< ഉല്പത്തി 37 >
1 യാക്കോബ്, തന്റെ പിതാവു പ്രവാസിയായി താമസിച്ചിരുന്ന കനാൻദേശത്തു താമസമുറപ്പിച്ചു.
൧യാക്കോബ് തന്റെ പിതാവ് പരദേശിയായി പാർത്ത ദേശമായ കനാൻദേശത്തു വസിച്ചു.
2 യാക്കോബിന്റെ വംശപാരമ്പര്യം സംബന്ധിച്ചുള്ള വിവരണം ഇപ്രകാരം ആകുന്നു: പതിനേഴുവയസ്സുള്ള ചെറുപ്പക്കാരനായ യോസേഫ് ഒരിക്കൽ തന്റെ സഹോദരന്മാരോടുകൂടെ ആടുകളെ മേയിക്കുകയായിരുന്നു. അവൻ, തന്റെ പിതാവിന്റെ ഭാര്യമാരായ ബിൽഹായുടെയും സിൽപ്പയുടെയും പുത്രന്മാരായ തന്റെ സഹോദരന്മാർ ചെയ്യരുതാത്ത ഒരു കാര്യം പിതാവിനെ അറിയിച്ചു.
൨യാക്കോബിന്റെ വംശപരമ്പര ഇതാകുന്നു: യോസേഫിനു പതിനേഴു വയസ്സായപ്പോൾ അവൻ തന്റെ സഹോദരന്മാരോടുകൂടെ ആടുകളെ മേയിച്ചുകൊണ്ട് ഒരു ബാലനായി തന്റെ അപ്പന്റെ ഭാര്യമാരായ ബിൽഹായുടെയും സില്പായുടെയും പുത്രന്മാരോടുകൂടെ ഇരുന്ന് അവരെക്കുറിച്ചുള്ള ദുർവാർത്ത യോസേഫ് അപ്പനോട് വന്നുപറഞ്ഞു.
3 തന്റെ വാർധക്യത്തിൽ തനിക്കു ജനിച്ച പുത്രനായതുകൊണ്ട് ഇസ്രായേൽ യോസേഫിനെ മറ്റു പുത്രന്മാരെക്കാൾ അധികമായി സ്നേഹിച്ചു. അതുകൊണ്ട് അദ്ദേഹം അവനു വളരെ മനോഹരമായ ഒരു കുപ്പായം ഉണ്ടാക്കിക്കൊടുത്തു.
൩യോസേഫ് വാർദ്ധക്യത്തിലെ മകനാകകൊണ്ട് യിസ്രായേൽ എല്ലാമക്കളിലുംവച്ച് അവനെ അധികം സ്നേഹിച്ച് ഒരു നാനാ വര്‍ണ്ണങ്ങളിലുള്ള അങ്കി അവന് ഉണ്ടാക്കിച്ചു കൊടുത്തു.
4 തങ്ങളുടെ പിതാവ് എല്ലാവരെക്കാളും അധികമായി യോസേഫിനെ സ്നേഹിക്കുന്നെന്നു സഹോദരന്മാർ കണ്ടിട്ട് അവർ അവനെ വെറുത്തു; അവനോടു ദയാപൂർവം സംസാരിക്കാൻപോലും അവർക്കു കഴിഞ്ഞില്ല.
൪അപ്പൻ തങ്ങളെ എല്ലാവരെക്കാളും അവനെ അധികം സ്നേഹിക്കുന്നു എന്ന് അവന്റെ സഹോദരന്മാർ കണ്ടിട്ട് അവനെ വെറുത്തു; അവനോട് സൗഹൃദപൂർവ്വം സംസാരിക്കുവാൻ അവർക്ക് കഴിഞ്ഞില്ല.
5 ഒരു ദിവസം യോസേഫ് ഒരു സ്വപ്നംകണ്ടു; അവൻ അതു തന്റെ സഹോദരന്മാരെ അറിയിച്ചു; അപ്പോൾ അവർ അവനെ ഏറ്റവുമധികം വെറുത്തു.
൫യോസേഫ് ഒരു സ്വപ്നം കണ്ടു; അത് തന്റെ സഹോദരന്മാരോട് അറിയിച്ചതുകൊണ്ട് അവർ അവനെ പിന്നെയും അധികം വെറുത്തു.
6 യോസേഫ് അവരോട്: “ഞാൻ കണ്ട സ്വപ്നം കേൾക്കുക:
൬യോസേഫ് സഹോദരന്മാരോട് പറഞ്ഞത്: “ഞാൻ കണ്ട സ്വപ്നം കേട്ടുകൊൾവിൻ.
7 നമ്മൾ എല്ലാവരുംകൂടി വയലിൽ കറ്റ കെട്ടിക്കൊണ്ടിരിക്കുകയായിരുന്നു; പെട്ടെന്ന് എന്റെ കറ്റ എഴുന്നേറ്റു നിവർന്നുനിന്നു; നിങ്ങളുടെ കറ്റകൾ ചുറ്റുംനിന്ന് എന്റെ കറ്റയെ നമസ്കരിച്ചു.”
൭നാം വയലിൽ കറ്റ കെട്ടിക്കൊണ്ടിരുന്നു; അപ്പോൾ ഇതാ, എന്റെ കറ്റ എഴുന്നേറ്റു നിവിർന്നുനിന്നു; നിങ്ങളുടെ കറ്റകൾ ചുറ്റും നിന്ന് എന്റെ കറ്റയെ നമസ്കരിച്ചു”.
8 യോസേഫിന്റെ സഹോദരന്മാർ അവനോട്, “ഞങ്ങളുടെമേൽ ഭരണം നടത്താനാണോ നിന്റെ ഭാവം? നീ വാസ്തവമായി ഞങ്ങളെ ഭരിക്കുമോ?” എന്നു ചോദിച്ചു, അവന്റെ സ്വപ്നവും വാക്കുകളും നിമിത്തം അവർ അവനെ പൂർവാധികം വെറുത്തു.
൮അവന്റെ സഹോദരന്മാർ അവനോട്: “നീ ഞങ്ങളുടെ രാജാവാകുമോ? നീ ഞങ്ങളെ ഭരിക്കുമോ” എന്നു പറഞ്ഞു, അവന്റെ സ്വപ്നങ്ങൾ നിമിത്തവും അവന്റെ വാക്കുകൾ നിമിത്തവും അവർ അവനെ പിന്നെയും അധികം വെറുത്തു.
9 അവൻ മറ്റൊരു സ്വപ്നംകണ്ടു; അതും സഹോദരന്മാരെ അറിയിച്ചു: “ശ്രദ്ധിക്കുക, ഞാൻ വേറൊരു സ്വപ്നം കണ്ടിരിക്കുന്നു; ഇത്തവണ സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ താണുവണങ്ങുകയായിരുന്നു.”
൯അവൻ മറ്റൊരു സ്വപ്നം കണ്ടു അത് തന്റെ സഹോദരന്മാരോട് അറിയിച്ചു: “ഇതാ, ഞാൻ പിന്നെയും ഒരു സ്വപ്നം കണ്ടു; സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ നമസ്കരിച്ചു” എന്നു പറഞ്ഞു.
10 ഇത് യോസേഫ് തന്റെ പിതാവിനെയും സഹോദരന്മാരെയും അറിയിച്ചപ്പോൾ പിതാവ് അവനെ ശാസിച്ചുകൊണ്ട്, “എന്താണു നീ കണ്ട ഈ സ്വപ്നം? നിന്റെ അമ്മയും ഞാനും നിന്റെ സഹോദരന്മാരും വന്നു നിന്നെ സാഷ്ടാംഗം നമസ്കരിക്കുമെന്നോ?” എന്നു ചോദിച്ചു.
൧൦അവൻ അത് അപ്പനോടും സഹോദരന്മാരോടും അറിയിച്ചപ്പോൾ അപ്പൻ അവനെ ശാസിച്ച് അവനോട്: “നീ ഈ കണ്ട സ്വപ്നം എന്ത്? ഞാനും നിന്റെ അമ്മയും നിന്റെ സഹോദരന്മാരും സാഷ്ടാംഗം വീണു നിന്നെ നമസ്കരിക്കുവാൻ വരുമോ” എന്നു പറഞ്ഞു.
11 അവന്റെ സഹോദരന്മാർ അവനോട് അസൂയാലുക്കളായിത്തീർന്നു; അപ്പനോ, ഇക്കാര്യം മനസ്സിൽ കരുതിവെച്ചു.
൧൧അവന്റെ സഹോദരന്മാർക്ക് അവനോട് അസൂയ തോന്നി; അപ്പനോ ഈ വാക്ക് മനസ്സിൽ സൂക്ഷിച്ചു.
12 ഒരിക്കൽ യോസേഫിന്റെ സഹോദരന്മാർ തങ്ങളുടെ പിതാവിന്റെ ആടുകളെ മേയിക്കാൻ ശേഖേമിലേക്കു പോയിരുന്നു.
൧൨അവന്റെ സഹോദരന്മാർ അപ്പന്റെ ആടുകളെ മേയിക്കുവാൻ ശെഖേമിൽ പോയിരുന്നു.
13 അങ്ങനെയിരിക്കെ ഒരു ദിവസം, ഇസ്രായേൽ യോസേഫിനോട്, “നിന്റെ സഹോദരന്മാർ ശേഖേമിനു സമീപം ആടുകളെ മേയിച്ചുകൊണ്ടിരിക്കുന്നെന്ന് നിനക്കറിയാമല്ലോ! വരൂ, നിന്നെ ഞാൻ അവരുടെ അടുത്തേക്കയയ്ക്കാം” എന്നു പറഞ്ഞു. “അങ്ങനെ ആകട്ടെ,” അവൻ മറുപടി പറഞ്ഞു.
൧൩യിസ്രായേൽ യോസേഫിനോട്: “നിന്റെ സഹോദരന്മാർ ശെഖേമിൽ ആടുമേയിക്കുന്നുണ്ടല്ലോ; വരുക, ഞാൻ നിന്നെ അവരുടെ അടുക്കൽ അയയ്ക്കും” എന്നു പറഞ്ഞതിന് അവൻ അവനോട്: “ഞാൻ പോകാം” എന്നു പറഞ്ഞു.
14 അദ്ദേഹം അവനോട്, “നീ ചെന്ന് നിന്റെ സഹോദരന്മാരും ആട്ടിൻപറ്റങ്ങളും ക്ഷേമമായിരിക്കുന്നോ എന്ന് അന്വേഷിച്ചിട്ടു മടങ്ങിവന്ന് എന്നെ വിവരം അറിയിക്കണം” എന്നു പറഞ്ഞു. പിന്നെ, അവനെ അദ്ദേഹം ഹെബ്രോൻ താഴ്വരയിൽനിന്ന് യാത്രയയച്ചു. യോസേഫ് ശേഖേമിൽ എത്തി.
൧൪യിസ്രായേൽ അവനോട്: “നീ ചെന്നു നിന്റെ സഹോദരന്മാർക്ക് സുഖം തന്നെയോ? ആടുകൾ നന്നായിരിക്കുന്നുവോ എന്നു നോക്കി, വന്നു വിവരം അറിയിക്കണം” എന്നു പറഞ്ഞ് ഹെബ്രോൻതാഴ്വരയിൽ നിന്നു അവനെ അയച്ചു; അവൻ ശെഖേമിൽ എത്തി.
15 അവൻ വയലിലൂടെ അലഞ്ഞുതിരിയുന്നതു കണ്ടിട്ട് ഒരു മനുഷ്യൻ അവനോട്, “നീ എന്താണ് അന്വേഷിക്കുന്നത്?” എന്നു ചോദിച്ചു.
൧൫അവൻ മേച്ചിൽസ്ഥലത്തു ചുറ്റി നടക്കുന്നത് ഒരുവൻ കണ്ടു: “നീ എന്ത് അന്വേഷിക്കുന്നു” എന്ന് അവനോട് ചോദിച്ചു.
16 “ഞാൻ എന്റെ സഹോദരന്മാരെ തെരയുകയാണ്. അവർ തങ്ങളുടെ ആടുകളെ തീറ്റുന്നത് എവിടെയാണെന്നു പറഞ്ഞുതരാമോ?” യോസേഫ് ചോദിച്ചു.
൧൬അതിന് അവൻ: “ഞാൻ എന്റെ സഹോദരന്മാരെ അന്വേഷിക്കുന്നു; അവർ എവിടെ ആട് മേയിക്കുന്നു എന്ന് എന്നോട് അറിയിക്കണമേ” എന്നു പറഞ്ഞു.
17 “അവർ ഇവിടെനിന്നു മുന്നോട്ടു പോയിട്ടുണ്ട്. ‘നമുക്കു ദോഥാനിലേക്കു പോകാം’ എന്ന് അവർ പറയുന്നതു ഞാൻ കേട്ടു,” എന്ന് ആ മനുഷ്യൻ ഉത്തരം പറഞ്ഞു. അങ്ങനെ യോസേഫ് സഹോദരന്മാരെ പിൻതുടർന്നു; ദോഥാനിൽവെച്ച് അവരെ കണ്ടെത്തുകയും ചെയ്തു.
൧൭“അവർ ഇവിടെനിന്ന് പോയി; ‘നാം ദോഥാനിലേക്ക് പോവുക’ എന്ന് അവർ പറയുന്നത് ഞാൻ കേട്ടു” എന്ന് അവൻ പറഞ്ഞു. അങ്ങനെ യോസേഫ് തന്റെ സഹോദരന്മാരെ അന്വേഷിച്ചു ചെന്നു ദോഥാനിൽവച്ചു കണ്ടു.
18 അവർ ദൂരെനിന്ന് അവനെ കണ്ടിട്ട്, അവൻ തങ്ങളുടെ അടുക്കൽ എത്തുന്നതിനുമുമ്പ്, അവനെ കൊല്ലുന്നതിനു ഗൂഢാലോചന നടത്തി.
൧൮സഹോദരന്മാർ യോസേഫിനെ ദൂരത്തുനിന്ന് കണ്ടിട്ട് അവനെ കൊല്ലേണ്ടതിന് അവൻ അടുത്തുവരുന്നതിനു മുമ്പെ അവനു വിരോധമായി ഗൂഢാലോചന ചെയ്തു:
19 “ഇതാ, ആ സ്വപ്നക്കാരൻ വരുന്നു,” അവർ പരസ്പരം പറഞ്ഞു,
൧൯“അതാ, സ്വപ്നക്കാരൻ വരുന്നു; വരുവിൻ, നാം അവനെ കൊന്ന് ഒരു കുഴിയിൽ ഇട്ടുകളയുക;
20 “വരിക, നമുക്ക് അവനെ കൊന്ന് ഒരു ജലസംഭരണിയിൽ ഇട്ടുകളയാം, എന്നിട്ട് ഒരു ഹിംസ്രജന്തു അവനെ തിന്നുകളഞ്ഞു എന്നു പറയുകയും ചെയ്യാം. അപ്പോൾ അവന്റെ സ്വപ്നങ്ങൾ എന്താകുമെന്ന് നമുക്കു കാണാമല്ലോ.”
൨൦‘ഒരു കാട്ടുമൃഗം അവനെ തിന്നുകളഞ്ഞു’ എന്നു പറയാം; അവന്റെ സ്വപ്നങ്ങൾ എന്താകുമെന്നു നമുക്കു കാണാമല്ലോ” എന്നു തമ്മിൽതമ്മിൽ പറഞ്ഞു.
21 രൂബേൻ ഇതു കേട്ടപ്പോൾ, അയാൾ യോസേഫിനെ അവരുടെ കൈയിൽനിന്നു രക്ഷപ്പെടുത്താൻ ശ്രമിച്ചു. “നാം അവനു ജീവഹാനി വരുത്തുകയോ
൨൧രൂബേൻ അത് കേട്ടിട്ട്: “നാം അവനു ജീവഹാനി വരുത്തരുത്” എന്നു പറഞ്ഞ് അവനെ അവരുടെ കൈയിൽനിന്നു രക്ഷിച്ചു.
22 രക്തം ചൊരിയിക്കുകയോ ചെയ്യരുത്. ഇവിടെ മരുഭൂമിയിൽ, ഇതാ, ഈ ജലസംഭരണിയിൽ അവനെ ഇട്ടുകളയുക, അവന്റെമേൽ കൈവെക്കരുത്.” രൂബേൻ ഇതു പറഞ്ഞത് യോസേഫിനെ അവരിൽനിന്ന് രക്ഷിച്ച് തന്റെ പിതാവിന്റെ അടുത്തേക്കു കൊണ്ടുപോകുന്നതിനായിരുന്നു.
൨൨അവരുടെ കൈയിൽനിന്ന് അവനെ വിടുവിച്ച് അപ്പന്റെ അടുക്കൽ കൊണ്ടുപോകേണമെന്ന് കരുതിക്കൊണ്ടു രൂബേൻ അവരോട്: “രക്തം വീഴ്ത്തരുത്; നിങ്ങൾ അവന്റെമേൽ കൈ വെക്കാതെ മരുഭൂമിയിലുള്ള ഈ കുഴിയിൽ അവനെ ഇടുവിൻ” എന്നു പറഞ്ഞു.
23 യോസേഫ് തന്റെ സഹോദരന്മാരുടെ അടുത്തെത്തി. അവർ അവന്റെ മനോഹരമായ കുപ്പായം ഊരിയെടുത്തു.
൨൩യോസേഫ് തന്റെ സഹോദരന്മാരുടെ അടുക്കൽ വന്നപ്പോൾ അവൻ ധരിച്ചിരുന്ന നിലയങ്കി അവർ ഊരി, അവനെ എടുത്ത് ഒരു കുഴിയിൽ ഇട്ടു.
24 പിന്നെ അവനെ അവർ ആ ജലസംഭരണിയിൽ തള്ളിയിട്ടു. അതൊരു വെള്ളമില്ലാത്ത പൊട്ടിയ ജലസംഭരണി ആയിരുന്നു.
൨൪അത് വെള്ളമില്ലാത്ത പൊട്ടക്കുഴി ആയിരുന്നു.
25 അവർ ഭക്ഷണം കഴിക്കാൻ ഇരുന്നു; അവർ തലയുയർത്തിനോക്കിയപ്പോൾ, യിശ്മായേല്യരുടെ ഒരു വ്യാപാരസംഘം ഗിലെയാദിൽനിന്ന് വരുന്നതു കണ്ടു. അവരുടെ ഒട്ടകങ്ങളുടെ പുറത്ത് സുഗന്ധവസ്തുക്കളും ലേപവും മീറയും നിറച്ചിരുന്നു; അവർ ആ സാധനങ്ങൾ ഈജിപ്റ്റിലേക്കു കൊണ്ടുപോകുകയായിരുന്നു.
൨൫അവർ ഭക്ഷണം കഴിക്കുവാൻ ഇരുന്നപ്പോൾ തലപൊക്കി നോക്കി, ഗിലെയാദിൽനിന്ന് സാമ്പ്രാണിയും സുഗന്ധപ്പശയും സന്നിനായകവും ഒട്ടകപ്പുറത്തു കയറ്റി ഈജിപ്റ്റിലേക്കു കൊണ്ടുപോകുന്ന യിശ്മായേല്യരുടെ ഒരു യാത്രക്കൂട്ടം വരുന്നത് കണ്ടു.
26 യെഹൂദാ തന്റെ സഹോദരന്മാരോടു പറഞ്ഞു: “നാം നമ്മുടെ സഹോദരനെ കൊന്ന്, അവന്റെ രക്തം മറച്ചുവെച്ചാൽ നമുക്കെന്തു നേട്ടം?
൨൬അപ്പോൾ യെഹൂദാ തന്റെ സഹോദരന്മാരോട്: “നാം നമ്മുടെ സഹോദരനെ കൊന്ന് അവന്റെ രക്തം മറച്ചിട്ട് എന്ത് പ്രയോജനം?
27 വരിക, നമുക്ക് അവനെ യിശ്മായേല്യർക്കു വിൽക്കാം, അവന്റെമേൽ കൈവെക്കേണ്ടതില്ല; അവൻ നമ്മുടെ സഹോദരനും നമ്മുടെ മാംസവുമാണല്ലോ!” ഇത് അവന്റെ സഹോദരന്മാർക്കു സമ്മതമായി.
൨൭വരുവിൻ, നാം അവനെ യിശ്മായേല്യർക്കു വില്‍ക്കുക; നാം അവന്റെമേൽ കൈ വെക്കരുത്; അവൻ നമ്മുടെ സഹോദരനും നമ്മുടെ മാംസവുമല്ലോ” എന്നു പറഞ്ഞു; അവന്റെ സഹോദരന്മാർ അതിന് സമ്മതിച്ചു.
28 മിദ്യാന്യവ്യാപാരികൾ അടുത്തെത്തിയപ്പോൾ യോസേഫിന്റെ സഹോദരന്മാർ അവനെ ജലസംഭരണിയിൽനിന്നും വലിച്ചെടുത്ത് ഇരുപതുശേക്കേൽ വെള്ളിക്ക് യിശ്മായേല്യർക്ക് വിറ്റു; അവർ യോസേഫിനെ ഈജിപ്റ്റിലേക്കു കൊണ്ടുപോയി.
൨൮മിദ്യാന്യകച്ചവടക്കാർ കടന്നുപോകുമ്പോൾ അവർ യോസേഫിനെ കുഴിയിൽനിന്നു വലിച്ചുകയറ്റി, യിശ്മായേല്യർക്ക് ഇരുപതു വെള്ളിക്കാശിനു വിറ്റു. അവർ യോസേഫിനെ ഈജിപ്റ്റിലേക്കു കൊണ്ടുപോയി.
29 രൂബേൻ മടങ്ങിയെത്തി ആ ജലസംഭരണിയിൽ നോക്കിയപ്പോൾ യോസേഫ് അതിൽ ഇല്ലെന്നു കണ്ടിട്ട് തന്റെ വസ്ത്രംകീറി.
൨൯രൂബേൻ തിരികെ കുഴിയുടെ അടുക്കൽ ചെന്നപ്പോൾ യോസേഫ് കുഴിയിൽ ഇല്ല എന്നു കണ്ടു തന്റെ വസ്ത്രം കീറി,
30 അവൻ സഹോദരന്മാരുടെ അടുക്കൽ തിരിച്ചെത്തി അവരോട്: “ബാലൻ അവിടെ ഇല്ലല്ലോ! ഞാൻ ഇനി എവിടെയാണ് പോകേണ്ടത്?” എന്നു പറഞ്ഞു.
൩൦സഹോദരന്മാരുടെ അടുക്കൽ വന്നു: “ബാലനെ കാണുന്നില്ലല്ലോ; ഞാൻ ഇനി എവിടെ പോകേണ്ടു” എന്നു പറഞ്ഞു.
31 അതിനുശേഷം അവർ യോസേഫിന്റെ കുപ്പായം എടുത്തു, ഒരു കോലാടിനെ കൊന്ന് അതിന്റെ രക്തത്തിൽ മുക്കി.
൩൧പിന്നെ അവർ ഒരു കോലാട്ടിൻകുട്ടിയെ കൊന്ന്, യോസേഫിന്റെ അങ്കി എടുത്തു രക്തത്തിൽ മുക്കി.
32 ആ വിശേഷപ്പെട്ട അങ്കി തങ്ങളുടെ പിതാവിന്റെ അടുക്കൽ കൊണ്ടുചെന്ന്, “ഇതു ഞങ്ങൾ കണ്ടെത്തി; ഇത് അങ്ങയുടെ മകന്റെ അങ്കിതന്നെയോ എന്നു പരിശോധിച്ച് നോക്കിയാലും” എന്നു പറഞ്ഞു.
൩൨അവർ നിലയങ്കി അപ്പന്റെ അടുക്കൽ കൊടുത്തയച്ചു: “ഇതു ഞങ്ങൾക്കു കണ്ടുകിട്ടി; ഇതു നിന്റെ മകന്റെ അങ്കിയോ അല്ലയോ എന്ന് നോക്കണം” എന്നു പറഞ്ഞു.
33 അദ്ദേഹം അതു തിരിച്ചറിഞ്ഞു. “ഇത് എന്റെ മകന്റെ കുപ്പായംതന്നെ! ഏതോ ഹിംസ്രജന്തു അവനെ തിന്നുകളഞ്ഞു; യോസേഫിനെ അതു പിച്ചിച്ചീന്തിക്കളഞ്ഞുകാണും,” എന്നു പറഞ്ഞു.
൩൩അവൻ അത് തിരിച്ചറിഞ്ഞു: “ഇത് എന്റെ മകന്റെ അങ്കി തന്നെ; ഒരു കാട്ടുമൃഗം അവനെ തിന്നുകളഞ്ഞു: യോസേഫിനെ പറിച്ചുകീറികളഞ്ഞു, സംശയമില്ല” എന്നു പറഞ്ഞു.
34 പിന്നെ യാക്കോബ് തന്റെ വസ്ത്രംകീറി, ചാക്കുശീല ഉടുത്ത് തന്റെ മകനെച്ചൊല്ലി അനേകദിവസം വിലപിച്ചു.
൩൪യാക്കോബ് വസ്ത്രം കീറി, അരയിൽ ചാക്കുശീല ചുറ്റി ഏറിയനാൾ തന്റെ മകനെച്ചൊല്ലി ദുഃഖിച്ചുകൊണ്ടിരുന്നു.
35 അദ്ദേഹത്തിന്റെ എല്ലാ പുത്രന്മാരും പുത്രിമാരും അടുത്തുവന്ന് അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു; എങ്കിലും അദ്ദേഹം ആശ്വാസം കൈക്കൊള്ളാൻ വിസമ്മതിച്ചു. “കരഞ്ഞുകൊണ്ടുതന്നെ ഞാൻ പാതാളത്തിൽ എന്റെ മകന്റെ അടുക്കൽ ഇറങ്ങിച്ചെല്ലും,” എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ യോസേഫിന്റെ പിതാവ് അവനെച്ചൊല്ലി കരഞ്ഞു. (Sheol )
൩൫അവന്റെ പുത്രന്മാരും പുത്രിമാരും എല്ലാം അവനെ ആശ്വസിപ്പിക്കുവാൻ വന്നു; അവനോ ആശ്വാസം കൈക്കൊള്ളുവാൻ മനസ്സില്ലാതെ: “ഞാൻ ദുഃഖത്തോടെ എന്റെ മകന്റെ അടുക്കൽ പാതാളത്തിൽ ഇറങ്ങും” എന്നു പറഞ്ഞു. ഇങ്ങനെ അവന്റെ അപ്പൻ അവനെക്കുറിച്ചു കരഞ്ഞുകൊണ്ടിരുന്നു. (Sheol )
36 ഇതിനിടയിൽ മിദ്യാന്യർ, യോസേഫിനെ ഈജിപ്റ്റിൽ ഫറവോന്റെ ഉദ്യോഗസ്ഥന്മാരിൽ ഒരാളും അംഗരക്ഷകരുടെ അധിപനുമായ പോത്തീഫറിനു വിറ്റു.
൩൬എന്നാൽ മിദ്യാന്യർ അവനെ ഈജിപ്റ്റിൽ ഫറവോന്റെ ഒരു ഉദ്യോഗസ്ഥനായി അംഗരക്ഷകരുടെ നായകനായ പോത്തീഫറിനു വിറ്റു.