< ഉല്പത്തി 14 >
1 ഈ കാലഘട്ടത്തിൽ ശിനാർരാജാവായ അമ്രാഫെൽ, എലാസാർ രാജാവായ അര്യോക്ക്, ഏലാംരാജാവായ കെദൊർലായോമർ, ഗോയീംരാജാവായ തീദാൽ എന്നിവർ,
൧ശിനാർരാജാവായ അമ്രാഫെൽ, എലാസാർരാജാവായ അര്യോക്, ഏലാംരാജാവായ കെദൊർലായോമെർ, ജനതകളുടെ രാജാവായ തീദാൽ എന്നിവരുടെ കാലത്ത്
2 സൊദോംരാജാവായ ബേരാ, ഗൊമോറാരാജാവായ ബിർശാ, ആദ്മാരാജാവായ ശിനാബ്, സെബോയീം രാജാവായ ശെമേബെർ, ബേലയിലെ, അതായത്, സോവാറിലെ, രാജാവ് എന്നിവരോടു യുദ്ധംചെയ്തു.
൨ഇവർ സൊദോംരാജാവായ ബേരാ, ഗൊമോറാരാജാവായ ബിർശാ, ആദ്മാരാജാവായ ശിനാബ്, സെബോയീംരാജാവായ ശെമേബെർ, സോവർ എന്ന ബേലയിലെ രാജാവ് എന്നിവരോട് യുദ്ധംചെയ്തു.
3 ഒടുവിൽ പറഞ്ഞ രാജാക്കന്മാരെല്ലാവരും ഇപ്പോൾ ഉപ്പുകടൽ എന്നറിയപ്പെടുന്ന സിദ്ദീംതാഴ്വരയിൽ ഒരുമിച്ചുകൂടി.
൩ഇവരെല്ലാവരും സിദ്ദീം താഴ്വരയിൽ ഒന്നിച്ചുകൂടി (അത് ഇപ്പോൾ ഉപ്പുകടലാകുന്നു).
4 കാരണം അവർ പന്ത്രണ്ടുവർഷം ഏലാംരാജാവായ കെദൊർലായോമരിന്റെ അധീനതയിലായിരുന്നു; എന്നാൽ, പതിമ്മൂന്നാംവർഷം അവർ മത്സരിച്ചു.
൪അവർ പന്ത്രണ്ട് വർഷം കെദൊർലായോമെരിനെ സേവിച്ചു; പതിമൂന്നാം വർഷത്തിൽ അവർ മത്സരിച്ചു.
5 പതിന്നാലാംവർഷം കെദൊർലായോമരും അദ്ദേഹത്തോടു സഖ്യമുള്ള രാജാക്കന്മാരും ഒത്തുചേർന്ന് അസ്തെരോത്ത് കർന്നയീമിലെ രെഫായീകളെയും ഹാമിലെ സൂസ്യരെയും ശാവേഹ്-കിര്യാത്തയീമിലെ ഏമ്യരെയും
൫അതുകൊണ്ട് പതിനാലാം വർഷത്തിൽ കെദൊർലായോമെരും അവനോട് കൂടെയുള്ള രാജാക്കന്മാരും വന്ന്, അസ്തെരോത്ത് കർന്നയീമിലെ രെഫയീകളെയും ഹാമിലെ സൂസ്യരെയും ശാവേകിര്യാത്തായീമിലെ ഏമ്യരെയും
6 മലമ്പ്രദേശമായ സേയീരിലെ ഹോര്യരെയും മരുഭൂമിക്കു സമീപമുള്ള ഏൽ-പാരാൻവരെ തോൽപ്പിച്ചു.
൬സേയീർമലയിലെ ഹോര്യരെയും മരുഭൂമിക്കു സമീപമുള്ള ഏൽ പാരാൻ വരെ തോല്പിച്ചു.
7 പിന്നെ അവർ പിന്തിരിഞ്ഞ് ഏൻ-മിശ്പാത്തിൽ, അതായത്, കാദേശിൽ, എത്തി അമാലേക്യരുടെ എല്ലാ അധീനപ്രദേശവും ഹസെസോൻ-താമാരിൽ താമസിച്ചിരുന്ന അമോര്യരെയും പിടിച്ചടക്കി.
൭പിന്നെ അവർ തിരിഞ്ഞു കാദേശ് എന്ന ഏൻമിശ്പാത്തിൽ വന്ന് അമാലേക്യരുടെ ദേശമൊക്കെയും ഹസസോൻ-താമാരിൽ വസിച്ചിരുന്ന അമോര്യരെയും കൂടെ തോല്പിച്ചു.
8 അപ്പോൾ സൊദോംരാജാവും ഗൊമോറാരാജാവും ആദ്മാരാജാവും സെബോയീംരാജാവും ബേല, അതായത്, സോവാറിലെ രാജാവും യുദ്ധത്തിനു പുറപ്പെട്ട് സിദ്ദീംതാഴ്വരയിൽ അണിനിരന്നു.
൮അപ്പോൾ സൊദോംരാജാവും ഗൊമോറാരാജാവും ആദ്മാരാജാവും സെബോയീംരാജാവും സോവർ എന്ന ബേലയിലെ രാജാവും പുറപ്പെട്ട് സിദ്ദീംതാഴ്വരയിൽവച്ച് യുദ്ധത്തിൽ ഒരുമിച്ചുകൂടി
9 ഏലാംരാജാവായ കെദൊർലായോമർ, ഗോയീംരാജാവായ തീദാൽ, ശിനാർരാജാവായ അമ്രാഫെൽ, എലാസാർ രാജാവായ അര്യോക്ക് എന്നിവർക്കെതിരേ യുദ്ധത്തിനു തയ്യാറായി; നാലു രാജാക്കന്മാർ അഞ്ചു രാജാക്കന്മാർക്കെതിരേ.
൯ഏലാംരാജാവായ കെദൊർലായോമെർ, ജനതകളുടെ രാജാവായ തീദാൽ, ശിനാർരാജാവായ അമ്രാഫെൽ, എലാസാർരാജാവായ അര്യോക്ക് എന്നിവർക്കെതിരെ സൈന്യത്തെ നിർത്തി; നാല് രാജാക്കന്മാർ അഞ്ച് രാജാക്കന്മാരുടെ എതിരെ തന്നെ.
10 സിദ്ദീംതാഴ്വരയിൽ എല്ലായിടത്തും പശ നിറഞ്ഞ കുഴികൾ ഉണ്ടായിരുന്നു. സൊദോംരാജാവും ഗൊമോറാരാജാവും ഓടിപ്പോയപ്പോൾ അവരുടെ ആളുകളിൽ കുറെപ്പേർ അവയിൽ വീണു; ശേഷിച്ചവർ മലകളിലേക്ക് ഓടിപ്പോയി.
൧൦സിദ്ദീം താഴ്വരയിൽ കീൽകുഴികൾ വളരെയുണ്ടായിരുന്നു; സൊദോംരാജാവും ഗൊമോരാരാജാവും ഓടിപ്പോയി കീൽകുഴിയിൽ വീണു; ശേഷിച്ചവർ പർവ്വതത്തിലേക്ക് ഓടിപ്പോയി.
11 ആ നാലു രാജാക്കന്മാർ സൊദോമിലും ഗൊമോറായിലും ഉണ്ടായിരുന്നവരുടെ സമ്പത്തും എല്ലാ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തുകൊണ്ട് അവിടം വിട്ടുപോയി.
൧൧സൊദോമിലും ഗൊമോരയിലും ഉള്ള സമ്പത്തും അവരുടെ ഭക്ഷണസാധനങ്ങളും എല്ലാം അവർ എടുത്തുകൊണ്ട് അവരുടെ വഴിക്കുപോയി.
12 അവർ, സൊദോമിൽ താമസിച്ചിരുന്ന, അബ്രാമിന്റെ സഹോദരപുത്രനായ ലോത്തിനെ അദ്ദേഹത്തിന്റെ സകലസമ്പത്തോടുംകൂടി പിടിച്ചുകൊണ്ടുപോയി.
൧൨അബ്രാമിന്റെ സഹോദരന്റെ മകനായ സൊദോമിൽ പാർത്തിരുന്ന ലോത്തിനെയും അവന്റെ സമ്പത്തിനെയും അവർ പിടിച്ചുകൊണ്ടുപോയി.
13 രക്ഷപ്പെട്ടവരിൽ ഒരുത്തൻ ചെന്ന് എബ്രായനായ അബ്രാമിനെ ഇക്കാര്യം അറിയിച്ചു. അപ്പോൾ അബ്രാം താമസിച്ചിരുന്നത് എസ്കോലിന്റെയും ആനേരിന്റെയും സഹോദരനും അമോര്യനുമായ മമ്രേയുടെ മഹാവൃക്ഷങ്ങൾക്കു സമീപം ആയിരുന്നു; അവരെല്ലാവരും അബ്രാമിനോടു സഖ്യം സ്ഥാപിച്ചിരുന്നു.
൧൩രക്ഷപ്പെട്ട ഒരുവൻ വന്നു എബ്രായനായ അബ്രാമിനെ അറിയിച്ചു. അവൻ എശ്ക്കോലിന്റെയും ആനേരിന്റെയും സഹോദരനായ അമോര്യനായ മമ്രേയുടെ തോപ്പിൽ പാർത്തിരുന്നു; അവർ അബ്രാമിനോടു സഖ്യം ചെയ്തവർ ആയിരുന്നു.
14 തന്റെ സഹോദരപുത്രനെ ബന്ദിയാക്കിക്കൊണ്ടുപോയിരിക്കുന്നു എന്നു കേട്ടപ്പോൾ അബ്രാം തന്റെ വീട്ടിൽ ജനിച്ചു വളർന്ന അഭ്യാസികളായ മുന്നൂറ്റി പതിനെട്ട് പേരെ കൂട്ടിക്കൊണ്ട് ദാൻവരെ പിൻതുടർന്നു.
൧൪തന്റെ സഹോദരനെ ബദ്ധനാക്കി കൊണ്ടുപോയി എന്ന് അബ്രാം കേട്ടപ്പോൾ അവൻ തന്റെ വീട്ടിൽ ജനിച്ചവരും അഭ്യാസികളുമായ മുന്നൂറ്റിപതിനെട്ടു പേരെ കൂട്ടിക്കൊണ്ട് ദാൻവരെ പിന്തുടർന്നു.
15 രാത്രിയിൽ അബ്രാം തന്റെ ആളുകളെ പല സംഘങ്ങളാക്കി; ദമസ്കോസിന്റെ വടക്ക്, ഹോബാവരെ അവരെ പിൻതുടർന്ന് നിശ്ശേഷം തോൽപ്പിച്ചു.
൧൫രാത്രിയിൽ അബ്രാം തന്റെ കൂട്ടങ്ങളെ അവർക്കെതിരെ വിഭാഗിച്ചു അവനും അവന്റെ ദാസന്മാരും അവരെ തോല്പിച്ചു ദമാസ്ക്കിന്റെ വടക്കുഭാഗത്തുള്ള ഹോബാവരെ അവരെ പിന്തുടർന്നു.
16 അപഹരിക്കപ്പെട്ട സകലസമ്പത്തും അദ്ദേഹം തിരികെ പിടിക്കുകയും തന്റെ സഹോദരപുത്രനായ ലോത്തിനെയും അദ്ദേഹത്തിന്റെ സമ്പാദ്യവും സ്ത്രീകളെയും മറ്റ് ആളുകളെയും മടക്കിക്കൊണ്ടുവരികയും ചെയ്തു.
൧൬അവൻ സമ്പത്തൊക്കെയും തിരികെക്കൊണ്ടു വന്നു; തന്റെ സഹോദരനായ ലോത്തിനെയും അവന്റെ സമ്പത്തിനെയും സ്ത്രീകളെയും ജനത്തെയും കൂടെ തിരികെക്കൊണ്ടു വന്നു.
17 കെദൊർലായോമരിനെയും അദ്ദേഹത്തോടു സഖ്യം പുലർത്തിയിരുന്ന രാജാക്കന്മാരെയും തോൽപ്പിച്ചിട്ട് അബ്രാം തിരിച്ചെത്തിയപ്പോൾ സൊദോംരാജാവ് രാജതാഴ്വര എന്ന ശാവേതാഴ്വരയിൽ അദ്ദേഹത്തെ എതിരേൽക്കാൻ ചെന്നു.
൧൭അബ്രാം കെദൊർലായോമെരിനെയും അവനോടുകൂടെ ഉണ്ടായിരുന്ന രാജാക്കന്മാരെയും തോല്പിച്ചിട്ട് മടങ്ങിവന്നപ്പോൾ സൊദോംരാജാവ് രാജതാഴ്വര എന്ന ശാവേതാഴ്വരവരെ അവനെ എതിരേറ്റു ചെന്നു.
18 ശാലേംരാജാവായ മൽക്കീസേദെക്ക് അപ്പവും വീഞ്ഞും കൊണ്ടുചെന്നു; അദ്ദേഹം പരമോന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു.
൧൮ശാലേംരാജാവായ മൽക്കീസേദെക്ക് അപ്പവും വീഞ്ഞുംകൊണ്ടുവന്നു; അവൻ അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു.
19 അബ്രാമിനെ അനുഗ്രഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ, പരമോന്നതനായ ദൈവത്താൽ അബ്രാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ.
൧൯അവൻ അബ്രാമിനെ അനുഗ്രഹിച്ചു: “സ്വർഗ്ഗത്തിനും ഭൂമിക്കും നാഥനായ അത്യുന്നതനായ ദൈവത്താൽ അബ്രാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ;
20 നിന്റെ ശത്രുക്കളെ നിന്റെ കൈയിൽ ഏൽപ്പിച്ചുതന്ന പരമോന്നതനായ ദൈവം വാഴ്ത്തപ്പെടട്ടെ.” പിന്നെ അബ്രാം എല്ലാറ്റിന്റെയും ദശാംശം അദ്ദേഹത്തിന് കാഴ്ചയർപ്പിച്ചു.
൨൦നിന്റെ ശത്രുക്കളെ നിന്റെ കയ്യിൽ ഏല്പിച്ച അത്യുന്നതനായ ദൈവം സ്തുതിക്കപ്പെടുമാറാകട്ടെ” എന്നു പറഞ്ഞു. മൽക്കീസേദെക്കിന് അബ്രാം സകലത്തിലും ദശാംശം കൊടുത്തു.
21 സൊദോംരാജാവ് അബ്രാമിനോട്, “ആളുകളെ എനിക്കു തരിക, വസ്തുവകകൾ നീ എടുത്തുകൊള്ളുക” എന്നു പറഞ്ഞു.
൨൧സൊദോംരാജാവ് അബ്രാമിനോട്: “ആളുകളെ എനിക്ക് തരിക; സമ്പത്ത് നീ എടുത്തുകൊള്ളുക” എന്നു പറഞ്ഞു.
22 എന്നാൽ അബ്രാം സൊദോംരാജാവിനോടു പറഞ്ഞു: “‘ഞാൻ അബ്രാമിനെ ധനികനാക്കി’ എന്ന് അങ്ങേക്ക് ഒരിക്കലും പറയാനിടവരരുത്. അതിനുവേണ്ടി അങ്ങേക്കുള്ളതൊന്നും, ഒരു ചരടോ ചെരിപ്പിന്റെ വാറോപോലും, ഞാൻ സ്വീകരിക്കുകയില്ല എന്ന് ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ, പരമോന്നതദൈവമായ യഹോവയിലേക്കു കൈ ഉയർത്തി ശപഥംചെയ്തിരിക്കുന്നു.
൨൨അതിന് അബ്രാം സൊദോംരാജാവിനോട് പറഞ്ഞത്: “ഞാൻ അബ്രാമിനെ സമ്പന്നനാക്കിയെന്ന് നീ പറയാതിരിക്കുവാൻ ഞാൻ ഒരു ചരടാകട്ടെ ഒരു ചെരിപ്പുവാറാകട്ടെ നിനക്കുള്ളതിൽ യാതൊന്നുമാകട്ടെ എടുക്കുകയില്ല എന്നു ഞാൻ
൨൩സ്വർഗ്ഗത്തിനും ഭൂമിക്കും നാഥനായ അത്യുന്നതദൈവമായ യഹോവയിങ്കലേക്ക് കൈ ഉയർത്തി സത്യം ചെയ്യുന്നു.
24 എന്റെ ആളുകൾ ഭക്ഷിച്ചതും എന്നോടുകൂടെ പോന്ന പുരുഷന്മാരുമായ ആനേർ, എസ്കോൽ, മമ്രേ എന്നിവർക്ക് അവകാശപ്പെട്ട പങ്കും ഒഴികെ മറ്റൊന്നും ഞാൻ സ്വീകരിക്കുകയില്ല. അവർ തങ്ങളുടെ വീതം എടുത്തുകൊള്ളട്ടെ.”
൨൪യുവാക്കന്മാർ ഭക്ഷിച്ചതും എന്നോടുകൂടെ വന്ന ആനേർ, എശ്ക്കോൽ, മമ്രേ എന്നീ പുരുഷന്മാരുടെ ഓഹരിയും മാത്രമേ വേണ്ടു; ഇവർ അവരുടെ ഓഹരി എടുത്തുകൊള്ളട്ടെ”.