< ഉല്പത്തി 45 >

1 അപ്പോൾ യോസേഫിനു തന്റെ ചുറ്റുംനിന്ന ഉദ്യോഗസ്ഥന്മാരുടെമുമ്പിൽ സ്വയം നിയന്ത്രിക്കാൻ കഴിയാതെയായി. “എല്ലാവരെയും എന്റെ മുന്നിൽനിന്ന് പുറത്താക്കുക,” അദ്ദേഹം വിളിച്ചുപറഞ്ഞു. അങ്ങനെ, യോസേഫ് സഹോദരന്മാർക്കു തന്നെത്തന്നെ വെളിപ്പെടുത്തിയപ്പോൾ അദ്ദേഹത്തോടൊപ്പം ആരും ഉണ്ടായിരുന്നില്ല.
അപ്പോൾ ചുറ്റും നില്ക്കുന്നവരുടെ മുമ്പിൽ തന്നെത്താൻ അടക്കുവാൻ വഹിയാതെ: എല്ലാവരെയും എന്റെ അടുക്കൽനിന്നു പുറത്താക്കുവിൻ എന്നു യോസേഫ് വിളിച്ചുപറഞ്ഞു. ഇങ്ങനെ യോസേഫ് തന്റെ സഹോദരന്മാൎക്കു തന്നെ വെളിപ്പെടുത്തിയപ്പോൾ ആരും അടുക്കൽ ഉണ്ടായിരുന്നില്ല.
2 ഈജിപ്റ്റുകാർ കേൾക്കുംവിധം അദ്ദേഹം വളരെ ഉറക്കെ കരഞ്ഞു. ഫറവോന്റെ കൊട്ടാരത്തിലുള്ളവരും ഈ വാർത്ത കേട്ടു.
അവൻ ഉച്ചത്തിൽ കരഞ്ഞു; മിസ്രയീമ്യരും ഫറവോന്റെ ഗൃഹവും അതു കേട്ടു.
3 യോസേഫ് സഹോദരന്മാരോട്, “ഞാൻ യോസേഫ് ആകുന്നു! എന്റെ അപ്പൻ ഇപ്പോഴും ജീവിച്ചിരിക്കുന്നോ?” എന്നു ചോദിച്ചു. എന്നാൽ അതിന് ഉത്തരം പറയാൻ അദ്ദേഹത്തിന്റെ സഹോദരന്മാർക്കു കഴിഞ്ഞില്ല; കാരണം അദ്ദേഹത്തിന്റെ സന്നിധിയിൽ അവർ അത്ഭുതപരവശരായിരുന്നു.
യോസേഫ് സഹോദരന്മാരോടു: ഞാൻ യോസേഫ് ആകുന്നു; എന്റെ അപ്പൻ ജീവനോടിരിക്കുന്നുവോ എന്നു പറഞ്ഞു. അവന്റെ സഹോദരന്മാർ അവന്റെ സന്നിധിയിൽ ഭ്രമിച്ചുപോയതുകൊണ്ടു അവനോടു ഉത്തരം പറവാൻ അവൎക്കു കഴിഞ്ഞില്ല.
4 ഇതിനുശേഷം യോസേഫ് സഹോദരന്മാരോട്, “എന്റെ അടുത്തേക്കു വരിക” എന്നു പറഞ്ഞു. അവർ അടുക്കൽവന്നു. അദ്ദേഹം പറഞ്ഞു, “ഞാൻ നിങ്ങളുടെ സഹോദരനായ യോസേഫ് ആണ്. നിങ്ങൾ എന്നെ ഈജിപ്റ്റിലേക്കു വിറ്റുകളഞ്ഞു.
യോസേഫ് സഹോദരന്മാരോടു: ഇങ്ങോട്ടു അടുത്തുവരുവിൻ എന്നു പറഞ്ഞു; അവർ അടുത്തുചെന്നപ്പോൾ അവൻ പറഞ്ഞതു; നിങ്ങൾ മിസ്രയീമിലേക്കു വിറ്റുകളഞ്ഞ നിങ്ങളുടെ സഹോദരൻ യോസേഫ് ആകുന്നു ഞാൻ.
5 എന്നാൽ ഇപ്പോൾ നിങ്ങൾ ദുഃഖിക്കരുത്; ഇവിടേക്കു വിറ്റതിൽ നിങ്ങളോടുതന്നെ കോപിക്കയുമരുത്; കാരണം, ജീവരക്ഷയ്ക്കായി ദൈവം നിങ്ങൾക്കുമുമ്പായി എന്നെ ഇവിടെ അയച്ചതാണ്.
എന്നെ ഇവിടെ വിറ്റതുകൊണ്ടു നിങ്ങൾ വ്യസനിക്കേണ്ടാ, വിഷാദിക്കയും വേണ്ടാ; ജീവരക്ഷക്കായി ദൈവം എന്നെ നിങ്ങൾക്കു മുമ്പെ അയച്ചതാകുന്നു.
6 ദേശത്തു ക്ഷാമം തുടങ്ങിയിട്ട് ഇപ്പോൾ രണ്ടുവർഷം കഴിഞ്ഞിരിക്കുന്നു; ഉഴവും കൊയ്ത്തുമില്ലാത്ത അഞ്ചുവർഷം ഇനിയും ഉണ്ട്.
ദേശത്തു ക്ഷാമം ഉണ്ടായിട്ടു ഇപ്പോൾ രണ്ടു സംവത്സരമായി; ഉഴവും കൊയ്ത്തും ഇല്ലാത്ത അഞ്ചു സംവത്സരം ഇനിയും ഉണ്ടു.
7 എന്നാൽ ഭൂമുഖത്ത് നിങ്ങൾക്കായി ഒരു ശേഷിപ്പിനെ നിലനിർത്താനും മഹത്തായ ഒരു വിടുതലിലൂടെ നിങ്ങളുടെ പ്രാണനെ രക്ഷിക്കാനുമായി ദൈവം നിങ്ങൾക്കുമുമ്പേ എന്നെ അയച്ചിരിക്കുന്നു.
ഭൂമിയിൽ നിങ്ങൾക്കു സന്തതി ശേഷിക്കേണ്ടതിന്നും വലിയോരു രക്ഷയാൽ നിങ്ങളുടെ ജീവനെ രക്ഷിക്കേണ്ടതിന്നും ദൈവം എന്നെ നിങ്ങൾക്കു മുമ്പെ അയച്ചിരിക്കുന്നു.
8 “ആകയാൽ നിങ്ങളല്ല, ദൈവമാണ് എന്നെ ഇവിടെ അയച്ചത്. അവിടന്ന് എന്നെ ഫറവോനു പിതാവും അദ്ദേഹത്തിന്റെ കുടുംബത്തിലുള്ള എല്ലാവർക്കും പ്രഭുവും ഈജിപ്റ്റുദേശത്തിലുള്ള എല്ലാവർക്കും ഭരണാധികാരിയും ആക്കിയിരിക്കുന്നു.
ആകയാൽ നിങ്ങൾ അല്ല, ദൈവം അത്രേ എന്നെ ഇവിടെ അയച്ചതു; അവൻ എന്നെ ഫറവോന്നു പിതാവും അവന്റെ ഗൃഹത്തിന്നു ഒക്കെയും യജമാനനും മിസ്രയീംദേശത്തിന്നൊക്കെയും അധിപതിയും ആക്കിയിരിക്കുന്നു.
9 ഇപ്പോൾ നിങ്ങൾ വേഗം എന്റെ അപ്പന്റെ അടുക്കൽ എത്തി അദ്ദേഹത്തോട് ഇങ്ങനെ പറയണം: ‘അങ്ങയുടെ മകനായ യോസേഫ് അറിയിക്കുന്നു: ദൈവം എന്നെ ഈജിപ്റ്റിന്റെ മുഴുവൻ പ്രഭുവാക്കിയിരിക്കുന്നു; അങ്ങ് എന്റെ അടുക്കലേക്കു വേഗം വരണം, ഒട്ടും താമസിക്കരുത്.
നിങ്ങൾ ബദ്ധപ്പെട്ടു എന്റെ അപ്പന്റെ അടുക്കൽ ചെന്നു അവനോടു പറയേണ്ടതു എന്തെന്നാൽ: നിന്റെ മകനായ യോസേഫ് ഇപ്രകാരം പറയുന്നു: ദൈവം എന്നെ മിസ്രയീമിന്നൊക്കെയും അധിപതിയാക്കിയിരിക്കുന്നു; നീ താമസിയാതെ എന്റെ അടുക്കൽ വരേണം.
10 അങ്ങും, അങ്ങയുടെ മക്കളും കൊച്ചുമക്കളും ആടുമാടുകളും സകലസ്വത്തുക്കളുമായി വന്ന് എന്റെ സമീപത്ത്, ഗോശെൻ ദേശത്തു താമസിച്ചുകൊള്ളുക.
നീ ഗോശെൻദേശത്തു പാൎത്തു എനിക്കു സമീപമായിരിക്കും; നീയും മക്കളും മക്കളുടെ മക്കളും നിന്റെ ആടുകളും കന്നുകാലികളും നിനക്കുള്ളതൊക്കെയും തന്നേ.
11 അവിടെ നിങ്ങൾക്കു വേണ്ടുന്നതെല്ലാം ഞാൻ എത്തിച്ചുതന്നുകൊള്ളാം; ക്ഷാമത്തിന്റെ അഞ്ചുവർഷങ്ങൾകൂടി ഇനിയുണ്ട്. അല്ലെങ്കിൽ അങ്ങും അങ്ങയുടെ കുടുംബത്തിലുള്ളവരും അങ്ങേക്കുള്ളതെല്ലാം നശിച്ചുപോകുമല്ലോ.’
നിനക്കും കുടുംബത്തിന്നും നിനക്കുള്ള സകലത്തിന്നും ദാരിദ്ൎയ്യം നേരിടാതവണ്ണം ഞാൻ അവിടെ നിന്നെ പോഷിപ്പിക്കും; ക്ഷാമം ഇനിയും അഞ്ചു സംവത്സരം നില്ക്കും.
12 “നിങ്ങളോടു സംസാരിക്കുന്നതു വാസ്തവത്തിൽ ഞാൻതന്നെ എന്നു നിങ്ങളും എന്റെ സഹോദരനായ ബെന്യാമീനും നേരിട്ടു കാണുന്നല്ലോ!
ഇതാ, ഞാൻ തന്നേ നിങ്ങളോടു സംസാരിക്കുന്നു എന്നു നിങ്ങളും എന്റെ അനുജൻ ബെന്യാമീനും കണ്ണാലെ കാണുന്നുവല്ലോ.
13 ഈജിപ്റ്റിൽ എനിക്കു നൽകിയിരിക്കുന്ന ബഹുമാനവും നിങ്ങൾ കണ്ടിരിക്കുന്ന സകലതും എന്റെ പിതാവിനെ അറിയിക്കണം; എന്റെ പിതാവിനെ എത്രയുംവേഗം ഇവിടെ കൊണ്ടുവരണം.”
മിസ്രയീമിൽ എനിക്കുള്ള മഹത്വവും നിങ്ങൾ കണ്ടതൊക്കെയും അപ്പനെ അറിയിക്കേണം; എന്റെ അപ്പനെ വേഗത്തിൽ ഇവിടെ കൊണ്ടുവരികയും വേണം.
14 പിന്നെ അദ്ദേഹം അനുജനായ ബെന്യാമീനെ കെട്ടിപ്പിടിച്ചു കരഞ്ഞു; ബെന്യാമീനും കരഞ്ഞുകൊണ്ട് അദ്ദേഹത്തെ ആലിംഗനംചെയ്തു.
അവൻ തന്റെ അനുജൻ ബെന്യാമീനെ കെട്ടിപ്പിടിച്ചു കരഞ്ഞു; ബെന്യാമീൻ അവനെയും കെട്ടിപ്പിടിച്ചു കരഞ്ഞു.
15 തന്റെ എല്ലാ സഹോദരന്മാരെയും ചുംബിച്ച് അവരെച്ചൊല്ലി അദ്ദേഹം കരഞ്ഞു. ഈ സംഭവത്തിനുശേഷം തന്റെ സഹോദരന്മാർ അദ്ദേഹവുമായി സല്ലപിച്ചു.
അവൻ സഹോദരന്മാരെ ഒക്കെയും ചുംബിച്ചു കെട്ടിപ്പിടിച്ചു കരഞ്ഞു; അതിന്റെ ശേഷം സഹോദരന്മാർ അവനുമായി സല്ലാപിച്ചു.
16 യോസേഫിന്റെ സഹോദരന്മാർ വന്നിട്ടുണ്ട് എന്ന വാർത്ത ഫറവോന്റെ അരമനയിൽ എത്തിയപ്പോൾ അദ്ദേഹവും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥന്മാർ എല്ലാവരും ആഹ്ലാദിച്ചു.
യോസേഫിന്റെ സഹോദരന്മാർ വന്നിരിക്കുന്നു എന്നുള്ള കേൾവി ഫറവോന്റെ അരമനയിൽ എത്തി; അതു ഫറവോന്നും അവന്റെ ഭൃത്യന്മാൎക്കും സന്തോഷമായി.
17 ഫറവോൻ യോസേഫിനോടു പറഞ്ഞു: “നിന്റെ സഹോദരന്മാരോട്, ‘നിങ്ങളുടെ മൃഗങ്ങളുടെ പുറത്തു ചുമടുകയറ്റി കനാൻദേശത്തേക്കു മടങ്ങിപ്പോകാൻ പറയുക.
ഫറവോൻ യോസേഫിനോടു പറഞ്ഞതു: നിന്റെ സഹോദരന്മാരോടു നീ പറയേണ്ടതു എന്തെന്നാൽ: നിങ്ങൾ ഇതു ചെയ്‌വിൻ; നിങ്ങളുടെ മൃഗങ്ങളുടെ പുറത്തു ചുമടു കയറ്റി പുറപ്പെട്ടു കനാൻദേശത്തു ചെന്നു
18 നിങ്ങളുടെ പിതാവിനെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും എന്റെ അടുക്കൽ കൊണ്ടുവരാനും പറയണം; ഈജിപ്റ്റുദേശത്തുള്ളതിൽ ഏറ്റവും നല്ല പ്രദേശം ഞാൻ നിങ്ങൾക്കു തരുമെന്നും നിങ്ങൾക്ക് ഈ ദേശത്തിന്റെ സമൃദ്ധി അനുഭവിക്കാൻ കഴിയുമെന്നും അവരെ അറിയിക്കണം.’
നിങ്ങളുടെ അപ്പനെയും കുടുംബങ്ങളെയും കൂട്ടിക്കൊണ്ടു എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങൾക്കു മിസ്രയീംരാജ്യത്തിലെ നന്മ തരും; ദേശത്തിന്റെ പുഷ്ടി നിങ്ങൾ അനുഭവിക്കും.
19 “നീ അവരോടു വീണ്ടും പറയേണ്ടത്: ‘നിങ്ങളുടെ കുഞ്ഞുങ്ങൾക്കും നിങ്ങളുടെ ഭാര്യമാർക്കുംവേണ്ടി ഈജിപ്റ്റിൽനിന്ന് ഏതാനും വാഹനങ്ങൾ കൊണ്ടുപോകുകയും പിതാവിനെ കൂട്ടിക്കൊണ്ടുപോരുകയും വേണം.
നിനക്കു കല്പന തന്നിരിക്കുന്നു; ഇതാകുന്നു നിങ്ങൾ ചെയ്യേണ്ടതു: നിങ്ങളുടെ പൈതങ്ങൾക്കും ഭാൎയ്യമാൎക്കും വേണ്ടി മിസ്രയീംദേശത്തു നിന്നു രഥങ്ങൾ കൊണ്ടുപോയി നിങ്ങളുടെ അപ്പനെ കയറ്റി കൊണ്ടുവരേണം.
20 നിങ്ങളുടെ വസ്തുവകകളെപ്പറ്റി ഒട്ടും ചിന്താഭാരപ്പെടേണ്ടതില്ല; കാരണം ഈജിപ്റ്റിൽ വിശിഷ്ടമായതൊക്കെയും നിങ്ങൾക്കുള്ളതാണ്.’”
നിങ്ങളുടെ സാമാനങ്ങളെ കുറിച്ചു ചിന്തിക്കേണ്ടാ; മിസ്രയീംദേശത്തെങ്ങുമുള്ള നന്മ നിങ്ങൾക്കുള്ളതു ആകുന്നു.
21 ഇസ്രായേലിന്റെ പുത്രന്മാർ അങ്ങനെതന്നെ പ്രവർത്തിച്ചു. ഫറവോൻ കൽപ്പിച്ചതുപോലെ യോസേഫ് അവർക്കു വാഹനങ്ങൾ നൽകുകയും അവരുടെ യാത്രയ്ക്കുള്ള ക്രമീകരണങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു.
യിസ്രായേലിന്റെ പുത്രന്മാർ അങ്ങനെ തന്നേ ചെയ്തു; യോസേഫ് അവൎക്കു ഫറവോന്റെ കല്പനപ്രകാരം രഥങ്ങൾ കൊടുത്തു; വഴിക്കു വേണ്ടുന്ന ആഹാരവും കൊടുത്തു.
22 അവരിൽ ഓരോരുത്തർക്കും അദ്ദേഹം പുതിയ ഓരോ വസ്ത്രങ്ങൾ കൊടുത്തു. എന്നാൽ ബെന്യാമീന് അദ്ദേഹം മുന്നൂറു ശേക്കേൽ വെള്ളിയും അഞ്ചു വസ്ത്രങ്ങളും കൊടുത്തു.
അവരിൽ ഓരോരുത്തന്നു ഓരോ വസ്ത്രവും ബെന്യാമീന്നോ മുന്നൂറു വെള്ളിക്കാശും അഞ്ചു വസ്ത്രവും കൊടുത്തു.
23 പിതാവിന് അദ്ദേഹം അയച്ചുകൊടുത്തത്: പത്തു കഴുതകളുടെ പുറത്ത് കയറ്റിയ ഈജിപ്റ്റിലെ ഏറ്റവും വിശിഷ്ടമായ വസ്തുക്കളും പത്തു പെൺകഴുതകളുടെ പുറത്തു കയറ്റിയ ധാന്യവും അപ്പവും അദ്ദേഹത്തിന്റെ യാത്രയ്ക്കു വേണ്ടുന്ന മറ്റു സാമഗ്രികളും ആയിരുന്നു.
അങ്ങനെ തന്നേ അവൻ തന്റെ അപ്പന്നു പത്തു കഴുതപ്പുറത്തു മിസ്രയീമിലെ വിശേഷസാധനങ്ങളും പത്തു പെൺകഴുതപ്പുറത്തു വഴിച്ചെലവിന്നു ധാന്യവും ആഹാരവും കയറ്റി അയച്ചു.
24 അങ്ങനെ അദ്ദേഹം സഹോദരന്മാരെ യാത്രയാക്കി; അവർ പുറപ്പെടുമ്പോൾ അദ്ദേഹം അവരോട്, “വഴിക്കുവെച്ചു നിങ്ങൾ കലഹിക്കരുത്” എന്നു പറഞ്ഞു.
അങ്ങനെ അവൻ തന്റെ സഹോദരന്മാരെ യാത്ര അയച്ചു; അവർ പുറപ്പെടുമ്പോൾ: നിങ്ങൾ വഴിയിൽ വെച്ചു ശണ്ഠകൂടരുതെന്നു അവരോടു പറഞ്ഞു.
25 അങ്ങനെ അവർ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ട് കനാൻദേശത്ത്, തങ്ങളുടെ പിതാവായ യാക്കോബിന്റെ അടുക്കൽ എത്തിച്ചേർന്നു.
അവർ മിസ്രയീമിൽ നിന്നു പുറപ്പെട്ടു കനാൻദേശത്തു അപ്പനായ യാക്കോബിന്റെ അടുക്കൽ എത്തി.
26 അവർ അദ്ദേഹത്തോട്, “യോസേഫ് ഇപ്പോഴും ജീവിച്ചിരിക്കുന്നു! അവൻ, ഈജിപ്റ്റുദേശത്തിന്റെ മുഴുവൻ ഭരണാധികാരിയാണ്” എന്നു പറഞ്ഞു. യാക്കോബ് സ്തംഭിച്ചിരുന്നുപോയി; അവരുടെ വാക്ക് അദ്ദേഹം വിശ്വസിച്ചില്ല.
അവനോടു: യോസേഫ് ജീവനോടിരിക്കുന്നു; അവൻ മിസ്രയീംദേശത്തിന്നൊക്കെയും അധിപതിയാകുന്നു എന്നു പറഞ്ഞു. അപ്പോൾ യാക്കോബ് സ്തംഭിച്ചുപോയി; അവർ പറഞ്ഞതു വിശ്വസിച്ചതുമില്ല.
27 എന്നാൽ യോസേഫ് തങ്ങളോടു പറഞ്ഞതെല്ലാം അവർ അദ്ദേഹത്തെ അറിയിക്കയും തന്നെ കൂട്ടിക്കൊണ്ടുപോകുന്നതിനു യോസേഫ് അയച്ചിരിക്കുന്ന വാഹനങ്ങൾ കാണുകയും ചെയ്തപ്പോൾ അവരുടെ പിതാവായ യാക്കോബിന് വീണ്ടും ചൈതന്യംവന്നു.
യോസേഫ് തങ്ങളോടു പറഞ്ഞവാക്കുകളൊക്കെയും അവർ അവനോടു പറഞ്ഞു; തന്നെ കയറ്റികൊണ്ടു പോകുവാൻ യോസേഫ് അയച്ച രഥങ്ങളെ കണ്ടപ്പോൾ അവരുടെ അപ്പനായ യാക്കോബിന്നു വീണ്ടും ചൈതന്യം വന്നു.
28 “എനിക്കുറപ്പായി! എന്റെ മകൻ യോസേഫ് ജീവനോടെയിരിക്കുന്നു. ഞാൻ മരിക്കുന്നതിനുമുമ്പേ ചെന്ന് അവനെ കാണും,” ഇസ്രായേൽ പറഞ്ഞു.
മതി; എന്റെ മകൻ യോസേഫ് ജീവനോടിരിക്കുന്നു; ഞാൻ മരിക്കുംമുമ്പെ അവനെ പോയി കാണും എന്നു യിസ്രായേൽ പറഞ്ഞു.

< ഉല്പത്തി 45 >