< എസ്രാ 6 >
1 ദാര്യാവേശ് രാജാവിന്റെ കൽപ്പനപ്രകാരം, ബാബേൽ ഭണ്ഡാരഗൃഹങ്ങളിൽ സൂക്ഷിച്ചിരുന്ന രേഖാശാലകൾ പരിശോധിച്ചു;
൧ദാര്യവേശ്രാജാവിന്റെ കല്പനപ്രകാരം അവർ ബാബേലിൽ, ഭണ്ഡാരത്തിൽ സൂക്ഷിച്ചിരുന്ന രേഖകൾ പരിശോധിച്ചു.
2 മേദ്യപ്രവിശ്യയിലെ അഹ്മെഥാ കോട്ടയിൽനിന്ന് ഇപ്രകാരം ഒരു ചുരുൾ കണ്ടെത്തി. അതിൽ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: നിവേദനപത്രിക:
൨അവർ മേദ്യസംസ്ഥാനത്തിലെ അഹ്മെഥാരാജധാനിയിൽ ഒരു ചുരുൾ കണ്ടെത്തി; ആ രേഖയിൽ എഴുതിയിരുന്നപ്രകാരം
3 കോരെശ് രാജാവിന്റെ ഒന്നാമാണ്ടിൽ, രാജാവു ജെറുശലേമിലെ ദൈവത്തിന്റെ ആലയത്തെ സംബന്ധിച്ച് ഒരു കൽപ്പന പുറപ്പെടുവിച്ചു: ജെറുശലേമിലെ ദൈവാലയം യാഗങ്ങൾ അർപ്പിക്കപ്പെടുന്ന സ്ഥലമായി പുനർനിർമിക്കപ്പെടട്ടെ. അതിന്റെ അടിസ്ഥാനങ്ങൾ ഇടുകയും അത് അറുപതുമുഴം ഉയരത്തിലും അറുപതുമുഴം വീതിയിലും പണിയുകയും വേണം.
൩കോരെശ്രാജാവിന്റെ ഒന്നാം ആണ്ടിൽ രാജാവ് കല്പന കൊടുത്തത് “യെരൂശലേമിലെ ദൈവാലയം യാഗം കഴിക്കുന്ന സ്ഥലമായി പണിയേണം: അതിന്റെ അടിസ്ഥാനങ്ങൾ ഉറപ്പായിട്ട് ഇടേണം; അതിന് അറുപതു മുഴം ഉയരവും, അറുപതു മുഴം വീതിയും ഉണ്ടായിരിക്കേണം.
4 അതിനു മൂന്നുനിര വലിയ കല്ലുകളും, തടിയുടെ ഒരുനിരയും ഉണ്ടായിരിക്കണം. ഇവയുടെ ചെലവ് രാജഭണ്ഡാരത്തിൽനിന്നാണ് വഹിക്കേണ്ടത്.
൪വലിയ കല്ലുകൾ മൂന്നുവരിയും, പുതിയ തടികൊണ്ടുള്ള ഉത്തരങ്ങൾ ഒരു വരിയും ആയിരിക്കേണം; ചെലവ് രാജാവിന്റെ ഭണ്ഡാരത്തിൽനിന്ന് കൊടുക്കണം.
5 ഇതിനുപുറമേ, ജെറുശലേമിലെ മന്ദിരത്തിൽനിന്ന് നെബൂഖദ്നേസർ ബാബേലിലേക്കു എടുത്തുകൊണ്ടുവന്ന, ദൈവാലയത്തിലെ സ്വർണം, വെള്ളി, തുടങ്ങിയ ഉപകരണങ്ങൾ ജെറുശലേമിലെ മന്ദിരത്തിലെ അവയുടെ പൂർവസ്ഥാനങ്ങളിൽത്തന്നെ വെക്കാൻ അവ തിരികെ നൽകേണ്ടതുമാണ്.
൫അത് കൂടാതെ നെബൂഖദ്നേസർ യെരൂശലേമിലെ ദൈവാലയത്തിൽനിന്ന് എടുത്ത്, ബാബേലിലേക്ക് കൊണ്ട് വന്ന ദൈവാലയം വക പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങൾ തിരികെ യെരൂശലേമിലെ മന്ദിരത്തിൽ, അതതിന്റെ സ്ഥാനത്ത് ദൈവാലയത്തിൽ വെക്കുകയും വേണം.
6 ആയതിനാൽ യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള പ്രവിശ്യയുടെ പ്രതിനിധികളായ തത്നായിയും ശെഥർ-ബോസ്നായിയും ആ പ്രവിശ്യയുടെ മറ്റ് അധികാരികളായ നിങ്ങളും അവിടെനിന്ന് അകന്നു നിൽക്കട്ടെ;
൬ആകയാൽ നദിക്ക് അക്കരെയുള്ള ദേശാധിപതിയായ തത്നായിയും, ശെഥർ-ബോസ്നയും, നിങ്ങളുടെ അഫർസ്യരായ കൂട്ടുകാരും അവിടെനിന്ന് അകന്ന് നില്‍ക്കണം.
7 ഈ ദൈവാലയത്തിന്റെ നിർമാണത്തിൽ നിങ്ങൾ ഇടപെടരുത്. യെഹൂദരുടെ ദേശാധിപതിയും യെഹൂദനേതാക്കന്മാരും ദൈവാലയം അതിന്റെ സ്ഥാനത്തുതന്നെ പണിയട്ടെ.
൭ഈ ദൈവാലയത്തിന്റെ പണിയിൽ നിങ്ങൾ ഇടപെടരുത്; യെഹൂദന്മാരുടെ ദേശാധിപതിയും, അവരുടെ മൂപ്പന്മാരും ഈ ദൈവാലയം അതിന്റെ സ്ഥാനത്തു തന്നേ പണിയട്ടെ”
8 അതുമാത്രമല്ല, ദൈവാലയത്തിന്റെ പണിയിൽ ഏർപ്പെട്ടിരിക്കുന്ന യെഹൂദനേതാക്കന്മാർക്കു നിങ്ങൾ ഇപ്രകാരം ചെയ്തുകൊടുക്കണമെന്നും നാം കൽപ്പിക്കുന്നു: പണിമുടങ്ങാതിരിക്കേണ്ടതിന് യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള പ്രവിശ്യ രാജഭണ്ഡാരത്തിലേക്കു നൽകേണ്ടതായ വരുമാനത്തിൽനിന്ന് ഈ ജനത്തിന്റെ ചെലവു പൂർണമായി മുടക്കംകൂടാതെ വഹിക്കേണം.
൮കൂടാതെ, ദൈവാലയം പണിയുന്ന യെഹൂദന്മാരുടെ മൂപ്പന്മാർക്ക് ഇപ്രകാരം ചെയ്യേണമെന്നും നാം കല്പിക്കുന്നു. നദിക്ക് അക്കരെ പിരിയുന്ന കരമായ രാജാവിന്റെ വരുമാനത്തിൽ നിന്ന് അവർക്ക് തടസ്സം വരുത്താതെ, കൃത്യമായി ചെലവും കൊടുക്കണ്ടതാകുന്നു.
9 അവർക്ക് ആവശ്യമുള്ള എല്ലാ വസ്തുക്കളും—സ്വർഗത്തിലെ ദൈവത്തിനു ഹോമയാഗം അർപ്പിക്കേണ്ടതിന് ആവശ്യമായ കാളക്കിടാക്കൾ, ആട്ടുകൊറ്റന്മാർ, ആൺകുഞ്ഞാടുകൾ എന്നിവയും ഗോതമ്പ്, ഉപ്പ്, വീഞ്ഞ്, ഒലിവെണ്ണ, എന്നിവയും ജെറുശലേമിലെ പുരോഹിതന്മാരുടെ അഭ്യർഥനപ്രകാരം അവർക്കു മുടക്കംകൂടാതെ ദിവസേന നൽകണം.
൯അവർ സ്വർഗ്ഗത്തിലെ ദൈവത്തിന് സൗരഭ്യവാസനയുള്ള യാഗം അർപ്പിക്കേണ്ടതിനും, രാജാവിന്റെയും പുത്രന്മാരുടെയും ക്ഷേമത്തിന്നുവേണ്ടി പ്രാർത്ഥിക്കേണ്ടതിനും
10 ഇങ്ങനെ അവർ സ്വർഗത്തിലെ ദൈവത്തിനു പ്രസാദകരമായ യാഗങ്ങൾ അർപ്പിക്കുകയും, രാജാവിന്റെയും അദ്ദേഹത്തിന്റെ മക്കളുടെയും ക്ഷേമത്തിനുവേണ്ടി പ്രാർഥിക്കുകയും ചെയ്യുമല്ലോ!
൧൦സ്വർഗ്ഗത്തിലെ ദൈവത്തിന് ഹോമയാഗം കഴിക്കുവാൻ അവർക്ക് ആവശ്യമുള്ള കാളക്കിടാക്കൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ, ഗോതമ്പ്, ഉപ്പ്, വീഞ്ഞ്, എണ്ണ എന്നിവ യെരൂശലേമിലെ പുരോഹിതന്മാർ ആവശ്യപ്പെടുന്നപോലെ ദിവസംപ്രതി കുറവു കൂടാതെ കൊടുക്കണ്ടതാകുന്നു.
11 ഈ കൽപ്പനകളിൽ ആരെങ്കിലും മാറ്റം വരുത്തിയാൽ അവന്റെ വീടിന്റെ ഒരു ഉത്തരം വലിച്ചെടുത്ത് നാട്ടി അതിൽ അവനെ തൂക്കിക്കളയുകയും, അവന്റെ വീട് കൽക്കൂമ്പാരമാക്കുകയും വേണം എന്നുകൂടി നാം കൽപ്പിക്കുന്നു.
൧൧ആരെങ്കിലും ഈ കല്പന മാറ്റിയാൽ, അവന്റെ വീട്ടിന്റെ ഒരു ഉത്തരം വലിച്ചെടുത്ത് നാട്ടി, അതിന്മേൽ അവനെ തൂക്കിക്കളകയും, അവന്റെ വീട് കുപ്പക്കുന്ന് ആക്കിക്കളകയും വേണം” എന്നും ഞാൻ കല്പന കൊടുക്കുന്നു.
12 ഇതിൽ മാറ്റം വരുത്തുന്നതിനോ ജെറുശലേമിലെ ഈ ദൈവാലയം നശിപ്പിക്കാനോ തുനിയുന്ന ഏതു രാജാവിനെയോ ജനത്തെയോ തന്റെ നാമം അവിടെ സ്ഥാപിച്ചിരിക്കുന്ന ദൈവം നശിപ്പിക്കട്ടെ. ദാര്യാവേശ് എന്ന നാം ഉത്തരവാക്കിയിരിക്കുന്നു. ഇവ ജാഗ്രതയോടെ നടപ്പിലാക്കേണ്ടതാണ്.
൧൨“ഇതു മാറ്റുവാനും യെരൂശലേമിലെ ഈ ദൈവാലയം നശിപ്പിപ്പാനും തുനിയുന്ന ഏത് രാജാവിനും, ജനത്തിനും തന്റെ നാമം അവിടെ വസിക്കുമാറാക്കിയ ദൈവം നിർമ്മൂലനാശം വരുത്തും. ദാര്യാവേശായ ഞാൻ കല്പന കൊടുക്കുന്നു; ഇത് ജാഗ്രതയോടെ നിവർത്തിക്കേണ്ടതാകുന്നു.
13 ദാര്യാവേശ് രാജാവ് അയച്ച കൽപ്പന ലഭിച്ചപ്പോൾ നദിക്കു മറുകരെയുള്ള പ്രവിശ്യയുടെ ദേശാധിപതിയായ തത്നായിയും ശെഥർ-ബോസ്നായിയും അവരുടെ കൂട്ടാളികളും ചേർന്ന് രാജാവ് കൽപ്പിച്ചതെല്ലാം ജാഗ്രതയോടെ ചെയ്തു.
൧൩അപ്പോൾ നദിക്ക് ഇക്കരെയുള്ള ദേശാധിപതിയായ തത്നായിയും ശെഥർ-ബോസ്നായിയും, അവരുടെ കൂട്ടുകാരും ദാര്യാവേശ് രാജാവ് കല്പനയയച്ചതുപോലെ തന്നേ ജാഗ്രതയോടെ ചെയ്തു.
14 അങ്ങനെ യെഹൂദനേതാക്കന്മാർ പണി തുടർന്നു. ഹഗ്ഗായി പ്രവാചകന്റെയും ഇദ്ദോവിന്റെ പിൻഗാമിയായ സെഖര്യാവിന്റെയും പ്രവചനങ്ങളാൽ അവർ അഭിവൃദ്ധിപ്പെട്ടും വന്നു. ഇസ്രായേലിന്റെ ദൈവത്തിന്റെ ആജ്ഞയനുസരിച്ചും പാർസിരാജാക്കന്മാരായ കോരെശ്, ദാര്യാവേശ്, അർഥഹ്ശഷ്ട എന്നിവരുടെ കൽപ്പനപ്രകാരവും അവർ ആലയത്തിന്റെ പണി പൂർത്തിയാക്കി.
൧൪അങ്ങനെ യെഹൂദന്മാരുടെ പ്രമാണിമാർ പണിതു; ഹഗ്ഗായിപ്രവാചകനും, ഇദ്ദോവിന്റെ മകനായ സെഖര്യാവും പ്രവചനങ്ങളാൽ അവർക്ക് പ്രേരണ നൽകി അത് സാദ്ധ്യമാക്കി തീർത്തു. അവർ യിസ്രായേലിന്റെ ദൈവത്തിന്റെ കല്പനപ്രകാരവും, കോരെശിന്റെയും, ദാര്യാവേശിന്റെയും, പാർസിരാജാവായ അർത്ഥഹ്ശഷ്ടാവിന്റെയും കല്പനപ്രകാരവും അത് പണിതുതീർത്തു.
15 ദാര്യാവേശ് രാജാവിന്റെ ഭരണത്തിന്റെ ആറാമാണ്ടിൽ, ആദാർമാസം മൂന്നാംതീയതിയാണ് ഈ ആലയത്തിന്റെ പണി പൂർത്തിയാക്കിയത്.
൧൫ദാര്യാവേശ്‌രാജാവിന്റെ വാഴ്ചയുടെ ആറാം ആണ്ടിൽ ആദാർമാസം മൂന്നാം തിയ്യതി ഈ ആലയം പണിതുതീർന്നു.
16 ഇസ്രായേൽജനവും പുരോഹിതന്മാരും ലേവ്യരും മടങ്ങിവന്ന മറ്റു പ്രവാസികളും ഈ ദൈവാലയത്തിന്റെ പ്രതിഷ്ഠ സന്തോഷപൂർവം ആഘോഷിച്ചു.
൧൬യിസ്രായേൽമക്കളും, പുരോഹിതന്മാരും, ലേവ്യരും ശേഷം പ്രവാസികളും, സന്തോഷത്തോടെ ഈ ദൈവാലയത്തിന്റെ പ്രതിഷ്ഠ കഴിച്ചു.
17 അവർ നൂറ് കാളയെയും ഇരുനൂറ് ആട്ടുകൊറ്റനെയും നാനൂറ് ആൺകുഞ്ഞാടിനെയും ഇസ്രായേൽ മുഴുവന്റെയും പാപശുദ്ധീകരണയാഗമായി ഇസ്രായേൽഗോത്രങ്ങളുടെ എണ്ണത്തിനൊത്തവണ്ണം പന്ത്രണ്ടു മുട്ടാടുകളെയും ഈ ആലയത്തിന്റെ പ്രതിഷ്ഠാവേളയിൽ അർപ്പിച്ചു.
൧൭ഈ ദൈവാലയത്തിന്റെ പ്രതിഷ്ഠയ്ക്ക് നൂറ് കാളകളെയും. ഇരുനൂറ് ആട്ടുകൊറ്റന്മാരെയും, നാനൂറ് കുഞ്ഞാടുകളെയും യിസ്രായേൽ ഗോത്രങ്ങളുടെ എണ്ണത്തിനൊത്തവണ്ണം, എല്ലായിസ്രായേലിന്നും വേണ്ടി പാപയാഗത്തിന്നായി പന്ത്രണ്ട് വെള്ളാട്ടുകൊറ്റന്മാരെയും യാഗം കഴിച്ചു
18 മോശയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നപ്രകാരം അവർ ജെറുശലേമിലെ ദൈവത്തിന്റെ ശുശ്രൂഷയ്ക്കായി പുരോഹിതന്മാരെ അവരുടെ ഗണപ്രകാരവും ലേവ്യരെ അവരുടെ ക്രമപ്രകാരവും നിയോഗിച്ചു.
൧൮മോശെയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ അവർ യെരൂശലേമിലുള്ള ദൈവത്തിന്റെ ശുശ്രൂഷക്ക് പുരോഹിതന്മാരെ ഗണമനുസരിച്ചും ലേവ്യരെയും അവരുടെ ക്രമപ്രകാരവും നിയമിച്ചു.
19 ഒന്നാംമാസം പതിന്നാലാംതീയതി പ്രവാസികൾ പെസഹാ ആചരിച്ചു.
൧൯ഒന്നാം മാസം പതിനാലാം തീയതി പ്രവാസികൾ പെസഹ ആചരിച്ചു.
20 പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നെ ശുദ്ധീകരിച്ചു; ആചാരപരമായി അവരെല്ലാം ശുദ്ധിയുള്ളവരായിരുന്നു. എല്ലാ പ്രവാസികൾക്കും തങ്ങളുടെ സഹോദരങ്ങളായ പുരോഹിതന്മാർക്കും തങ്ങൾക്കുംവേണ്ടി അവർ പെസഹാക്കുഞ്ഞാടിനെ അറത്തു.
൨൦പുരോഹിതന്മാരും ലേവ്യരും തങ്ങളെ ശുദ്ധീകരിച്ചിരുന്നു; എല്ലാവരും നിയമപ്രകാരം ശുദ്ധിയുള്ളവരായിരുന്നു; അവർ സകലപ്രവാസികൾക്കും, തങ്ങളുടെ സഹോദരന്മാരായ പുരോഹിതന്മാർക്കും തങ്ങൾക്കും വേണ്ടി പെസഹ അറുത്തു.
21 പ്രവാസത്തിൽനിന്നു മടങ്ങിയ ഇസ്രായേൽജനവും, ദേശത്തെ യെഹൂദേതരരായവരുടെ അശുദ്ധികളിൽനിന്ന് അകന്ന് ഇസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കേണ്ടതിന് അവരോടു ചേർന്നവരും ഒരുമിച്ചു പെസഹാ കഴിച്ചു.
൨൧അങ്ങനെ പ്രവാസത്തിൽനിന്ന് മടങ്ങിവന്ന യിസ്രായേൽമക്കളും, യിസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കേണ്ടതിന്, ദേശത്തെ ജനതകളുടെ അശുദ്ധി ഉപേക്ഷിച്ച് വന്നവർ ഒക്കെയും പെസഹ ഭക്ഷിച്ചു.
22 യഹോവ അവരെ ആഹ്ലാദിപ്പിക്കുകയും ഇസ്രായേലിന്റെ ദൈവമായ ദൈവത്തിന്റെ ആലയം പണിയാൻ അവരെ സഹായിക്കേണ്ടതിന് അശ്ശൂർരാജാവിന്റെ ഹൃദയം അവർക്ക് അനുകൂലമാക്കുകയും ചെയ്തതിനാൽ അവർ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ഏഴുദിവസം ആനന്ദത്തോടെ ആചരിച്ചു.
൨൨യഹോവ അവരെ സന്തോഷിപ്പിക്കുകയും, യിസ്രായേലിൻ ദൈവമായ ദൈവത്തിന്റെ ആലയത്തിന്റെ പണിയിൽ അവരെ സഹായിക്കേണ്ടതിന് അശ്ശൂർരാജാവിന്റെ ഹൃദയത്തെ അവർക്ക് അനുകൂലമാക്കുകയും ചെയ്തതിനാൽ, അവർ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ഏഴു ദിവസം സന്തോഷത്തോടെ ആചരിച്ചു.