< യെഹെസ്കേൽ 28 >

1 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:
2 “മനുഷ്യപുത്രാ, സോരിലെ ഭരണാധികാരിയോടു പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “‘നിന്റെ ഹൃദയത്തിലെ നിഗളത്തിൽ, “ഞാൻ ദൈവമാകുന്നു; സമുദ്രമധ്യേ ഞാൻ ദൈവത്തിന്റെ സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നു,” എന്നും നീ അവകാശപ്പെടുന്നു. എന്നാൽ ദൈവത്തെപ്പോലെ ജ്ഞാനിയെന്ന് നീ നിന്നെക്കുറിച്ചു ചിന്തിക്കുന്നെങ്കിലും, നീ ഒരു ദേവനല്ല കേവലം മനുഷ്യനത്രേ.
“മനുഷ്യപുത്രാ, നീ സോർപ്രഭുവിനോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിന്റെ ഹൃദയം നിഗളിച്ചുപോയി; നീ ദൈവമല്ല മനുഷ്യൻ മാത്രമാകുമ്പോൾ: ‘ഞാൻ ദൈവമാകുന്നു; ഞാൻ സമുദ്രമദ്ധ്യത്തിൽ ദൈവസിംഹാസനത്തിൽ ഇരിക്കുന്നു’ എന്ന് പറഞ്ഞു.
3 നീ ദാനീയേലിനെക്കാളും ജ്ഞാനിയോ? ഒരു രഹസ്യവും നിനക്കു മറഞ്ഞിരിക്കുന്നില്ലേ?
നീ ദൈവഭാവം നടിച്ചതുകൊണ്ട് - നീ ദാനീയേലിലും ജ്ഞാനിയോ? നീ അറിയാത്തവിധം മറച്ചുവയ്ക്കാകുന്ന ഒരു രഹസ്യവുമില്ലയോ?
4 നിന്റെ ജ്ഞാനവും വിവേകവുംനിമിത്തം നീ നിനക്കുവേണ്ടി സമ്പത്തു നേടുകയും നിന്റെ ഭണ്ഡാരങ്ങളിൽ സ്വർണവും വെള്ളിയും വർധിപ്പിക്കുകയും ചെയ്തിരിക്കുന്നു.
നിന്റെ ജ്ഞാനംകൊണ്ടും വിവേകംകൊണ്ടും നീ ധനം സമ്പാദിച്ച് പൊന്നും വെള്ളിയും നിന്റെ ഭണ്ഡാരത്തിൽ സംഗ്രഹിച്ചുവച്ചു;
5 വ്യാപാരത്തിൽ നിനക്കുള്ള വൈദഗ്ദ്ധ്യം നിമിത്തം നീ നിന്റെ സമ്പത്തു വർധിപ്പിച്ചു; നിന്റെ സമ്പത്തുനിമിത്തം നിന്റെ ഹൃദയം നിഗളിച്ചിരിക്കുന്നു.
നീ മഹാജ്ഞാനംകൊണ്ട് കച്ചവടത്താൽ ധനം വർദ്ധിപ്പിച്ചു; നിന്റെ ഹൃദയം ധനംനിമിത്തം ഗർവ്വിച്ചുമിരിക്കുന്നു” -
6 “‘അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “‘നീ ജ്ഞാനി എന്ന്, ഒരു ദേവനെപ്പോലെ ജ്ഞാനിയെന്നു കരുതുന്നതുമൂലവും,
അതുകൊണ്ട് തന്നെ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
7 ഞാൻ രാഷ്ട്രങ്ങളിൽവെച്ച് ഏറ്റവും നിഷ്ഠുരരായ വിദേശികളെ നിങ്ങൾക്കെതിരേ വരുത്തും; അവർ നിന്റെ സൗന്ദര്യത്തിനും ജ്ഞാനത്തിനുമെതിരേ വാൾ പ്രയോഗിച്ച് നിന്റെ ഉജ്ജ്വലപ്രതാപത്തെ കുത്തിത്തുളയ്ക്കും.
നീ ദൈവഭാവം നടിക്കുകയാൽ ഞാൻ ജനതകളിൽ ഉഗ്രന്മാരായ അന്യജാതിക്കാരെ നിന്റെനേരെ വരുത്തും; അവർ നിന്റെ ജ്ഞാനത്തിന്റെ മനോഹാരിതയ്ക്കു നേരെ വാളൂരി നിന്റെ പ്രഭയെ അശുദ്ധമാക്കും.
8 അവർ നിന്നെ കുഴിയിലേക്കു തള്ളിയിടും, സമുദ്രമധ്യേയുള്ള നിന്റെ മരണം ഭയാനകമായ ഒന്നായിരിക്കും.
അവർ നിന്നെ കുഴിയിൽ ഇറങ്ങുമാറാക്കും; നീ സമുദ്രമദ്ധ്യത്തിൽ നിഹതന്മാരെപ്പോലെ മരിക്കും.
9 അപ്പോൾ നിന്നെ കൊല്ലുന്നവരുടെമുമ്പിൽ “ഞാൻ ദേവൻ ആകുന്നു,” എന്നു നീ പറയുമോ? നിന്നെ സംഹരിക്കുന്നവരുടെ കൈക്കീഴിൽ നീ ദേവനല്ല, ഒരു മനുഷ്യൻമാത്രമായിരിക്കും.
നിന്നെ കൊല്ലുന്നവന്റെ കയ്യിൽ നീ ദൈവമല്ല, മനുഷ്യൻ മാത്രം ആയിരിക്കുമ്പോൾ, നിന്നെ കൊല്ലുന്നവന്റെ മുമ്പിൽ: ‘ഞാൻ ദൈവം’ എന്ന് നീ പറയുമോ?
10 വിദേശീയരുടെ കൈകളാൽ നീ പരിച്ഛേദനം ഏൽക്കാത്തവരെപ്പോലെ മരിക്കും. ഞാൻ കൽപ്പിച്ചിരിക്കുന്നു, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.’”
൧൦അന്യദേശക്കാരുടെ കൈകൊണ്ട് നീ അഗ്രചർമ്മികളെപ്പോലെ മരിക്കും; ഞാൻ അത് കല്പിച്ചിരിക്കുന്നു” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
11 യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി:
൧൧യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:
12 “മനുഷ്യപുത്രാ, സോർരാജാവിനെക്കുറിച്ച് ഒരു വിലാപഗീതം പാടി അവനോട് പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “‘നീ പരിപൂർണതയുടെ മാതൃകയായിരുന്നു, ജ്ഞാനസമ്പൂർണനും തികഞ്ഞ സൗന്ദര്യം ഉള്ളവനുംതന്നെ.
൧൨“മനുഷ്യപുത്രാ, നീ സോർരാജാവിനെക്കുറിച്ച് ഒരു വിലാപം തുടങ്ങി അവനോട് പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു! ‘നീ പരിപൂർണ്ണതയുടെ മുദ്രയാകുന്നു; നീ ജ്ഞാനസമ്പൂർണ്ണനും സൗന്ദര്യസമ്പൂർണ്ണനും തന്നെ.
13 നീ ദൈവത്തിന്റെ തോട്ടമായ ഏദെനിൽ ആയിരുന്നു; ചെമന്നരത്നം, പീതരത്നം, വജ്രം, പുഷ്യരാഗം, ഗോമേദകം, സൂര്യകാന്തം, നീലക്കല്ല്, മാണിക്യം, മരതകം എന്നിങ്ങനെയുള്ള എല്ലാ വിശിഷ്ടരത്നങ്ങളാലും നീ അലങ്കരിക്കപ്പെട്ടിരിക്കുന്നു. നിന്നെ നിർമിച്ചനാളിൽത്തന്നെ അവയെല്ലാം ഒരുക്കപ്പെട്ടിരുന്നു നിന്റെ ആഭരണങ്ങളും അലങ്കാരവസ്തുക്കളും സ്വർണനിർമിതവുമായിരുന്നു.
൧൩നീ ദൈവത്തിന്റെ തോട്ടമായ ഏദെനിൽ ആയിരുന്നു; താമ്രമണി, പീതരത്നം, വജ്രം, പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം, നീലക്കല്ല്, മാണിക്യം, മരതകം മുതലായ സകലരത്നങ്ങളും നിന്നെ മൂടിയിരുന്നു; നിന്നെ നിർമ്മിച്ചനാളിൽ നിന്റെ തംബുരുവിന്റെയും പുല്ലാംകുഴലിന്റെയും പണി പൊന്നുകൊണ്ടുള്ളതായിരുന്നു.
14 നീ അഭിഷിക്തനും സംരക്ഷകനുമായ കെരൂബ് ആയിരുന്നു; കാരണം, അതായിരുന്നു നിന്റെ നിയോഗം. നീ ദൈവത്തിന്റെ വിശുദ്ധപർവതത്തിൽ ആയിരുന്നു; നീ ആഗ്നേയരഥങ്ങളുടെ മധ്യേ സഞ്ചരിച്ചുപോന്നു.
൧൪നീ ചിറകുവിടർത്തി മറയ്ക്കുന്ന കെരൂബ് ആകുന്നു; ഞാൻ നിന്നെ വിശുദ്ധദേവപർവ്വതത്തിൽ ഇരുത്തിയിരുന്നു; നീ അഗ്നിമയരഥങ്ങളുടെ മദ്ധ്യത്തിൽ സഞ്ചരിച്ചുപോന്നു.
15 നിന്നെ സൃഷ്ടിച്ച ദിവസംമുതൽ നിന്നിൽ ദുഷ്ടത കണ്ടെത്തുംവരെ നിന്റെ നടപ്പിൽ നീ നിഷ്കളങ്കനായിരുന്നു.
൧൫നിന്നെ സൃഷ്ടിച്ച നാൾമുതൽ നിന്നിൽ നീതികേട് കണ്ടതുവരെ നീ നടപ്പിൽ നിഷ്കളങ്കനായിരുന്നു.
16 നിന്റെ വ്യാപാരത്തിന്റെ ബാഹുല്യംനിമിത്തം നിന്റെ അന്തരംഗം അക്രമത്താൽ നിറഞ്ഞു, അങ്ങനെ നീ പാപംചെയ്തു. അതിനാൽ ഞാൻ ദൈവത്തിന്റെ പർവതത്തിൽനിന്ന് നിന്നെ അശുദ്ധനെന്ന് എണ്ണി പുറത്താക്കിക്കളഞ്ഞു. സംരക്ഷകനായ കെരൂബേ, ഞാൻ നിന്നെ ആഗ്നേയരഥങ്ങളുടെ മധ്യേനിന്ന് നിഷ്കാസനംചെയ്തു.
൧൬നിന്റെ വ്യാപാരത്തിന്റെ പെരുപ്പംനിമിത്തം നിന്റെ അന്തർഭാഗം സാഹസംകൊണ്ടു നിറഞ്ഞ് നീ പാപംചെയ്തു; അതുകൊണ്ട് ഞാൻ നിന്നെ ‘അശുദ്ധൻ’ എന്ന് എണ്ണി ദേവപർവ്വതത്തിൽ നിന്ന് തള്ളിക്കളഞ്ഞു; മറയ്ക്കുന്ന കെരൂബേ, ഞാൻ നിന്നെ അഗ്നിമയരഥങ്ങളുടെ മദ്ധ്യത്തിൽനിന്ന് നശിപ്പിച്ചുകളഞ്ഞു.
17 നിന്റെ സൗന്ദര്യം നിമിത്തം നിന്റെ ഹൃദയം നിഗളിച്ചു; നിന്റെ തേജസ്സുനിമിത്തം നിന്റെ ജ്ഞാനത്തെ നീ ദുഷിപ്പിച്ചു. തന്മൂലം ഞാൻ നിന്നെ ഭൂമിയിലേക്ക് എറിഞ്ഞുകളഞ്ഞു. രാജാക്കന്മാരുടെമുമ്പിൽ ഞാൻ നിന്നെ ഒരു പ്രദർശന വസ്തുവാക്കിത്തീർത്തു.
൧൭നിന്റെ സൗന്ദര്യംനിമിത്തം നിന്റെ ഹൃദയം ഗർവ്വിച്ചു; നിന്റെ പ്രഭനിമിത്തം നീ നിന്റെ ജ്ഞാനത്തെ വഷളാക്കി; ഞാൻ നിന്നെ നിലത്തു തള്ളിയിട്ട്, രാജാക്കന്മാർ നിന്നെ കണ്ടു രസിക്കത്തക്കവണ്ണം നിന്നെ അവരുടെ മുമ്പിൽ ഇട്ടുകളഞ്ഞു.
18 നിന്റെ അനവധിയായ പാപംകൊണ്ടും വ്യാപാരത്തിലെ നീതികേടുകൊണ്ടും നിന്റെ വിശുദ്ധമന്ദിരങ്ങളെ നീ അശുദ്ധമാക്കി. അതിനാൽ നിന്റെ മധ്യത്തിൽനിന്ന് ഞാൻ ഒരു തീ പുറപ്പെടുവിക്കും, അതു നിന്നെ ദഹിപ്പിച്ചുകളഞ്ഞു. നിന്നെ നോക്കിക്കൊണ്ടിരുന്ന എല്ലാവരുടെയും കൺമുന്നിൽവെച്ചുതന്നെ ഞാൻ നിന്നെ ഭസ്മമാക്കി മാറ്റിക്കളയും.
൧൮നിന്റെ അകൃത്യബാഹുല്യംകൊണ്ടും നിന്റെ വ്യാപാരത്തിന്റെ നീതികേടുകൊണ്ടും നീ നിന്റെ വിശുദ്ധമന്ദിരങ്ങളെ അശുദ്ധമാക്കി; അതുകൊണ്ട് ഞാൻ നിന്റെ നടുവിൽനിന്ന് ഒരു തീ പുറപ്പെടുവിക്കും; അത് നിന്നെ ദഹിപ്പിച്ചുകളയും; നിന്നെ കാണുന്ന എല്ലാവരുടെയും മുമ്പിൽ ഞാൻ നിന്നെ നിലത്തു ഭസ്മമാക്കിക്കളയും.
19 നിന്നെ അറിഞ്ഞിരുന്ന സകലജനതകളും നിന്നെക്കണ്ടു സ്തബ്ധരാകും; ഒരു ഭീകരമായ അന്ത്യത്തിലേക്കു നീ വന്നെത്തിയിരിക്കുന്നു നീ എന്നേക്കുമായി ഇല്ലാതെയാകും.’”
൧൯ജനതകളിൽ നിന്നെ അറിയുന്നവരെല്ലാവരും നിന്നെ കണ്ടു സ്തംഭിച്ചുപോകും; നിനക്ക് ശീഘ്രനാശം ഭവിച്ചിട്ട് നീ സദാകാലത്തേക്കും ഇല്ലാതെയാകും”.
20 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
൨൦യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
21 “മനുഷ്യപുത്രാ, നിന്റെ മുഖം സീദോന് എതിരേ തിരിച്ച്, അവൾക്കെതിരേ പ്രവചിക്കുക:
൨൧“മനുഷ്യപുത്രാ, നീ സീദോനു നേരെ മുഖംതിരിച്ച് അതിനെക്കുറിച്ച് പ്രവചിച്ചു പറയേണ്ടത്:
22 ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “‘സീദോനേ, ഞാൻ നിനക്ക് എതിരായിരിക്കുന്നു, നിന്റെ മധ്യേ ഞാൻ എന്റെ മഹത്ത്വം വെളിപ്പെടുത്തും. ഞാൻ നിന്നിൽ ശിക്ഷ നടപ്പാക്കുമ്പോഴും നിങ്ങളുടെ മധ്യത്തിൽ ഞാൻ വിശുദ്ധൻ എന്നു തെളിയിക്കുമ്പോഴും ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.
൨൨യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘സീദോനേ, ഞാൻ നിനക്ക് വിരോധമായിരിക്കുന്നു; ഞാൻ നിന്റെ നടുവിൽ എന്നെത്തന്നെ മഹത്വീകരിക്കും; ഞാൻ അതിൽ ന്യായവിധികൾ നടത്തി എന്നെത്തന്നെ വിശുദ്ധീകരിക്കുമ്പോൾ ഞാൻ യഹോവ എന്ന് അവർ അറിയും.
23 ഞാൻ അതിൽ ഒരു പകർച്ചവ്യാധി വരുത്തി അതിന്റെ തെരുവീഥികളിലൂടെ രക്തം ഒഴുക്കും. എല്ലാ ഭാഗത്തുനിന്നും നിനക്കെതിരേ വരുന്ന വാളിനാൽ നിഹതന്മാരായവർ നിന്റെ മധ്യേ വീഴും. അപ്പോൾ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.
൨൩ഞാൻ അതിൽ പകർച്ചവ്യാധിയും അതിന്റെ വീഥികളിൽ രക്തവും അയയ്ക്കും; എല്ലാഭാഗത്തുനിന്നും അതിന്റെ നേരെ വരുന്ന വാൾകൊണ്ടു നിഹതന്മാരായവർ അതിന്റെ നടുവിൽ വീഴും; ഞാൻ യഹോവ എന്ന് അവർ അറിയും.
24 “‘ഇസ്രായേൽജനത്തിന് ഇനിയൊരിക്കലും വേദനിപ്പിക്കുന്ന പറക്കാരയും മൂർച്ചയുള്ള മുള്ളുകളുമായി വിദ്വേഷം വെച്ചുപുലർത്തുന്ന അയൽക്കാർ ഉണ്ടാകുകയില്ല. ഞാൻ യഹോവയായ കർത്താവ് ആകുന്നു എന്ന് അപ്പോൾ അവർ അറിയും.
൨൪യിസ്രായേൽഗൃഹത്തെ നിന്ദിച്ചവരായി അവരുടെ ചുറ്റുമുള്ള എല്ലാവരിലും നിന്ന് കുത്തുന്ന മുൾച്ചെടിയും നോവിക്കുന്ന മുള്ളും ഇനി അവർക്കുണ്ടാകുകയില്ല; ഞാൻ യഹോവയായ കർത്താവ് എന്ന് അവർ അറിയും”.
25 “‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേൽജനത്തെ അവർ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്ന് ഞാൻ കൂട്ടിച്ചേർക്കുമ്പോൾ രാജ്യങ്ങളുടെ ദൃഷ്ടിയിൽ ഞാൻ എന്നെത്തന്നെ വിശുദ്ധീകരിക്കും. അപ്പോൾ അവർ ഞാൻ എന്റെ ദാസനായ യാക്കോബിനു കൊടുത്ത അവരുടെ സ്വന്തം ദേശത്തുപാർക്കും.
൨൫യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ യിസ്രായേൽഗൃഹത്തെ അവർ ചിതറിപ്പോയിരിക്കുന്ന ജനതകളുടെ ഇടയിൽനിന്ന് ശേഖരിച്ചു. ജനതകളുടെ കണ്മുമ്പിൽ എന്നെത്തന്നെ അവരിൽ വിശുദ്ധീകരിക്കുമ്പോൾ, ഞാൻ എന്റെ ദാസനായ യാക്കോബിനു കൊടുത്ത ദേശത്ത് അവർ വസിക്കും.
26 അവർ അവിടെ സുരക്ഷിതരായി താമസിച്ച് വീടുകളും മുന്തിരിത്തോപ്പുകളും ഉണ്ടാക്കും. അവരോട് വിദ്വേഷം വെച്ചുപുലർത്തിയ അവരുടെ എല്ലാ അയൽക്കാർക്കും ഞാൻ ശിക്ഷാവിധി നൽകുമ്പോൾ അവർ നിർഭയരായി വസിക്കും. അപ്പോൾ ഞാൻ അവരുടെ ദൈവമായ യഹോവ ആകുന്നു എന്ന് അവർ അറിയും.’”
൨൬അവർ അതിൽ നിർഭയമായി വസിക്കും; അതെ, അവർ വീടുകൾ പണിത് മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കും; അവരെ നിന്ദിക്കുന്ന അവരുടെ ചുറ്റുമുള്ള എല്ലാവരിലും ഞാൻ ന്യായവിധി നടത്തുമ്പോൾ അവർ നിർഭയമായി വസിക്കും; ഞാൻ അവരുടെ ദൈവമായ യഹോവ എന്ന് അവർ അറിയും”.

< യെഹെസ്കേൽ 28 >