2അവൾ കനാൻദേശത്തെ ഹെബ്രോൻ എന്ന കിര്യത്ത്-അർബയിൽവെച്ചു മരിച്ചു. അബ്രാഹാം സാറായെക്കുറിച്ചു വിലപിക്കാനും കരയാനും പോയി.
3പിന്നെ അബ്രാഹാം ഭാര്യയുടെ മൃതദേഹത്തിന്റെ അടുക്കൽനിന്ന് എഴുന്നേറ്റ് ഹിത്യരോടു സംസാരിച്ചു.
4അദ്ദേഹം അവരോട്: “ഞാൻ നിങ്ങളുടെ ഇടയിൽ അന്യനും പ്രവാസിയും ആകുന്നു. എന്റെ മരിച്ചവളെ അടക്കേണ്ടതിന് എനിക്കിവിടെ ശ്മശാനത്തിനുള്ള കുറെ സ്ഥലം വിലയ്ക്കു തരണം” എന്നു പറഞ്ഞു.
6“പ്രഭോ, ഞങ്ങളുടെ വാക്കു ശ്രദ്ധിച്ചാലും. അങ്ങു ഞങ്ങളുടെ ഇടയിൽ ദൈവത്തിന്റെ ഒരു പ്രഭുവാണ്; ഞങ്ങളുടെ ഏറ്റവും നല്ല കല്ലറകളിൽ ഒന്നിൽ അങ്ങയുടെ മരിച്ചവളെ അടക്കംചെയ്യുക; മരിച്ചവളെ സംസ്കരിക്കാൻ ഞങ്ങളിൽ ആരും കല്ലറ തരാതിരിക്കുകയില്ല” എന്ന് ഉത്തരം പറഞ്ഞു.
8അവരോടു പറഞ്ഞു: “എന്റെ മരിച്ചവളെ അടക്കാൻ നിങ്ങൾ എന്നെ അനുവദിക്കുന്നെങ്കിൽ, എന്റെ വാക്കുകേട്ട് എനിക്കുവേണ്ടി സോഹരിന്റെ മകനായ എഫ്രോനോട്,
9അദ്ദേഹത്തിന്റെ വയലിന്റെ അരികിലുള്ളതും അദ്ദേഹത്തിന്റെ സ്വന്തവുമായ മക്പേലാ ഗുഹ എനിക്കു വിലയ്ക്കു തരേണമെന്നു പറയണം. നിങ്ങളുടെ ഇടയിൽ, എനിക്ക് സ്വന്തമായി ഒരു ശ്മശാനഭൂമി ലഭിക്കാൻ, അതിന്റെ മുഴുവൻ വിലയും വാങ്ങിക്കൊണ്ട് എനിക്കു തരണമെന്ന് അപേക്ഷിക്കണം.”
10ഹിത്യനായ എഫ്രോൻ സ്വജനങ്ങൾക്കിടയിൽ ഇരിക്കുകയായിരുന്നു. അദ്ദേഹം തന്റെ നഗരത്തിന്റെ കവാടത്തിൽ എത്തിയിരുന്ന സകലഹിത്യരും കേൾക്കെ അബ്രാഹാമിനോട്:
11“പ്രഭോ, അങ്ങനെയല്ല, എന്റെ വാക്കു കേട്ടാലും; ഞാൻ ആ പുരയിടം അങ്ങേക്കു തരുന്നു; അതിലുള്ള ഗുഹയും തരുന്നു. എന്റെ ജനങ്ങളുടെ മുന്നിൽവെച്ചു ഞാൻ അത് അങ്ങേക്കു തരികയാണ്. താങ്കളുടെ മരിച്ചവളെ അടക്കിക്കൊള്ളുക” എന്നു പറഞ്ഞു.
13അവർ കേൾക്കെ എഫ്രോനോട്, “ദയവുചെയ്ത് എന്റെ വാക്കു ശ്രദ്ധിക്കുക, ഞാൻ വയലിന്റെ വില തീർത്തുതരും. അത് എന്റെ പക്കൽനിന്ന് സ്വീകരിക്കണം; അപ്പോൾ എനിക്ക് എന്റെ മരിച്ചവളെ അവിടെ അടക്കുകയും ചെയ്യാം” എന്നു പറഞ്ഞു.
15“പ്രഭോ, ഞാൻ പറയുന്നതു ശ്രദ്ധിച്ചാലും; ആ സ്ഥലത്തിനു നാനൂറു ശേക്കേൽ വെള്ളി വിലയുണ്ട്, എന്നാൽ എനിക്കും താങ്കൾക്കും മധ്യേ അതെന്തുള്ളൂ? അങ്ങയുടെ മരിച്ചവളെ അടക്കിക്കൊണ്ടാലും” എന്ന് ഉത്തരം പറഞ്ഞു.
16എഫ്രോന്റെ നിർദേശങ്ങൾ അബ്രാഹാം അംഗീകരിച്ചു. ഹിത്യർ കേൾക്കെ എഫ്രോൻ പറഞ്ഞ വിലയായ നാനൂറു ശേക്കേൽ വെള്ളി—കച്ചവടക്കാരുടെ ഇടയിൽ നിലവിലുള്ള തൂക്കം അനുസരിച്ച്—അബ്രാഹാം അദ്ദേഹത്തിനു തൂക്കിക്കൊടുത്തു.