< യെഹെസ്കേൽ 5 >
1 “മനുഷ്യപുത്രാ, ഇപ്പോൾത്തന്നെ മൂർച്ചയുള്ള ഒരു വാൾ എടുത്ത് ക്ഷൗരക്കത്തിയായി ഉപയോഗിച്ച് നിന്റെ തലയും താടിയും ക്ഷൗരംചെയ്യുക. പിന്നീട് ത്രാസ് എടുത്ത് രോമം തൂക്കി വിഭജിക്കുക.
൧മനുഷ്യപുത്രാ, നീ മൂർച്ചയുള്ള ഒരു വാൾ എടുത്ത് ക്ഷൗരക്കത്തിയായി ഉപയോഗിച്ച് നിന്റെ തലയും താടിയും ക്ഷൗരം ചെയ്യുക; പിന്നെ തുലാസ്സ് എടുത്ത് ആ രോമം തൂക്കി വിഭജിക്കുക.
2 അതിൽ മൂന്നിലൊരംശം നിന്റെ ഉപരോധകാലം തികയുമ്പോൾ നഗരത്തിന്റെ നടുവിൽവെച്ച് ദഹിപ്പിക്കുക. മൂന്നിലൊന്നെടുത്ത് പട്ടണത്തിനുചുറ്റും വാൾകൊണ്ടു വെട്ടുക. ശേഷിച്ച മൂന്നിലൊരുഭാഗം കാറ്റിൽ പറത്തിക്കളയുക. ഊരിപ്പിടിച്ച വാളുമായി ഞാൻ അവയ്ക്കു പിന്നാലെ ചെല്ലും.
൨ഉപരോധകാലം തികയുമ്പോൾ മൂന്നിൽ ഒന്ന് നീ നഗരത്തിന്റെ നടുവിൽ തീയിൽ ഇട്ടു ചുട്ടുകളയണം; മൂന്നിൽ ഒന്ന് എടുത്ത് അതിന്റെ ചുറ്റും വാൾകൊണ്ട് അടിക്കണം; മൂന്നിൽ ഒന്ന് കാറ്റത്ത് ചിതറിച്ചുകളയണം; അവയുടെ പിന്നാലെ ഞാൻ വാളൂരും.
3 എന്നാൽ അവയിൽനിന്ന് അൽപ്പം എടുത്ത് നിന്റെ വസ്ത്രത്തിന്റെ അറ്റത്തു കെട്ടണം.
൩അതിൽനിന്ന് അല്പം നീ എടുത്ത് നിന്റെ വസ്ത്രത്തിന്റെ അഗ്രത്തു കെട്ടണം.
4 അവയിൽ കുറച്ച് വീണ്ടും എടുത്ത് തീയിലിട്ടു ചുട്ടുകളയണം. അതിൽനിന്ന് ഇസ്രായേലിൽ എല്ലായിടത്തേക്കും ഒരു തീ പടർന്നുപിടിക്കും.
൪ഇതിൽനിന്ന് പിന്നെയും നീ അല്പം എടുത്ത് തീയിൽ ഇട്ടു ചുട്ടുകളയണം; അതിൽനിന്ന് യിസ്രായേൽ ഗൃഹത്തിലേക്കെല്ലാം ഒരു തീ പുറപ്പെടും.
5 “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതു ജെറുശലേം ആകുന്നു. ഞാൻ അവളെ ജനതകളുടെ മധ്യേ സ്ഥാപിച്ചിരിക്കുന്നു; അവൾക്കുചുറ്റും രാജ്യങ്ങൾ ഉണ്ട്.
൫യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇത് യെരൂശലേം ആകുന്നു; ഞാൻ അതിനെ ജനതകളുടെ മദ്ധ്യത്തിൽ വച്ചിരിക്കുന്നു; അതിന് ചുറ്റും രാജ്യങ്ങൾ ഉണ്ട്
6 എന്നാൽ അവൾ അവളുടെ ദുഷ്ടതയിൽ ആ ജനതകളെക്കാളും അവൾക്കുചുറ്റുമുള്ള രാജ്യങ്ങളെക്കാളും അധികം എന്റെ നിയമങ്ങൾക്കും ഉത്തരവുകൾക്കും എതിരേ മത്സരിച്ചിരിക്കുന്നു. കാരണം അവൾ എന്റെ നിയമങ്ങൾ ഉപേക്ഷിച്ചുകളഞ്ഞു, എന്റെ ഉത്തരവുകൾ പാലിച്ചിട്ടുമില്ല.
൬അത് ദുഷ്പ്രവൃത്തിയിൽ മറ്റു ജനതകളെക്കാൾ എന്റെ ന്യായങ്ങളോടും, ചുറ്റുമുള്ള രാജ്യങ്ങളെക്കാൾ അധികം എന്റെ ചട്ടങ്ങളോടും മത്സരിച്ചിരിക്കുന്നു; എന്റെ ന്യായങ്ങളെ അവർ തള്ളിക്കളഞ്ഞു; എന്റെ ചട്ടങ്ങളെ അവർ അനുസരിച്ചുനടന്നിട്ടുമില്ല”.
7 “അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ചുറ്റുമുള്ള രാഷ്ട്രങ്ങളെക്കാൾ അധികം മെരുക്കമില്ലാത്തവരായി നിങ്ങൾ തീർന്നിരിക്കുന്നു. നിങ്ങൾ എന്റെ ഉത്തരവുകൾ പാലിക്കുകയോ നിയമങ്ങൾ അനുസരിക്കുകയോ ചെയ്തിട്ടില്ല. നിങ്ങൾക്കു ചുറ്റുമുള്ള രാഷ്ട്രങ്ങളിലെ മാനദണ്ഡങ്ങൾ അനുവർത്തിക്കുന്ന തരത്തിൽപോലും നിങ്ങൾ ജീവിച്ചിട്ടില്ല.
൭അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ നിങ്ങളുടെ ചുറ്റുമുള്ള ജനതകളെക്കാൾ അധികം മത്സരിച്ച്, എന്റെ ചട്ടങ്ങളെ അനുസരിച്ചുനടക്കാതെയും എന്റെ ന്യായങ്ങളെ പ്രമാണിക്കാതെയും ചുറ്റുമുള്ള ജനതകളുടെ ന്യായങ്ങളെപ്പോലും ആചരിക്കാതെയും ഇരിക്കുകകൊണ്ട്,
8 “ഈ കാരണത്താൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ ഞാൻ, ഞാൻതന്നെ നിങ്ങൾക്ക് എതിരായിരിക്കുന്നു. അയൽരാഷ്ട്രങ്ങൾ കാണുംവിധം ഞാൻ നിങ്ങളുടെമേൽ ന്യായവിധി നടപ്പാക്കും.
൮യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇതാ, ഞാൻ, ഞാൻ തന്നെ നിനക്ക് വിരോധമായിരിക്കുന്നു; ജനതകൾ കാണത്തക്കവിധം ഞാൻ നിന്റെ നടുവിൽ ന്യായവിധികൾ നടത്തും.
9 നിങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങൾനിമിത്തം മുമ്പു ചെയ്തിട്ടില്ലാത്തതും മേലാൽ ചെയ്യാത്തതുമായ ഒരു കാര്യം ഞാൻ നിങ്ങളോടു ചെയ്യും.
൯നിന്റെ സകല മ്ളേച്ഛതകളും നിമിത്തം, ഞാൻ ഇതുവരെ ചെയ്തിട്ടില്ലാത്തതും, മേലാൽ ചെയ്യാത്തതുമായ കാര്യം നിന്റെ മദ്ധ്യത്തിൽ ചെയ്യും.
10 അതിനാൽ നിങ്ങളുടെ ഇടയിൽ മാതാപിതാക്കൾ തങ്ങളുടെ മക്കളെ ഭക്ഷിക്കും; മക്കൾ അവരുടെ മാതാപിതാക്കളെയും ഭക്ഷിക്കും. അതിനാൽ ഞാൻ നിങ്ങളുടെമേൽ ന്യായവിധി വരുത്തും; അതിജീവിച്ചവരെ മുഴുവൻ എല്ലാ കാറ്റുകളിലേക്കും ചിതറിക്കും.
൧൦ആകയാൽ നിന്റെ മദ്ധ്യത്തിൽ അപ്പന്മാർ മക്കളെ തിന്നും; മക്കൾ അപ്പന്മാരെയും തിന്നും; ഞാൻ നിന്നിൽ ന്യായവിധി നടത്തും; നിന്നിലുള്ള ശേഷിപ്പിനെ മുഴുവനും ഞാൻ എല്ലാ കാറ്റുകളിലേക്കും ചിതറിച്ചുകളയും”.
11 നിങ്ങൾ നിങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങൾകൊണ്ടും മറ്റെല്ലാ ഹീനകൃത്യങ്ങളാലും എന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കിയിരിക്കുകയാൽ, ഞാൻതന്നെ നിങ്ങളെ ക്ഷൗരംചെയ്യും; എന്റെ കണ്ണുകൾ ഒരിക്കലും നിങ്ങളോടു ദയകാട്ടുകയില്ല, ഞാൻ നിങ്ങളെ ശിക്ഷിക്കാതെ വിടുകയുമില്ല എന്ന് ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
൧൧അതുകൊണ്ട് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നത്: “നിന്റെ എല്ലാ ഹീനപ്രവൃത്തികളാലും സകലമ്ലേച്ഛതകളാലും എന്റെ വിശുദ്ധമന്ദിരത്തെ നീ അശുദ്ധമാക്കിയതുകൊണ്ട്, എന്നാണ, ഞാനും നിന്നെ ആദരിക്കാതെ എന്റെ കടാക്ഷം നിന്നിൽനിന്ന് മാറ്റിക്കളയും; ഞാൻ കരുണ കാണിക്കുകയുമില്ല.
12 നിങ്ങളിൽ മൂന്നിലൊരംശം മഹാമാരിയാലോ ക്ഷാമത്താലോ നശിക്കും; മൂന്നിലൊരുഭാഗം നഗരത്തിന്റെ മതിലിനു പുറത്തുവെച്ചു വാൾകൊണ്ടു വീഴും; മൂന്നിലൊരുഭാഗത്തെ ഞാൻ കാറ്റുകളിലേക്കു ചിതറിച്ച്, ഊരിപ്പിടിച്ച വാളുമായി അവരെ പിൻതുടരും.
൧൨നിന്നിൽ മൂന്നിൽ ഒന്ന് മഹാമാരികൊണ്ടു മരിക്കും; ക്ഷാമംകൊണ്ടും അവർ നിന്റെ നടുവിൽ മുടിഞ്ഞുപോകും; മൂന്നിൽ ഒന്നിനെ നിന്റെ ചുറ്റും വാൾകൊണ്ട് വീഴും; മൂന്നിൽ ഒന്ന് ഞാൻ എല്ലാ കാറ്റുകളിലേക്കും ചിതറിച്ചുകളയുകയും അവരുടെ പിന്നാലെ വാളൂരുകയും ചെയ്യും.
13 “അങ്ങനെ എന്റെ കോപം ശമിക്കും; അവർക്കെതിരേയുള്ള എന്റെ ക്രോധം അവരുടെമേൽ തീർത്ത് ഞാൻ തൃപ്തനാകും. അവരുടെമേൽ ഞാൻ എന്റെ ക്രോധം അഴിച്ചുവിട്ടുകഴിയുമ്പോൾ യഹോവയായ ഞാൻതന്നെയാണ് എന്റെ തീക്ഷ്ണതയിൽ സംസാരിച്ചിരിക്കുന്നത് എന്ന് അവർ അറിയും.
൧൩അങ്ങനെ എന്റെ കോപത്തിനു നിവൃത്തിവരും; ഞാൻ അവരോട് എന്റെ ക്രോധം തീർത്ത് തൃപ്തനാകും; എന്റെ ക്രോധം അവരിൽ നിവർത്തിക്കുമ്പോൾ യഹോവയായ ഞാൻ എന്റെ തീക്ഷ്ണതയിൽ അത് അരുളിച്ചെയ്തു എന്ന് അവർ അറിയും.
14 “നിങ്ങൾക്കു ചുറ്റുമുള്ള രാഷ്ട്രങ്ങളുടെ മധ്യേ, വഴിപോകുന്ന എല്ലാവരും കാൺകെത്തന്നെ ഞാൻ നിങ്ങളെ നിന്ദ്യമായ ഒരു തകർച്ചയായി മാറ്റും.
൧൪വഴിപോകുന്ന എല്ലാവരും കാണത്തക്കവിധം ഞാൻ നിന്നെ നിന്റെ ചുറ്റുമുള്ള ജനതകളുടെ ഇടയിൽ ശൂന്യവും നിന്ദ്യവുമാക്കും.
15 അതിനാൽ കോപത്തിലും ക്രോധത്തിലും കഠിനശാസനയിലും ഞാൻ നിങ്ങൾക്കെതിരായി ന്യായവിധി നടത്തുമ്പോൾ നിങ്ങളുടെ ചുറ്റുമുള്ള രാഷ്ട്രങ്ങൾക്ക് നിങ്ങൾ ഒരു നിന്ദാവിഷയവും ആക്ഷേപവും താക്കീതും ഭയത്തിനു കാരണവുമായിത്തീരും, എന്ന് യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു.
൧൫ഞാൻ കോപത്തോടും ക്രോധത്തോടും കഠിനശിക്ഷകളോടും കൂടി നിന്നിൽ ന്യായവിധി നടത്തുമ്പോൾ നീ നിന്റെ ചുറ്റുമുള്ള ജനതകൾക്കു നിന്ദയും ആക്ഷേപവും ബുദ്ധിയുപദേശവും സ്തംഭനഹേതുവും ആയിരിക്കും;” യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു.
16 നിങ്ങളുടെമേൽ മാരകവും വിനാശകാരിയുമായ ക്ഷാമത്തിന്റെ അസ്ത്രങ്ങൾ അയയ്ക്കുമ്പോൾ, നിങ്ങളെ നശിപ്പിക്കാൻതന്നെയാണ് ഞാൻ എയ്യുന്നത്. നിങ്ങളുടെമേലുള്ള ക്ഷാമം ഞാൻ കഠിനമാക്കുകയും ഭക്ഷണം എത്തുന്ന മാർഗം ഞാൻ അടച്ചുകളയുകയും ചെയ്യും.
൧൬“നിങ്ങളെ നശിപ്പിക്കേണ്ടതിന് ക്ഷാമം എന്ന നാശകരമായ ദുരസ്ത്രങ്ങൾ ഞാൻ എയ്യുമ്പോൾ, നിങ്ങൾക്ക് ക്ഷാമം വർദ്ധിപ്പിച്ച് നിങ്ങളുടെ അപ്പം എന്ന കോൽ ഒടിച്ചുകളയും.
17 മാത്രമല്ല, ഞാൻ ക്ഷാമത്തെയും ദുഷ്ടമൃഗങ്ങളെയും നിങ്ങളുടെ ഇടയിലേക്ക് അയയ്ക്കും. അവ നിങ്ങളെ മക്കളില്ലാത്തവരാക്കും. മഹാമാരിയും രക്തച്ചൊരിച്ചിലും ഞാൻ നിങ്ങളുടെമേൽ വരുത്തും. അങ്ങനെ ഞാൻ നിങ്ങളുടെമേൽ വാൾ അയയ്ക്കും, എന്ന് യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു.”
൧൭നിന്നെ മക്കളില്ലാതെയാക്കേണ്ടതിന് ഞാൻ ക്ഷാമത്തെയും ദുഷ്ടമൃഗങ്ങളെയും നിങ്ങളുടെ ഇടയിൽ അയയ്ക്കും; മഹാമാരിയും കൊലയും നിന്നിൽ കടക്കും; ഞാൻ വാളും നിന്റെനേരെ വരുത്തും;” യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു.