< യെശയ്യാവ് 18 >
1 കൂശിലെ നദികൾക്കപ്പുറം ചിറകടി ശബ്ദമുയർത്തുന്ന ദേശമേ!
൧അയ്യോ, കൂശിലെ നദികൾക്കരികിൽ ചിറകുകൾ ഉരയ്ക്കുന്നതും കടൽവഴിയായി വെള്ളത്തിന്മേൽ ഞാങ്ങണകൊണ്ടുള്ള തോണികളിൽ ദൂതന്മാരെ അയയ്ക്കുന്നതും ആയദേശമേ!
2 കടൽമാർഗം ഞാങ്ങണയിൽ നിർമിച്ച ചങ്ങാടങ്ങളിൽ സ്ഥാനപതികളെ അയയ്ക്കുന്ന ദേശമേ! നിനക്കു ഹാ കഷ്ടം! വേഗമേറിയ സന്ദേശവാഹകരേ, ദീർഘകായരും മൃദുചർമികളുമായ ജനങ്ങളുടെ അടുത്തേക്കു പോകുക, അടുത്തും അകലെയുമുള്ളവർ ഭയപ്പെടുന്ന ജനങ്ങളുടെ അടുത്തേക്ക്; അക്രമകാരികളും വിചിത്രഭാഷസംസാരിക്കുകയും ചെയ്യുന്നവരുടെ അടുത്തേക്കു പോകുക, നദികളാൽ വിഭജിക്കപ്പെട്ട ദേശത്തു വസിക്കുന്നവരുടെ അടുത്തേക്കുതന്നെ.
൨ശീഘ്രദൂതന്മാരേ, നിങ്ങൾ ദീർഘകായന്മാരും മൃദുചർമ്മികളുമായ ജനതയുടെ അടുക്കൽ, ആരംഭംമുതൽ ഇന്നുവരെ ഭയങ്കരമായിരിക്കുന്ന ജാതിയുടെ അടുക്കൽ, അളക്കുന്നതും ചവിട്ടിക്കളയുന്നതും നദികൾ ദേശത്തെ വിഭാഗിക്കുന്നതുമായ ജനതയുടെ അടുക്കൽ തന്നെ ചെല്ലുവിൻ.
3 ഭൂമിയിലെ നിവാസികളും ഭൂതലത്തിൽ പാർക്കുന്നവരുമായ എല്ലാവരുമേ, മലമുകളിൽ കൊടി ഉയർത്തുമ്പോൾ നിങ്ങൾ അതു കാണും, ഒരു കാഹളം മുഴങ്ങുമ്പോൾ നിങ്ങൾ അതു കേൾക്കും.
൩ഭൂതലത്തിലെ സർവ്വനിവാസികളും ഭൂമിയിൽ വസിക്കുന്നവരും ആയുള്ളവരേ, പർവ്വതത്തിന്മേൽ കൊടി ഉയർത്തുമ്പോൾ, നിങ്ങൾ നോക്കുവിൻ; കാഹളം ഊതുമ്പോൾ കേൾക്കുവിൻ.
4 യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “മധ്യാഹ്നസൂര്യന്റെ ജ്വലിക്കുന്ന ചൂടുപോലെ, കൊയ്ത്തുകാലത്തെ ചൂടിലെ തുഷാരമേഘംപോലെ, ഞാൻ എന്റെ നിവാസസ്ഥാനത്തു നിശ്ശബ്ദനായിരുന്നുകൊണ്ടു നിരീക്ഷിക്കും.”
൪യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “വെയിൽ തെളിഞ്ഞു മൂക്കുമ്പോൾ, കൊയ്ത്തുകാലത്തെ ഉഷ്ണത്തിൽ മേഘം മഞ്ഞു പൊഴിക്കുമ്പോൾ, ഞാൻ എന്റെ നിവാസത്തിൽ സ്വസ്ഥമായി നോക്കിക്കൊണ്ടിരിക്കും”.
5 പൂക്കൾകൊഴിഞ്ഞ് അത് മുന്തിരിയായി വിളഞ്ഞുവരുമ്പോൾ വെടിപ്പാക്കുന്ന കത്തികൊണ്ട് നാമ്പുകൾ മുറിച്ചുകളഞ്ഞ് പടരുന്ന ശാഖകളെ അവിടന്നു വെട്ടി നീക്കിക്കളയും.
൫കൊയ്ത്തിനു മുമ്പ്, മൊട്ടിട്ടു കഴിഞ്ഞു, പൂവ് പൊഴിഞ്ഞു, മുന്തിരിങ്ങാ വിളയുമ്പോൾ, അവൻ അരിവാൾകൊണ്ടു വള്ളി മുറിച്ചു ശാഖകൾ ചെത്തിക്കളയും.
6 മലയിലെ ഇരപിടിയൻപക്ഷികൾക്കും വന്യമൃഗങ്ങൾക്കുംവേണ്ടി അവ ഉപേക്ഷിക്കപ്പെടും; കഴുകന്മാർ അവകൊണ്ട് വേനൽക്കാലംമുഴുവനും, വന്യമൃഗങ്ങൾ ശീതകാലംമുഴുവനും ഉപജീവിക്കും.
൬അതെല്ലാം മലയിലെ കഴുകനും ഭൂമിയിലെ മൃഗത്തിനും ഇട്ടുകളയും; കഴുകൻ അതുകൊണ്ട് വേനൽ കഴിക്കും; ഭൂമിയിലെ സകലമൃഗവും അതുകൊണ്ട് ശൈത്യകാലം കഴിക്കും.
7 ആ കാലത്ത്, ദീർഘകായരും മൃദുചർമികളുമായ ജനങ്ങളുടെ അടുത്തുനിന്ന്, അടുത്തും അകലെയുമുള്ളവർ ഭയപ്പെടുന്ന ജനങ്ങളുടെ അടുത്തുനിന്ന്; അക്രമകാരികളും വിചിത്രഭാഷസംസാരിക്കുകയും ചെയ്യുന്നവരുടെ അടുത്തുനിന്ന്, നദികളാൽ വിഭജിക്കപ്പെട്ട ദേശത്തു വസിക്കുന്നവരുടെ അടുത്തുനിന്നുതന്നെ, സൈന്യങ്ങളുടെ യഹോവയുടെ നാമം വഹിക്കുന്ന സീയോൻഗിരിയിലേക്ക് അവർ കാഴ്ച കൊണ്ടുവരും.
൭ആ കാലത്ത് ദീർഘകായന്മാരും മൃദുചർമ്മികളും ആയ ജനം, ആരംഭംമുതൽ ഇന്നുവരെ ഭയങ്കരമായിരിക്കുന്ന ജനം, അളക്കുന്നതും ചവിട്ടിക്കളയുന്നതും നദികൾ ദേശത്തെ വിഭാഗിക്കുന്നതുമായ ജനത തന്നെ, സൈന്യങ്ങളുടെ യഹോവയുടെ നാമമുള്ള സ്ഥലമായ സീയോൻ പർവ്വതത്തിലേക്കു സൈന്യങ്ങളുടെ യഹോവയ്ക്കു തിരുമുല്‍ക്കാഴ്ച കൊണ്ടുവരും.