< ഉല്പത്തി 6 >

1 മനുഷ്യർ ഭൂമിയിൽ പെരുകിത്തുടങ്ങി. അവർക്കു പുത്രിമാരും ജനിച്ചു.
മനുഷ്യർ ഭൂമിയിൽ പെരുകിത്തുടങ്ങി. അവർക്കു പുത്രിമാർ ജനിച്ചപ്പോൾ
2 ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൗന്ദര്യവതികൾ എന്നുകണ്ട് തങ്ങൾക്ക് ഇഷ്ടമുള്ളവരെ വിവാഹംചെയ്തു.
ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൗന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങൾക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു.
3 അപ്പോൾ യഹോവ, “എന്റെ ആത്മാവ് മനുഷ്യനോട് എന്നേക്കും വാദിച്ചുകൊണ്ടിരിക്കുകയില്ല; മനുഷ്യൻ നശ്വരൻ തന്നെയല്ലോ; അവന്റെ ആയുസ്സ് 120 വർഷമാകും” എന്ന് അരുളിച്ചെയ്തു.
അപ്പോൾ യഹോവ: മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവൻ ജഡം തന്നേയല്ലോ; എങ്കിലും അവന്റെ കാലം നൂറ്റിരുപതു സംവത്സരമാകും എന്നു അരുളിച്ചെയ്തു.
4 ഈ കാലഘട്ടത്തിലും ഇതിനുശേഷവും ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു. ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ അറിഞ്ഞു; അവർക്ക് മക്കൾ ജനിച്ചു. ഇവരായിരുന്നു പൗരാണികകാലത്തെ പ്രഖ്യാത പുരുഷന്മാർ എന്നറിയപ്പെട്ട വീരന്മാർ.
അക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു; അതിന്റെ ശേഷവും ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ടു അവർ മക്കളെ പ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാർ, കീർത്തിപ്പെട്ട പുരുഷന്മാർ തന്നേ.
5 ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വളരെയധികം വർധിച്ചിരിക്കുന്നെന്നും അവന്റെ ഹൃദയവിചാരങ്ങൾ എപ്പോഴും തിന്മനിറഞ്ഞതെന്നും യഹോവ കണ്ടു.
ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു.
6 ഭൂമിയിൽ മനുഷ്യനെ സൃഷ്ടിച്ചതുകൊണ്ട് യഹോവ ദുഃഖിച്ചു; അവിടത്തെ ഹൃദയം അത്യന്തം വേദനിച്ചു.
താൻ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിച്ചു; അതു അവന്റെ ഹൃദയത്തിന്നു ദുഃഖമായി:
7 “ഞാൻ സൃഷ്ടിച്ച മനുഷ്യവംശത്തെ—മനുഷ്യരെയും മൃഗങ്ങളെയും നിലത്ത് ഇഴയുന്ന ജന്തുക്കളെയും ആകാശത്തിലെ പക്ഷികളെയും—ഭൂമുഖത്തുനിന്നു തുടച്ചുനീക്കും; അവയെ ഉണ്ടാക്കിയതിൽ ഞാൻ ദുഃഖിക്കുന്നു” എന്ന് യഹോവ അരുളിച്ചെയ്തു.
ഞാൻ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽ നിന്നു നശിപ്പിച്ചുകളയും; മനുഷ്യനെയും മൃഗത്തെയും ഇഴജാതിയെയും ആകാശത്തിലെ പക്ഷികളെയും തന്നേ; അവയെ ഉണ്ടാക്കുകകൊണ്ടു ഞാൻ അനുതപിക്കുന്നു എന്നു യഹോവ അരുളിച്ചെയ്തു.
8 എന്നാൽ നോഹയ്ക്കു യഹോവയുടെ കൃപ ലഭിച്ചു.
എന്നാൽ നോഹെക്കു യഹോവയുടെ കൃപ ലഭിച്ചു.
9 നോഹയെക്കുറിച്ചുള്ള വിവരണം ഇപ്രകാരമായിരുന്നു: നോഹ തന്റെ സമകാലീനരായ ആളുകൾക്കിടയിൽ നീതിമാനും നിഷ്കളങ്കനുമായിരുന്നു; അദ്ദേഹം ദൈവമുമ്പാകെ വിശ്വസ്തനായി ജീവിച്ചു.
നോഹയുടെ വംശപാരമ്പര്യം എന്തെന്നാൽ: നോഹ നീതിമാനും തന്റെ തലമുറയിൽ നിഷ്കളങ്കനുമായിരുന്നു; നോഹ ദൈവത്തോടുകൂടെ നടന്നു.
10 നോഹയ്ക്ക് ശേം, ഹാം, യാഫെത്ത് എന്നീ മൂന്നുപുത്രന്മാർ ഉണ്ടായിരുന്നു.
ശേം, ഹാം, യാഫെത്ത് എന്ന മൂന്നു പുത്രന്മാരെ നോഹ ജനിപ്പിച്ചു.
11 എന്നാൽ, ഭൂമി ദൈവത്തിന്റെ ദൃഷ്ടിയിൽ അഴിമതിയുള്ളതും അക്രമം നിറഞ്ഞതുമായിരുന്നു.
എന്നാൽ ഭൂമി ദൈവത്തിന്റെ മുമ്പാകെ വഷളായി; ഭൂമി അതിക്രമംകൊണ്ടു നിറഞ്ഞിരുന്നു.
12 ഭൂമിയിൽ അഴിമതി എത്രമാത്രം പെരുകിയിരിക്കുന്നെന്നും ഭൂമിയിലെ സകലമനുഷ്യരും അധാർമികത തങ്ങളുടെ ജീവിതശൈലിയാക്കി മാറ്റിയിരിക്കുന്നെന്നും ദൈവം കണ്ടു.
ദൈവം ഭൂമിയെ നോക്കി, അതു വഷളായി എന്നു കണ്ടു; സകലജഡവും ഭൂമിയിൽ തന്റെ വഴി വഷളാക്കിയിരുന്നു.
13 അതുകൊണ്ട് ദൈവം നോഹയോട് അരുളിച്ചെയ്തു, “ഞാൻ സകലമനുഷ്യരെയും നശിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു; അവർനിമിത്തം ഭൂമിയിൽ അക്രമം നിറഞ്ഞിരിക്കുന്നു! ഞാൻ അവരെയും ഭൂമിയെയും നശിപ്പിക്കും! നിശ്ചയം.
ദൈവം നോഹയോടു കല്പിച്ചതെന്തെന്നാൽ: സകലജഡത്തിന്റെയും അവസാനം എന്റെ മുമ്പിൽ വന്നിരിക്കുന്നു; ഭൂമി അവരാൽ അതിക്രമംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞാൻ അവരെ ഭൂമിയോടുകൂടെ നശിപ്പിക്കും.
14 ആകയാൽ നിനക്കുവേണ്ടി ഗോഫർമരംകൊണ്ട് ഒരു പെട്ടകം ഉണ്ടാക്കണം; അതിൽ അറകൾ നിർമിച്ച് വെള്ളം കയറാത്തവിധം അതിന്റെ അകത്തും പുറത്തും കീൽ തേക്കണം.
നീ ഗോഫർമരംകൊണ്ടു ഒരു പെട്ടകം ഉണ്ടാക്കുക; പെട്ടകത്തിന്നു അറകൾ ഉണ്ടാക്കി, അകത്തും പുറത്തും കീൽ തേക്കേണം.
15 നീ പെട്ടകം നിർമിക്കേണ്ടത് ഇനി പറയുന്ന കണക്കുകൾപ്രകാരം ആയിരിക്കണം, അതിന് നീളം മുന്നൂറ് മുഴവും വീതി അൻപതു മുഴവും ഉയരം മുപ്പത് മുഴവും ഉണ്ടായിരിക്കണം.
അതു ഉണ്ടാക്കേണ്ടതു എങ്ങനെ എന്നാൽ: പെട്ടകത്തിന്റെ നീളം മുന്നൂറു മുഴം; വീതി അമ്പതു മുഴം; ഉയരം മുപ്പതു മുഴം.
16 പെട്ടകത്തിന് ഒരു മേൽക്കൂര ഉണ്ടാക്കണം, മേൽക്കൂരയ്ക്കുതാഴേ ഒരുമുഴം അകലത്തിൽ പെട്ടകത്തിനുചുറ്റും കിളിവാതിൽ ഉണ്ടാക്കണം. പെട്ടകത്തിന്റെ വശത്ത് ഒരു വാതിൽ വെക്കണം, ഒരു കീഴ്ത്തട്ടും ഇടത്തട്ടും മേൽത്തട്ടും ഉണ്ടായിരിക്കണം.
പെട്ടകത്തിന്നു കിളിവാതിൽ ഉണ്ടാക്കേണം; മേൽനിന്നു ഒരു മുഴം താഴെ അതിനെ വെക്കേണം; പെട്ടകത്തിന്റെ വാതിൽ അതിന്റെ വശത്തുവെക്കേണം: താഴത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും തട്ടായി അതിനെ ഉണ്ടാക്കേണം.
17 ആകാശത്തിനുകീഴേ ജീവനുള്ള സകലതിനെയും, ജീവശ്വാസമുള്ള ജന്തുക്കളെ എല്ലാറ്റിനെയും, നശിപ്പിക്കാൻ ഞാൻ ഭൂമിയിൽ ഒരു പ്രളയം വരുത്തും.
ആകാശത്തിൻ കീഴിൽനിന്നു ജീവശ്വാസമുള്ള സർവ്വജഡത്തെയും നശിപ്പിപ്പാൻ ഞാൻ ഭൂമിയിൽ ഒരു ജലപ്രളയം വരുത്തും; ഭൂമിയിലുള്ളതൊക്കെയും നശിച്ചുപോകും.
18 എന്നാൽ, എന്റെ ഉടമ്പടി ഞാൻ നിന്നോട് ഉറപ്പിക്കും; നീ പെട്ടകത്തിൽ പ്രവേശിക്കണം; നിന്നോടൊപ്പം നിന്റെ പുത്രന്മാരും നിന്റെ ഭാര്യയും നിന്റെ പുത്രന്മാരുടെ ഭാര്യമാരും ഉണ്ടാകണം.
നിന്നോടോ ഞാൻ ഒരു നിയമം ചെയ്യും; നീയും നിന്റെ പുത്രന്മാരും ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തിൽ കടക്കേണം.
19 സകലജീവികളിൽനിന്നും ആണും പെണ്ണുമായി ഈരണ്ടിനെ—അവയും നിന്നോടൊപ്പം ജീവനോടിരിക്കേണ്ടതിന്—നീ പെട്ടകത്തിനുള്ളിലേക്കു കൊണ്ടുവരണം.
സകല ജീവികളിൽനിന്നും, സർവ്വജഡത്തിൽനിന്നും തന്നേ, ഈരണ്ടീരണ്ടിനെ നിന്നോടുകൂടെ ജീവരക്ഷെക്കായിട്ടു പെട്ടകത്തിൽ കയറ്റേണം; അവ ആണും പെണ്ണുമായിരിക്കേണം.
20 എല്ലാത്തരം പക്ഷികളിലും എല്ലാത്തരം മൃഗങ്ങളിലും നിലത്തുകൂടി ഇഴയുന്ന എല്ലാത്തരം ജന്തുക്കളിലുംനിന്നും ഈരണ്ടെണ്ണം—ജീവനോടെ സൂക്ഷിക്കപ്പെടേണ്ടതിനു—നിന്റെ അടുക്കൽ വരേണ്ടതാകുന്നു.
അതതു തരം പക്ഷികളിൽനിന്നും അതതു തരം മൃഗങ്ങളിൽനിന്നും ഭൂമിയിലെ അതതു തരം ഇഴജാതികളിൽനിന്നൊക്കെയും ഈരണ്ടീരണ്ടു ജീവ രക്ഷെക്കായിട്ടു നിന്റെ അടുക്കൽ വരേണം.
21 നിനക്കും അവയ്ക്കും വേണ്ടുന്ന സകലവിധ ഭക്ഷണസാധനങ്ങളും നീ ശേഖരിച്ചുവെക്കണം. അത് നിനക്കും അവയ്ക്കും ഭക്ഷണമായിരിക്കണം.”
നീയോ സകലഭക്ഷണസാധനങ്ങളിൽനിന്നും വേണ്ടുന്നതു എടുത്തു സംഗ്രഹിച്ചുകൊള്ളേണം; അതു നിനക്കും അവെക്കും ആഹാരമായിരിക്കേണം.
22 ദൈവം കൽപ്പിച്ചതുപോലെതന്നെ നോഹ ചെയ്തു—അതേ, അദ്ദേഹം ചെയ്തു.
ദൈവം തന്നോടു കല്പിച്ചതൊക്കെയും നോഹ ചെയ്തു; അങ്ങനെ തന്നേ അവൻ ചെയ്തു.

< ഉല്പത്തി 6 >

The World is Destroyed by Water
The World is Destroyed by Water