< ഉല്പത്തി 48 >
1 കുറെ കാലത്തിനുശേഷം, “അങ്ങയുടെ പിതാവു രോഗിയായിരിക്കുന്നു” എന്ന് യോസേഫിന് അറിയിപ്പു കിട്ടി. അദ്ദേഹം മനശ്ശെ, എഫ്രയീം എന്നീ രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ടുചെന്നു.
അനന്തരം യോസേഫിന്നു: നിന്റെ അപ്പൻ ദീനമായി കിടക്കുന്നു എന്നു വൎത്തമാനം വന്നു; ഉടനെ അവൻ മനശ്ശെ, എഫ്രയീം എന്ന രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ടു ചെന്നു:
2 “അങ്ങയുടെ പുത്രനായ യോസേഫ് അങ്ങയുടെ അടുക്കൽ വന്നിരിക്കുന്നു,” എന്ന് യാക്കോബിനെ അറിയിച്ചപ്പോൾ ഇസ്രായേൽ തനിക്കുള്ള ശക്തി സമാഹരിച്ചു കട്ടിലിൽ എഴുന്നേറ്റിരുന്നു.
നിന്റെ മകൻ യോസേഫ് ഇതാ വരുന്നു എന്നു യാക്കോബിനെ അറിയിച്ചു; അപ്പോൾ യിസ്രായേൽ തന്നെത്താൻ ഉറപ്പിച്ചു കട്ടിലിന്മേൽ ഇരുന്നു.
3 യാക്കോബ് യോസേഫിനോടു പറഞ്ഞു, “സർവശക്തനായ ദൈവം കനാൻദേശത്തെ ലൂസിൽവെച്ച് എനിക്കു പ്രത്യക്ഷനായി എന്നെ അവിടെവെച്ച് അനുഗ്രഹിച്ചുകൊണ്ട് എന്നോട്:
യാക്കോബ് യോസേഫിനോടു പറഞ്ഞതു: സൎവ്വശക്തിയുള്ള ദൈവം കനാൻദേശത്തിലെ ലൂസ്സിൽവെച്ചു എനിക്കു പ്രത്യക്ഷനായി എന്നെ അനുഗ്രഹിച്ചു,
4 ‘ഞാൻ നിന്നെ സന്താനപുഷ്ടിയുള്ളവനാക്കുകയും നിന്റെ സംഖ്യ വർധിപ്പിക്കുകയും ചെയ്യും; ഞാൻ നിന്നെ ഒരു ജനസമൂഹമാക്കുകയും നിനക്കുശേഷം ഈ ദേശം നിന്റെ പിൻഗാമികൾക്കു ശാശ്വതാവകാശമായി നൽകുകയും ചെയ്യും’ എന്ന് അരുളിച്ചെയ്തു.
എന്നോടു: ഞാൻ നിന്നെ സന്താനപുഷ്ടിയുള്ളവനാക്കി പെരുക്കി നിന്നെ ജനസമൂഹമാക്കുകയും നിന്റെ ശേഷം നിന്റെ സന്തതിക്കു ഈ ദേശം ശാശ്വതാവകാശമായി കൊടുക്കയും ചെയ്യും എന്നു അരുളിച്ചെയ്തു.
5 “ഞാൻ ഇവിടെ നിന്റെ അടുക്കൽ എത്തുന്നതിനുമുമ്പ് നിനക്ക് ഈജിപ്റ്റിൽവെച്ചു ജനിച്ചവരായ നിന്റെ പുത്രന്മാരെ രണ്ടുപേരെയും എനിക്കുള്ളവരായി കണക്കാക്കും; രൂബേനും ശിമെയോനും എനിക്കുള്ളവർ ആയിരിക്കുന്നതുപോലെതന്നെ എഫ്രയീമും മനശ്ശെയും എനിക്കുള്ളവരായിരിക്കുന്നതാണ്.
മിസ്രയീമിൽ നിന്റെ അടുക്കൽ ഞാൻ വരുംമുമ്പെ നിനക്കു മിസ്രയീംദേശത്തുവെച്ചു ജനിച്ച രണ്ടു പുത്രന്മാരായ മനശ്ശെയും എഫ്രയീമും എനിക്കുള്ളവർ ആയിരിക്കട്ടെ; രൂബേനും ശിമെയോനും എന്നപോലെ അവർ എനിക്കുള്ളവരായിരിക്കട്ടെ.
6 അവർക്കുശേഷം നിനക്കു ജനിച്ച കുഞ്ഞുങ്ങൾ നിനക്കുള്ളവരായിരിക്കും; അവർ അവകാശമാക്കുന്ന ദേശത്ത് തങ്ങളുടെ സഹോദരന്മാരുടെ പേരുകളോടുചേർത്ത് അവരെ കണക്കാക്കും.
ഇവരുടെ ശേഷം നിനക്കു ജനിക്കുന്ന സന്തതിയോ നിനക്കുള്ളവരായിരിക്കട്ടെ; അവർ തങ്ങളുടെ അവകാശത്തിൽ തങ്ങളുടെ സഹോദരന്മാരുടെ പേരിൻപ്രകാരം വിളിക്കപ്പെടട്ടെ.
7 ഞാൻ പദ്ദനിൽനിന്നു മടങ്ങുമ്പോൾ, കനാനിൽനിന്നു ഞങ്ങൾ യാത്ര തുടർന്നുകൊണ്ടിരിക്കെത്തന്നെ, എഫ്രാത്തിൽനിന്ന് അൽപ്പം അകലെ വഴിയിൽവെച്ച്, റാഹേൽ മരിച്ചു. ഞാൻ അവളെ എഫ്രാത്തിലേക്കുള്ള വഴിയുടെ അരികെ (അതായത്, ബേത്ലഹേമിൽ) അടക്കംചെയ്തു.”
ഞാൻ പദ്ദനിൽനിന്നു വരുമ്പോൾ, കനാൻദേശത്തു എഫ്രാത്തിൽ എത്തുവാൻ അല്പം ദൂരം മാത്രമുള്ളപ്പോൾ വഴിയിൽവെച്ചു റാഹേൽ മരിച്ചു; ഞാൻ അവളെ അവിടെ ബേത്ത്ലേഹെം എന്ന എഫ്രാത്തിന്നുള്ള വഴിയരികെ അടക്കം ചെയ്തു.
8 യോസേഫിന്റെ പുത്രന്മാരെ കണ്ടിട്ട് ഇസ്രായേൽ, “ഇവർ ആരാകുന്നു?” എന്നു ചോദിച്ചു.
യിസ്രായേൽ യോസേഫിന്റെ പുത്രന്മാരെ കണ്ടപ്പോൾ: ഇവർ ആരെന്നു ചോദിച്ചു.
9 “ദൈവം എനിക്ക് ഇവിടെവെച്ചു നൽകിയ പുത്രന്മാരാണ് ഇവർ,” യോസേഫ് പിതാവിനോടു പറഞ്ഞു. അപ്പോൾ ഇസ്രായേൽ, “അവരെ എന്റെ അടുക്കൽ കൊണ്ടുവരിക. ഞാൻ അവരെ അനുഗ്രഹിക്കട്ടെ” എന്നു പറഞ്ഞു.
ദൈവം ഇവിടെ എനിക്കു തന്നിട്ടുള്ള പുത്രന്മാർ എന്നു യോസേഫ് അപ്പനോടു പറഞ്ഞു. അവരെ എന്റെ അടുക്കൽ കൊണ്ടുവരിക; ഞാൻ അവരെ അനുഗ്രഹിക്കും എന്നു അവൻ പറഞ്ഞു.
10 വാർധക്യംനിമിത്തം ഇസ്രായേലിന്റെ കാഴ്ച ക്ഷയിച്ചുകൊണ്ടിരുന്നു; അദ്ദേഹത്തിനു കാഴ്ച തീരെയില്ലാതായി. അതുകൊണ്ട് യോസേഫ് തന്റെ പുത്രന്മാരെ അദ്ദേഹത്തിന്റെ തൊട്ടടുത്തു കൊണ്ടുവന്നു; അദ്ദേഹത്തിന്റെ പിതാവ് അവരെ ചുംബിക്കുകയും ആലിംഗനംചെയ്യുകയും ചെയ്തു.
എന്നാൽ യിസ്രായേലിന്റെ കണ്ണു വയസ്സുകൊണ്ടു മങ്ങി കാണ്മാൻ വഹിയാതിരുന്നു; അവരെ അടുക്കൽ കൊണ്ടുചെന്നപ്പോൾ അവൻ അവരെ ചുംബിച്ചു ആലിംഗനം ചെയ്തു.
11 ഇസ്രായേൽ യോസേഫിനോട്, “നിന്റെ മുഖം വീണ്ടും കാണുമെന്നു ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല; ഇപ്പോൾ ഇതാ, നിന്റെ മക്കളെയും കാണാൻ ദൈവം എന്നെ അനുവദിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
യിസ്രായേൽ യോസേഫിനോടു: നിന്റെ മുഖം കാണുമെന്നു ഞാൻ വിചാരിച്ചിരുന്നില്ല; എന്നാൽ നിന്റെ സന്തതിയെയും കാണ്മാൻ ദൈവം എനിക്കു സംഗതിവരുത്തിയല്ലോ എന്നു പറഞ്ഞു.
12 പിന്നെ യോസേഫ് അവരെ അദ്ദേഹത്തിന്റെ മടിയിൽനിന്ന് നീക്കി സാഷ്ടാംഗം നമസ്കരിച്ചു.
യോസേഫ് അവരെ അവന്റെ മുഴങ്കാലുകൾക്കിടയിൽ നിന്നു മാറ്റി; സാഷ്ടാംഗം നമസ്കരിച്ചു.
13 യോസേഫ് അവരെ ഇരുവരെയും പിടിച്ച്, എഫ്രയീമിനെ തന്റെ വലത്തുവശത്താക്കി ഇസ്രായേലിന്റെ ഇടത്തുകൈയുടെ നേർക്കും മനശ്ശെയെ തന്റെ ഇടത്തുവശത്താക്കി ഇസ്രായേലിന്റെ വലത്തുകൈയുടെ നേർക്കുമായി അദ്ദേഹത്തോടു ചേർത്തുനിർത്തി.
പിന്നെ യോസേഫ് എഫ്രയീമിനെ വലങ്കൈകൊണ്ടു പിടിച്ചു യിസ്രായേലിന്റെ ഇടങ്കൈക്കു നേരെയും മനശ്ശെയെ ഇടങ്കൈകൊണ്ടു പിടിച്ചു യിസ്രായേലിന്റെ വലങ്കൈക്കു നേരെയുമായി ഇങ്ങനെ രണ്ടുപേരെയും അവന്റെ അടുക്കൽ കൊണ്ടുചെന്നു.
14 എഫ്രയീം ഇളയവനും മനശ്ശെ ആദ്യജാതനും ആയിരുന്നെങ്കിലും ഇസ്രായേൽ തന്റെ കൈകൾ പിണച്ച് വലങ്കൈ എഫ്രയീമിന്റെ തലയിലും ഇടങ്കൈ മനശ്ശെയുടെ തലയിലും വെച്ചു.
യിസ്രായേൽ വലങ്കൈ നീട്ടി ഇളയവനായ എഫ്രയീമിന്റെ തലയിലും ഇടങ്കൈ മൂത്തവനായ മനശ്ശെയുടെ തലയിലുമായി അങ്ങനെ തന്റെ കൈകളെ പിണെച്ചുവെച്ചു.
15 ഇതിനുശേഷം അദ്ദേഹം യോസേഫിനെ അനുഗ്രഹിച്ചു പറഞ്ഞു, “എന്റെ പിതാക്കന്മാരായ അബ്രാഹാമും യിസ്ഹാക്കും ആരാധിച്ചുപോന്ന ദൈവം, ജനിച്ചനാൾമുതൽ ഇന്നുവരെയും എന്നെ കാത്തു പരിപാലിച്ച ദൈവം,
പിന്നെ അവൻ യോസേഫിനെ അനുഗ്രഹിച്ചു: എന്റെ പിതാക്കന്മാരായ അബ്രാഹാമും യിസ്ഹാക്കും ഭജിച്ചുപോന്ന ദൈവം, ഞാൻ ജനിച്ച നാൾമുതൽ ഇന്നുവരെയും എന്നെ പുലൎത്തിയിരിക്കുന്ന ദൈവം,
16 സർവദോഷത്തിൽനിന്നും എന്നെ വിടുവിച്ച ദൂതൻ ഈ ബാലന്മാരെ അനുഗ്രഹിക്കുമാറാകട്ടെ. ഇവർ എന്റെ പേരിലും എന്റെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും പേരിലും അറിയപ്പെടട്ടെ, ഇവർ ഭൂമുഖത്ത് അത്യധികമായി വർധിച്ചുവരട്ടെ.”
എന്നെ സകലദോഷങ്ങളിൽനിന്നും വിടുവിച്ച ദൂതൻ ഈ കുട്ടികളെ അനുഗ്രഹിക്കുമാറാകട്ടെ; എന്റെ പേരും എന്റെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും പേരും ഇവരിൽ നിലനില്ക്കുമാറാകട്ടെ; അവർ ഭൂമിയിൽ കൂട്ടമായിവൎദ്ധിക്കട്ടെ എന്നു പറഞ്ഞു.
17 പിതാവു തന്റെ വലങ്കൈ എഫ്രയീമിന്റെ തലയിൽ വെക്കുന്നതു കണ്ടിട്ടു യോസേഫിന് അപ്രീതിയുണ്ടായി; അതുകൊണ്ട് അദ്ദേഹം പിതാവിന്റെ കൈ എഫ്രയീമിന്റെ തലയിൽനിന്നു മനശ്ശെയുടെ തലയിലേക്കു മാറ്റിവെക്കാൻ ആ കൈയിൽ പിടിച്ചു.
അപ്പൻ വലങ്കൈ എഫ്രയീമിന്റെ തലയിൽവെച്ചു എന്നു യോസേഫ് കണ്ടപ്പോൾ അവന്നു അനിഷ്ടം തോന്നി; അപ്പന്റെ കൈ എഫ്രയീമിന്റെ തലയിൽനിന്നു മനശ്ശെയുടെ തലയിൽ മാറ്റിവെപ്പാൻ പിടിച്ചു.
18 യോസേഫ് അദ്ദേഹത്തോട്, “അങ്ങനെയല്ല, അപ്പാ, ഇവനാണ് ആദ്യജാതൻ; വലങ്കൈ ഇവന്റെ തലയിൽ വെക്കണം” എന്നു പറഞ്ഞു.
യോസേഫ് അപ്പനോടു: അങ്ങനെയല്ല, എന്റെ അപ്പാ; ഇവനല്ലോ ആദ്യജാതൻ; ഇവന്റെ തലയിൽ വലങ്കൈ വെക്കേണം എന്നു പറഞ്ഞു.
19 എന്നാൽ അദ്ദേഹത്തിന്റെ പിതാവ് അതു നിരസിച്ചുകൊണ്ട്, “എനിക്കറിയാം, മകനേ, എനിക്കറിയാം. അവനും വലിയൊരു ജനമായിത്തീരും, ഇവനും മഹാനായിത്തീരും. എങ്കിലും അവന്റെ അനുജൻ അവനെക്കാൾ ശ്രേഷ്ഠനാകും, അവന്റെ പിൻഗാമികൾ ജനതകളുടെ ഒരു സമൂഹമായിത്തീരും” എന്നു പറഞ്ഞു.
എന്നാൽ അവന്റെ അപ്പൻ സമ്മതിക്കാതെ: എനിക്കു അറിയാം; മകനേ, എനിക്കു അറിയാം; ഇവനും ഒരു വലിയ ജനമായിത്തീരും, ഇവനും വൎദ്ധിക്കും; എങ്കിലും അനുജൻ അവനെക്കാൾ അധികം വൎദ്ധിക്കും; അവന്റെ സന്തതി ജനസമൂഹമായ്തീരും എന്നു പറഞ്ഞു.
20 അന്ന് അദ്ദേഹം അവരെ അനുഗ്രഹിച്ചുകൊണ്ടു പറഞ്ഞു: “ദൈവം നിന്നെ എഫ്രയീമിനെയും മനശ്ശെയെയുംപോലെ ആക്കട്ടെ എന്ന് ഇസ്രായേല്യർ നിന്റെ നാമത്തിൽ ആശീർവാദം ചൊല്ലും.” ഇങ്ങനെ അദ്ദേഹം എഫ്രയീമിനെ മനശ്ശെക്കു മുന്നിലാക്കി.
അങ്ങനെ അവൻ അന്നു അവരെ അനുഗ്രഹിച്ചു: ദൈവം നിന്നെ എഫ്രയീമിനെയും മനശ്ശെയെയുംപോലെ ആക്കുമാറാകട്ടെ എന്നു യിസ്രായേല്യർ നിന്റെ പേർ ചൊല്ലി അനുഗ്രഹിക്കും എന്നു പറഞ്ഞു എഫ്രയീമിനെ മനശ്ശെക്കു മുമ്പാക്കി.
21 തുടർന്ന് ഇസ്രായേൽ യോസേഫിനോട്, “ഞാൻ മരിക്കാറായിരിക്കുന്നു, എന്നാൽ ദൈവം നിങ്ങളോടുകൂടെയിരിക്കുകയും നിങ്ങളെ നിങ്ങളുടെ പിതാക്കന്മാരുടെ ദേശത്തേക്കു മടക്കിക്കൊണ്ടുപോകുകയും ചെയ്യും.
യോസേഫിനോടു യിസ്രായേൽ പറഞ്ഞതു: ഇതാ, ഞാൻ മരിക്കുന്നു; ദൈവം നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ നിങ്ങളുടെ പിതാക്കന്മാരുടെ ദേശത്തേക്കു മടക്കി കൊണ്ടുപോകും.
22 നിന്റെ സഹോദരന്മാരെക്കാൾ കൂടുതലായി, എന്റെ വാളും വില്ലുംകൊണ്ടു ഞാൻ അമോര്യരിൽനിന്ന് പിടിച്ചെടുത്ത മലഞ്ചെരിവു ഞാൻ നിനക്കു തരുന്നു” എന്നു പറഞ്ഞു.
എന്റെ വാളും വില്ലുംകൊണ്ടു ഞാൻ അമോൎയ്യരുടെ കയ്യിൽ നിന്നു പിടിച്ചടക്കിയ മലഞ്ചരിവു ഞാൻ നിന്റെ സഹോദരന്മാരുടെ ഓഹരിയിൽ കവിഞ്ഞതായി നിനക്കു തന്നിരിക്കുന്നു.