< യെഹെസ്കേൽ 47 >

1 അതിനുശേഷം അദ്ദേഹം എന്നെ ദൈവാലയത്തിന്റെ പ്രവേശനകവാടത്തിലേക്കു കൊണ്ടുവന്നപ്പോൾ ആലയത്തിന്റെ ഉമ്മറപ്പടിയുടെ കീഴിൽനിന്ന് വെള്ളം കിഴക്കോട്ടൊഴുകുന്നതു ഞാൻ കണ്ടു. ആലയത്തിന്റെ ദർശനം കിഴക്കോട്ടായിരുന്നു. വെള്ളം ആലയത്തിന്റെ തെക്കുവശത്ത് കീഴേനിന്ന് യാഗപീഠത്തിനു തെക്കുവശമായി ഒഴുകി.
ആ മനുഷ്യന്‍ എന്നെ ആലയത്തിന്റെ പ്രവേശനത്തിങ്കൽ തിരികെ കൊണ്ടുവന്നപ്പോൾ, ആലയത്തിന്റെ ഉമ്മരപ്പടിയുടെ കീഴിൽനിന്ന് വെള്ളം കിഴക്കോട്ടു പുറപ്പെടുന്നത് ഞാൻ കണ്ടു. ആലയത്തിന്റെ ദർശനം കിഴക്കോട്ടായിരുന്നു; ആ വെള്ളം ആലയത്തിന്റെ വലത്തുഭാഗത്ത് കീഴിൽനിന്ന് യാഗപീഠത്തിനു തെക്കുവശമായി ഒഴുകി.
2 അദ്ദേഹം എന്നെ വടക്കേ കവാടത്തിൽക്കൂടി പുറത്തുകൊണ്ടുവന്ന് പുറത്തെ വഴിയിൽക്കൂടി ചുറ്റും നടത്തി കിഴക്കോട്ടു ദർശനമുള്ള കവാടത്തിലേക്കു കൊണ്ടുവന്നു. വെള്ളം തെക്കുവശത്തുനിന്നും ഇറ്റിറ്റുവീഴുന്നുണ്ടായിരുന്നു.
അവൻ വടക്കോട്ടുള്ള ഗോപുരത്തിൽകൂടി എന്നെ പുറത്തു കൊണ്ടുചെന്ന് പുറത്തെ വഴിയായി കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിൽകൂടി പുറത്തെ ഗോപുരത്തിലേക്ക് ചുറ്റിനടത്തി കൊണ്ടുപോയി; വെള്ളം വലത്തുഭാഗത്തുകൂടി ഒഴുകുന്നതു ഞാൻ കണ്ടു.
3 ആ പുരുഷൻ കൈയിൽ അളക്കുന്നതിനുള്ള ഒരു ചരടുമായി കിഴക്കോട്ടു പുറപ്പെട്ടു. അദ്ദേഹം ആയിരംമുഴം അളന്നുതിരിച്ചു. തുടർന്ന് അദ്ദേഹം എന്നെ വെള്ളത്തിൽക്കൂടി മുന്നോട്ടു നയിച്ചു. അവിടെ വെള്ളം കണങ്കാലോളം എത്തുന്നുണ്ടായിരുന്നു.
ആ പുരുഷൻ കയ്യിൽ ചരടുമായി കിഴക്കോട്ടു നടന്നു; ആയിരം മുഴം അളന്ന്, എന്നെ വെള്ളത്തിൽകൂടി കടക്കുമാറാക്കി; വെള്ളം കണങ്കാലോളം ആയി.
4 വീണ്ടും അദ്ദേഹം ആയിരംമുഴം അളന്നുതിരിച്ചു. തുടർന്ന് അദ്ദേഹം എന്നെ വെള്ളത്തിൽക്കൂടി മുന്നോട്ടു നയിച്ചു. അവിടെ വെള്ളം കാൽമുട്ടോളം എത്തിയിരുന്നു. പിന്നെയും അദ്ദേഹം ആയിരംമുഴം അളന്നുതിരിച്ചു. തുടർന്ന് അദ്ദേഹം എന്നെ വെള്ളത്തിൽക്കൂടി മുന്നോട്ട് നയിച്ചു. അവിടെ വെള്ളം അരയോളം എത്തുന്നുണ്ടായിരുന്നു.
അവൻ പിന്നെയും ആയിരം മുഴം അളന്ന്, എന്നെ വെള്ളത്തിൽകൂടി കടക്കുമാറാക്കി; വെള്ളം മുട്ടോളം ആയി; അവൻ പിന്നെയും ആയിരം മുഴം അളന്ന്, എന്നെ കടക്കുമാറാക്കി; വെള്ളം അരയോളം ആയി.
5 വീണ്ടും അദ്ദേഹം ആയിരംമുഴം അളന്നുതിരിച്ചു. എന്നാൽ വെള്ളം അത്യധികം ഉയർന്ന്, എനിക്ക് നീന്തിയിട്ടല്ലാതെ കടന്നുപോകാൻപറ്റാത്ത ഒരു നദിയായി തീർന്നിരുന്നു.
അവൻ പിന്നെയും ആയിരം മുഴം അളന്നു; അത് എനിക്ക് കടക്കുവാൻ കഴിയാത്ത ഒരു നദിയായി; വെള്ളം പൊങ്ങി, നീന്തിയിട്ടല്ലാതെ കടക്കുവാൻ കഴിയാത്ത ഒരു നദിയായിത്തീർന്നു.
6 അദ്ദേഹം എന്നോട് “മനുഷ്യപുത്രാ, ഇതു നീ കാണുന്നുണ്ടോ?” എന്നു ചോദിച്ചു. അതിനുശേഷം അദ്ദേഹം എന്നെ നദീതീരത്തേക്കു കൊണ്ടുവന്നു.
അവൻ എന്നോട്: “മനുഷ്യപുത്രാ, ഇത് നീ കണ്ടുവോ” എന്നു ചോദിച്ചു; പിന്നെ അവൻ എന്നെ നദീതീരത്തു മടങ്ങിച്ചെല്ലുമാറാക്കി.
7 ഞാൻ അവിടെ മടങ്ങിയെത്തിയപ്പോൾ നദീതീരത്ത് ഇരുകരകളിലും വളരെയധികം വൃക്ഷങ്ങൾ നിൽക്കുന്നതായി കണ്ടു.
ഞാൻ മടങ്ങിച്ചെന്നപ്പോൾ നദീതീരത്ത് ഇക്കരെയും അക്കരെയും അനവധി വൃക്ഷങ്ങൾ നില്ക്കുന്നതു കണ്ടു.
8 അദ്ദേഹം പറഞ്ഞു: “ഈ നദി കിഴക്കേ ദിക്കിലേക്കുചെന്ന് അരാബാ വഴിയായി ഉപ്പുകടലിലേക്ക് ഒഴുകുന്നു; അങ്ങനെ സമുദ്രജലം ശുദ്ധമായിത്തീരുന്നു.
അപ്പോൾ അവൻ എന്നോട് അരുളിച്ചെയ്തത്: “ഈ വെള്ളം കിഴക്കെ ഗലീലയിലേക്ക് പുറപ്പെട്ട് അരാബയിലേക്ക് ഒഴുകി കടലിൽ വീഴുന്നു; വെള്ളം ഒഴുകിച്ചെന്ന് കടലിൽ വീണ്, അതിലെ വെള്ളം ശുദ്ധമായിത്തീരും.
9 നദി ഒഴുകുന്നിടത്തെല്ലാം ജീവികൾ പറ്റംചേർന്നു ജീവിക്കുന്നു. ഈ വെള്ളം ഒഴുകി ഓരുവെള്ളത്തെ ശുദ്ധജലമാക്കി മാറ്റുന്നതുകൊണ്ട് അവിടെ മത്സ്യത്തിന്റെ ഒരു വലിയകൂട്ടം ഉണ്ടാകും. അങ്ങനെ നദി ഒഴുകിച്ചെല്ലുന്നിടത്തെല്ലാം ജീവന്റെ തുടിപ്പ് ഉണ്ടായിരിക്കും.
എന്നാൽ ഈ നദി ചെല്ലുന്നിടത്തെല്ലാം ചലിക്കുന്ന സകലപ്രാണികളും ജീവിച്ചിരിക്കും; ഈ വെള്ളം അവിടെ വന്നതുകൊണ്ട്, ഏറ്റവുമധികം മത്സ്യം ഉണ്ടാകും; ഈ നദി ചെല്ലുന്നിടത്തെല്ലാം അത് ശുദ്ധമായിത്തീർന്നിട്ട് സകലവും ജീവിക്കും.
10 അതിന്റെ കരയിൽ എൻ-ഗെദിമുതൽ എൻ-എഗ്ലയീംവരെ മീൻപിടിത്തക്കാർ നിന്നു വലവീശും. അതിലെ മത്സ്യം മെഡിറ്ററേനിയൻ സമുദ്രത്തിലെ മത്സ്യംപോലെ വിവിധ ഇനങ്ങളിൽപ്പെട്ട അസംഖ്യമായിരിക്കും.
൧൦അതിന്റെ കരയിൽ ഏൻ-ഗെദി മുതൽ ഏൻ-എഗ്ലയീംവരെ മീൻപിടിത്തക്കാർ നിന്നു വല വീശും; അതിലെ മത്സ്യം മഹാസമുദ്രത്തിലെ മത്സ്യംപോലെ വിവിധ ഇനങ്ങളായി അസംഖ്യമായിരിക്കും.
11 എങ്കിലും അവിടെയുള്ള ചേറ്റുകണ്ടങ്ങളും ചതുപ്പുനിലങ്ങളും ശുദ്ധമാകുകയില്ല. അവയെ ഉപ്പിനായി നീക്കിവെക്കും.
൧൧എന്നാൽ അതിന്റെ ചേറ്റുകണ്ടങ്ങളും ചതുപ്പുനിലങ്ങളും ശുദ്ധമാകാതെ, ഉപ്പിനുവേണ്ടി മാറ്റിവയ്ക്കും.
12 നദീതീരത്ത് ഇരുകരകളിലും ഭക്ഷണത്തിനുതകുന്ന ഫലവൃക്ഷങ്ങൾ വളരും. അവയുടെ ഇല വാടുകയില്ല; അവയിൽ ഫലം ഇല്ലാതെപോകുകയുമില്ല. അവിടത്തെ ജലം വിശുദ്ധമന്ദിരത്തിൽനിന്നു പുറപ്പെടുന്നതാകുകയാൽ അവയിൽ എല്ലാമാസവും കായ്ഫലമുണ്ടാകും. അവയുടെ ഫലം ഭക്ഷണത്തിനും ഇലകൾ രോഗശാന്തിക്കും പ്രയോജനപ്പെടും.”
൧൨നദീതീരത്ത് ഇക്കരെയും അക്കരെയും ഭക്ഷ്യയോഗ്യമായ ഫലമുള്ള സകലവിധ വൃക്ഷങ്ങളും വളരും; അവയുടെ ഇല വാടുകയില്ല, ഫലം ഇല്ലാതെപോകുകയുമില്ല; അതിലെ വെള്ളം വിശുദ്ധമന്ദിരത്തിൽനിന്ന് ഒഴുകിവരുന്നതുകൊണ്ട് അവ മാസംതോറും പുതിയ ഫലം കായ്ക്കും; അവയുടെ ഫലം ഭക്ഷണത്തിനും, അവയുടെ ഇല ചികിത്സക്കും ഉപകരിക്കും”.
13 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങൾക്ക് അവകാശമായി നിങ്ങൾ വിഭജിക്കേണ്ട ദേശത്തിന്റെ അതിരുകൾ ഇവയായിരിക്കും. യോസേഫിന് രണ്ടുപങ്ക് ഉണ്ടായിരിക്കണം.
൧൩യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ദേശത്തെ യിസ്രായേലിന്റെ പന്ത്രണ്ട് ഗോത്രങ്ങൾക്കും അവകാശമായി വിഭാഗിക്കേണ്ട അതിരുകൾ ഇവയായിരിക്കും: യോസേഫിന് രണ്ടു പങ്ക് ഉണ്ടായിരിക്കണം.
14 നിങ്ങൾ അത് ഓരോ ഗോത്രത്തിനും തുല്യാവകാശമായി വിഭജിച്ചുകൊള്ളണം. ഞാൻ അതിനെ നിങ്ങളുടെ പൂർവികർക്കു നൽകുമെന്നു കൈ ഉയർത്തി ശപഥംചെയ്തു. ഈ ദേശം നിങ്ങൾക്ക് അവകാശമായിത്തീരും.
൧൪‘നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർക്കു നല്കുമെന്ന്’ ഞാൻ കൈ ഉയർത്തി സത്യം ചെയ്തിരിക്കുകകൊണ്ട് നിങ്ങൾക്ക് എല്ലാവർക്കും തുല്യാവകാശം ലഭിക്കണം; ഈ ദേശം നിങ്ങൾക്ക് അവകാശമായി വരും.
15 “ദേശത്തിന്റെ അതിർത്തികൾ ഇപ്രകാരമായിരിക്കും: “വടക്കുഭാഗത്ത് മെഡിറ്ററേനിയൻ സമുദ്രംമുതൽ ഹെത്ത്ലോൻവഴി ലെബോ-ഹമാത്തും സെദാദുംവരെയും,
൧൫ദേശത്തിന്റെ അതിർത്തികൾ ഇങ്ങനെ ആയിരിക്കണം: വടക്കുഭാഗത്ത് മഹാസമുദ്രംമുതൽ ഹെത്ലോൻവഴിയായി
16 ബെരോത്തും സിബ്രായീമുംവരെയും (ദമസ്കോസിന്റെയും ഹമാത്തിന്റെയും അതിർത്തിക്കിടയിലുള്ള സ്ഥലം), ഹൗറാന്റെ അതിർത്തിവരെയുള്ള ഹസേർ-ഹത്തികോൺവരെയും.
൧൬സെദാദ് വരെയും ഹമാത്തും ബേരോത്തയും ദമാസ്ക്കസിന്റെ അതിർത്തിക്കും ഹമാത്തിന്റെ അതിർത്തിക്കും ഇടയിലുള്ള സിബ്രയീമും ഹൗറാന്റെ അതിർത്തിയിലുള്ള നടുഹാസേരും
17 ഇങ്ങനെ സമുദ്രംമുതൽ ദമസ്കോസിന്റെ അതിർത്തിയിലുള്ള ഹസർ-ഏനാന്റെ വടക്കുള്ള ഹമാത്തിന്റെ അതിരായിരിക്കും ദേശത്തിന്റെ വടക്കേ അതിർത്തി.
൧൭ഇങ്ങനെ അതിരുകൾ സമുദ്രംമുതൽ ദമാസ്ക്കസിന്റെ അതിർത്തിയിലും ഹസർ-ഏനാൻ വരെ വടക്കെഭാഗത്ത് വടക്കോട്ടുള്ള ഹമാത്തിന്റെ അതിർത്തിയിലും ആയിരിക്കണം; അത് വടക്കേഭാഗം.
18 കിഴക്കുഭാഗത്ത്: ഹൗറാൻ, ദമസ്കോസ്, ഗിലെയാദിനും ഇസ്രായേൽദേശത്തിനും മധ്യേ യോർദാനോടു ചേർന്ന് ഉപ്പുകടലും കടന്ന് താമാർവരെ ആയിരിക്കും കിഴക്കേ അതിർത്തി.
൧൮കിഴക്ക് ഭാഗം ഹൗറാൻ, ദമാസ്ക്കസ്, ഗിലെയാദ് എന്നിവയ്ക്കും യിസ്രായേൽദേശത്തിനും ഇടയിൽ യോർദ്ദാൻ ആയിരിക്കണം; വടക്കെ അതിരുമുതൽ കിഴക്കെ കടൽവരെ നിങ്ങൾ അളക്കണം; അത് കിഴക്കുഭാഗം.
19 തെക്കേഭാഗമാകട്ടെ, തെക്കോട്ടു താമാർമുതൽ മെരീബോത്ത് കാദേശ് ജലാശയംവരെയും ഈജിപ്റ്റിന്റെ തോടുവരെയും മെഡിറ്ററേനിയൻ സമുദ്രംവരെയും ആയിരിക്കണം. ഇതായിരിക്കും തെക്കേ അതിര്.
൧൯തെക്കുഭാഗം തെക്കോട്ട് താമാർമുതൽ മെരീബോത്ത്-കാദേശ് ജലാശയംവരെയും ഈജിപറ്റ് തോടുവരെയും മഹാസമുദ്രംവരെയും ആയിരിക്കണം; അത് തെക്കോട്ട് തെക്കേഭാഗം.
20 പടിഞ്ഞാറേ ഭാഗം, തെക്കേ അതിരുമുതൽ ലെബോ-ഹമാത്തിലേക്കുള്ള തിരിവുവരെയും മഹാസമുദ്രമായിരിക്കും. ഇതാണ് പടിഞ്ഞാറേ അതിർത്തി.
൨൦പടിഞ്ഞാറുഭാഗം: തെക്കെ അതിരുമുതൽ ഹമാത്തിലേക്കുള്ള തിരിവിന്റെ അറ്റംവരെയും മഹാസമുദ്രം ആയിരിക്കണം; അത് പടിഞ്ഞാറെഭാഗം.
21 “അതിനാൽ ഇസ്രായേലിന്റെ ഗോത്രം അനുസരിച്ച് നിങ്ങൾ ഈ ദേശം വിഭജിച്ചുകൊള്ളണം.
൨൧ഇങ്ങനെ നിങ്ങൾ ഈ ദേശത്തെ യിസ്രായേൽഗോത്രങ്ങൾക്കനുസരിച്ച് വിഭാഗിച്ചുകൊള്ളണം.
22 നിങ്ങൾക്കും നിങ്ങളുടെ ഇടയിൽ വന്നുപാർക്കുന്ന മക്കളുള്ള വിദേശികൾക്കുമായി നിങ്ങൾ ദേശം അവകാശമായി അനുവദിച്ചുകൊടുക്കണം. ഇസ്രായേല്യരെപ്പോലെതന്നെ അവരെ തദ്ദേശീയരായി പരിഗണിക്കണം; ഇസ്രായേൽ ഗോത്രങ്ങൾക്കിടയിൽ അവർക്കും ഒരവകാശം നൽകണം.
൨൨നിങ്ങൾ അതിനെ നിങ്ങൾക്കും നിങ്ങളുടെ ഇടയിൽ വന്നുപാർക്കുന്നവരായി, നിങ്ങളുടെ ഇടയിൽ മക്കളെ ജനിപ്പിക്കുന്ന പരദേശികൾക്കും അവകാശമായി ചീട്ടിട്ടു വിഭാഗിക്കണം; അവർ നിങ്ങൾക്ക് യിസ്രായേൽ മക്കളുടെ ഇടയിൽ സ്വദേശികളെപ്പോലെ ആയിരിക്കണം; നിങ്ങളോടുകൂടി അവർക്കും യിസ്രായേൽ ഗോത്രങ്ങളുടെ ഇടയിൽ അവകാശം ലഭിക്കണം.
23 ഏതൊരു ഗോത്രത്തോടൊപ്പം ഒരു വിദേശി താമസിക്കുന്നുവോ ആ ഗോത്രത്തിന്റെ ഭൂപ്രദേശത്തായിരിക്കണം അയാൾക്കുള്ള ഓഹരി,” എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
൨൩പരദേശി വന്നുപാർക്കുന്ന ഗോത്രത്തിൽതന്നെ നിങ്ങൾ അവന് അവകാശം കൊടുക്കണം” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

< യെഹെസ്കേൽ 47 >