< ഹോശേയ 1 >

1 യെഹൂദാരാജാക്കന്മാരായ ഉസ്സീയാവ്, യോഥാം, ആഹാസ്, ഹിസ്കിയാവ് എന്നിവരുടെ കാലത്തും ഇസ്രായേൽരാജാവായിരുന്ന യോവാശിന്റെ മകൻ യൊരോബെയാമിന്റെ കാലത്തും ബേരിയുടെ മകൻ ഹോശേയയ്ക്കു ലഭിച്ച യഹോവയുടെ അരുളപ്പാട്:
ഉസ്സീയാവു, യോഥാം, ആഹാസ്, ഹിസ്കീയാവു എന്നീ യെഹൂദാരാജാക്കന്മാരുടെ കാലത്തും യിസ്രായേൽരാജാവായി യോവാശിന്റെ മകനായ യൊരോബെയാമിന്റെ കാലത്തും ബെയേരിയുടെ മകനായ ഹോശേയെക്കു ഉണ്ടായ യഹോവയുടെ അരുളപ്പാടു.
2 യഹോവ ഹോശേയയിൽക്കൂടി സംസാരിച്ചുതുടങ്ങി, അപ്പോൾ യഹോവ അദ്ദേഹത്തോട് ഇപ്രകാരം കൽപ്പിച്ചു: “വ്യഭിചാരിണിയായ ഒരു ഭാര്യയെപ്പോലെ ഈ ദേശം യഹോവയോട് അവിശ്വസ്തതപുലർത്തി കുറ്റക്കാരായിത്തീർന്നിരിക്കുന്നതിനാൽ, നീ പോയി വ്യഭിചാരിണിയായ ഒരു സ്ത്രീയെ ഭാര്യയായി സ്വീകരിക്കുകയും അവളിൽ മക്കളെ ജനിപ്പിക്കുകയും ചെയ്യുക.”
യഹോവ ഹോശേയമുഖാന്തരം സംസാരിച്ചുതുടങ്ങിയപ്പോൾ, യഹോവ ഹോശേയയോടു: നീ ചെന്നുപരസംഗം ചെയ്യുന്ന ഒരു ഭാര്യയെയും പരസംഗത്തിൽ ജനിച്ച മക്കളെയും എടുക്ക; ദേശം യഹോവയെ വിട്ടുമാറി കഠിന പരസംഗം ചെയ്തിരിക്കുന്നുവല്ലോ എന്നു കല്പിച്ചു.
3 അങ്ങനെ അദ്ദേഹം പോയി ദിബ്ലയീമിന്റെ മകൾ ഗോമെരിനെ വിവാഹംകഴിച്ചു; അവൾ ഗർഭംധരിച്ച് അദ്ദേഹത്തിന് ഒരു മകനെ പ്രസവിച്ചു.
അങ്ങനെ അവൻ ചെന്നു ദിബ്ലയീമിന്റെ മകളായ ഗോമരിനെ പരിഗ്രഹിച്ചു; അവൾ ഗർഭം ധരിച്ചു അവന്നു ഒരു മകനെ പ്രസവിച്ചു.
4 അപ്പോൾ യഹോവ ഹോശേയയോട് ഇപ്രകാരം അരുളിച്ചെയ്തു: “അവന് യെസ്രീൽ എന്നു പേരിടുക; യെസ്രീലിലെ കൂട്ടക്കൊലനിമിത്തം ഞാൻ വേഗത്തിൽ യേഹുഗൃഹത്തെ ശിക്ഷിക്കും; ഇസ്രായേൽ രാജ്യത്തിനു ഞാൻ അവസാനം വരുത്തും.
യഹോവ അവനോടു: അവന്നു യിസ്രെയേൽ (ദൈവം വിതെക്കും) എന്നു പേർ വിളിക്ക; ഇനി കുറെക്കാലം കഴിഞ്ഞിട്ടു ഞാൻ യിസ്രെയേലിന്റെ രക്തപാതകങ്ങളെ യേഹൂഗൃഹത്തോടു സന്ദർശിച്ചു യിസ്രായേൽഗൃഹത്തിന്റെ രാജത്വം ഇല്ലാതെയാക്കും;
5 ആ ദിവസം യെസ്രീൽതാഴ്വരയിൽ ഞാൻ ഇസ്രായേലിന്റെ വില്ല് ഒടിച്ചുകളയും.”
അന്നാളിൽ ഞാൻ യിസ്രെയേൽ താഴ്‌വരയിൽവെച്ചു യിസ്രായേലിന്റെ വില്ലു ഒടിച്ചുകളയും എന്നു അരുളിച്ചെയ്തു.
6 ഗോമർ വീണ്ടും ഗർഭംധരിച്ച്, ഒരു മകളെ പ്രസവിച്ചു. അപ്പോൾ യഹോവ ഹോശേയയോട് അരുളിച്ചെയ്തു: “അവളെ ലോ-രൂഹമാ എന്നു പേരു വിളിക്കുക, കാരണം ഞാൻ ഇസ്രായേൽരാഷ്ട്രത്തോടു ക്ഷമിക്കാൻ തക്കവണ്ണം അവരോട് അശേഷം സ്നേഹം കാണിക്കുകയില്ല.
അവൾ പിന്നെയും ഗർഭംധരിച്ചു ഒരു മകളെ പ്രസവിച്ചു. യഹോവ അവനോടു: അവൾക്കു ലോരൂഹമാ (കരുണ ലഭിക്കാത്തവൾ) എന്നു പേർ വിളിക്ക; ഞാൻ ഇനി യിസ്രായേൽഗൃഹത്തോടു ക്ഷമിപ്പാൻ തക്കവണ്ണം അവരോടു ഒട്ടും കരുണ കാണിക്കയില്ല.
7 എങ്കിലും ഞാൻ യെഹൂദാഗൃഹത്തോടു സ്നേഹം കാണിക്കും; വില്ലുകൊണ്ടോ വാൾകൊണ്ടോ യുദ്ധംകൊണ്ടോ അല്ല, കുതിരകളെയോ കുതിരച്ചേവകരെയോകൊണ്ടല്ല, അവരുടെ ദൈവമായ യഹോവയായ ഞാൻതന്നെ അവരെ രക്ഷിക്കും.”
എന്നാൽ യെഹൂദാഗൃഹത്തോടു ഞാൻ കരുണ കാണിച്ചു, അവരെ വില്ലുകൊണ്ടോ വാൾകൊണ്ടോ യുദ്ധംകൊണ്ടോ കുതിരകളെക്കൊണ്ടോ കുതിരച്ചേവകരെക്കൊണ്ടോ രക്ഷിക്കാതെ അവരുടെ ദൈവമായ യഹോവയെക്കൊണ്ടു അവരെ രക്ഷിക്കും എന്നു അരുളിച്ചെയ്തു.
8 ലോ-രൂഹമയുടെ മുലകുടി മാറിയശേഷം, ഗോമർ മറ്റൊരുമകനെ പ്രസവിച്ചു.
അവൾ ലോരൂഹമയെ മുലകുടി മാറ്റിയശേഷം ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു.
9 അപ്പോൾ യഹോവ കൽപ്പിച്ചു: “അവനു ലോ-അമ്മീ എന്നു പേരിടുക; കാരണം, ഇസ്രായേൽ എന്റെ ജനമോ ഞാൻ നിങ്ങളുടെ ദൈവമോ അല്ല.
അപ്പോൾ യഹോവ: അവന്നു ലോ-അമ്മീ (എന്റെ ജനമല്ല) എന്നു പേർ വിളിക്ക; നിങ്ങൾ എന്റെ ജനമല്ല, ഞാൻ നിങ്ങൾക്കു ദൈവമായിരിക്കയുമില്ല എന്നു അരുളിച്ചെയ്തു.
10 “ഇങ്ങനെയൊക്കെ ആണെങ്കിലും അളക്കുന്നതിനോ എണ്ണുന്നതിനോ കഴിയാത്ത കടൽപ്പുറത്തെ മണൽപോലെ ഇസ്രായേൽജനം ആയിത്തീരും. ‘നിങ്ങൾ എന്റെ ജനമല്ല,’ എന്ന് അവരോട് അരുളിച്ചെയ്തേടത്തുതന്നെ അവർ ‘ജീവനുള്ള ദൈവത്തിന്റെമക്കൾ,’ എന്നു വിളിക്കപ്പെടും.
എങ്കിലും യിസ്രായേൽമക്കളുടെ സംഖ്യ അളക്കുവാനും എണ്ണുവാനും കഴിയാത്ത കടല്ക്കരയിലെ പൂഴിപോലെ ഇരിക്കും; നിങ്ങൾ എന്റെ ജനമല്ല എന്നു അവരോടു അരുളിച്ചെയ്തതിന്നു പകരം നിങ്ങൾ ജീവനുള്ള ദൈവത്തിന്റെ മക്കൾ എന്നു അവരോടു പറയും.
11 യെഹൂദാജനവും ഇസ്രായേൽജനവും ഒരുമിച്ചുചേർക്കപ്പെടും. അവർ ഒരേ നായകനെ നിയമിച്ച്, ദേശത്തുനിന്നു പുറപ്പെട്ടുപോകും. മഹത്തായ ഒരു ദിവസമായിരിക്കും യെസ്രീലിന് ലഭിക്കുന്നത്.”
യെഹൂദാമക്കളും യിസ്രായേൽമക്കളും ഒന്നിച്ചുകൂടി തങ്ങൾക്കു ഒരേ തലവനെ നിയമിച്ചു ദേശത്തുനിന്നു പുറപ്പെട്ടുപോകും; യിസ്രെയേലിന്റെ നാൾ വലുതായിരിക്കുമല്ലോ.

< ഹോശേയ 1 >