< യെഹെസ്കേൽ 11 >
1 അതിനുശേഷം ആത്മാവ് എന്നെ എടുത്ത് യഹോവയുടെ ആലയത്തിന്റെ കിഴക്കോട്ടു മുഖമുള്ള കിഴക്കേകവാടത്തിൽ കൊണ്ടുവന്നു. അവിടെ ദൈവാലയത്തിന്റെ പ്രവേശനകവാടത്തിൽ ഇരുപത്തിയഞ്ചു പുരുഷന്മാർ ഉണ്ടായിരുന്നു. അവരിൽ ജനത്തിന്റെ നേതാക്കളായ അസ്സൂരിന്റെ മകനായ യയസന്യാവിനെയും ബെനായാവിന്റെ മകനായ പെലത്യാവിനെയും ഞാൻ കണ്ടു.
൧അനന്തരം ആത്മാവ് എന്നെ എടുത്ത് യഹോവയുടെ ആലയത്തിൽ കിഴക്കോട്ടു ദർശനമുള്ള കിഴക്കെ പടിവാതില്ക്കൽ കൊണ്ടുപോയി; പടിവാതിലിന്റെ പ്രവേശനകവാടത്തിൽ ഞാൻ ഇരുപത്തഞ്ച് പുരുഷന്മാരെയും അവരുടെ നടുവിൽ ജനത്തിന്റെ പ്രഭുക്കന്മാരായ അസ്സൂരിന്റെ മകൻ യയസന്യാവിനെയും ബെനായാവിന്റെ മകൻ പെലത്യാവിനെയും കണ്ടു.
2 യഹോവ എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, ഈ പട്ടണത്തിൽ ദുഷ്ടതനിറഞ്ഞ നിർദേശങ്ങൾ നൽകിക്കൊണ്ട് ഗൂഢാലോചന നടത്തുന്ന പുരുഷന്മാരാണ് ഇവർ.
൨അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, ഇവർ ഈ നഗരത്തിൽ നീതികേട് നിരൂപിച്ച് ദുരാലോചന കഴിക്കുന്ന പുരുഷന്മാരാകുന്നു.
3 ‘നമ്മുടെ വീടുകൾ അടുത്തിടെയല്ലേ പുതുക്കിപ്പണിതത്? ഈ പട്ടണം ഒരു കുട്ടകവും നാം അതിനുള്ളിലെ മാംസവും ആണല്ലോ,’ എന്ന് അവർ പറയുന്നു.
൩‘വീടുകൾ പണിയുവാൻ സമയം അടുത്തിട്ടില്ല; ഈ നഗരം കുട്ടകവും നാം മാംസവുമാകുന്നു’ എന്ന് അവർ പറയുന്നു.
4 അതുകൊണ്ട് അവർക്കെതിരായി പ്രവചിക്കുക; മനുഷ്യപുത്രാ, പ്രവചിക്കുക.”
൪അതുകൊണ്ട് അവരെക്കുറിച്ചു പ്രവചിക്കുക, മനുഷ്യപുത്രാ, പ്രവചിക്കുക” എന്ന് കല്പിച്ചു.
5 അപ്പോൾ യഹോവയുടെ ആത്മാവ് എന്റെമേൽ വന്നു. അവിടന്ന് എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “നീ ഇപ്രകാരം പറയുക: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേലിലെ നേതാക്കന്മാരേ, നിങ്ങൾ ഇങ്ങനെ ചിന്തിക്കുന്നു; നിങ്ങളുടെ ചിന്തകൾ ഞാൻ അറിയുന്നു.
൫അപ്പോൾ യഹോവയുടെ ആത്മാവ് എന്റെ മേൽ വന്ന് എന്നോട് കല്പിച്ചത്: “നീ പറയേണ്ടത് എന്തെന്നാൽ: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ ഗൃഹമേ, നിങ്ങൾ ഇപ്രകാരം പറഞ്ഞിരിക്കുന്നു; നിങ്ങളുടെ മനസ്സിൽ തോന്നുന്ന കാര്യങ്ങളും ഞാൻ അറിയുന്നു.
6 ഈ പട്ടണത്തിലെ നിരവധി ആളുകളെ നിങ്ങൾ വധിച്ചു; അവരെക്കൊണ്ട് അതിന്റെ തെരുവീഥികൾ നിറച്ചിരിക്കുന്നു.
൬നിങ്ങൾ ഈ നഗരത്തിൽ നിഹതന്മാരെ വർദ്ധിപ്പിച്ച് വീഥികളെ നിഹതന്മാരെക്കൊണ്ടു നിറച്ചുമിരിക്കുന്നു.
7 “അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ പട്ടണത്തിന്റെ നടുവിൽ നിങ്ങൾ വീഴ്ത്തിയ നിഹതന്മാർ മാംസവും ഈ പട്ടണം കുട്ടകവുമാകുന്നു. ഞാനോ, നിങ്ങളെ അതിൽനിന്ന് പുറത്തുവരുത്തും.
൭അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ഈ നഗരത്തിന്റെ നടുവിൽ വീഴ്ത്തിയ നിഹതന്മാർ മാംസവും ഈ നഗരം കുട്ടകവും ആകുന്നു; എന്നാൽ നിങ്ങളെ ഞാൻ അതിന്റെ നടുവിൽനിന്ന് പുറപ്പെടുവിക്കും.
8 നിങ്ങൾ വാളിനെ ഭയപ്പെട്ടു; അതിനാൽ ഞാൻ നിങ്ങളുടെമേൽ വാൾ അയയ്ക്കുമെന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
൮നിങ്ങൾ വാളിനെ പേടിക്കുന്നു; വാളിനെ തന്നെ ഞാൻ നിങ്ങളുടെനേരെ വരുത്തും” എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
9 ഞാൻ നിങ്ങളെ നഗരമധ്യത്തിൽനിന്നു പുറത്തുകൊണ്ടുവരും. ഞാൻ നിങ്ങളെ വിദേശികളുടെ കൈയിൽ ഏൽപ്പിച്ച് നിങ്ങളുടെമേൽ ന്യായവിധി വരുത്തും.
൯ഞാൻ നിങ്ങളെ അതിന്റെ നടുവിൽനിന്നു പുറപ്പെടുവിച്ച് അന്യന്മാരുടെ കയ്യിൽ ഏല്പിച്ച് നിങ്ങളുടെ ഇടയിൽ ന്യായവിധി നടത്തും.
10 നിങ്ങൾ വാളാൽ വീഴും; ഇസ്രായേലിന്റെ അതിർത്തിയിൽവെച്ച് ഞാൻ നിങ്ങളെ ന്യായംവിധിക്കും. അങ്ങനെ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.
൧൦നിങ്ങൾ വാളാൽ വീഴും; യിസ്രായേലിന്റെ അതിർത്തിയിൽവച്ച് ഞാൻ നിങ്ങളെ ന്യായംവിധിക്കും; ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും.
11 ഈ പട്ടണം നിങ്ങൾക്ക് ഒരു കുട്ടകം ആയിരിക്കുകയില്ല; നിങ്ങൾ അതിനുള്ളിലെ മാംസവും ആകുകയില്ല. എന്നാൽ ഇസ്രായേലിന്റെ അതിർത്തിയിൽവെച്ചു ഞാൻ നിങ്ങളെ ന്യായംവിധിക്കും.
൧൧ഈ നഗരം നിങ്ങൾക്ക് കുട്ടകം ആയിരിക്കുകയില്ല; നിങ്ങൾ അതിനകത്ത് മാംസവും ആയിരിക്കുകയില്ല; യിസ്രായേലിന്റെ അതിർത്തിയിൽവച്ചു തന്നെ ഞാൻ നിങ്ങളെ ന്യായംവിധിക്കും.
12 അങ്ങനെ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും; കാരണം നിങ്ങൾ എന്റെ ഉത്തരവുകൾ പാലിക്കുകയോ എന്റെ നിയമങ്ങൾ അനുസരിക്കുകയോ ചെയ്യാതെ നിങ്ങൾക്കു ചുറ്റുമുള്ള രാഷ്ട്രങ്ങളുടെ ആദർശങ്ങൾ അനുവർത്തിക്കുകയാണ് നിങ്ങൾ ചെയ്തത്.”
൧൨എന്റെ ചട്ടങ്ങളിൽ നടക്കുകയോ എന്റെ ന്യായങ്ങളെ ആചരിക്കുകയോ ചെയ്യാതെ, ചുറ്റുമുള്ള ജനതകളുടെ ന്യായങ്ങളെ പ്രമാണിച്ചുനടന്ന നിങ്ങൾ, ഞാൻ യഹോവ എന്ന് അറിയും”.
13 ഞാൻ പ്രവചിച്ചുകൊണ്ടിരിക്കെ ബെനായാവിന്റെ മകനായ പെലത്യാവു മരിച്ചു. അപ്പോൾ ഞാൻ കമിഴ്ന്നുവീണ് ഉച്ചത്തിൽ, “അയ്യോ! യഹോവയായ കർത്താവേ, അങ്ങ് ഇസ്രായേലിന്റെ ശേഷിപ്പിനെ നിശ്ശേഷം നശിപ്പിക്കുമോ” എന്നു നിലവിളിച്ചു.
൧൩ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ബെനായാവിന്റെ മകനായ പെലത്യാവ് മരിച്ചു; അപ്പോൾ ഞാൻ കവിണ്ണുവീണ് ഉറക്കെ നിലവിളിച്ചു: “അയ്യോ, യഹോവയായ കർത്താവേ, യിസ്രായേലിൽ ശേഷിപ്പുള്ളവരെ നീ അശേഷം മുടിച്ചു കളയുമോ” എന്ന് പറഞ്ഞു.
14 അപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
൧൪യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
15 “മനുഷ്യപുത്രാ, ജെറുശലേംനിവാസികൾ നിന്റെ സഹപ്രവാസികളെയും ഇസ്രായേൽജനം മുഴുവനെയുംകുറിച്ച് ഇങ്ങനെ പറയുന്നു: ‘അവർ യഹോവയിൽനിന്നു ദൂരെ പോയിരിക്കുന്നു, ഈ ദേശം നമുക്ക് ഒരവകാശമായി നൽകപ്പെട്ടിരിക്കുന്നു.’
൧൫“മനുഷ്യപുത്രാ, ‘യഹോവയോട് അകന്നുനില്ക്കുവിൻ! ഞങ്ങൾക്കാകുന്നു ഈ ദേശം അവകാശമായി നല്കപ്പെട്ടിരിക്കുന്നത്’ എന്നല്ലയോ യെരൂശലേം നിവാസികൾ, നിന്റെ ചാർച്ചക്കാരായ നിന്റെ സഹോദരന്മാരോടും മുഴുവൻ യിസ്രായേൽ ഗൃഹത്തോടും പറയുന്നത്.
16 “അതിനാൽ നീ പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരെ ദൂരത്ത് ജനതകളുടെ ഇടയിലേക്കു നീക്കിക്കളഞ്ഞുവെങ്കിലും രാജ്യങ്ങളുടെ മധ്യേ അവരെ ചിതറിച്ചെങ്കിലും, അവർ പോയിട്ടുള്ള ദേശങ്ങളിൽ ഞാൻ അൽപ്പനേരത്തേക്ക് അവർക്കൊരു വിശുദ്ധമന്ദിരമായിരുന്നു.’
൧൬അതുകൊണ്ട് നീ പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരെ ദൂരത്ത് ജനതകളുടെ ഇടയിലേക്ക് നീക്കി രാജ്യങ്ങളിൽ ചിതറിച്ചുകളഞ്ഞുവെങ്കിലും, അവർ പോയിരിക്കുന്ന രാജ്യങ്ങളിൽ ഞാൻ അവർക്ക് അല്പകാലത്തേക്ക് ഒരു വിശുദ്ധമന്ദിരമായിരിക്കും”.
17 “അതിനാൽ നീ പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളെ ജനതകളുടെ മധ്യേനിന്നു ശേഖരിക്കുകയും നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്ന് നിങ്ങളെ കൂട്ടിച്ചേർക്കുകയും ചെയ്യും. ഇസ്രായേൽദേശം ഞാൻ നിങ്ങൾക്കു തിരികെത്തരും.’
൧൭“ആകയാൽ നീ പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളെ ജനതകളിൽനിന്ന് ശേഖരിച്ച്, നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്ന് കൂട്ടിച്ചേർത്ത് യിസ്രായേൽദേശം നിങ്ങൾക്ക് തരും.
18 “അവർ അവിടേക്കു മടങ്ങിവരുമ്പോൾ അവരുടെ എല്ലാ മ്ലേച്ഛരൂപങ്ങളും നിന്ദ്യമായ വിഗ്രഹങ്ങളും അവർ അതിൽനിന്നു നീക്കിക്കളയും.
൧൮അവർ അവിടെ വന്ന്, അതിലെ സകല മലിനബിംബങ്ങളെയും മ്ലേച്ഛവിഗ്രഹങ്ങളെയും നീക്കിക്കളയും.
19 അവർ എന്റെ ഉത്തരവുകൾ പാലിച്ച്, എന്റെ നിയമങ്ങൾ അനുസരിച്ചു ജീവിക്കേണ്ടതിന് ഞാൻ അവർക്ക് ഏകാഗ്രമായ ഒരു ഹൃദയം നൽകും. ഞാൻ പുതിയൊരാത്മാവിനെ അവരുടെ ഉള്ളിലാക്കും; കല്ലായ ഹൃദയം അവരിൽനിന്നു നീക്കിക്കളഞ്ഞ് മാംസളമായൊരു ഹൃദയം ഞാൻ അവർക്കു നൽകും. അങ്ങനെ അവർ എന്റെ ജനമായിത്തീരുകയും ഞാൻ അവർക്കു ദൈവമായിരിക്കുകയും ചെയ്യും
൧൯അവർ എന്റെ ചട്ടങ്ങളിൽ നടന്ന് എന്റെ വിധികൾ പ്രമാണിച്ച് ആചരിക്കേണ്ടതിന് ഞാൻ അവർക്ക് വേറൊരു ഹൃദയം നല്കുകയും പുതിയൊരു ആത്മാവിനെ ഉള്ളിൽ ആക്കുകയും ചെയ്യും; കല്ലായുള്ള ഹൃദയം ഞാൻ അവരുടെ ജഡത്തിൽനിന്ന് നീക്കി മാംസമായുള്ള ഹൃദയം അവർക്ക് കൊടുക്കും.
൨൦അവർ എനിക്ക് ജനമായും ഞാൻ അവർക്ക് ദൈവമായും ഇരിക്കും.
21 എന്നാൽ തങ്ങളുടെ ഹൃദയം എല്ലാ മ്ലേച്ഛരൂപങ്ങളിലേക്കും നിന്ദ്യമായ വിഗ്രഹങ്ങളിലേക്കും അർപ്പിക്കുന്നവരുടെ പ്രവൃത്തികൾ അവരുടെ തലമേൽതന്നെ ഞാൻ വരുത്തും എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.”
൨൧എന്നാൽ അവരുടെ മലിനബിംബങ്ങളുടെയും മ്ലേച്ഛവിഗ്രഹങ്ങളുടെയും ഇഷ്ടം അനുസരിച്ച് നടക്കുന്നവർക്ക്, ഞാൻ അവരുടെ നടപ്പിനു തക്കവിധം അവരുടെ തലമേൽ പകരം കൊടുക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
22 പിന്നീട് കെരൂബുകൾ ചിറകുകൾ വിടർത്തി; ചക്രങ്ങളും അവയ്ക്കരികിൽത്തന്നെ ഉണ്ടായിരുന്നു. ഇസ്രായേലിൻദൈവത്തിന്റെ മഹത്ത്വം അവയ്ക്കുമീതേ ഉണ്ടായിരുന്നു.
൨൨അനന്തരം കെരൂബുകൾ ചിറകുവിടർത്തി; ചക്രങ്ങളും അവയോടൊപ്പം ഉണ്ടായിരുന്നു; യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്ത്വവും അവക്കുമീതെ ഉണ്ടായിരുന്നു.
23 യഹോവയുടെ മഹത്ത്വം പട്ടണത്തിന്റെ മധ്യേനിന്ന് ഉയർന്ന്, നഗരത്തിനു കിഴക്കുള്ള പർവതത്തിന്മേൽ നിന്നു.
൨൩യഹോവയുടെ മഹത്വം നഗരത്തിന്റെ നടുവിൽനിന്ന് മുകളിലേക്ക് പൊങ്ങി നഗരത്തിന് കിഴക്കുവശത്തുള്ള പർവ്വതത്തിന്മേൽ നിന്നു.
24 ആത്മാവ് ഒരു ദർശനത്തിൽ എന്നെ ഉയർത്തി ദൈവാത്മാവിനാൽത്തന്നെ ബാബേൽദേശത്തു പ്രവാസികളുടെ അടുക്കലേക്കു കൊണ്ടുവന്നു. പിന്നീട് ഞാൻ കണ്ട ദർശനം എന്റെ കാഴ്ചയ്ക്കു മറഞ്ഞു;
൨൪എന്നാൽ ആത്മാവ് എന്നെ എടുത്ത്, ദർശനത്തിൽ ദൈവാത്മാവിനാൽ തന്നെ, കല്ദയദേശത്ത് പ്രവാസികളുടെ അടുക്കൽ കൊണ്ടുവന്നു; ഞാൻ കണ്ട ദർശനം എന്നെവിട്ടു പൊങ്ങിപ്പോയി.
25 അങ്ങനെ യഹോവ എനിക്കു കാണിച്ചുതന്ന സകലകാര്യങ്ങളും ഞാൻ പ്രവാസികളോടു പറഞ്ഞു.
൨൫ഞാൻ യഹോവ എനിക്ക് വെളിപ്പെടുത്തിയ അവിടുത്തെ സകലവചനങ്ങളും പ്രവാസികളോടു പ്രസ്താവിച്ചു.