< യെഹെസ്കേൽ 4 >
1 “മനുഷ്യപുത്രാ, നീ കളിമണ്ണിന്റെ ഒരു വലിയ കട്ട എടുത്തു മുമ്പിൽവെച്ച് അതിന്മേൽ ജെറുശലേം നഗരം വരയ്ക്കുക.
൧“മനുഷ്യപുത്രാ, നീ ഒരു ഇഷ്ടിക എടുത്ത് നിന്റെ മുമ്പിൽവച്ച്, അതിൽ യെരൂശലേം നഗരം വരച്ച്, അതിനെ ഉപരോധിച്ച്,
2 പിന്നീട് അതിനെ വളഞ്ഞ് ഉപരോധക്കോട്ട പണിത് ചുറ്റും ചരിഞ്ഞ പാത പണിത്, അതിനെതിരേ പാളയങ്ങൾ സ്ഥാപിക്കുകയും ചുറ്റിലും കോട്ടകളെ തകർക്കുന്ന യന്ത്രമുട്ടികൾ സ്ഥാപിക്കുകയും ചെയ്യുക.
൨അതിന്റെ നേരെ കോട്ട പണിത് മൺതിട്ട ഉണ്ടാക്കി പാളയം അടിച്ച് ചുറ്റും യന്ത്രമുട്ടികൾ വെക്കുക.
3 പിന്നീട് ഒരു ഇരുമ്പുചട്ടി എടുത്ത് നിനക്കും നഗരത്തിനും മധ്യേ ഇരുമ്പുകോട്ടയായി നിർത്തുക. തുടർന്ന് നിന്റെ മുഖം അതിന് അഭിമുഖമായി തിരിക്കുക. അത് ഉപരോധിക്കപ്പെടും, നീ അതിന് ഉപരോധം ഏർപ്പെടുത്തണം. ഇത് ഇസ്രായേൽജനത്തിനുള്ള ഒരു ചിഹ്നം ആയിരിക്കും.
൩പിന്നെ ഒരു ഇരുമ്പുചട്ടി എടുത്ത് നിനക്കും നഗരത്തിനും മദ്ധ്യത്തിൽ ഇരിമ്പുമതിലായി വെക്കുക; നിന്റെ മുഖം അതിന്റെ നേരെ വച്ച്, അത് ഉപരോധത്തിൽ ആകേണ്ടതിന് അതിനെ നിരോധിക്കുക; ഇത് യിസ്രായേൽഗൃഹത്തിന് ഒരു അടയാളം ആയിരിക്കട്ടെ.
4 “അതിനുശേഷം നീ ഇടതുവശം ചരിഞ്ഞുകിടന്ന് ഇസ്രായേൽജനത്തിന്റെ അതിക്രമം നിന്റെമേൽ ചുമത്തുക. നീ ആ വശം കിടക്കുന്ന ദിവസത്തോളം അവരുടെ പാപം വഹിക്കണം.
൪പിന്നെ നീ ഇടത്തുവശം ചരിഞ്ഞുകിടന്ന് യിസ്രായേൽ ഗൃഹത്തിന്റെ അകൃത്യം അതിന്മേൽ ചുമത്തുക; നീ അങ്ങനെ കിടക്കുന്ന ദിവസങ്ങളുടെ എണ്ണത്തോളം അവരുടെ അകൃത്യം വഹിക്കണം.
5 അവരുടെ പാപത്തിന്റെ വർഷങ്ങൾക്കനുസരിച്ച് ഞാൻ നിനക്കു ദിവസങ്ങൾ നിശ്ചയിച്ചിരിക്കുന്നു. മുന്നൂറ്റിത്തൊണ്ണൂറു ദിവസങ്ങൾ നീ ഇസ്രായേൽജനത്തിന്റെ പാപം ചുമക്കണം.
൫ഞാൻ അവരുടെ അകൃത്യത്തിന്റെ സംവത്സരങ്ങളെ നിനക്ക് ദിവസങ്ങളായി എണ്ണും; അങ്ങനെ മുന്നൂറ്റിത്തൊണ്ണൂറു ദിവസം നീ യിസ്രായേൽ ഗൃഹത്തിന്റെ അകൃത്യം വഹിക്കണം.
6 “ഈ ദിവസങ്ങൾ തികച്ചശേഷം നീ വലതുവശം ചരിഞ്ഞുകിടന്ന് യെഹൂദാജനത്തിന്റെ പാപം വഹിക്കണം. വർഷത്തിന് ഒരു ദിവസംവീതം നാൽപ്പതുദിവസം ഞാൻ ആ വിധത്തിൽ നിനക്കു നിയമിച്ചിരിക്കുന്നു.
൬ഇത് തികച്ചശേഷം നീ വലത്തുവശം ചരിഞ്ഞുകിടന്ന് യെഹൂദാഗൃഹത്തിന്റെ അകൃത്യം നാല്പതു ദിവസം വഹിക്കണം; ഒരു സംവത്സരത്തിന് ഒരു ദിവസംവീതം ഞാൻ നിനക്ക് നിയമിച്ചിരിക്കുന്നു.
7 ഉപരോധിക്കപ്പെട്ട ജെറുശലേമിന് അഭിമുഖമായി നീ നിന്റെ മുഖംതിരിച്ച് നഗ്നമായ ഭുജത്തോടെ അവൾക്കെതിരേ പ്രവചിക്കണം.
൭നീ യെരൂശലേമിന്റെ ഉപരോധത്തിനുനേരെ നിന്റെ മുഖവും നഗ്നമായ ഭുജവും വച്ച് അതിന് വിരോധമായി പ്രവചിക്കണം.
8 നിന്റെ ഉപരോധകാലം തികയുന്നതുവരെ നീ ഒരു വശത്തുനിന്നു മറുവശത്തേക്കു തിരിയാതിരിക്കേണ്ടതിന് ഞാൻ നിന്നെ കയറുകൊണ്ടു കെട്ടും.
൮നിന്റെ ഉപരോധകാലം തികയുവോളം നീ ഒരു വശത്തുനിന്ന് മറുവശത്തേക്കു തിരിയാതെ ഇരിക്കേണ്ടതിന് ഞാൻ ഇതാ, കയറുകൊണ്ട് നിന്നെ കെട്ടുന്നു.
9 “നീ ഗോതമ്പും യവവും അമരയും പയറും തിനയും ചോളവും എടുത്ത് ഒരു പാത്രത്തിലിട്ട് അപ്പം ഉണ്ടാക്കുക. നീ ഒരു വശം ചരിഞ്ഞുകിടക്കുന്ന ദിവസങ്ങളുടെ എണ്ണമനുസരിച്ച് മുന്നൂറ്റിത്തൊണ്ണൂറു ദിവസം അതു ഭക്ഷിക്കണം.
൯നീ ഗോതമ്പും യവവും അമരയും ചെറുപയറും തിനയും ചോളവും എടുത്ത് ഒരു പാത്രത്തിൽ ഇട്ട് അവ കൊണ്ട് അപ്പം ഉണ്ടാക്കുക; നീ വശംചരിഞ്ഞു കിടക്കുന്ന ദിവസങ്ങളുടെ എണ്ണത്തിനൊത്തവണ്ണം മുന്നൂറ്റിതൊണ്ണൂറു ദിവസം അത് തിന്നണം.
10 നീ കഴിക്കുന്ന ഭക്ഷണം ദിനംപ്രതി ഇരുപതുശേക്കേൽ ആയിരിക്കണം; നിർദിഷ്ട സമയങ്ങളിൽത്തന്നെ നീ അതു കഴിക്കണം.
൧൦നീ ഭക്ഷിക്കുന്ന ആഹാരം ഒരു ദിവസത്തേക്ക് ഇരുപതു ശേക്കെൽ തൂക്കമായിരിക്കണം; നേരത്തോടുനേരം നീ അതുകൊണ്ട് ഉപജീവിച്ചുകൊള്ളണം.
11 ഒരു ഹീനിന്റെ ആറിലൊരു ഭാഗം വെള്ളം നീ ദിവസവും കുടിക്കണം. അതും കൃത്യസമയങ്ങളിലായിരിക്കണം.
൧൧ഹീനിന്റെ ആറിൽ ഒരു ഭാഗം വെള്ളവും നീ കുടിക്കണം; നേരത്തോടുനേരം നീ അത് കുടിക്കണം.
12 യവംകൊണ്ടുള്ള അടപോലെ അതുണ്ടാക്കി ഭക്ഷിക്കണം. അവർ കാൺകെ മനുഷ്യമലം കത്തിച്ച് അതു ചുടണം.
൧൨നീ അത് യവദോശപോലെ തിന്നണം; അവരുടെ മുമ്പിൽ നീ മാനുഷമലം കത്തിച്ച് അത് ചുടണം.
13 ഞാൻ ഇസ്രായേൽമക്കളെ നാടുകടത്തുന്ന ജനതകളുടെ മധ്യത്തിൽ ഈ വിധം മലിനതയോടെ അവർ തങ്ങളുടെ ആഹാരം ഭക്ഷിക്കും,” എന്ന് യഹോവ അരുളിച്ചെയ്തു.
൧൩ഇങ്ങനെതന്നെ യിസ്രായേൽ മക്കൾ, ഞാൻ അവരെ നീക്കിക്കളയുന്ന ജനതകളുടെ ഇടയിൽ അവരുടെ ആഹാരം മലിനമായി ഭക്ഷിക്കും” എന്ന് യഹോവ അരുളിച്ചെയ്തു.
14 അപ്പോൾ ഞാൻ പറഞ്ഞു: “അയ്യോ! യഹോവയായ കർത്താവേ, ഞാൻ ഒരിക്കലും എന്നെത്തന്നെ മലിനമാക്കിയിട്ടില്ല; ചെറുപ്പംമുതൽ ഇന്നുവരെയും തനിയേ ചത്തതോ വന്യമൃഗങ്ങൾ കടിച്ചുകീറിയതോ ഞാൻ തിന്നിട്ടില്ല. അശുദ്ധമായ ഒരു മാംസവും എന്റെ വായിൽ ചെന്നിട്ടില്ല.”
൧൪അതിന് ഞാൻ: “അയ്യോ, യഹോവയായ കർത്താവേ, എനിക്ക് ഒരിക്കലും ഒരു മാലിന്യവും ഭവിച്ചിട്ടില്ല; ഞാൻ ബാല്യംമുതൽ ഇന്നുവരെ തനിയെ ചത്തതിനെയോ പറിച്ചുകീറിപ്പോയതിനെയോ തിന്നിട്ടില്ല; അറപ്പായുള്ള മാംസം എന്റെ വായിൽ വച്ചിട്ടുമില്ല” എന്ന് പറഞ്ഞു.
15 അപ്പോൾ അവിടന്ന്: “ഇതാ, മനുഷ്യവിസർജ്യത്തിനു പകരം പശുവിൻചാണകം കത്തിച്ച് നിന്റെ അപ്പം ചുടുന്നതിനു ഞാൻ അനുവാദം തരുന്നു” എന്നു കൽപ്പിച്ചു.
൧൫അവിടുന്ന് എന്നോട്: “നോക്കുക മാനുഷമലത്തിനു പകരം ഞാൻ നിനക്ക് പശുവിൻചാണകം അനുവദിക്കുന്നു; അത് കത്തിച്ച് നിന്റെ അപ്പം ചുട്ടുകൊള്ളുക” എന്ന് കല്പിച്ചു.
16 അവിടന്ന് എന്നോട് ഇതുംകൂടി അരുളിച്ചെയ്തു: “മനുഷ്യപുത്രാ, ഇതാ ഞാൻ ജെറുശലേമിൽ അപ്പമെന്ന കോൽ ഒടിച്ചുകളയുന്നു. അവർ പരിമിതമായ അളവിൽ വ്യാകുലതയോടെയും അപ്പം തിന്നും; ക്ലിപ്തമായ അളവിൽ നിരാശയോടെ വെള്ളം കുടിക്കും.
൧൬“മനുഷ്യപുത്രാ, അവർക്ക് അപ്പവും വെള്ളവും ഇല്ലാതാകേണ്ടതിനും ഓരോരുത്തൻ സ്തംഭിച്ച് അകൃത്യം നിമിത്തം ക്ഷയിച്ചുപോകേണ്ടതിനും
17 അപ്പവും വെള്ളവും ദുർല്ലഭമായിരിക്കും. ഓരോരുത്തരും പരസ്പരം നോക്കി സ്തബ്ധരായിത്തീരും. തങ്ങളുടെ പാപംനിമിത്തം അവർ ക്ഷയിച്ചുപോകും.
൧൭ഞാൻ യെരൂശലേമിൽ അപ്പം എന്ന കോൽ ഒടിച്ചുകളയും; അവർ തൂക്കപ്രകാരവും ഭയത്തോടെയും അപ്പം തിന്നും; അവർ അളവു പ്രകാരവും സ്തംഭനത്തോടെയും വെള്ളം കുടിക്കും” എന്ന് അവിടുന്ന് എന്നോട് അരുളിച്ചെയ്തു.