്കാരാ, രാത്രി എന്തായി?” എന്ന് ഒരുവൻ സേയീരിൽനിന്ന് എന്നോട് വിളിച്ചുചോദിക്കുന്നു.
12 കാവൽക്കാരൻ മറുപടി പറയുന്നു: “പ്രഭാതം വരുന്നു, പിന്നെ രാത്രിയും. നിങ്ങൾക്കു ചോദിക്കണമെങ്കിൽ ചോദിക്കുക; ഇനിയും വീണ്ടും വരിക.”
൧൨അതിന് കാവല്ക്കാരൻ: “പ്രഭാതവും രാത്രിയും വന്നിരിക്കുന്നു; നിങ്ങൾക്ക് ചോദിക്കണമെങ്കിൽ ചോദിച്ചു കൊള്ളുവിൻ; പോയി വരുവിൻ” എന്നു പറഞ്ഞു.
13 അറേബ്യക്കെതിരേയുള്ള പ്രവചനം: ദേദാന്യരുടെ വ്യാപാരസംഘങ്ങളേ, അറേബ്യയിലെ കാട്ടിൽ കഴിയുന്നവരേ.
൧൩അറേബ്യയെക്കുറിച്ചുള്ള പ്രവാചകം: ദേദാന്യരുടെ സഞ്ചാരഗണങ്ങളേ, നിങ്ങൾ അറേബ്യയിലെ കാട്ടിൽ രാത്രി പാർക്കുവിൻ.
14 തേമാ നിവാസികളേ, ദാഹിച്ചിരിക്കുന്നവർക്കു വെള്ളം കൊണ്ടുവരിക, പലായിതർക്ക് അപ്പം കൊണ്ടുവരിക.
൧൪തേമാദേശനിവാസികളേ, നിങ്ങൾ ദാഹിച്ചിരിക്കുന്നവനു വെള്ളം കൊണ്ടുചെല്ലുവിൻ; ഓടിപ്പോകുന്നവരെ അപ്പവുമായി ചെന്ന് എതിരേല്ക്കുവിൻ.
15 അവർ വാളിൽനിന്ന്, ഊരിയ വാളിൽനിന്നും കുലച്ച വില്ലിൽനിന്നും യുദ്ധത്തിന്റെ കെടുതിയിൽനിന്നും ഓടിപ്പോകുന്നവരാണ്.
൧൫അവർ വാളിനെ ഒഴിഞ്ഞ് ഓടിപ്പോകുന്നവരാകുന്നു; ഊരിയ വാളിനെയും കുലച്ച വില്ലിനെയും യുദ്ധത്തിന്റെ കെടുതിയെയും ഒഴിഞ്ഞ് ഓടുന്നവർതന്നെ.
16 കർത്താവ് എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “ഒരു വർഷത്തിനകം, ഒരു കരാർ തൊഴിലാളി തന്റെ കാലാവധി കണക്കാക്കുന്നതുപോലെ, കേദാറിന്റെ എല്ലാ മഹത്ത്വവും പൊയ്പ്പോകും.
൧൬കർത്താവ് ഇപ്രകാരം എന്നോട് അരുളിച്ചെയ്തു: “കൂലിക്കാരന്റെ വർഷംപോലെയുള്ള ഒരു വർഷത്തിനകം കേദാരിന്റെ മഹത്ത്വം എല്ലാം ക്ഷയിച്ചുപോകും;
17 കേദാര്യരിൽ, വില്ലാളിവീരന്മാരായ കേദാർ ജനതയുടെ കൂട്ടത്തിൽത്തന്നെ, അതിജീവിക്കുന്നവർ ചുരുക്കമായിരിക്കും.” ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്തിരിക്കുന്നു.
൧൭കേദാര്യരിൽ വീരന്മാരായ വില്ലാളികളുടെ കൂട്ടത്തിൽ ശേഷിക്കുന്നവർ ചുരുക്കമായിരിക്കും;” യിസ്രായേലിന്റെ ദൈവമായ യഹോവയല്ലയോ അരുളിച്ചെയ്തിരിക്കുന്നത്.

< യെശയ്യാവ് 21 >