< യെഹെസ്കേൽ 32 >
1 പന്ത്രണ്ടാംവർഷം പന്ത്രണ്ടാംമാസം ഒന്നാംതീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
൧ബാബിലോന്യ പ്രവാസത്തിന്റെ പന്ത്രണ്ടാം ആണ്ട്, പന്ത്രണ്ടാം മാസം, ഒന്നാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:
2 “മനുഷ്യപുത്രാ, ഈജിപ്റ്റുരാജാവായ ഫറവോനെക്കുറിച്ച് ഒരു ദുഃഖാചരണം നടത്തി അയാളോട് ഇപ്രകാരം പറയുക: “‘രാഷ്ട്രങ്ങൾക്കിടയിൽ നീ ഒരു സിംഹത്തെപ്പോലെയാണ്; നീ കടലിലെ ഒരു ഭീകരസത്വംപോലെതന്നെ. നീ നദികളിലേക്കു കുതിച്ചുചാടി നിന്റെ കാൽകൊണ്ടു വെള്ളം കലക്കി ആ നദികളെയെല്ലാം ചെളിവെള്ളം നിറഞ്ഞതാക്കിത്തീർത്തു.
൨“മനുഷ്യപുത്രാ, നീ ഈജിപ്റ്റ് രാജാവായ ഫറവോനെക്കുറിച്ച് ഒരു വിലാപം കഴിച്ച് അവനോട് പറയേണ്ടത്: ‘ജനതകളിൽ ബാലസിംഹമായുള്ളോവേ, നീ നശിച്ചിരിക്കുന്നു; നീ കടലിലെ നക്രംപോലെ ആയിരുന്നു; നീ നദികളിൽ ചാടി കാൽ കൊണ്ട് വെള്ളം കലക്കി നദികളെ മലിനമാക്കിക്കളഞ്ഞു.’
3 “‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “‘ഞാൻ വലിയ ജനക്കൂട്ടത്തോടുചേർന്ന് എന്റെ വല നിന്റെമേൽ എറിയും; എന്റെ വലയിൽ അവർ നിന്നെ വലിച്ചെടുക്കും.
൩യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അനേകം ജനതകളുടെ കൂട്ടത്തെക്കൊണ്ട് നിന്റെമേൽ എന്റെ വല വീശിക്കും; എന്റെ വലയിൽ അവർ നിന്നെ വലിച്ചെടുക്കും;
4 ഞാൻ നിന്നെ കരയിൽ വലിച്ചിട്ടശേഷം തുറസ്സായ സ്ഥലത്തേക്ക് എറിഞ്ഞുകളയും. ആകാശത്തിലെ പറവകൾ ഒക്കെയും നിന്റെമേൽ വന്നിരിക്കും, വന്യമൃഗങ്ങളെല്ലാം നിന്നെ കാർന്നുതിന്നും.
൪ഞാൻ നിന്നെ കരയിലേക്ക് വലിച്ചിടും; നിന്നെ വെളിമ്പ്രദേശത്ത് എറിഞ്ഞുകളയും; ആകാശത്തിലെ പറവകളെയെല്ലാം നിന്റെമേൽ ഇരിക്കുമാറാക്കും; സർവ്വഭൂമിയിലെയും മൃഗങ്ങൾക്ക് നിന്നെ ഇരയാക്കി, അവയ്ക്ക് തൃപ്തി വരുത്തും.
5 ഞാൻ നിന്റെ മാംസം പർവതങ്ങളിൽ നിരത്തുകയും നിന്റെ അവശിഷ്ടങ്ങൾകൊണ്ടു താഴ്വരകളെ നിറയ്ക്കുകയും ചെയ്യും.
൫ഞാൻ നിന്റെ മാംസം പർവ്വതങ്ങളിന്മേൽ കൂട്ടി, നിന്റെ ശരീരാവശിഷ്ടംകൊണ്ട് താഴ്വരകൾ നിറയ്ക്കും.
6 ഞാൻ കരകളിലെല്ലാം നിന്റെ രക്തം ഒഴുക്കി, പർവതങ്ങൾവരെയും കുതിരുമാറാക്കും; അവയിലെ ഇടുക്കുവഴികളെല്ലാം നിന്റെ മാംസംകൊണ്ടു നിറയും.
൬ഞാൻ കരകളെല്ലാം നിന്റെ രക്തംകൊണ്ട്, മലകളോളം നനയ്ക്കും; നീർച്ചാലുകൾ നിന്നെക്കൊണ്ടു നിറയും.
7 നിന്നെ തുടച്ചുനീക്കുമ്പോൾ ഞാൻ ആകാശത്തെ മറച്ച്, അതിലെ നക്ഷത്രങ്ങളെ ഇരുളടഞ്ഞവയാക്കും; ഞാൻ സൂര്യനെ ഒരു മേഘംകൊണ്ടു മറയ്ക്കും, ചന്ദ്രൻ അതിന്റെ പ്രകാശം തരികയുമില്ല.
൭നിന്റെ വെളിച്ചം കെടുത്തിക്കളയുമ്പോൾ ഞാൻ ആകാശത്തെ മൂടി അതിലെ നക്ഷത്രങ്ങളെ ഇരുളടഞ്ഞവയാക്കും; ഞാൻ സൂര്യനെ മേഘംകൊണ്ടു മറയ്ക്കും; ചന്ദ്രൻ പ്രകാശം നല്കുകയും ഇല്ല.
8 ആകാശത്തിൽ പ്രകാശം പരത്തുന്ന ജ്യോതിസ്സുകളെയെല്ലാം ഞാൻ നിന്റെമേൽ ഇരുളടഞ്ഞവയാക്കും; നിന്റെ ദേശത്തു ഞാൻ അന്ധകാരം വരുത്തും, എന്ന് കർത്താവായ യഹോവയുടെ അരുളപ്പാട്.
൮ആകാശത്തിലെ ശോഭയുള്ള ജ്യോതിസ്സുകളെയെല്ലാം നിന്റെനിമിത്തം ഞാൻ ഇരുളടഞ്ഞവയാക്കുകയും, നിന്റെ ദേശത്ത് അന്ധകാരം വരുത്തുകയും ചെയ്യും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
9 രാഷ്ട്രങ്ങൾക്കുമധ്യേ ഞാൻ നാശം വരുത്തുമ്പോൾ, നീ അറിയാത്ത ദേശങ്ങൾക്കിടയിൽ വിനാശം വരുത്തുമ്പോൾ അനേകം ജനതകളുടെ ഹൃദയങ്ങൾ ദുഃഖിതമായിത്തീരും.
൯നിന്റെ നാശം ജനതകളുടെ ഇടയിലും നീ അറിയാത്ത ദേശങ്ങളോളവും പ്രസിദ്ധമാക്കുമ്പോൾ ഞാൻ അനേകം ജനതകളുടെ ഹൃദയങ്ങളെ വ്യസനിപ്പിക്കും.
10 ഞാൻ അനേകം ജനതകളെ നിന്റെനിമിത്തം സ്തബ്ധരാക്കിത്തീർക്കും; അവരുടെ രാജാക്കന്മാരുടെമുമ്പിൽവെച്ച് ഞാൻ എന്റെ വാൾ വീശുമ്പോൾ അവർ ഭീതിയാൽ നടുങ്ങിപ്പോകും. നിന്റെ വീഴ്ചയുടെ ദിവസത്തിൽ അവർ ഓരോരുത്തനും താന്താങ്ങളുടെ പ്രാണനെ ഓർത്ത് ഓരോ നിമിഷവും വിറയ്ക്കും.
൧൦ഞാൻ അനേകം ജനതകളെ നിന്നെച്ചൊല്ലി സ്തംഭിക്കുമാറാക്കും; അവരുടെ രാജാക്കന്മാർ കാൺകെ ഞാൻ എന്റെ വാൾ വീശുമ്പോൾ, അവർ നിന്റെനിമിത്തം അത്യന്തം പേടിച്ചുപോകും; നിന്റെ വീഴ്ചയുടെ നാളിൽ അവർ ഓരോരുത്തനും അവരവരുടെ പ്രാണനെ ഓർത്ത് നിമിഷംതോറും വിറയ്ക്കും”.
11 “‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “‘ബാബേൽരാജാവിന്റെ വാൾ നിനക്കുനേരേ വരും.
൧൧യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ബാബേൽരാജാവിന്റെ വാൾ നിന്റെനേരെ വരും.
12 എല്ലാ ജനതകളിലുംവെച്ചു ക്രൂരന്മാരായ പ്രബലയോദ്ധാക്കളുടെ വാൾകൊണ്ടു നിന്റെ കവർച്ചസംഘങ്ങളെല്ലാം വീഴുന്നതിനു ഞാൻ ഇടയാക്കും. ഈജിപ്റ്റിന്റെ അഭിമാനത്തെ അവർ തകർത്തുകളയും; അവളുടെ കവർച്ചസംഘങ്ങൾ മുഴുവനും നശിപ്പിക്കപ്പെടും.
൧൨വീരന്മാരുടെ വാൾകൊണ്ടു ഞാൻ നിന്റെ പുരുഷാരത്തെ വീഴുമാറാക്കും; അവരെല്ലാവരും ജനതകളിൽവച്ച് ഉഗ്രന്മാർ; അവർ ഈജിപ്റ്റിന്റെ പ്രതാപത്തെ ശൂന്യമാക്കും; അതിലെ പുരുഷാരമൊക്കെയും നശിച്ചുപോകും.
13 സമൃദ്ധമായ ജലാശയങ്ങൾക്കരികെനിന്ന് അവരുടെ കന്നുകാലികളെയെല്ലാം ഞാൻ നശിപ്പിച്ചുകളയും; മേലാൽ ഈ ജലാശയങ്ങളെ മനുഷ്യന്റെ കാൽ കലക്കുകയോ മൃഗങ്ങളുടെ കുളമ്പുകൾ കലക്കമുണ്ടാക്കുകയോ ചെയ്യുകയില്ല.
൧൩സമൃദ്ധമായ ജലാശയത്തിനരികെനിന്നു ഞാൻ അതിലെ സകലമൃഗങ്ങളെയും നശിപ്പിക്കും; ഇനി മേൽ മനുഷ്യന്റെ കാൽ അതിനെ കലക്കുകയില്ല; മൃഗങ്ങളുടെ കുളമ്പും അതിനെ കലക്കുകയില്ല.
14 അതിനുശേഷം അവരുടെ വെള്ളം തെളിഞ്ഞ് എണ്ണപോലെ ഒഴുകാൻ ഞാൻ ഇടവരുത്തും, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
൧൪ആ കാലത്ത് അവരുടെ വെള്ളം തെളിമയുള്ളതാക്കി, ഞാൻ അവരുടെ നദികളെ എണ്ണപോലെ ഒഴുകുമാറാക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
15 ഞാൻ ഈജിപ്റ്റിനെ ശൂന്യമാക്കി ദേശത്തുള്ള എല്ലാറ്റിനെയും ഉന്മൂലനംചെയ്യും, അവിടെ പാർക്കുന്നവരെയെല്ലാം ഞാൻ സംഹരിക്കുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.’
൧൫“ഞാൻ ഈജിപ്റ്റിനെ പാഴാക്കി, ദേശം ശൂന്യമാക്കി, അതിലുള്ളതെല്ലാം ഇല്ലാതാകുമ്പോഴും, ഞാൻ അതിലെ നിവാസികളെയെല്ലാം നശിപ്പിക്കുമ്പോഴും, ഞാൻ യഹോവ എന്ന് അവർ അറിയും.
16 “അവർ അതിനെക്കുറിച്ച് ആലപിക്കുന്ന വിലാപഗീതം ഇതാകുന്നു. ജനതകളുടെ പുത്രിമാർ അത് ആലപിക്കും. ഈജിപ്റ്റിനും അതിന്റെ കവർച്ചസംഘത്തിനുംവേണ്ടി അവർ അത് ആലപിക്കുമെന്ന് കർത്താവായ യഹോവയുടെ അരുളപ്പാട്.”
൧൬അവർ അതിനെക്കുറിച്ച് വിലപിക്കുന്ന വിലാപം ഇതത്രേ; ജനതകളുടെ പുത്രിമാർ ഇതു ചൊല്ലി വിലപിക്കും; അവർ ഈജിപ്റ്റിനെക്കുറിച്ചും അതിലെ സകലപുരുഷന്മാരെക്കുറിച്ചും ഇതു ചൊല്ലി വിലപിക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
17 പന്ത്രണ്ടാംവർഷം ആ മാസം, പതിനഞ്ചാംതീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
൧൭പന്ത്രണ്ടാം ആണ്ട്, അതേ മാസം, പതിനഞ്ചാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
18 “മനുഷ്യപുത്രാ, ഈജിപ്റ്റിലെ കവർച്ചസംഘത്തെപ്പറ്റി വിലപിച്ച് അവരെയും ശക്തരായ രാഷ്ട്രങ്ങളുടെ പുത്രിമാരെയും കുഴിയിൽ ഇറങ്ങുന്നവരോടൊപ്പം ഭൂമിയുടെ അധോഭാഗങ്ങളിലേക്കു തള്ളിയിടുക.
൧൮“മനുഷ്യപുത്രാ, നീ ഈജിപ്റ്റിലെ ജനസമൂഹത്തെക്കുറിച്ചു വിലപിച്ച്, അതിനെയും പ്രസിദ്ധമായ ജനതകളുടെ പുത്രിമാരെയും കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ഭൂമിയുടെ അധോഭാഗത്തു തള്ളിയിടുക.
19 അവരോടു പറയുക: ‘നിങ്ങൾ മറ്റാരെക്കാൾ ആകർഷണീയരായിരിക്കുന്നു? ഇറങ്ങിച്ചെന്ന് പരിച്ഛേദനം ഏൽക്കാത്തവരുടെ കൂട്ടത്തിൽ കിടക്കുക.’
൧൯സൗന്ദര്യത്തിൽ നീ ആരെക്കാൾ മെച്ചപ്പെട്ടിരിക്കുന്നു; നീ ഇറങ്ങിച്ചെന്ന് അഗ്രചർമ്മികളുടെ കൂട്ടത്തിൽ കിടക്കുക.
20 വാളാൽ കൊല്ലപ്പെട്ടവരുടെ നടുവിൽ അവർ വീഴും. വാൾ അവൾക്കെതിരേ ഊരപ്പെട്ടിരിക്കുന്നു; അവളെയും അവളുടെ കവർച്ചസംഘങ്ങളെയും അതിലേക്കു വലിച്ചിഴച്ചുകൊണ്ടുപോകുക.
൨൦വാളാൽ കൊല്ലപ്പെട്ടവരുടെ നടുവിൽ അവർ വീഴും; വാൾ നിയമിക്കപ്പെട്ടിരിക്കുന്നു; അതിനെയും അതിന്റെ സകലപുരുഷാരത്തെയും വലിച്ചുകൊണ്ടുപോകുവിൻ.
21 പാതാളത്തിന്റെ മധ്യത്തിൽനിന്ന് അവരുടെ ശക്തരായ നേതാക്കന്മാർ ഈജിപ്റ്റിനെയും അവളുടെ സഹായികളെയുംപറ്റി ഇപ്രകാരം പറയും: ‘അവർ ഇറങ്ങിവന്ന് വാളാൽ കൊല്ലപ്പെട്ട, പരിച്ഛേദനം ഏൽക്കാത്തവരോടൊപ്പം ഇവിടെ കിടക്കുന്നു.’ (Sheol )
൨൧വീരന്മാരിൽ ബലവാന്മാരായവർ അവന്റെ സഹായികളോടുകൂടെ പാതാളത്തിന്റെ നടുവിൽനിന്ന് അവനോട് സംസാരിക്കും; അഗ്രചർമ്മികളായി വാളാൽ കൊല്ലപ്പെട്ടവർ ഇറങ്ങിച്ചെന്ന് അവിടെ കിടക്കുന്നു. (Sheol )
22 “അശ്ശൂർ അവളുടെ സർവസൈന്യത്തോടുംകൂടെ അവിടെയുണ്ട്; അവളുടെ സകലനിഹതന്മാരും അവൾക്കുചുറ്റും കല്ലറകളിലുണ്ട്; വാളേറ്റുവീണ എല്ലാവരുംതന്നെ.
൨൨അവിടെ അശ്ശൂരും അതിന്റെ സർവ്വസമൂഹവും ഉണ്ട്; അവന്റെ ശവക്കുഴികൾ അവന്റെ ചുറ്റും കിടക്കുന്നു; അവരെല്ലാവരും വാളാൽ കൊല്ലപ്പെട്ടവരായി വീണവർ തന്നെ.
23 അവരുടെ ശവക്കുഴികൾ പാതാളത്തിന്റെ അഗാധതയിലാണ്; അവളുടെ സൈന്യം ആ ശവക്കുഴിക്കു ചുറ്റുമായിക്കിടക്കുന്നു. ജീവനുള്ളവരുടെ ദേശത്ത് ഭീതിപരത്തിയവരെല്ലാം വാളാൽ വധിക്കപ്പെട്ട് വീണിരിക്കുന്നു.
൨൩അവരുടെ ശവക്കുഴികൾ പാതാളത്തിന്റെ ഏറ്റവും അടിയിൽ സ്ഥിതിചെയ്യുന്നു; അതിന്റെ സമൂഹം അതിന്റെ ശവക്കുഴിയുടെ ചുറ്റും ഇരിക്കുന്നു; ജീവനുള്ളവരുടെ ദേശത്തു ഭീതിപരത്തിയ, അവരെല്ലാവരും വാളാൽ കൊല്ലപ്പെട്ടവരായി വീണിരിക്കുന്നു.
24 “ഏലാം അവിടെയുണ്ട്; അവളുടെ കവർച്ചസംഘങ്ങളും അവൾക്കുചുറ്റുമായി കാണാം. അവരെല്ലാം വാളാൽ കൊന്നുവീഴ്ത്തപ്പെട്ടിരിക്കുന്നു. ജീവനുള്ളവരുടെ ദേശത്തു ഭീതിപരത്തിയവരെല്ലാം പരിച്ഛേദനം ഏൽക്കാത്തവരായി അധോലോകത്തിലേക്ക് ഇറങ്ങിച്ചെന്നിരിക്കുന്നു. കുഴിയിൽ ഇറങ്ങുന്നവരോടൊപ്പം അവർ തങ്ങളുടെ ലജ്ജ വഹിക്കുന്നു.
൨൪അവിടെ ഏലാമും അതിന്റെ സകലപുരുഷാരവും അതിന്റെ ശവക്കുഴിയുടെ ചുറ്റും ഉണ്ട്; അവർ എല്ലാവരും വാളാൽ കൊല്ലപ്പെട്ടവരായി വീണ്, അഗ്രചർമ്മികളായി, ഭൂമിയുടെ അധോഭാഗത്ത് ഇറങ്ങിപ്പോയിരിക്കുന്നു; ജീവനുള്ളവരുടെ ദേശത്ത് അവർ ഭീതി പരത്തി; ഇപ്പോൾ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ അവർ ലജ്ജ വഹിക്കുന്നു.
25 നിഹതന്മാരുടെ മധ്യേ അവൾക്കായി ഒരു കിടക്ക ഒരുക്കിയിരിക്കുന്നു; അവളുടെ കവർച്ചസംഘമെല്ലാം അവളുടെ ശവക്കുഴിക്കുചുറ്റുമുണ്ട്; അവരെല്ലാം അപരിച്ഛേദിതരും വാളാൽ കൊല്ലപ്പെട്ടവരുമത്രേ. അവരെക്കുറിച്ചുള്ള ഭീതി ജീവനുള്ളവരുടെ ദേശത്തു പരന്നതിനാൽ കുഴിയിൽ ഇറങ്ങുന്നവരോടൊപ്പം അവർ ലജ്ജ വഹിക്കുന്നു. നിഹതന്മാർക്കിടയിൽ അവരെ കിടത്തിയിരിക്കുന്നു.
൨൫കൊല്ലപ്പെട്ടവരുടെ മദ്ധ്യേ അവർ അതിനും അതിന്റെ സകലപുരുഷാരത്തിനും ഒരു കിടക്ക വിരിച്ചിരിക്കുന്നു; അതിന്റെ ശവക്കുഴികൾ അതിന്റെ ചുറ്റും ഇരിക്കുന്നു; അവരെല്ലാവരും അഗ്രചർമ്മികളായി വാളാൽ കൊല്ലപ്പെട്ടവരാകുന്നു; ജീവനുള്ളവരുടെ ദേശത്ത് അവർ ഭീതി പരത്തിയിരിക്കുകയാൽ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ലജ്ജ വഹിക്കുന്നു; കൊല്ലപ്പെട്ടവരുടെ മദ്ധ്യത്തിൽ അത് കിടക്കുന്നു.
26 “മേശെക്കും തൂബാലും അവിടെയുണ്ട്. അവരുടെ കവർച്ചസംഘമെല്ലാം അവരുടെ ശവക്കുഴിക്കുചുറ്റുമുണ്ട്. അവരെല്ലാം അപരിച്ഛേദിതരാണ്. ജീവനുള്ളവരുടെ ദേശത്ത് ഭീതി പരത്തുകയാൽ കൊല്ലപ്പെട്ടവരാണ് അവർ.
൨൬അവിടെ മേശെക്കും തൂബലും അതിന്റെ സകലപുരുഷാരവും ഉണ്ട്; അതിന്റെ ശവക്കുഴികൾ അതിന്റെ ചുറ്റും സ്ഥിതിചെയ്യുന്നു; അവർ ജീവനുള്ളവരുടെ ദേശത്ത് ഭീതി പരത്തിയിരിക്കുകയാൽ അവരെല്ലാം അഗ്രചർമ്മികളായി വാളാൽ കൊല്ലപ്പെട്ടിരിക്കുന്നു.
27 വീണുപോയവരും തങ്ങളുടെ ആയുധങ്ങളുമായി പാതാളത്തിലേക്ക് ഇറങ്ങിച്ചെന്നവരും തങ്ങളുടെ വാളുകൾ സ്വന്തം തലയ്ക്കുകീഴേയും പരിചകൾ അവരുടെ അസ്ഥിക്കുമീതേയും വെച്ചിട്ടുള്ളവരുമായ പുരാതന യോദ്ധാക്കൾക്കൊപ്പം ഇവരും അവിടെ കിടക്കേണ്ടതല്ലേ? ഈ യുദ്ധവീരന്മാരെക്കുറിച്ചുള്ള ഭീതി ജീവനുള്ളവരുടെ ദേശത്തു വ്യാപിച്ചിരിക്കുന്നു. (Sheol )
൨൭അവർ ജീവനുള്ളവരുടെ ദേശത്ത് വീരന്മാർക്കു ഭീതി ആയിരുന്നതുകൊണ്ട്, അവരുടെ അകൃത്യങ്ങൾ അസ്ഥികളിന്മേൽ ചുമന്നും, അവരുടെ വാളുകൾ തലയ്ക്കു കീഴിൽ വച്ചുംകൊണ്ട്, അഗ്രചർമ്മികളിൽ പട്ടുപോയ വീരന്മാരായി യുദ്ധായുധങ്ങളോടുകൂടെ പാതാളത്തിൽ ഇറങ്ങിയവരുടെ കൂട്ടത്തിൽ കിടക്കേണ്ടതല്ലയോ? (Sheol )
28 “ഫറവോനേ, നീയും പരിച്ഛേദനം ഏൽക്കാത്തവരോടൊപ്പം തകർന്നുപോകുകയും വാളാൽ കൊല്ലപ്പെട്ടവരുടെ ഇടയിൽ കിടക്കുകയും ചെയ്യും.
൨൮നീയോ, അഗ്രചർമ്മികളുടെ കൂട്ടത്തിൽ തകർന്നുപോകുകയും വാളാൽ കൊല്ലപ്പെട്ടവരോടുകൂടെ കിടക്കുകയും ചെയ്യും.
29 “ഏദോം അവിടെയുണ്ട്; അവളുടെ രാജാക്കന്മാരും പ്രഭുക്കന്മാരുംതന്നെ. അവർ ശക്തരായിരുന്നിട്ടും വാളാൽ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ കിടക്കുന്ന; അപരിച്ഛേദിതരും കുഴിയിൽ ഇറങ്ങുന്നവരുമായവരോടുകൂടെ അവർ കിടക്കുന്നു.
൨൯അവിടെ ഏദോമും അതിന്റെ രാജാക്കന്മാരും സകലപ്രഭുക്കന്മാരും ഉണ്ട്; അവർ അവരുടെ വല്ലഭത്വത്തിൽ വാളാൽ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ കിടക്കേണ്ടിവന്നു; അവർ അഗ്രചർമ്മികളോടും, കുഴിയിൽ ഇറങ്ങുന്നവരോടും കൂടി കിടക്കുന്നു.
30 “ഉത്തരദേശത്തെ സകലപ്രഭുക്കന്മാരും എല്ലാ സീദോന്യരും അവിടെയുണ്ട്; അവരുടെ ശക്തിമൂലം അവർ ഭീതി പരത്തിയെങ്കിലും അവർ ലജ്ജിതരായി നിഹതന്മാരോടൊപ്പം ഇറങ്ങിപ്പോയി. വാളാൽ നിഹതന്മാരായവരോടൊപ്പം അപരിച്ഛേദിതരായി അവർ കിടക്കുന്നു. കുഴിയിലേക്കിറങ്ങുന്നവരോടുകൂടെ തങ്ങളുടെ ലജ്ജയെ അവർ വഹിക്കുകയുംചെയ്യുന്നു.
൩൦അവിടെ വടക്കെ പ്രഭുക്കന്മാരെല്ലാവരും കൊല്ലപ്പെട്ടവരോടുകൂടെ ഇറങ്ങിപ്പോയ സകല സീദോന്യരും ഉണ്ട്; അവർ അവരുടെ ആധിപത്യം മൂലം പരത്തിയ ഭീതിനിമിത്തം ലജ്ജിക്കുന്നു; അവർ അഗ്രചർമ്മികളായി വാളാൽ കൊല്ലപ്പെട്ടവരോടുകൂടെ കിടക്കുകയും കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ലജ്ജ വഹിക്കുകയും ചെയ്യുന്നു.
31 “ഫറവോനും അവന്റെ സകലസൈന്യവും അവരെ കാണും. വാൾകൊണ്ടു കൊല്ലപ്പെട്ട തന്റെ കവർച്ചസംഘത്തെപ്പറ്റി അവന് ആശ്വാസം ലഭിക്കുമെന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
൩൧അവരെ ഫറവോൻ കണ്ട് തന്റെ സകലപുരുഷാരത്തെയും കുറിച്ച് ആശ്വസിക്കും; ഫറവോനും അവന്റെ സകലസൈന്യവും വാളാൽ കൊല്ലപ്പെട്ടവരായിരിക്കുന്നു” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
32 ജീവനുള്ളവരുടെ ദേശത്ത് ഞാനാണല്ലോ ഭീതിപരത്തിയത്. അങ്ങനെ ഫറവോനും അവന്റെ കവർച്ചസംഘംമുഴുവനും വാളാൽ കൊല്ലപ്പെട്ട അപരിച്ഛേദിതരുടെ മധ്യത്തിൽ കിടക്കുമെന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.”
൩൨“ഞാനല്ലയോ അവന്റെ ഭീതി ജീവനുള്ളവരുടെ ദേശത്തു പരത്തിയത്; ഫറവോനും അവന്റെ പുരുഷാരമെല്ലാം വാളാൽ കൊല്ലപ്പെട്ടവരോടുകൂടി അഗ്രചർമ്മികളുടെ കൂട്ടത്തിൽ കിടക്കേണ്ടിവരും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.