< ഹോശേയ 12 >
1 എഫ്രയീം കാറ്റുകൊണ്ട് ഉപജീവിക്കുന്നു. കിഴക്കൻകാറ്റിനെ ദിവസംമുഴുവനും പിൻതുടരുകയും വ്യാജവും അക്രമവും വർധിപ്പിക്കുകയും ചെയ്യുന്നു. അവൻ അശ്ശൂരുമായി ഉടമ്പടിചെയ്യുന്നു; ഈജിപ്റ്റിലേക്ക് ഒലിവെണ്ണ അയയ്ക്കുന്നു.
എഫ്രയീം കാറ്റിൽ ഇഷ്ടപ്പെട്ടു കിഴക്കൻ കാറ്റിനെ പിന്തുടരുന്നു; അവൻ ഇടവിടാതെ ഭോഷ്കും ശൂന്യവും വൎദ്ധിപ്പിക്കുന്നു; അവർ അശ്ശൂൎയ്യരോടു ഉടമ്പടി ചെയ്യുന്നു; മിസ്രയീമിലേക്കു എണ്ണ കൊടുത്തയക്കുന്നു.
2 യഹോവയ്ക്ക്, യെഹൂദയ്ക്കെതിരേ ഒരു വ്യവഹാരമുണ്ട്; അവിടന്ന് യാക്കോബിനെ അവന്റെ വഴികൾ അനുസരിച്ചു ശിക്ഷിക്കുകയും അവന്റെ പ്രവൃത്തികൾക്കനുസരിച്ചു പകരം നൽകുകയും ചെയ്യും.
യഹോവെക്കു യെഹൂദയോടും ഒരു വ്യവഹാരം ഉണ്ടു; അവൻ യാക്കോബിനെ അവന്റെ നടപ്പിന്നു തക്കവണ്ണം സന്ദൎശിക്കും; അവന്റെ പ്രവൃത്തികൾക്കു തക്കവണ്ണം അവന്നു പകരം കൊടുക്കും.
3 അവൻ ഗർഭപാത്രത്തിൽവെച്ചു തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു; പുരുഷപ്രായത്തിൽ അവൻ ദൈവത്തോടു മല്ലുപിടിച്ചു.
അവൻ ഗൎഭത്തിൽവെച്ചു തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു; തന്റെ പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതി.
4 അവൻ ദൂതനോടു മല്ലുപിടിച്ചു, ദൂതനെ ജയിച്ചു; അവൻ കരഞ്ഞു, കൃപയ്ക്കായി യാചിച്ചു. അവിടന്ന് അവനെ ബേഥേലിൽവെച്ചു കണ്ടു, അവിടെവെച്ച് അവനോടു സംസാരിച്ചു.
അവൻ ദൂതനോടു പൊരുതി ജയിച്ചു; അവൻ കരഞ്ഞു അവനോടു അപേക്ഷിച്ചു; അവൻ ബേഥേലിൽവെച്ചു അവനെ കണ്ടെത്തി, അവിടെവെച്ചു അവൻ നമ്മോടു സംസാരിച്ചു.
5 യഹോവ സൈന്യങ്ങളുടെ ദൈവംതന്നെ; യഹോവ എന്നത്രേ അവിടത്തെ നാമം!
യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു; യഹോവ എന്നു ആകുന്നു അവന്റെ നാമം.
6 എന്നാൽ, നിങ്ങളുടെ ദൈവത്തിങ്കലേക്കു മടങ്ങിപ്പോകുക; സ്നേഹവും നീതിയും നിലനിർത്തുവിൻ, എപ്പോഴും നിങ്ങളുടെ ദൈവത്തിനായി കാത്തിരിപ്പിൻ.
അതുകൊണ്ടു നീ നിന്റെ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങി വരിക; ദയയും ന്യായവും പ്രമാണിച്ചു, ഇടവിടാതെ നിന്റെ ദൈവത്തിന്നായി കാത്തുകൊണ്ടിരിക്ക.
7 വ്യാപാരി കള്ളത്തുലാസ് ഉപയോഗിക്കുന്നു അവൻ വഞ്ചിക്കാൻ ഇഷ്ടപ്പെടുന്നു.
അവൻ ഒരു കനാന്യനാകുന്നു; കള്ളത്തുലാസു അവന്റെ കയ്യിൽ ഉണ്ടു; പീഡിപ്പിപ്പാൻ അവൻ ആഗ്രഹിക്കുന്നു.
8 എഫ്രയീം അഹങ്കരിക്കുന്നു: “ഞാൻ വളരെ ധനവാൻ; ഞാൻ സമ്പന്നനായിരിക്കുന്നു. എന്റെ സമ്പത്തുനിമിത്തം എന്നിൽ അവർ അകൃത്യമോ പാപമോ കണ്ടെത്തുകയില്ല.”
എന്നാൽ എഫ്രയീം: ഞാൻ സമ്പന്നനായ്തീൎന്നു, എനിക്കു ധനം കിട്ടിയിരിക്കുന്നു; എന്റെ സകല പ്രയത്നങ്ങളിലും പാപമായ യാതൊരു അകൃത്യവും എന്നിൽ കണ്ടെത്തുകയില്ല എന്നിങ്ങനെ പറയുന്നു.
9 “ഞാൻ നിന്നെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന യഹോവയായ ദൈവം ആകുന്നു. നിങ്ങളുടെ പെരുന്നാളുകളിലെന്നപോലെ ഞാൻ നിങ്ങളെ വീണ്ടും കൂടാരങ്ങളിൽ വസിക്കുമാറാക്കും.
ഞാനോ മിസ്രയീംദേശംമുതൽ നിന്റെ ദൈവമായ യഹോവയാകുന്നു; ഞാൻ നിന്നെ ഉത്സവദിവസങ്ങളിലെന്നപോലെ ഇനിയും കൂടാരങ്ങളിൽ വസിക്കുമാറാക്കും.
10 ഞാൻ പ്രവാചകന്മാരോടു സംസാരിച്ച്, അവർക്ക് അനേകം ദർശനങ്ങൾ നൽകി, അവർ മുഖാന്തരം സാദൃശ്യകഥകൾ സംസാരിച്ചു.”
ഞാൻ പ്രവാചകന്മാരോടു സംസാരിച്ചു ദൎശനങ്ങളെ വൎദ്ധിപ്പിച്ചു; പ്രവാചകന്മാർമുഖാന്തരം സദൃശവാക്യങ്ങളെയും പ്രയോഗിച്ചിരിക്കുന്നു.
11 ഗിലെയാദ് ഒരു ദുഷ്ടജനമോ? എങ്കിൽ അവരുടെ ജനങ്ങൾ വ്യർഥരായിത്തീരും! അവർ ഗിൽഗാലിൽ കാളകളെ ബലികഴിക്കുന്നോ? എങ്കിൽ അവരുടെ ബലിപീഠങ്ങൾ ഉഴുതിട്ട നിലത്തിലെ കൽക്കൂമ്പാരംപോലെ ആയിത്തീരും.
ഗിലെയാദ്യർ നീതികെട്ടവർ എങ്കിൽ അവർ വ്യൎത്ഥരായ്തീരും; അവർ ഗില്ഗാലിൽ കാളകളെ ബലികഴിക്കുന്നു എങ്കിൽ, അവരുടെ ബലിപീഠങ്ങൾ വയലിലെ ഉഴച്ചാലുകളിൽ ഉള്ള കൽകൂമ്പാരങ്ങൾപോലെ ആകും.
12 യാക്കോബ് അരാം ദേശത്തേക്ക് ഓടിപ്പോയി; ഇസ്രായേൽ ഒരു ഭാര്യയെ നേടുന്നതിനായി സേവചെയ്തു. അവളുടെ വില കൊടുക്കാൻ ആടുകളെ മേയിച്ചു.
യാക്കോബ് അരാം ദേശത്തിലേക്കു ഓടിപ്പോയി; യിസ്രായേൽ ഒരു ഭാൎയ്യക്കുവേണ്ടി സേവചെയ്തു, ഒരു ഭാൎയ്യക്കുവേണ്ടി ആടുകളെ പാലിച്ചു.
13 ഇസ്രായേലിനെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവരാൻ യഹോവ ഒരു പ്രവാചകനെ ഉപയോഗിച്ചു, ഒരു പ്രവാചകൻ മുഖാന്തരം അവിടന്ന് അവർക്കുവേണ്ടി കരുതി.
യഹോവ ഒരു പ്രവാചകൻമുഖാന്തരം യിസ്രായേലിനെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു, ഒരു പ്രവാചകനാൽ അവൻ പാലിക്കപ്പെട്ടു.
14 എന്നാൽ, എഫ്രയീം യഹോവയെ കോപിപ്പിച്ചു. അവന്റെ കർത്താവ് അവന്റെമേൽ രക്തപാതകം ചുമത്തും; അവന്റെ നിന്ദയ്ക്കു തക്കവണ്ണം അവനു പകരം കൊടുക്കും.
എഫ്രയീം അവനെ ഏറ്റവും കൈപ്പോടെ കോപിപ്പിച്ചു; ആകയാൽ അവന്റെ കൎത്താവു അവന്റെ രക്തത്തെ അവന്റെമേൽ വെച്ചേക്കുകയും അവന്റെ നിന്ദെക്കു തക്കവണ്ണം അവന്നു പകരം കൊടുക്കയും ചെയ്യും