< ഉല്പത്തി 40 >
1 കുറെ കാലത്തിനുശേഷം ഈജിപ്റ്റുരാജാവിന്റെ വീഞ്ഞുകാരനും അപ്പക്കാരനും തങ്ങളുടെ യജമാനനായ ഈജിപ്റ്റുരാജാവിനെതിരേ തെറ്റുചെയ്തു.
൧അനന്തരം ഈജിപ്റ്റുരാജാവിന്റെ പാനപാത്രവാഹകനും അപ്പക്കാരനും ഈജിപ്റ്റുരാജാവായ തങ്ങളുടെ യജമാനനോടു കുറ്റം ചെയ്തു.
2 പ്രധാന വീഞ്ഞുകാരനും പ്രധാന അപ്പക്കാരനും ആയ ഈ രണ്ട് ഉദ്യോഗസ്ഥന്മാരുടെ നേർക്കു ഫറവോനു കോപം ജ്വലിച്ചു.
൨ഫറവോൻ പാനപാത്രവാഹകന്മാരുടെ പ്രധാനിയും അപ്പക്കാരുടെ പ്രധാനിയുമായ തന്റെ രണ്ട് ഉദ്യോഗസ്ഥന്മാരോടു കോപിച്ചു.
3 അദ്ദേഹം അവരെ അംഗരക്ഷകരുടെ അധിപന്റെ വീട്ടിൽ, യോസേഫിനെ സൂക്ഷിച്ചിരുന്ന അതേ കാരാഗൃഹത്തിൽ അടച്ചു.
൩അവരെ അംഗരക്ഷക മേധാവിയുടെ വീട്ടിൽ യോസേഫ് ബദ്ധനായി കിടന്ന കാരാഗൃഹത്തിൽ ആക്കി.
4 അംഗരക്ഷകരുടെ അധിപൻ അവരെ യോസേഫിനെ ഏൽപ്പിക്കുകയും അവൻ അവരെ ശുശ്രൂഷിക്കുകയും ചെയ്തു. കുറെക്കാലം അവർ തടവിൽ കഴിഞ്ഞപ്പോൾ,
൪അംഗരക്ഷാനായകൻ അവരെ യോസേഫിന്റെ പക്കൽ ഏല്പിച്ചു; അവൻ അവർക്ക് ശുശ്രൂഷചെയ്തു; അവർ കുറെക്കാലം തടവിൽ കിടന്നു.
5 കാരാഗൃഹത്തിൽ ബന്ധിക്കപ്പെട്ടിരുന്ന അവർ ഇരുവരും—ഈജിപ്റ്റുരാജാവിന്റെ വീഞ്ഞുകാരനും അപ്പക്കാരനും—വ്യത്യസ്ത അർഥം വരുന്ന ഓരോ സ്വപ്നം ഒരേരാത്രിയിൽ കണ്ടു.
൫ഈജിപ്റ്റുരാജാവിന്റെ പാനപാത്രവാഹകനും അപ്പക്കാരനും ഇങ്ങനെ കാരാഗൃഹത്തിൽ തടവുകാരായിരുന്ന രണ്ടുപേരും ഒരു രാത്രിയിൽ തന്നെ വേറെവേറെ അർത്ഥമുള്ള ഓരോ സ്വപ്നം കണ്ടു.
6 പിറ്റേന്നു രാവിലെ യോസേഫ് അവരുടെ അടുക്കൽ എത്തിയപ്പോൾ അവർ വിഷാദിച്ചിരിക്കുന്നതായി കണ്ടു.
൬രാവിലെ യോസേഫ് അവരുടെ അടുക്കൽ വന്നു നോക്കിയപ്പോൾ അവർ വിഷാദ ഭാവത്തോടുകൂടി ഇരിക്കുന്നത് കണ്ടു.
7 യജമാനന്റെ ഭവനത്തിൽ തന്നോടൊപ്പം ബന്ധനത്തിൽ ആയിരുന്ന, ഫറവോന്റെ ആ ഉദ്യോഗസ്ഥന്മാരോട് അവൻ, “ഇന്നു നിങ്ങളുടെ മുഖം ഇത്ര മ്ലാനമായിരിക്കുന്നതെന്ത്?” എന്നു ചോദിച്ചു.
൭അവൻ യജമാനന്റെ വീട്ടിൽ തന്നോടുകൂടെ തടവിൽ കിടക്കുന്നവരായ ഫറവോന്റെ ഉദ്യോഗസ്ഥന്മാരോട്: “നിങ്ങൾ ഇന്ന് വിഷാദഭാവത്തോടിരിക്കുന്നത് എന്ത്” എന്നു ചോദിച്ചു.
8 “ഞങ്ങൾ രണ്ടുപേരും ഓരോ സ്വപ്നം കണ്ടിരിക്കുന്നു; എന്നാൽ അവയെ വ്യാഖ്യാനിക്കാൻ ആരുമില്ല,” എന്ന് അവർ ഉത്തരം പറഞ്ഞു. അപ്പോൾ യോസേഫ് അവരോട്, “വ്യാഖ്യാനം ദൈവത്തിനുള്ളതല്ലയോ? നിങ്ങളുടെ സ്വപ്നങ്ങൾ എന്നോടു പറയുക” എന്നു പറഞ്ഞു.
൮അവർ അവനോട്: “ഞങ്ങൾ സ്വപ്നം കണ്ടു; വ്യാഖ്യാനിച്ചുതരുവാൻ ആരുമില്ല” എന്നു പറഞ്ഞു. യോസേഫ് അവരോട്: “സ്വപ്നവ്യാഖ്യാനം ദൈവത്തിന്നുള്ളതല്ലയോ? അത് എന്നോട് പറയുവിൻ” എന്നു പറഞ്ഞു.
9 പ്രധാന വീഞ്ഞുകാരൻ തന്റെ സ്വപ്നം യോസേഫിനെ പറഞ്ഞുകേൾപ്പിച്ചു; അവൻ ഇങ്ങനെ വിവരിച്ചു: “എന്റെ സ്വപ്നത്തിൽ ഞാൻ എന്റെമുമ്പിൽ ഒരു മുന്തിരിവള്ളി കണ്ടു.
൯അപ്പോൾ പാനപാത്രവാഹകന്മാരുടെ പ്രധാനി യോസേഫിനെ തന്റെ സ്വപ്നം അറിയിച്ചു പറഞ്ഞത്: “എന്റെ സ്വപ്നത്തിൽ ഇതാ, എന്റെ മുമ്പിൽ ഒരു മുന്തിരിവള്ളി.
10 ആ മുന്തിരിവള്ളിക്കു മൂന്നു ശാഖകൾ ഉണ്ടായിരുന്നു. അതു തളിരിട്ടപ്പോൾത്തന്നെ പുഷ്പിക്കുകയും മുന്തിരിക്കുലകൾ പഴുത്തു പാകമാകുകയും ചെയ്തു.
൧൦മുന്തിരിവള്ളിയിൽ മൂന്നു ശാഖ; അത് തളിർത്തു പൂത്തു; കുലകളിൽ മുന്തിരിങ്ങാ പഴുത്തു.
11 ഫറവോന്റെ പാനപാത്രം എന്റെ കൈയിൽ ഉണ്ടായിരുന്നു, ഞാൻ മുന്തിരിങ്ങ എടുത്ത് ഫറവോന്റെ പാനപാത്രത്തിലേക്കു പിഴിഞ്ഞൊഴിച്ച് പാത്രം അദ്ദേഹത്തിന്റെ കൈയിൽ കൊടുത്തു.”
൧൧ഫറവോന്റെ പാനപാത്രം എന്റെ കയ്യിൽ ഉണ്ടായിരുന്നു; ഞാൻ മുന്തിരിപ്പഴം പറിച്ചു ഫറവോന്റെ പാനപാത്രത്തിൽ പിഴിഞ്ഞു: പാനപാത്രം ഫറവോന്റെ കയ്യിൽ കൊടുത്തു”.
12 യോസേഫ് അവനോടു പറഞ്ഞു, “അതിന്റെ അർഥം ഇതാണ്: മൂന്നു ശാഖകൾ മൂന്നു ദിവസങ്ങളാണ്.
൧൨യോസേഫ് അവനോട് പറഞ്ഞത്: “അതിന്റെ അർത്ഥം ഇതാകുന്നു: മൂന്ന് ശാഖ മൂന്നുദിവസം.
13 ഫറവോൻ മൂന്നുദിവസത്തിനകം നിന്നെ ഉയർത്തി നിന്റെ പഴയ സ്ഥാനത്ത് ആക്കും; നീ ഫറവോന്റെ പാനപാത്രവാഹകൻ ആയിരുന്നപ്പോൾ ചെയ്തുപോന്നിരുന്നതുപോലെ അദ്ദേഹത്തിന്റെ പാനപാത്രം അദ്ദേഹത്തിന്റെ കൈയിൽ കൊടുക്കും.
൧൩മൂന്നു ദിവസത്തിനകം ഫറവോൻ നിന്നോട് ക്ഷമിച്ച്, വീണ്ടും നിന്റെ സ്ഥാനത്ത് ആക്കും. നീ പാനപാത്രവാഹകനായി മുൻ പതിവുപോലെ ഫറവോന്റെ കയ്യിൽ പാനപാത്രം കൊടുക്കും.
14 എന്നാൽ നിന്റെ കാര്യങ്ങൾ ശുഭമായിത്തീരുമ്പോൾ എന്നെ ഓർക്കുകയും എന്നോടു ദയ കാണിക്കുകയും വേണം; എന്റെ കാര്യം ഫറവോനോടു പറഞ്ഞ് എന്നെ ഈ തടവറയിൽനിന്ന് മോചിപ്പിക്കേണം.
൧൪എന്നാൽ നിനക്ക് നല്ലകാലം വരുമ്പോൾ എന്നെ ഓർത്ത് എന്നോട് ദയചെയ്ത് ഫറവോനെ എന്റെ വിവരം ബോധിപ്പിച്ച് എന്നെ ഈ കാരാഗൃഹത്തിൽനിന്നും വിടുവിക്കണമേ.
15 എബ്രായരുടെ ദേശത്തുനിന്ന് എന്നെ ബലാൽക്കാരമായി പിടിച്ചുകൊണ്ടുവന്നതാണ്; എന്നെ ഇങ്ങനെ തടവറയിൽ അടയ്ക്കാൻ തക്കവണ്ണം ഇവിടെയും ഞാൻ യാതൊന്നുംതന്നെ ചെയ്തിട്ടില്ല.”
൧൫എന്നെ എബ്രായരുടെ ദേശത്തുനിന്ന് അപഹരിച്ചുകൊണ്ടുപോന്നതാകുന്നു; ഈ തടവറയിൽ എന്നെ ഇടേണ്ടതിന് ഞാൻ ഇവിടെയും യാതൊന്നും ചെയ്തിട്ടില്ല”.
16 ശുഭസൂചകമായ വ്യാഖ്യാനമാണു യോസേഫ് നൽകിയതെന്നു കണ്ടിട്ട് പ്രധാന അപ്പക്കാരൻ യോസേഫിനോട്: “ഞാനും ഒരു സ്വപ്നംകണ്ടു: എന്റെ തലയിൽ മൂന്നുകുട്ട അപ്പം ഉണ്ടായിരുന്നു.
൧൬അർത്ഥം നല്ലതെന്ന് അപ്പക്കാരുടെ പ്രധാനി കണ്ടിട്ട് യോസേഫിനോട്: “ഞാനും സ്വപ്നത്തിൽ എന്റെ തലയിൽ വെളുത്ത അപ്പമുള്ള മൂന്നു കൊട്ട കണ്ടു.
17 മുകളിലത്തെ കുട്ടയിൽ ഫറവോനുവേണ്ടി ചുട്ടെടുത്ത എല്ലാവിധ ഭക്ഷ്യവസ്തുക്കളും ഉണ്ടായിരുന്നു. എന്നാൽ പക്ഷികൾ എന്റെ തലയിലെ ആ കുട്ടയിൽനിന്ന് അതെല്ലാം തിന്നുകയായിരുന്നു” എന്നു പറഞ്ഞു.
൧൭ഏറ്റവും മുകളിലത്തെ കൊട്ടയിൽ ഫറവോനുവേണ്ടി എല്ലാത്തരം അപ്പവും ഉണ്ടായിരുന്നു; പക്ഷികൾ എന്റെ തലയിലെ കൊട്ടയിൽനിന്ന് അവയെ തിന്നുകളഞ്ഞു” എന്നു പറഞ്ഞു.
18 അപ്പോൾ യോസേഫ് അവനോട്, “അതിന്റെ അർഥം ഇതാണ്: മൂന്നുകുട്ടകൾ മൂന്നുദിവസം.
൧൮അതിന് യോസേഫ്: “അതിന്റെ അർത്ഥം ഇതാകുന്നു: മൂന്നു കൊട്ട മൂന്നുദിവസം.
19 ഫറവോൻ മൂന്നുദിവസത്തിനകം നിന്റെ തല വെട്ടിക്കളയുകയും, നിന്നെ ഒരു മരത്തിൽ തൂക്കുകയും ചെയ്യും; പക്ഷികൾ നിന്റെ മാംസം തിന്നുകയും ചെയ്യും” എന്നു പറഞ്ഞു.
൧൯മൂന്നു ദിവസത്തിനകം ഫറവോൻ നിന്റെ തലവെട്ടി നിന്നെ ഒരു മരത്തിന്മേൽ തൂക്കും; പക്ഷികൾ നിന്റെ മാംസം തിന്നുകളയും” എന്ന് ഉത്തരം പറഞ്ഞു.
20 മൂന്നാംദിവസം ഫറവോന്റെ ജന്മദിനം ആയിരുന്നു; അദ്ദേഹം തന്റെ എല്ലാ ഉദ്യോഗസ്ഥന്മാർക്കുമായി ഒരു വിരുന്നുസൽക്കാരം നടത്തി. ഉദ്യോഗസ്ഥന്മാരുടെ സാന്നിധ്യത്തിൽ അദ്ദേഹം പ്രധാന വീഞ്ഞുകാരനെയും പ്രധാന അപ്പക്കാരനെയും ഓർത്തു.
൨൦മൂന്നാംദിവസം ഫറവോന്റെ ജന്മദിവസത്തിൽ അവൻ തന്റെ സകലദാസന്മാർക്കും ഒരു വിരുന്നു കഴിച്ചു. തന്റെ ദാസന്മാരുടെ മദ്ധ്യത്തിൽ പാനപാത്രവാഹകന്മാരുടെ പ്രധാനിയെയും അപ്പക്കാരുടെ പ്രധാനിയെയും ഓർത്തു.
21 പ്രധാന വീഞ്ഞുകാരനെ അദ്ദേഹം വീണ്ടും അവന്റെ പഴയ സ്ഥാനത്തു നിയമിച്ചു; അങ്ങനെ അവന് വീണ്ടും ഫറവോന്റെ കൈയിൽ പാനപാത്രം കൊടുക്കാൻ സാധിച്ചു.
൨൧പാനപാത്രവാഹകന്മാരുടെ പ്രധാനിയെ ഫറവോന്റെ കയ്യിൽ പാനപാത്രം കൊടുക്കണ്ടതിനു വീണ്ടും അവന്റെ സ്ഥാനത്ത് ആക്കി.
22 എന്നാൽ പ്രധാന അപ്പക്കാരനെ, യോസേഫ് വ്യാഖ്യാനത്തിൽ അവനോട് അറിയിച്ചിരുന്നതുപോലെ ഫറവോൻ തൂക്കിക്കൊന്നു.
൨൨അപ്പക്കാരുടെ പ്രധാനിയെയോ അവൻ തൂക്കികൊന്നു; യോസേഫ് അർത്ഥം പറഞ്ഞതുപോലെ തന്നെ.
23 എന്നാൽ പ്രധാന വീഞ്ഞുകാരൻ യോസേഫിനെ ഓർത്തില്ല; അദ്ദേഹം യോസേഫിനെ പാടേ മറന്നുകളഞ്ഞു.
൨൩എങ്കിലും പാനപാത്രവാഹകന്മാരുടെ പ്രധാനി യോസേഫിനെ ഓർക്കാതെ അവനെ മറന്നുകളഞ്ഞു.