< ഉല്പത്തി 21 >
1 ഇതിനുശേഷം യഹോവ, അവിടന്ന് അരുളിച്ചെയ്തിരുന്നതുപോലെ സാറയെ സന്ദർശിച്ചു; അവൾക്ക് അവിടന്നു നൽകിയിരുന്ന വാഗ്ദാനം നിറവേറ്റി.
൧അനന്തരം യഹോവ അവിടുന്ന് അരുളിച്ചെയ്തിരുന്നതുപോലെ സാറായെ സന്ദർശിച്ചു; അവിടുന്ന് വാഗ്ദത്തം ചെയ്തിരുന്നതുപോലെ യഹോവ സാറായ്ക്ക് നിവർത്തിച്ചുകൊടുത്തു.
2 അബ്രാഹാമിന്, വാർധക്യത്തിൽ, ദൈവം വാഗ്ദാനംചെയ്തിരുന്ന സമയത്തുതന്നെ, സാറാ ഗർഭിണിയായി ഒരു മകനെ പ്രസവിച്ചു.
൨അബ്രാഹാമിന്റെ വാർദ്ധക്യത്തിൽ ദൈവം അവനോട് അരുളിച്ചെയ്തിരുന്ന ആ നിശ്ചിത സമയത്ത് സാറാ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു.
3 അബ്രാഹാം, സാറാ തനിക്കു പ്രസവിച്ച മകന് യിസ്ഹാക്ക് എന്നു പേരിട്ടു.
൩സാറാ അബ്രാഹാമിന് പ്രസവിച്ച മകന് യിസ്ഹാക്ക് എന്ന് അബ്രാഹാം പേരിട്ടു.
4 ദൈവം തന്നോടു കൽപ്പിച്ചിരുന്നതുപോലെ അബ്രാഹാം, തന്റെ മകനായ യിസ്ഹാക്കിനെ എട്ടാംദിവസം പരിച്ഛേദനം ചെയ്തു.
൪ദൈവം അബ്രാഹാമിനോട് കല്പിച്ചിരുന്നതുപോലെ അവൻ തന്റെ മകനായ യിസ്ഹാക്കിനെ എട്ടാം ദിവസം പരിച്ഛേദന കഴിച്ചു.
5 അബ്രാഹാമിനു നൂറു വയസ്സായപ്പോഴാണ് അദ്ദേഹത്തിന്റെ മകനായ യിസ്ഹാക്കു ജനിക്കുന്നത്.
൫തന്റെ മകനായ യിസ്ഹാക്ക് ജനിച്ചപ്പോൾ അബ്രാഹാമിന് നൂറു വയസ്സായിരുന്നു.
6 സാറ പറഞ്ഞു: “ദൈവം എനിക്കു ചിരിക്കാൻ വകയുണ്ടാക്കിയിരിക്കുന്നു. ഇതെക്കുറിച്ചു കേൾക്കുന്നവരെല്ലാവരും എന്നോടൊപ്പം ചിരിക്കും.
൬“ദൈവം എനിക്ക് സന്തോഷവും ആനന്ദവും നൽകി; കേൾക്കുന്നവരെല്ലാം എന്നെച്ചൊല്ലി ചിരിക്കും” എന്ന് സാറാ പറഞ്ഞു.
7 സാറ കുഞ്ഞുങ്ങളെ മുലയൂട്ടുമെന്ന് ആരെങ്കിലും അബ്രാഹാമിനോടു പറയുമായിരുന്നോ? എന്നിട്ടും അദ്ദേഹത്തിന്റെ വാർധക്യത്തിൽ ഞാൻ അദ്ദേഹത്തിന് ഒരു മകനെ പ്രസവിച്ചിരിക്കുന്നു” എന്ന് അവൾ പറഞ്ഞു.
൭“സാറാ മക്കൾക്ക് മുലകൊടുക്കുമെന്ന് അബ്രാഹാമിനോട് ആർ പറയുമായിരുന്നു? അവന്റെ വാർദ്ധക്യത്തിലല്ലോ ഞാൻ അവന് ഒരു മകനെ പ്രസവിച്ചത് എന്നും അവൾ പറഞ്ഞു.
8 പൈതൽ വളർന്നു, മുലകുടി മാറ്റാനുള്ള സമയവും അടുത്തു; യിസ്ഹാക്കിന്റെ മുലകുടിമാറ്റിയ ദിവസം അബ്രാഹാം വലിയൊരു വിരുന്നു നടത്തി.
൮പൈതൽ വളർന്നു മുലകുടി മാറിയ ദിവസം അബ്രാഹാം ഒരു വലിയ വിരുന്നു കഴിച്ചു.
9 ഈജിപ്റ്റുകാരിയായ ഹാഗാറിൽ അബ്രാഹാമിനു ജനിച്ച മകൻ, തന്റെ മകനായ യിസ്ഹാക്കിനെ പരിഹസിക്കുന്നതായി സാറാ കണ്ടു.
൯ഈജിപ്റ്റുകാരിയായ ദാസി ഹാഗാർ അബ്രാഹാമിനു പ്രസവിച്ച മകൻ പരിഹാസി എന്നു സാറാ കണ്ട് അബ്രാഹാമിനോട്:
10 അവൾ അബ്രാഹാമിനോട്, “ആ ദാസിയുടെ മകൻ എന്റെ മകൻ യിസ്ഹാക്കുമായി ഒരിക്കലും ഓഹരി പങ്കിടാതിരിക്കേണ്ടതിന് ആ ദാസിയെയും അവളുടെ മകനെയും പുറത്താക്കിക്കളയണം” എന്നു പറഞ്ഞു.
൧൦“ഈ ദാസിയെയും മകനെയും പുറത്താക്കിക്കളയുക; ഈ ദാസിയുടെ മകൻ എന്റെ മകൻ യിസ്ഹാക്കിനോടുകൂടെ അവകാശിയാകരുത്” എന്നു പറഞ്ഞു.
11 യിശ്മായേൽ തന്റെ മകൻ ആയതുകൊണ്ട്, ഈ കാര്യം അബ്രാഹാമിനെ വളരെയധികം അസ്വസ്ഥനാക്കി.
൧൧തന്റെ മകൻ നിമിത്തം ഈ കാര്യം അബ്രാഹാമിന് ഏറെ അനിഷ്ടമായി.
12 എന്നാൽ ദൈവം അബ്രാഹാമിനോടു പറഞ്ഞു, “ബാലനെയും ദാസിയെയും സംബന്ധിച്ച് വ്യാകുലപ്പെടരുത്. സാറ നിന്നോടു പറയുന്നതെന്തും ശ്രദ്ധയോടെ കേൾക്കുക. കാരണം, ‘യിസ്ഹാക്കിൽനിന്നു ജനിക്കുന്നവൻ നിന്റെ സന്തതി എന്നു വിളിക്കപ്പെടും.’
൧൨എന്നാൽ ദൈവം അബ്രാഹാമിനോട്: “ബാലന്റെ നിമിത്തവും ദാസിയുടെ നിമിത്തവും നിനക്ക് അനിഷ്ടം തോന്നരുത്; സാറാ നിന്നോട് പറഞ്ഞതിലൊക്കെയും അവളുടെ വാക്ക് കേൾക്കുക; യിസ്ഹാക്കിൽനിന്നുള്ളവരല്ലോ നിന്റെ സാക്ഷാൽ സന്തതിയെന്ന് വിളിക്കപ്പെടുന്നത്.
13 ദാസിയുടെ മകനെയും ഞാൻ ഒരു ജനതയാക്കിത്തീർക്കും; കാരണം അവൻ ഉത്ഭവിച്ചതും നിന്നിൽനിന്നാണല്ലോ.”
൧൩ദാസിയുടെ മകനെയും ഞാൻ ഒരു ജനതയാക്കും; അവൻ നിന്റെ സന്തതിയല്ലോ” എന്ന് അരുളിച്ചെയ്തു.
14 പിറ്റേദിവസം അതിരാവിലെ അബ്രാഹാം എഴുന്നേറ്റ്, കുറെ ഭക്ഷണവും ഒരു തുകൽക്കുടം നിറയെ വെള്ളവും എടുത്തു ഹാഗാറിനു കൊടുത്തു. അദ്ദേഹം അത് അവളുടെ തോളിൽ വെച്ചുകൊടുത്തിട്ട് അവളെയും കുട്ടിയെയും പറഞ്ഞയച്ചു. അവൾ യാത്രചെയ്ത് ബേർ-ശേബാ മരുഭൂമിയിലെത്തി അലഞ്ഞുനടന്നു.
൧൪അബ്രാഹാം അതിരാവിലെ എഴുന്നേറ്റ് അപ്പവും ഒരു തുരുത്തി വെള്ളവും എടുത്ത് ഹാഗാറിന്റെ തോളിൽവച്ചു, കുട്ടിയെയും കൊടുത്തു അവളെ അയച്ചു; അവൾ പുറപ്പെട്ടുപോയി ബേർ-ശേബ മരുഭൂമിയിൽ അലഞ്ഞുനടന്നു.
15 കുടത്തിലെ വെള്ളം തീർന്നപ്പോൾ അവൾ ബാലനെ ഒരു കുറ്റിച്ചെടിയുടെ ചുവട്ടിലാക്കി.
൧൫തുരുത്തിയിലെ വെള്ളം ചെലവായശേഷം അവൾ കുട്ടിയെ ഒരു കുറ്റിക്കാടിന്റെ തണലിൽ കിടത്തി.
16 പിന്നെ അവൾ പോയി, ഏകദേശം ഒരു അമ്പിൻപാട് അകലെ ഇരുന്നു. “ബാലൻ മരിക്കുന്നത് എനിക്കു കാണാൻ വയ്യ” എന്നു പറഞ്ഞുകൊണ്ട് അവനെതിരേ ഇരുന്ന് ഉറക്കെ കരഞ്ഞു.
൧൬അവൾ പോയി അതിനെതിരെ ഒരു അമ്പെയ്ത്തു ദൂരത്തിരുന്നു; കുട്ടിയുടെ മരണം എനിക്ക് കാണണ്ടാ എന്നു പറഞ്ഞ് എതിരെ ഇരുന്ന് ഉറക്കെ കരഞ്ഞു.
17 ദൈവം കുട്ടിയുടെ കരച്ചിൽ കേട്ടു; ദൈവദൂതൻ ആകാശത്തുനിന്ന് ഹാഗാറിനെ വിളിച്ച് അവളോട്, “ഹാഗാറേ, നിനക്കെന്തുപറ്റി? ഭയപ്പെടേണ്ട, ബാലൻ കിടക്കുന്നിടത്തുനിന്നുള്ള അവന്റെ നിലവിളി ദൈവം കേട്ടിരിക്കുന്നു.
൧൭ദൈവം ബാലന്റെ നിലവിളി കേട്ടു; ദൈവത്തിന്റെ ദൂതൻ ആകാശത്തുനിന്ന് ഹാഗാറിനെ വിളിച്ച് അവളോട്: “ഹാഗാറേ, നീ വിഷമിക്കുന്നത് എന്ത്? നീ ഭയപ്പെടേണ്ടാ; ബാലൻ ആയിരിക്കുന്നിടത്തുനിന്ന് അവന്‍റെ നിലവിളി ദൈവം കേട്ടിരിക്കുന്നു.
18 നീ ചെന്ന് ബാലനെ താങ്ങി എഴുന്നേൽപ്പിച്ചുകൊൾക; ഞാൻ അവനെ വലിയൊരു ജനതയാക്കും” എന്ന് അരുളിച്ചെയ്തു.
൧൮എഴുന്നേറ്റ് ബാലനെ താങ്ങി എഴുന്നേല്പിച്ചുകൊൾക; ഞാൻ അവനെ ഒരു വലിയ ജനതയാക്കും” എന്ന് അരുളിച്ചെയ്തു.
19 പിന്നെ ദൈവം അവളുടെ കണ്ണ് തുറന്നു; അവളൊരു നീരുറവ കണ്ടു. അവൾ ചെന്നു കുടത്തിൽ വെള്ളം നിറച്ചുകൊണ്ടുവന്നു ബാലനു കുടിക്കാൻ കൊടുത്തു.
൧൯ദൈവം അവളുടെ കണ്ണ് തുറന്നു; അവൾ ഒരു നീരുറവു കണ്ടു, ചെന്ന് തുരുത്തിയിൽ വെള്ളം നിറച്ചു ബാലനെ കുടിപ്പിച്ചു.
20 ബാലന്റെ വളർച്ചയിൽ ദൈവം അവനോടുകൂടെ ഉണ്ടായിരുന്നു. അവൻ മരുഭൂമിയിൽ താമസിച്ചു മുതിർന്നപ്പോൾ ഒരു വില്ലാളിയായിത്തീർന്നു.
൨൦ദൈവം ബാലനോടുകൂടെ ഉണ്ടായിരുന്നു; അവൻ മരുഭൂമിയിൽ പാർത്തു, മുതിർന്നപ്പോൾ ഒരു വില്ലാളിയായി തീർന്നു.
21 പാരാൻ മരുഭൂമിയിൽ താമസിച്ചിരുന്നകാലത്ത് അവന്റെ അമ്മ ഈജിപ്റ്റിൽനിന്ന് അവന് ഒരു ഭാര്യയെ കൊണ്ടുവന്നു.
൨൧അവൻ പാരാൻമരുഭൂമിയിൽ പാർത്തു; അവന്റെ അമ്മ ഈജിപ്റ്റുദേശത്തുനിന്ന് അവന് ഒരു ഭാര്യയെ കൊണ്ടുവന്നു.
22 ആ കാലത്ത് അബീമെലെക്കും അയാളുടെ സൈന്യാധിപനായ ഫിക്കോലും അബ്രാഹാമിനോട്, “നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ദൈവം നിന്നോടുകൂടെയുണ്ട്.
൨൨അക്കാലത്ത് അബിമേലെക്കും അവന്റെ സൈന്യാധിപനായ പീക്കോലും അബ്രാഹാമിനോട് സംസാരിച്ചു: “നിന്റെ സകലപ്രവൃത്തിയിലും ദൈവം നിന്നോടുകൂടെയുണ്ട്;
23 നീ എന്നോടോ എന്റെ മക്കളോടോ എന്റെ പിൻഗാമികളോടോ വ്യാജം പ്രവർത്തിക്കുകയില്ലെന്ന് ഇപ്പോൾ ഇവിടെ ദൈവമുമ്പാകെ എന്നോടു ശപഥംചെയ്യണം. ഞാൻ നിന്നോടു കരുണ കാണിച്ചതുപോലെതന്നെ നീ എന്നോടും നീ പ്രവാസിയായി വന്നുപാർക്കുന്ന ഈ ദേശത്തോടും കരുണ കാണിക്കുകയും വേണം” എന്നു പറഞ്ഞു.
൨൩അതുകൊണ്ട് നീ എന്നോടോ എന്റെ സന്തതിയോടോ എന്റെ ഭാവിതലമുറയോടോ വ്യാജം പ്രവർത്തിക്കാതെ ഞാൻ നിന്നോട് ദയ കാണിച്ചതുപോലെ നീ എന്നോടും നീ പാർത്തുവരുന്ന ദേശത്തോടും ദയകാണിക്കുമെന്ന് ദൈവത്തെച്ചൊല്ലി ഇവിടെവച്ച് എന്നോട് സത്യം ചെയ്യുക” എന്നു പറഞ്ഞു.
24 അതിന് അബ്രാഹാം, “ഞാൻ അങ്ങനെതന്നെ ശപഥംചെയ്യുന്നു” എന്നു പറഞ്ഞു.
൨൪“ഞാൻ സത്യം ചെയ്യാം” എന്ന് അബ്രാഹാം പറഞ്ഞു.
25 പിന്നെ അബ്രാഹാം അബീമെലെക്കിനോട്, അങ്ങയുടെ വേലക്കാർ എന്റെ വേലക്കാരിൽനിന്നും ഒരു കിണർ കൈവശപ്പെടുത്തിയതായി പരാതിപ്പെട്ടു.
൨൫എന്നാൽ അബീമേലെക്കിന്റെ ദാസന്മാർ പിടിച്ചെടുത്ത കിണർ നിമിത്തം അബ്രാഹാം അബീമേലെക്കിനോട് പരാതി പറഞ്ഞു.
26 അതിന് അബീമെലെക്ക്, “ആരാണ് ഇതു ചെയ്തതെന്ന് എനിക്ക് അറിഞ്ഞുകൂടാ. താങ്കൾ എന്നോടു പറഞ്ഞില്ലല്ലോ, ഇന്നാണു ഞാൻ ഇതിനെക്കുറിച്ചു കേൾക്കുന്നത്” എന്നു പറഞ്ഞു.
൨൬അതിന് അബീമേലെക്ക്: “ഇക്കാര്യം ചെയ്തത് ആരെന്ന് ഞാൻ അറിയുന്നില്ല; നീ എന്നെ അറിയിച്ചിട്ടില്ല; ഇന്ന് ആദ്യമായിട്ടാണു ഞാൻ അതിനെക്കുറിച്ച് കേൾക്കുന്നത്” എന്നു പറഞ്ഞു.
27 പിന്നെ അബ്രാഹാം ആടുമാടുകളെ കൊണ്ടുവന്ന് അബീമെലെക്കിനു കൊടുത്തു. അവർ ഇരുവരും ഒരു കരാറിലേർപ്പെടുകയും ചെയ്തു.
൨൭പിന്നെ അബ്രാഹാം അബീമേലെക്കിന് ആടുമാടുകളെ കൊടുത്തു; അവർ ഇരുവരും തമ്മിൽ ഉടമ്പടിചെയ്തു.
28 അബ്രാഹാം ആട്ടിൻപറ്റത്തിൽനിന്ന് ഏഴു പെണ്ണാട്ടിൻകുട്ടികളെ വേർതിരിച്ചു.
൨൮അബ്രാഹാം ഏഴു പെണ്ണാട്ടിൻകുട്ടികളെ വേറിട്ടു നിർത്തി.
29 അബീമെലെക്ക് അബ്രാഹാമിനോട്, “ഈ ഏഴ് പെണ്ണാട്ടിൻകുട്ടികളെ വേർതിരിച്ചതുകൊണ്ടു നീ എന്താണ് ഉദ്ദേശിക്കുന്നത്” എന്നു ചോദിച്ചു.
൨൯അപ്പോൾ അബീമേലെക്ക് അബ്രാഹാമിനോട്: “നീ വേറിട്ടു നിർത്തിയ ഈ ഏഴു പെണ്ണാട്ടിൻകുട്ടികൾ എന്തിന്? എന്നു ചോദിച്ചു.
30 “ഈ കിണർ ഞാനാണു കുഴിപ്പിച്ചത് എന്നതിനു സാക്ഷിയായി ഈ ഏഴു പെണ്ണാട്ടിൻകുട്ടികളെ എന്റെ കൈയിൽനിന്ന് വാങ്ങണം” അബ്രാഹാം മറുപടി പറഞ്ഞു.
൩൦“ഞാൻ ഈ കിണർ കുഴിച്ചു എന്നതിന് സാക്ഷിയായി നീ ഈ ഏഴു പെണ്ണാട്ടിൻകുട്ടികളെ എന്നോട് വാങ്ങണം” എന്ന് അവൻ പറഞ്ഞു.
31 ആ സ്ഥലത്തുവെച്ച് അങ്ങനെ അവർ ഇരുവരും ശപഥംചെയ്തതുകൊണ്ട് അതിന് ബേർ-ശേബാ എന്നു പേരുണ്ടായി.
൩൧അവർ ഇരുവരും അവിടെവച്ച് സത്യം ചെയ്തതിനാൽ അവൻ ആ സ്ഥലത്തിന് ബേർ-ശേബ എന്നു പേരിട്ടു.
32 ബേർ-ശേബയിൽവെച്ചു സഖ്യം ചെയ്തതിനുശേഷം അബീമെലെക്കും അദ്ദേഹത്തിന്റെ സൈന്യാധിപനായ ഫിക്കോലും ഫെലിസ്ത്യരുടെ ദേശത്തേക്കു മടങ്ങി.
൩൨ഇങ്ങനെ അവർ ബേർ-ശേബയിൽവച്ച് ഉടമ്പടിചെയ്തു. അബീമേലെക്കും അവന്റെ സൈന്യാധിപനായ പീക്കോലും എഴുന്നേറ്റ് ഫെലിസ്ത്യരുടെ ദേശത്തേക്ക് മടങ്ങിപ്പോയി.
33 അബ്രാഹാം ബേർ-ശേബയിൽ ഒരു പിചുലവൃക്ഷം നട്ടു; അവിടെവെച്ച് അദ്ദേഹം നിത്യദൈവമായ യഹോവയുടെ നാമത്തിൽ ആരാധന നടത്തി.
൩൩അബ്രാഹാം ബേർ-ശേബയിൽ ഒരു പിചുലവൃക്ഷം നട്ടു, നിത്യദൈവമായ യഹോവയുടെ നാമത്തിൽ അവിടെവച്ച് ആരാധന കഴിച്ചു.
34 അബ്രാഹാം ഫെലിസ്ത്യരുടെ ദേശത്ത് കുറെക്കാലം പ്രവാസിയായി താമസിച്ചു.
൩൪അബ്രാഹാം കുറെക്കാലം ഫെലിസ്ത്യരുടെ ദേശത്തു പാർത്തു.