< യെഹെസ്കേൽ 28 >
1 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
2 “മനുഷ്യപുത്രാ, സോരിലെ ഭരണാധികാരിയോടു പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “‘നിന്റെ ഹൃദയത്തിലെ നിഗളത്തിൽ, “ഞാൻ ദൈവമാകുന്നു; സമുദ്രമധ്യേ ഞാൻ ദൈവത്തിന്റെ സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നു,” എന്നും നീ അവകാശപ്പെടുന്നു. എന്നാൽ ദൈവത്തെപ്പോലെ ജ്ഞാനിയെന്ന് നീ നിന്നെക്കുറിച്ചു ചിന്തിക്കുന്നെങ്കിലും, നീ ഒരു ദേവനല്ല കേവലം മനുഷ്യനത്രേ.
3 നീ ദാനീയേലിനെക്കാളും ജ്ഞാനിയോ? ഒരു രഹസ്യവും നിനക്കു മറഞ്ഞിരിക്കുന്നില്ലേ?
4 നിന്റെ ജ്ഞാനവും വിവേകവുംനിമിത്തം നീ നിനക്കുവേണ്ടി സമ്പത്തു നേടുകയും നിന്റെ ഭണ്ഡാരങ്ങളിൽ സ്വർണവും വെള്ളിയും വർധിപ്പിക്കുകയും ചെയ്തിരിക്കുന്നു.
5 വ്യാപാരത്തിൽ നിനക്കുള്ള വൈദഗ്ദ്ധ്യം നിമിത്തം നീ നിന്റെ സമ്പത്തു വർധിപ്പിച്ചു; നിന്റെ സമ്പത്തുനിമിത്തം നിന്റെ ഹൃദയം നിഗളിച്ചിരിക്കുന്നു.
6 “‘അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “‘നീ ജ്ഞാനി എന്ന്, ഒരു ദേവനെപ്പോലെ ജ്ഞാനിയെന്നു കരുതുന്നതുമൂലവും,
7 ഞാൻ രാഷ്ട്രങ്ങളിൽവെച്ച് ഏറ്റവും നിഷ്ഠുരരായ വിദേശികളെ നിങ്ങൾക്കെതിരേ വരുത്തും; അവർ നിന്റെ സൗന്ദര്യത്തിനും ജ്ഞാനത്തിനുമെതിരേ വാൾ പ്രയോഗിച്ച് നിന്റെ ഉജ്ജ്വലപ്രതാപത്തെ കുത്തിത്തുളയ്ക്കും.
8 അവർ നിന്നെ കുഴിയിലേക്കു തള്ളിയിടും, സമുദ്രമധ്യേയുള്ള നിന്റെ മരണം ഭയാനകമായ ഒന്നായിരിക്കും.
9 അപ്പോൾ നിന്നെ കൊല്ലുന്നവരുടെമുമ്പിൽ “ഞാൻ ദേവൻ ആകുന്നു,” എന്നു നീ പറയുമോ? നിന്നെ സംഹരിക്കുന്നവരുടെ കൈക്കീഴിൽ നീ ദേവനല്ല, ഒരു മനുഷ്യൻമാത്രമായിരിക്കും.
10 വിദേശീയരുടെ കൈകളാൽ നീ പരിച്ഛേദനം ഏൽക്കാത്തവരെപ്പോലെ മരിക്കും. ഞാൻ കൽപ്പിച്ചിരിക്കുന്നു, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.’”
11 യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി:
12 “മനുഷ്യപുത്രാ, സോർരാജാവിനെക്കുറിച്ച് ഒരു വിലാപഗീതം പാടി അവനോട് പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “‘നീ പരിപൂർണതയുടെ മാതൃകയായിരുന്നു, ജ്ഞാനസമ്പൂർണനും തികഞ്ഞ സൗന്ദര്യം ഉള്ളവനുംതന്നെ.
13 നീ ദൈവത്തിന്റെ തോട്ടമായ ഏദെനിൽ ആയിരുന്നു; ചെമന്നരത്നം, പീതരത്നം, വജ്രം, പുഷ്യരാഗം, ഗോമേദകം, സൂര്യകാന്തം, നീലക്കല്ല്, മാണിക്യം, മരതകം എന്നിങ്ങനെയുള്ള എല്ലാ വിശിഷ്ടരത്നങ്ങളാലും നീ അലങ്കരിക്കപ്പെട്ടിരിക്കുന്നു. നിന്നെ നിർമിച്ചനാളിൽത്തന്നെ അവയെല്ലാം ഒരുക്കപ്പെട്ടിരുന്നു നിന്റെ ആഭരണങ്ങളും അലങ്കാരവസ്തുക്കളും സ്വർണനിർമിതവുമായിരുന്നു.
14 നീ അഭിഷിക്തനും സംരക്ഷകനുമായ കെരൂബ് ആയിരുന്നു; കാരണം, അതായിരുന്നു നിന്റെ നിയോഗം. നീ ദൈവത്തിന്റെ വിശുദ്ധപർവതത്തിൽ ആയിരുന്നു; നീ ആഗ്നേയരഥങ്ങളുടെ മധ്യേ സഞ്ചരിച്ചുപോന്നു.
15 നിന്നെ സൃഷ്ടിച്ച ദിവസംമുതൽ നിന്നിൽ ദുഷ്ടത കണ്ടെത്തുംവരെ നിന്റെ നടപ്പിൽ നീ നിഷ്കളങ്കനായിരുന്നു.
16 നിന്റെ വ്യാപാരത്തിന്റെ ബാഹുല്യംനിമിത്തം നിന്റെ അന്തരംഗം അക്രമത്താൽ നിറഞ്ഞു, അങ്ങനെ നീ പാപംചെയ്തു. അതിനാൽ ഞാൻ ദൈവത്തിന്റെ പർവതത്തിൽനിന്ന് നിന്നെ അശുദ്ധനെന്ന് എണ്ണി പുറത്താക്കിക്കളഞ്ഞു. സംരക്ഷകനായ കെരൂബേ, ഞാൻ നിന്നെ ആഗ്നേയരഥങ്ങളുടെ മധ്യേനിന്ന് നിഷ്കാസനംചെയ്തു.
17 നിന്റെ സൗന്ദര്യം നിമിത്തം നിന്റെ ഹൃദയം നിഗളിച്ചു; നിന്റെ തേജസ്സുനിമിത്തം നിന്റെ ജ്ഞാനത്തെ നീ ദുഷിപ്പിച്ചു. തന്മൂലം ഞാൻ നിന്നെ ഭൂമിയിലേക്ക് എറിഞ്ഞുകളഞ്ഞു. രാജാക്കന്മാരുടെമുമ്പിൽ ഞാൻ നിന്നെ ഒരു പ്രദർശന വസ്തുവാക്കിത്തീർത്തു.
18 നിന്റെ അനവധിയായ പാപംകൊണ്ടും വ്യാപാരത്തിലെ നീതികേടുകൊണ്ടും നിന്റെ വിശുദ്ധമന്ദിരങ്ങളെ നീ അശുദ്ധമാക്കി. അതിനാൽ നിന്റെ മധ്യത്തിൽനിന്ന് ഞാൻ ഒരു തീ പുറപ്പെടുവിക്കും, അതു നിന്നെ ദഹിപ്പിച്ചുകളഞ്ഞു. നിന്നെ നോക്കിക്കൊണ്ടിരുന്ന എല്ലാവരുടെയും കൺമുന്നിൽവെച്ചുതന്നെ ഞാൻ നിന്നെ ഭസ്മമാക്കി മാറ്റിക്കളയും.
19 നിന്നെ അറിഞ്ഞിരുന്ന സകലജനതകളും നിന്നെക്കണ്ടു സ്തബ്ധരാകും; ഒരു ഭീകരമായ അന്ത്യത്തിലേക്കു നീ വന്നെത്തിയിരിക്കുന്നു നീ എന്നേക്കുമായി ഇല്ലാതെയാകും.’”
20 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
21 “മനുഷ്യപുത്രാ, നിന്റെ മുഖം സീദോന് എതിരേ തിരിച്ച്, അവൾക്കെതിരേ പ്രവചിക്കുക:
22 ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “‘സീദോനേ, ഞാൻ നിനക്ക് എതിരായിരിക്കുന്നു, നിന്റെ മധ്യേ ഞാൻ എന്റെ മഹത്ത്വം വെളിപ്പെടുത്തും. ഞാൻ നിന്നിൽ ശിക്ഷ നടപ്പാക്കുമ്പോഴും നിങ്ങളുടെ മധ്യത്തിൽ ഞാൻ വിശുദ്ധൻ എന്നു തെളിയിക്കുമ്പോഴും ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.
23 ഞാൻ അതിൽ ഒരു പകർച്ചവ്യാധി വരുത്തി അതിന്റെ തെരുവീഥികളിലൂടെ രക്തം ഒഴുക്കും. എല്ലാ ഭാഗത്തുനിന്നും നിനക്കെതിരേ വരുന്ന വാളിനാൽ നിഹതന്മാരായവർ നിന്റെ മധ്യേ വീഴും. അപ്പോൾ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.
24 “‘ഇസ്രായേൽജനത്തിന് ഇനിയൊരിക്കലും വേദനിപ്പിക്കുന്ന പറക്കാരയും മൂർച്ചയുള്ള മുള്ളുകളുമായി വിദ്വേഷം വെച്ചുപുലർത്തുന്ന അയൽക്കാർ ഉണ്ടാകുകയില്ല. ഞാൻ യഹോവയായ കർത്താവ് ആകുന്നു എന്ന് അപ്പോൾ അവർ അറിയും.
25 “‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേൽജനത്തെ അവർ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്ന് ഞാൻ കൂട്ടിച്ചേർക്കുമ്പോൾ രാജ്യങ്ങളുടെ ദൃഷ്ടിയിൽ ഞാൻ എന്നെത്തന്നെ വിശുദ്ധീകരിക്കും. അപ്പോൾ അവർ ഞാൻ എന്റെ ദാസനായ യാക്കോബിനു കൊടുത്ത അവരുടെ സ്വന്തം ദേശത്തുപാർക്കും.
26 അവർ അവിടെ സുരക്ഷിതരായി താമസിച്ച് വീടുകളും മുന്തിരിത്തോപ്പുകളും ഉണ്ടാക്കും. അവരോട് വിദ്വേഷം വെച്ചുപുലർത്തിയ അവരുടെ എല്ലാ അയൽക്കാർക്കും ഞാൻ ശിക്ഷാവിധി നൽകുമ്പോൾ അവർ നിർഭയരായി വസിക്കും. അപ്പോൾ ഞാൻ അവരുടെ ദൈവമായ യഹോവ ആകുന്നു എന്ന് അവർ അറിയും.’”