< യെശയ്യാവ് 16 >

1 നിങ്ങൾ ദേശാധിപതിക്കുള്ള കാഴ്ചയായി, കുഞ്ഞാടിനെ സേലായിൽനിന്ന്, മരുഭൂമിവഴിയായി സീയോൻപുത്രിയുടെ പർവതത്തിലേക്കു കൊടുത്തയയ്ക്കുക.
നിങ്ങൾ ദേശാധിപതിക്കു വേണ്ടിയുള്ള കുഞ്ഞാടുകളെ സേലയിൽനിന്നു മരുഭൂമിവഴിയായി സീയോൻ പുത്രിയുടെ പൎവ്വതത്തിലേക്കു കൊടുത്തയപ്പിൻ.
2 കൂട്ടിൽനിന്നു തള്ളിയിടപ്പെട്ട് ചിറകിട്ടടിക്കുന്ന പക്ഷികളെപ്പോലെ ആയിരിക്കും അർന്നോൻ കടവുകളിൽ മോവാബ്യ പുത്രിമാർ.
മോവാബിന്റെ പുത്രിമാർ കൂടു വിട്ടലയുന്ന പക്ഷികളെപ്പോലെ അൎന്നോന്റെ കടവുകളിൽ ഇരിക്കും.
3 “ഞങ്ങൾക്ക് ആലോചന പറഞ്ഞുതരിക, ന്യായം നടത്തുക. നട്ടുച്ചസമയത്ത് നിന്റെ നിഴലിനെ രാത്രിപോലെയാക്കുക. പലായിതരെ ഒളിപ്പിക്കുക, അഭയാർഥികളെ ഒറ്റിക്കൊടുക്കരുത്.
ആലോചന പറഞ്ഞുതരിക; മദ്ധ്യസ്ഥം ചെയ്ക; നിന്റെ നിഴലിനെ നട്ടുച്ചെക്കു രാത്രിയെപ്പോലെ ആക്കുക; ഭ്രഷ്ടന്മാരെ ഒളിപ്പിക്ക; അലഞ്ഞു നടക്കുന്നവനെ കാണിച്ചുകൊടുക്കരുതു.
4 മോവാബിലെ പലായിതർ നിന്നോടൊപ്പം പാർക്കട്ടെ; അവരുടെ അന്തകരിൽനിന്ന് നീ അവർക്ക് ഒരു അഭയമായിരിക്കുക,” എന്നു മോവാബ് പറയുന്നു. പീഡകരുടെ അവസാനം വന്നുചേരും നശിപ്പിക്കുന്നവർ ഇല്ലാതെയാകും; മർദകർ ദേശത്തുനിന്ന് അപ്രത്യക്ഷരാകും.
മോവാബിന്റെ ഭ്രഷ്ടന്മാർ നിന്നോടുകൂടെ പാൎത്തുകൊള്ളട്ടെ; കവൎച്ചക്കാരന്റെ മുമ്പിൽ നീ അവൎക്കു ഒരു മറവായിരിക്ക; എന്നാൽ പീഡകൻ ഇല്ലാതെയാകും; കവൎച്ച അവസാനിക്കും; ചവിട്ടിക്കളയുന്നവർ ദേശത്തുനിന്നു മുടിഞ്ഞുപോകും.
5 അചഞ്ചലസ്നേഹത്താൽ സിംഹാസനം സ്ഥിരമാക്കപ്പെടും; ദാവീദിന്റെ കൂടാരത്തിൽനിന്ന് ഒരുവൻ സത്യസന്ധതയോടെ അതിൽ ഉപവിഷ്ടനാകും. ആ ന്യായാധിപൻ ന്യായതല്പരനും നീതി നടത്തുന്നതിനു വേഗമുള്ളവനും ആയിത്തീരും.
അങ്ങനെ ദയയാൽ സിംഹാസനം സ്ഥിരമായ്‌വരും; അതിന്മേൽ ദാവീദിന്റെ കൂടാരത്തിൽനിന്നു ഒരുത്തൻ ന്യായപാലനം ചെയ്തും ന്യായതല്പരനായും നീതിനടത്തുവാൻ വേഗതയുള്ളവനായും നേരോടെ ഇരിക്കും.
6 മോവാബിന്റെ അഹങ്കാരത്തെപ്പറ്റി ഞങ്ങൾ കേട്ടിട്ടുണ്ട്— അവളുടെ ഗർവം എത്ര വലിയത്! അവളുടെ നിഗളം, അഹങ്കാരം, ധിക്കാരം എന്നിവയും ഞങ്ങൾ കേട്ടിരിക്കുന്നു; എന്നാൽ അവളുടെ പ്രശംസ വ്യർഥമത്രേ.
ഞങ്ങൾ മോവാബിന്റെ ഗൎവ്വത്തെക്കുറിച്ചു കേട്ടിട്ടുണ്ടു; അവൻ മഹാഗൎവ്വിയാകുന്നു; അവന്റെ നിഗളത്തെയും ഡംഭത്തെയും ക്രോധത്തെയും വ്യൎത്ഥപ്രശംസയെയും കുറിച്ചും കേട്ടിട്ടുണ്ടു.
7 അതിനാൽ മോവാബ്യർ വിലപിക്കും, അവർ മോവാബിനെക്കുറിച്ച് വിലപിക്കും. കീർ-ഹരേശേത്തിലെ മുന്തിരിയടകളെപ്പറ്റി ദുഃഖിക്കുകയും വിലപിക്കുകയുംചെയ്യുക.
അതുകൊണ്ടു മോവാബിനെപ്പറ്റി മോവാബ് തന്നേ മുറയിടും; എല്ലാവരും മുറയിടും; കീർ-ഹരേശെത്തിന്റെ മുന്തിരിയടകളെക്കുറിച്ചു നിങ്ങൾ കേവലം ദുഃഖിതന്മാരായി വിലപിക്കും.
8 ഹെശ്ബോനിലെ വയലുകളും സിബ്മയിലെ മുന്തിരിവള്ളികളും ഉണങ്ങിപ്പോയി. അതിലെ വിശിഷ്ട മുന്തിരിവള്ളികളെ ഇതര രാഷ്ട്രങ്ങളിലെ ഭരണാധിപന്മാർ ചവിട്ടിമെതിച്ചിരിക്കുന്നു, അതു യാസേർവരെയും മരുഭൂമിവരെയും പടർന്നിരുന്നു. അതിന്റെ ശാഖകൾ കടൽവരെയും പടർന്നിരുന്നു.
ഹെശ്ബോൻ വയലുകളും ശിബ്മയിലെ മുന്തിരിവള്ളിയും ഉണങ്ങിക്കിടക്കുന്നു; അതിലെ മേത്തരമായ വള്ളിയെ ജാതികളുടെ പ്രഭുക്കന്മാർ ഒടിച്ചു കളഞ്ഞു; അതു യസേർവരെ നീണ്ടു മരുഭൂമിയിലോളം പടൎന്നിരുന്നു; അതിന്റെ ശാഖകൾ പടൎന്നു കടൽ കടന്നിരുന്നു.
9 അതിനാൽ ഞാൻ യാസേരിനോടൊപ്പം സിബ്മയിലെ മുന്തിരിവള്ളിയെക്കുറിച്ചു വിലപിക്കും. ഹെശ്ബോനേ, എലെയാലേ, ഞാൻ എന്റെ കണ്ണുനീർകൊണ്ടു നിന്നെ നനയ്ക്കും! നിന്റെ വേനൽക്കാല ഫലങ്ങൾക്കും കൊയ്ത്തിനും ആഹ്ലാദാരവം നിലച്ചിരിക്കുന്നു.
അതുകൊണ്ടു ഞാൻ യസേരിനോടുകൂടെ ശിബ്മയിലെ മുന്തിരിവള്ളിയെക്കുറിച്ചു കരയും; ഹെശ്ബോനേ, എലെയാലേ, ഞാൻ നിന്നെ എന്റെ കണ്ണുനീരുകൊണ്ടു നനെക്കും; നിന്റെ വേനല്ക്കനികൾക്കും നിന്റെ കൊയ്ത്തിന്നും പോർവിളി നേരിട്ടിരിക്കുന്നു.
10 ഫലപൂർണമായ വയലിൽനിന്ന് ആനന്ദവും ഉല്ലാസവും നീങ്ങിപ്പോയിരിക്കുന്നു; മുന്തിരിത്തോപ്പുകളിലും പാട്ടുകളോ ആർപ്പുവിളിയോ ഇല്ല. മുന്തിരിച്ചക്കുകളിൽ ആരും മുന്തിരിങ്ങാ ചവിട്ടുന്നില്ല; കാരണം ഞാൻ ആ ആർപ്പുവിളി അവസാനിപ്പിച്ചിരിക്കുന്നു.
സന്തോഷവും ആനന്ദവും വിളനിലത്തുനിന്നു പോയ്പോയിരിക്കുന്നു; മുന്തിരിത്തോട്ടങ്ങളിൽ പാട്ടില്ല, ഉല്ലാസഘോഷവുമില്ല; ചവിട്ടുകാർ ചക്കുകളിൽ മുന്തിരിങ്ങാ ചവിട്ടുകയുമില്ല; മുന്തിരിക്കൊയ്ത്തിന്റെ ആൎപ്പുവിളി ഞാൻ നിൎത്തിക്കളഞ്ഞിരിക്കുന്നു.
11 അതിനാൽ എന്റെ ഹൃദയം മോവാബിനെക്കുറിച്ചും എന്റെ അന്തരിന്ദ്രിയം കീർ-ഹേരെശിനെക്കുറിച്ചും ഒരു കിന്നരംപോലെ ആർത്തനാദം പുറപ്പെടുവിക്കുന്നു.
അതുകൊണ്ടു എന്റെ ഉള്ളം മോവാബിനെക്കുറിച്ചും എന്റെ അന്തരംഗം കീർഹേരെശിനെക്കുറിച്ചും കിന്നരംപോലെ മുഴങ്ങുന്നു.
12 മോവാബ് അവളുടെ ക്ഷേത്രങ്ങളിൽ ചെല്ലുമ്പോൾ തളർന്നുപോകാം എന്ന പ്രയോജനംമാത്രമേയുള്ളൂ, അവൾ പവിത്രസ്ഥാനങ്ങളിൽ പ്രാർഥിക്കാൻ ചെല്ലുമ്പോൾ ഫലസിദ്ധിയുണ്ടാകുകയുമില്ല.
പിന്നെ മോവാബ് പൂജാഗിരിയിൽ ചെന്നു പാടുപെട്ടു ക്ഷേത്രത്തിൽ പ്രാൎത്ഥിപ്പാൻ കടന്നാൽ അവൻ കൃതാൎത്ഥനാകയില്ല.
13 ഇതാണ് യഹോവ മുമ്പേതന്നെ മോവാബിനെപ്പറ്റി അരുളിച്ചെയ്ത വചനം.
ഇതാകുന്നു യഹോവ പണ്ടു തന്നേ മോവാബിനെക്കുറിച്ചു അരുളിച്ചെയ്ത വചനം.
14 എന്നാൽ ഇപ്പോൾ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഒരു കരാർ തൊഴിലാളി കണക്കാക്കുന്നതുപോലെയുള്ള മൂന്നു സംവത്സരത്തിനുള്ളിൽ മോവാബിന്റെ മഹത്ത്വം അവന്റെ എല്ലാ ജനബാഹുല്യത്തോടുമൊപ്പം നിന്ദിതമാകും. അവളുടെ ശേഷിപ്പു തുച്ഛവും ദുർബലവുമായിരിക്കും.”
ഇപ്പോൾ യഹോവ അരുളിച്ചെയ്യുന്നതോ: കൂലിക്കാരന്റെ ആണ്ടുപോലെയുള്ള മൂന്നു ആണ്ടിന്നകം മോവാബിന്റെ മഹത്വം അവന്റെ സൎവ്വമഹാപുരുഷാരത്തോടുകൂടെ തുച്ഛീകരിക്കപ്പെടും; അവന്റെ ശേഷിപ്പു അത്യല്പവും അഗണ്യവും ആയിരിക്കും.

< യെശയ്യാവ് 16 >