< എസ്രാ 5 >
1 ഹഗ്ഗായി, ഇദ്ദോവിന്റെ മകൻ സെഖര്യാവ് എന്നീ പ്രവാചകന്മാർ തങ്ങളുടെമേൽ ഉള്ള ഇസ്രായേലിന്റെ ദൈവത്തിന്റെ നാമത്തിൽ യെഹൂദ്യയിലും ജെറുശലേമിലും ഉള്ള യെഹൂദരോടു പ്രവചിച്ചുവന്നു.
൧അപ്പോൾ ഹഗ്ഗായി, ഇദ്ദോവിന്റെ മകൻ സെഖര്യാവ് എന്നീ പ്രവാചകന്മാർ യെഹൂദയിലും യെരൂശലേമിലും ഉള്ള യെഹൂദന്മാരോട്, തങ്ങളുടെമേൽ ഉള്ള യിസ്രായേലിന്റെ ദൈവത്തിന്റെ നാമത്തിൽ പ്രവചിച്ചു.
2 അപ്പോൾ ശെയൽത്തിയേലിന്റെ മകനായ സെരൂബ്ബാബേലും യോസാദാക്കിന്റെ മകനായ യോശുവയും ജെറുശലേമിലെ ദൈവാലയത്തിന്റെ പുനരുദ്ധാരണം ആരംഭിച്ചു; അവരെ സഹായിച്ചുകൊണ്ട് പ്രവാചകന്മാർ അവരോടൊപ്പംതന്നെ ഉണ്ടായിരുന്നു.
൨അങ്ങനെ ശെയൽതീയേലിന്റെ മകൻ സെരുബ്ബാബേലും, യോസാദാക്കിന്റെ മകൻ യേശുവയും ചേർന്ന് യെരൂശലേമിലെ ദൈവാലയം പണിവാൻ തുടങ്ങി; ദൈവത്തിന്റെ പ്രവാചകന്മാരും അവരെ സഹായിച്ചു.
3 ആ കാലത്ത് യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള പ്രവിശ്യയുടെ ദേശാധിപതിയായ തത്നായിയും ശെഥർ-ബോസ്നായിയും അവരുടെ കൂട്ടാളികളും അടുത്തുചെന്ന്, “മന്ദിരം പുനർനിർമിക്കുന്നതും ഈ വേല പൂർത്തിയാക്കുന്നതും ആരുടെ കൽപ്പനപ്രകാരമാണെന്നും
൩ആ കാലത്ത് നദിക്ക് മറുകരയിലുള്ള ദേശാധിപതിയായ തത്നായിയും, ശെഥർ-ബോസ്നായിയും, അവരുടെ കൂട്ടുകാരും അടുക്കൽവന്ന് അവരോട്: ഈ ആലയം പണിവാനും മതിൽ കെട്ടുവാനും നിങ്ങൾക്ക് കൽപ്പന തന്നത് ആരെന്നും
4 ഈ കെട്ടിടം പണിയുന്നവരുടെ പേരുകൾ എന്താണ്” എന്നും ചോദിച്ചു.
൪ഈ കെട്ടിടം പണിയുന്ന ആളുകളുടെ പേരെന്തെന്നും അവരോട് ചോദിച്ചു.
5 എന്നാൽ യെഹൂദനേതാക്കന്മാരെ ദൈവം കടാക്ഷിച്ചിരുന്നതിനാൽ, ഈ വിവരം ദാര്യാവേശിനെ അറിയിച്ച്, അദ്ദേഹം എഴുതിയ മറുപടി വരുന്നതുവരെ ആരും അവരുടെ പണി തടഞ്ഞില്ല.
൫എന്നാൽ ദൈവം യെഹൂദന്മാരുടെ മൂപ്പന്മാരെ കടാക്ഷിച്ചതുകൊണ്ട്, ഈ കാര്യം ദാര്യാവേശിന്റെ സന്നിധിയിൽ ബോധിപ്പിച്ച്, മറുപടി വരുന്നത് വരെ പണി തടസ്സപ്പെടുത്തുവാൻ അവർക്ക് സാധിച്ചില്ല.
6 യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള പ്രവിശ്യയുടെ ദേശാധിപതിയായ തത്നായിയും ശെഥർ-ബോസ്നായിയും യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള പ്രവിശ്യയുടെ പ്രതിനിധികളായ അവരുടെ കൂട്ടാളികളും ദാര്യാവേശ് രാജാവിന് അയച്ച കത്തിന്റെ പകർപ്പ്—
൬നദിക്ക് അക്കരെ ദേശാധിപതിയായ തത്നായിയും, ശെഥർ-ബോസ്നായിയും, നദിക്ക് മറുകരയിലുള്ള അഫർസ്യരായ അവന്റെ കൂട്ടുകാരും ദാര്യാവേശ്രാജാവിന് എഴുതി അയച്ച പത്രികയുടെ പകർപ്പ്;
7 അതിൽ ഇപ്രകാരം രേഖപ്പെടുത്തിയിരുന്നു: ദാര്യാവേശ് രാജാവിന്: അങ്ങേക്കു സമാധാനാശംസകൾ.
൭അവർ അവന് ഒരു പത്രിക കൊടുത്തയച്ചു, അതിൽ എഴുതിയത് എന്തെന്നാൽ: “ദാര്യാവേശ്രാജാവിന് സർവമംഗളവും ഭവിക്കട്ടെ”
8 യെഹൂദാപ്രവിശ്യയിലുള്ള, വലിയവനായ ദൈവത്തിന്റെ ആലയത്തിലേക്കു ഞങ്ങൾ പോയവിവരം അങ്ങയെ അറിയിക്കട്ടെ. വലിയ കല്ലുകൾകൊണ്ട് അതു പണിതുവരികയാണ്. ചുമരിന്മേൽ തടിയുരുപ്പടികൾ വെക്കുകയും ചെയ്യുന്നു. വളരെ ശുഷ്കാന്തിയോടെ നടക്കുന്ന പണി അവരുടെ കൈയാൽ അഭിവൃദ്ധിപ്പെട്ടും വരുന്നു.
൮രാജാവ് അറിഞ്ഞാലും “ഞങ്ങൾ യെഹൂദാസംസ്ഥാനത്തിൽ മഹാദൈവത്തിന്റെ ആലയത്തിലേക്ക് ചെന്നു; അത് അവർ വലിയ കല്ലുകൊണ്ട് പണിയുന്നു; ചുവരിന്മേൽ ഉത്തരം കയറ്റുന്നു; അവർ ജാഗ്രതയായി പണിനടത്തുന്നു; അവർക്ക് അത് സാധിക്കുകയും ചെയ്യുന്നു.
9 അവിടെയുള്ള നേതാക്കന്മാരോടു ഞങ്ങൾ സംസാരിക്കുകയും, “മന്ദിരം പുനർനിർമിക്കുന്നതും ഈ വേല പൂർത്തിയാക്കുന്നതും ആരുടെ കൽപ്പനപ്രകാരമാണ്” എന്നു ചോദിക്കുകയും ചെയ്തു.
൯ഞങ്ങൾ ആ മൂപ്പന്മാരോട്: ഈ ആലയം പണിവാനും, മതിൽ കെട്ടുവാനും നിങ്ങൾക്ക് കല്പന തന്നത് ആരെന്ന് ചോദിച്ചു.
10 അവർക്കു നേതൃത്വം കൊടുക്കുന്നവർ ആരൊക്കെയെന്ന് അങ്ങയെ എഴുതി അറിയിക്കേണ്ടതിന് അവരുടെ പേരുകളും ഞങ്ങൾ ചോദിച്ചു.
൧൦അവരുടെ ഇടയിൽ തലവന്മാരായ ആളുകളുടെ പേരുകൾ എഴുതി സന്നിധാനത്തിൽ അയക്കേണ്ടതിന് ഞങ്ങൾ അവരുടെ പേരും അവരോട് ചോദിച്ചു.
11 അവർ നൽകിയ മറുപടി ഇപ്രകാരമാണ്: “സ്വർഗത്തിന്റെയും ഭൂമിയുടെയും ദൈവത്തിന്റെ ദാസന്മാരാണു ഞങ്ങൾ. ഇസ്രായേലിന്റെ മഹാനായ ഒരു രാജാവ് വളരെ വർഷങ്ങൾക്കുമുമ്പ് പണിതീർത്ത ആലയം ഞങ്ങൾ പുതുക്കിപ്പണിയുകയാണ്.
൧൧എന്നാൽ അവർ ഞങ്ങളോട്: ഞങ്ങൾ സ്വർഗ്ഗത്തിനും, ഭൂമിക്കും ദൈവമായവന്റെ ശുശ്രൂഷക്കാരാകുന്നു; അനേക വർഷങ്ങൾക്ക് മുമ്പ് പണിതിരുന്ന ആലയം ഞങ്ങൾ പണിയുന്നു; അത് യിസ്രായേലിന്റെ ഒരു മഹാരാജാവ് പണിതതായിരുന്നു.
12 ഞങ്ങളുടെ പിതാക്കന്മാർ സ്വർഗത്തിലെ ദൈവത്തെ കോപിപ്പിച്ചതിനാൽ അവിടന്ന് അവരെ ബാബേൽരാജാവായ നെബൂഖദ്നേസർ എന്ന കൽദയന്റെ കൈയിൽ ഏൽപ്പിച്ചു. അദ്ദേഹം ഈ ആലയം നശിപ്പിക്കുകയും ജനത്തെ ബാബേലിലേക്കു കൊണ്ടുപോകുകയും ചെയ്തു.
൧൨എങ്കിലും, ഞങ്ങളുടെ പൂര്വ്വ പിതാക്കന്മാർ സ്വർഗ്ഗത്തിലെ ദൈവത്തെ കോപിപ്പിച്ചതുകൊണ്ട്, അവൻ അവരെ ബാബേൽരാജാവായ നെബൂഖദ്നേസർ എന്ന കൽദയന്റെ കയ്യിൽ ഏല്പിച്ചു; അവൻ ഈ ആലയം നശിപ്പിച്ച് ജനത്തെ ബാബേലിലേക്ക് കൊണ്ടുപോയി.
13 “എന്നാൽ ബാബേൽരാജാവായ കോരെശ്, തന്റെ ഭരണത്തിന്റെ ഒന്നാമാണ്ടിൽ, ദൈവത്തിന്റെ ഈ ആലയം പുനർനിർമിക്കണമെന്ന കൽപ്പന പുറപ്പെടുവിച്ചു.
൧൩എന്നാൽ ബാബേൽരാജാവായ കോരെശിന്റെ ഒന്നാം ആണ്ടിൽ കോരെശ്രാജാവ് ഈ ദൈവാലയം പണിവാൻ കല്പന തന്നു.
14 തന്നെയുമല്ല, ജെറുശലേമിലെ ആലയത്തിൽനിന്നും ബാബേലിലെ ക്ഷേത്രത്തിലേക്കു നെബൂഖദ്നേസർ കൊണ്ടുപോയ ആലയംവക സ്വർണം, വെള്ളി, തുടങ്ങിയ ഉപകരണങ്ങൾ കോരെശ്രാജാവ് ബാബേലിലെ ക്ഷേത്രങ്ങളിൽനിന്നു പുറത്തെടുത്തു. അതിനുശേഷം കോരെശ്രാജാവ്, താൻ ദേശാധിപതിയായി നിയമിച്ച ശേശ്ബസ്സ് എന്നു പേരുള്ളവനെ അവ ഏൽപ്പിച്ചു;
൧൪നെബൂഖദ്നേസർ യെരൂശലേമിലെ മന്ദിരത്തിൽനിന്ന് എടുത്ത് ബാബേലിലെ ക്ഷേത്രത്തിൽ കൊണ്ടുപോയി വെച്ചിരുന്ന ദൈവാലയം വക പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങളെ കോരെശ്രാജാവ് എടുപ്പിച്ച് താൻ നിയമിച്ചിരുന്ന ശേശ്ബസ്സർ എന്നു പേരുള്ള ദേശാധിപതിക്ക് ഏല്പിച്ചുകൊടുത്ത് അവനോട്
15 ‘ഈ ഉപകരണങ്ങൾ എടുത്ത് ജെറുശലേമിലെ മന്ദിരത്തിൽ കൊണ്ടുചെന്നു വെക്കുക; ദൈവത്തിന്റെ ആലയം അതിന്റെ സ്ഥാനത്തുതന്നെ പണിയുക’ എന്നു കൽപ്പിച്ചു.
൧൫ഈ ഉപകരണങ്ങൾ നീ എടുത്ത് യെരൂശലേമിലെ മന്ദിരത്തിലേക്ക് കൊണ്ടുചെല്ലുക; ദൈവാലയം അതിന്റെ സ്ഥാനത്തു പണിയട്ടെ എന്ന് കല്പിച്ചു.
16 “അങ്ങനെ ശേശ്ബസ്സർ വന്ന് ജെറുശലേമിലെ ദൈവാലയത്തിന്റെ അടിസ്ഥാനം ഇട്ടു. അന്നുമുതൽ ഇന്നുവരെ അതിന്റെ പണി നടക്കുന്നു; ഇപ്പോഴും അതു തീർന്നിട്ടില്ല.”
൧൬അങ്ങനെ ശേശ്ബസ്സർ വന്ന് യെരൂശലേമിലെ ദൈവാലയത്തിന്റെ അടിസ്ഥാനം ഇട്ടു; അന്നുമുതൽ ഇന്നുവരെ അത് പണിതുവരുന്നു; ഇതുവരെ അത് തീർന്നിട്ടില്ല എന്ന് അവർ ഉത്തരം പറഞ്ഞിരിക്കുന്നു.
17 ആകയാൽ രാജാവിനു ഹിതമെങ്കിൽ, ജെറുശലേമിലെ ദൈവാലയം വീണ്ടും പണിയാൻ കോരെശ്രാജാവ് വാസ്തവത്തിൽ അപ്രകാരം ഒരു കൽപ്പന നൽകിയിട്ടുണ്ടോ എന്നു ബാബേലിലെ രാജകീയ രേഖാശാലയിൽ അന്വേഷിക്കുക. ഈ കാര്യത്തിൽ രാജാവിന്റെ താത്പര്യമെന്തെന്നു ഞങ്ങളെ അറിയിച്ചാലും.
൧൭ആകയാൽ രാജാവ് തിരുമനസ്സായി യെരൂശലേമിലെ ഈ ദൈവാലയം പണിവാൻ കോരെശ്രാജാവ് കല്പന കൊടുത്തത് വാസ്തവമോ എന്ന് ബാബേലിലെ രാജഭണ്ഡാരഗൃഹത്തിൽ പരിശോധിച്ച് ഇതിനെക്കുറിച്ച് തിരുവുള്ളം എന്തെന്ന് ഞങ്ങൾക്ക് എഴുതി അയച്ചുതരേണമെന്ന് അപേക്ഷിക്കുന്നു”.