< യെഹെസ്കേൽ 33 >
1 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
2 “മനുഷ്യപുത്രാ, നിന്റെ ദേശക്കാരോടു സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘ഞാൻ ഒരു ദേശത്തിനെതിരേ വാൾ വരുത്തുമ്പോൾ ആ ദേശവാസികൾ അവരുടെ കൂട്ടത്തിൽനിന്ന് ഒരാളെ തെരഞ്ഞെടുത്തു കാവൽക്കാരനാക്കിവെക്കുന്നപക്ഷം,
3 ദേശത്തിനെതിരേ വാൾ വരുന്നതുകണ്ടിട്ട് ജനത്തിനു മുന്നറിയിപ്പു നൽകാൻ അവൻ കാഹളം ഊതുമ്പോൾ,
4 അവർ കാഹളശബ്ദം കേട്ടിട്ടും മുന്നറിയിപ്പ് ഗൗനിക്കാതിരിക്കുകയുംചെയ്തിട്ടു വാൾ വന്ന് അവരുടെ ജീവൻ എടുക്കുകയും ചെയ്യുമെങ്കിൽ, അവരുടെ രക്തം അവരുടെ തലമേൽത്തന്നെ ഇരിക്കും.
5 അവർ കാഹളശബ്ദം കേട്ടിട്ട് അതു ഗൗനിക്കാതിരിക്കുകയാൽ അവരുടെ രക്തം അവരുടെ തലമേൽത്തന്നെ ഇരിക്കും; അവർ അതു ഗൗനിച്ചിരുന്നെങ്കിൽ സ്വന്തം ജീവൻ രക്ഷിക്കുമായിരുന്നു.
6 എന്നാൽ കാവൽക്കാരൻ വാൾ വരുന്നതുകണ്ടിട്ട് ജനത്തിനു മുന്നറിയിപ്പു നൽകുന്നതിനു കാഹളം ധ്വനിപ്പിക്കാതെയിരുന്നാൽ വാൾ വന്ന് അവരിൽ ഒരുവന്റെ ജീവൻ നഷ്ടപ്പെടുന്നപക്ഷം, ആ മനുഷ്യൻ തന്റെ പാപംനിമിത്തം മരണമടയുന്നുവെങ്കിലും ഞാൻ കാവൽക്കാരനെ അവന്റെ രക്തത്തിന് ഉത്തരവാദിയായി പരിഗണിക്കും.’
7 “മനുഷ്യപുത്രാ, ഞാൻ നിന്നെ ഇസ്രായേൽജനത്തിന് ഒരു കാവൽക്കാരനായി നിയമിച്ചിരിക്കുന്നു; അതിനാൽ ഞാൻ അരുളിച്ചെയ്യുന്ന വചനം കേട്ട് അവർക്ക് എന്റെ നാമത്തിൽ മുന്നറിയിപ്പു നൽകുക.
8 ദുഷ്ടരോട്: ‘ദുഷ്ടരേ, നിങ്ങൾ നിശ്ചയമായും മരിക്കും,’ എന്നു ഞാൻ കൽപ്പിക്കുമ്പോൾ അവരുടെ ദുഷ്ടജീവിതരീതിയിൽനിന്ന് അവരെ പിന്തിരിപ്പിക്കാനായി നീ അവരെ പ്രബോധിപ്പിക്കാതെയിരുന്നാൽ, ദുഷ്ടർ തങ്ങളുടെ പാപംനിമിത്തം മരിക്കും; അവരുടെ രക്തത്തിന് ഉത്തരവാദി നീ ആയിരിക്കും.
9 എന്നാൽ, നീ ദുഷ്ടരോട് അവരുടെ ദുഷ്ടവഴികൾ വിട്ടുതിരിയാൻ താക്കീതു നൽകുകയും അവർ അതനുസരിച്ച് പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ അവർ തങ്ങളുടെ പാപത്തിൽ മരിക്കും, നീയോ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കും.
10 “മനുഷ്യപുത്രാ, ഇസ്രായേൽജനത്തോടു നീ ഇപ്രകാരം പറയണം: ‘“ഞങ്ങളുടെ കുറ്റങ്ങളും പാപങ്ങളും ഞങ്ങളുടെമേൽ ഇരിക്കുന്നു; അവനിമിത്തം ഞങ്ങൾ ക്ഷയിച്ചുപോകുന്നു. ഞങ്ങൾക്ക് എങ്ങനെ ജീവിക്കാൻ കഴിയും?” എന്നു നിങ്ങൾ പറയുന്നുവല്ലോ.
11 ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, ദുഷ്ടരുടെ മരണം ഞാൻ ഇഷ്ടപ്പെടുന്നില്ല; അവർ തങ്ങളുടെ വഴികൾ വിട്ടുതിരിഞ്ഞ് ജീവിക്കണമെന്നാണ് എന്റെ ആഗ്രഹം. തിരിയുക, നിങ്ങളുടെ ദുഷ്ടവഴികൾ വിട്ടുതിരിയുക. ഇസ്രായേൽഗൃഹമേ, നിങ്ങൾ എന്തിനു മരിക്കുന്നു? എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു,’ എന്ന് അവരോടു പറയുക.
12 “അതുകൊണ്ട് മനുഷ്യപുത്രാ, നിന്റെ സ്വന്തം ദേശക്കാരോട് ഇപ്രകാരം പറയുക: ‘നീതിനിഷ്ഠർ അനുസരിക്കാതെ തെറ്റുചെയ്യുമ്പോൾ അവരുടെ മുൻകാല നീതിപ്രവൃത്തികൾ അവരെ രക്ഷിക്കുകയില്ല. ദുഷ്ടർ തങ്ങളുടെ ദുഷ്ടവഴികൾ വിട്ടുതിരിയുമ്പോൾ അവരുടെ മുൻകാല ദുഷ്ടതകൾ അവരെ വീഴ്ത്തിക്കളയുകയില്ല. നീതിനിഷ്ഠർ പാപംചെയ്യുന്നെങ്കിൽ അവരുടെ മുമ്പിലത്തെ നീതിനിമിത്തം അവർ ജീവിക്കാൻ ഇടയാകുകയില്ല.’
13 നീതിനിഷ്ഠരോട് നീ തീർച്ചയായും ജീവിക്കും എന്നു ഞാൻ പറയുമ്പോൾ അവർ തങ്ങളുടെ നീതിയിൽ ആശ്രയംവെച്ച് ദുഷ്ടത പ്രവർത്തിക്കുന്നെങ്കിൽ അവർ മുമ്പുചെയ്തിട്ടുള്ള നീതിപ്രവൃത്തികളൊന്നും സ്മരിക്കപ്പെടുകയില്ല; തങ്ങൾചെയ്ത തിന്മനിമിത്തം അവർ മരിക്കും.
14 ഞാൻ ദുഷ്ടരോട്, ‘നിങ്ങൾ തീർച്ചയായും മരിക്കും’ എന്നു പറയുമ്പോൾ, അവർ തങ്ങളുടെ പാപം വിട്ടുതിരിഞ്ഞ് നീതിയും ന്യായവും പ്രവർത്തിക്കുമെങ്കിൽ—
15 തങ്ങൾ പണയമായി വാങ്ങിയതു തിരിച്ചുകൊടുക്കുകയും മോഷ്ടിച്ച വസ്തു തിരിച്ചേൽപ്പിക്കുകയും ജീവൻ നൽകുന്ന നിയമങ്ങൾ അനുസരിക്കുകയും ദോഷം പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നപക്ഷം, അവർ തീർച്ചയായും ജീവിക്കും; അങ്ങനെയുള്ളവർ മരിക്കുകയില്ല.
16 അവർ ചെയ്തുപോയ പാപങ്ങളൊന്നും അവർക്കെതിരേ ഓർക്കപ്പെടുകയില്ല. അവർ നീതിയും ന്യായവുമായുള്ളതു ചെയ്തിരിക്കുന്നു; അവൻ തീർച്ചയായും ജീവിക്കും.
17 “എന്നിട്ടും നിന്റെ സ്വദേശികൾ: ‘കർത്താവിന്റെ വഴി നീതിയുക്തമല്ല’ എന്നു പറയുന്നു. എന്നാൽ അവരുടെ വഴിയാണ് നീതിയുക്തമല്ലാത്തതായി ഇരിക്കുന്നത്.
18 നീതിനിഷ്ഠർ തങ്ങളുടെ നീതിനിഷ്ഠ വിട്ടുമാറി ദുഷ്ടത പ്രവർത്തിക്കുന്നെങ്കിൽ അവർ അതുനിമിത്തം മരിക്കും.
19 എന്നാൽ ഒരു ദുഷ്ടൻ തന്റെ ദുഷ്ടത വിട്ടുതിരിഞ്ഞ് ന്യായവും നീതിയും പ്രവർത്തിക്കുന്നെങ്കിൽ, അതു ചെയ്യുകമൂലം അവൻ ജീവിക്കും.
20 എന്നിട്ടും ഇസ്രായേൽജനമേ, ‘കർത്താവിന്റെ വഴി നീതിയുക്തമല്ല,’ എന്നു നിങ്ങൾ പറയുന്നു. എങ്കിലും ഞാൻ നിങ്ങളിൽ ഓരോരുത്തരെയും അവരുടെ സ്വന്തവഴികൾ അനുസരിച്ച് ന്യായംവിധിക്കും.”
21 ഞങ്ങളുടെ പ്രവാസത്തിന്റെ പന്ത്രണ്ടാംവർഷം പത്താംമാസം അഞ്ചാംതീയതി ജെറുശലേമിൽനിന്ന് രക്ഷപ്പെട്ടുപോന്ന ഒരു മനുഷ്യൻ എന്റെ അടുക്കൽവന്ന് ഇപ്രകാരം പറഞ്ഞു: “നഗരം വീണുപോയിരിക്കുന്നു!”
22 ആ മനുഷ്യൻ വന്നതിന്റെ തലേന്നാൾ വൈകിട്ട് യഹോവയുടെ കൈ എന്റെമേൽ ഉണ്ടായിരുന്നു; ആ മനുഷ്യൻ പ്രഭാതത്തിൽ എന്റെ അടുക്കൽ വരുന്നതിനുമുമ്പ് അവിടന്ന് എന്റെ വായ് തുറന്നു. അങ്ങനെ എന്റെ വായ് തുറക്കപ്പെട്ടതിനാൽ ഞാൻ പിന്നെ മൗനമായിരുന്നില്ല.
23 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
24 “മനുഷ്യപുത്രാ, ഇസ്രായേൽദേശത്തിന്റെ ശൂന്യാവശിഷ്ടങ്ങളിൽ താമസിക്കുന്നവർ പറയുന്നത്: ‘അബ്രാഹാം ഒരേയൊരു മനുഷ്യനായിരുന്നു; എന്നിട്ടും അദ്ദേഹത്തിനു ദേശംമുഴുവനും അവകാശമായി ലഭിച്ചു. ഞങ്ങളോ, അനേകരാണെങ്കിലും ദേശം അവകാശമായി നൽകപ്പെട്ടിരിക്കുന്നു.’
25 അതുകൊണ്ട് അവരോട് ഇപ്രകാരം പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ രക്തത്തോടുകൂടെ മാംസം ഭക്ഷിക്കുകയും നിങ്ങളുടെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കുകയും രക്തം ചൊരിയുകയും ചെയ്യുന്നു. അങ്ങനെയുള്ള നിങ്ങൾക്ക് ദേശം അവകാശമായി നൽകണമോ?
26 നിങ്ങൾ സ്വന്തം വാളിൽ ആശ്രയിക്കുന്നു; നിങ്ങൾ മ്ലേച്ഛമായ കാര്യങ്ങൾ പ്രവർത്തിക്കുന്നു. നിങ്ങളിൽ ഓരോരുത്തൻ തന്റെ അയൽക്കാരന്റെ ഭാര്യയെ വഷളാക്കുന്നു. അങ്ങനെയുള്ള നിങ്ങൾക്ക് ദേശം അവകാശമായി നൽകണമോ?’
27 “നീ അവരോട് പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, ശൂന്യശിഷ്ടങ്ങളിൽ താമസിക്കുന്നവർ വാളാൽ വീഴും; വെളിമ്പ്രദേശങ്ങളിൽ താമസിക്കുന്നവരെ ഞാൻ കാട്ടുമൃഗങ്ങൾക്ക് ഇരയാക്കിത്തീർക്കും; കോട്ടകളിലും ഗുഹകളിലും പാർക്കുന്നവർ പകർച്ചവ്യാധിയാൽ നശിക്കും.
28 ഞാൻ ദേശത്തെ ഒരു ശൂന്യസ്ഥലമാക്കിത്തീർക്കും; അവളുടെ ശക്തിയും പ്രതാപവും അവസാനിക്കും; ഇസ്രായേലിലെ ഗിരിപ്രദേശങ്ങൾ, ആരും വഴിനടക്കാതവണ്ണം ശൂന്യമായിത്തീരും.
29 അവർ ചെയ്ത എല്ലാ മ്ലേച്ഛകർമങ്ങളുംനിമിത്തം ഞാൻ ദേശത്തെ പാഴും ശൂന്യവുമാക്കുമ്പോൾ, ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.’
30 “മനുഷ്യപുത്രാ, നിന്റെ സ്വദേശികൾ നിന്നെക്കുറിച്ച് മതിലുകൾക്കരികെയും വീടിന്റെ വാതിൽക്കലുംവെച്ചു പറയുന്നത്: ‘നിങ്ങൾ യഹോവയിൽനിന്നുള്ള സന്ദേശം വന്നു കേൾക്കുക.’
31 എന്റെ ജനം പതിവായി ചെയ്യാറുള്ളതുപോലെ നിന്റെ അടുക്കൽവന്ന് നിന്റെ മുമ്പിൽ ഇരുന്ന് നീ പറയുന്ന വാക്കുകൾ ശ്രദ്ധിച്ചു കേൾക്കുന്നു; എന്നാൽ അതൊന്നും അവർ പ്രായോഗികമാക്കുന്നില്ല. തങ്ങളുടെ വാകൊണ്ട് അവർ വളരെ സ്നേഹം കാണിക്കുന്നു; അവരുടെ ഹൃദയമോ അന്യായലാഭം കൊതിക്കുന്നു.
32 വാസ്തവത്തിൽ നീ അവർക്കു വാദ്യം മീട്ടി പ്രേമഗാനങ്ങൾ മധുരസ്വരത്തിൽ പാടുന്ന ഒരുവനെക്കാൾ വലിയ വിശേഷതയൊന്നുമില്ല. അവർ നിന്റെ വാക്കു കേൾക്കുന്നെങ്കിലും അവ അനുസരിക്കുന്നില്ല.
33 “എന്നാൽ ഇവയെല്ലാം സംഭവിക്കുമ്പോൾ—ഇതാ അതു നിശ്ചയമായും വരുമ്പോൾ—തങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടായിരുന്നു എന്ന് അവർ അറിയും എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.”