< പുറപ്പാട് 7 >

1 അപ്പോൾ യഹോവ മോശയോട് അരുളിച്ചെയ്തു: “ഇതാ, ഞാൻ നിന്നെ ഫറവോനു ദൈവമാക്കിയിരിക്കുന്നു. നിന്റെ സഹോദരനായ അഹരോൻ നിനക്കു പ്രവാചകൻ ആയിരിക്കും.
യഹോവ മോശെയോട് അരുളിച്ചെയ്തത്: “നോക്കു, ഞാൻ നിന്നെ ഫറവോന് ദൈവത്തെപ്പോലെ ആക്കിയിരിക്കുന്നു; നിന്റെ സഹോദരൻ അഹരോൻ നിനക്ക് പ്രവാചകനായിരിക്കും.
2 ഞാൻ നിന്നോടു കൽപ്പിക്കുന്നതെല്ലാം നീ സംസാരിക്കണം; ഇസ്രായേൽമക്കളെ അവന്റെ ദേശത്തുനിന്നു വിട്ടയയ്ക്കണമെന്നു ഫറവോനോട് നിന്റെ സഹോദരനായ അഹരോൻ പറയണം.
ഞാൻ നിന്നോട് കല്പിക്കുന്നതൊക്കെയും നീ പറയണം; നിന്റെ സഹോദരനായ അഹരോൻ യിസ്രായേൽ മക്കളെ തന്റെ ദേശത്തുനിന്ന് വിട്ടയക്കുവാൻ ഫറവോനോട് പറയണം.
3 എന്നാൽ ഞാൻ ഫറവോന്റെ ഹൃദയം കഠിനമാക്കും: ഈജിപ്റ്റിൽ ഞാൻ എന്റെ ചിഹ്നങ്ങളും അത്ഭുതങ്ങളും വർധിപ്പിക്കും.
എന്നാൽ ഞാൻ ഫറവോന്റെ ഹൃദയം കഠിനമാക്കും; ഈജിപ്റ്റിൽ ഞാൻ വളരെ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.
4 എന്നാൽ ഫറവോൻ നിന്റെ വാക്കു കേൾക്കുകയില്ല. ഞാൻ ഈജിപ്റ്റിന്മേൽ കൈവെച്ച് മഹാശിക്ഷാവിധികളോടെ എന്റെ ഗണങ്ങളെ, എന്റെ ജനമായ ഇസ്രായേൽമക്കളെ, ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിക്കും.
ഫറവോൻ നിങ്ങളുടെ വാക്ക് കേൾക്കുകയില്ല; ഞാൻ ഈജിപ്റ്റിന്മേൽ എന്റെ കൈവച്ച് വലിയ ശിക്ഷാവിധികളാൽ എന്റെ ഗണങ്ങളെ, എന്റെ ജനമായ യിസ്രായേൽ മക്കളെ തന്നെ, ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിക്കും.
5 ഈജിപ്റ്റിനെതിരേ കൈനീട്ടി ഇസ്രായേൽമക്കളെ അവരുടെ മധ്യേനിന്നു വിടുവിക്കുമ്പോൾ, ഞാൻ യഹോവ ആകുന്നു എന്ന് ഈജിപ്റ്റുകാർ അറിയും.”
അങ്ങനെ ഞാൻ എന്റെ കൈ ഈജിപ്റ്റിന്മേൽ നീട്ടി, യിസ്രായേൽ മക്കളെ അവരുടെ ഇടയിൽനിന്ന് പുറപ്പെടുവിക്കുമ്പോൾ ഞാൻ യഹോവ എന്ന് ഈജിപ്റ്റുകാർ അറിയും”.
6 മോശയും അഹരോനും യഹോവ തങ്ങളോടു കൽപ്പിച്ചിരുന്നതുപോലെ പ്രവർത്തിച്ചു.
മോശെയും അഹരോനും യഹോവ അവരോട് കല്പിച്ചതുപോലെ ചെയ്തു. അവർ അങ്ങനെ തന്നെ ചെയ്തു.
7 അവർ ഫറവോനോടു സംസാരിക്കുന്ന കാലത്ത് മോശയ്ക്ക് എൺപതും അഹരോന് എൺപത്തിമൂന്നും വയസ്സായിരുന്നു.
അവർ ഫറവോനോട് സംസാരിച്ച കാലത്ത് മോശെയ്ക്ക് എൺപത് വയസ്സും അഹരോന് എൺപത്തിമൂന്ന് വയസ്സും ആയിരുന്നു.
8 യഹോവ മോശയോടും അഹരോനോടും,
യഹോവ മോശെയോടും അഹരോനോടും:
9 “‘നിങ്ങൾ ഒരു അത്ഭുതം കാണിക്കുക’ എന്നു ഫറവോൻ നിങ്ങളോടു പറയുമ്പോൾ, ‘നിന്റെ വടിയെടുത്ത് ഫറവോന്റെയും അയാളുടെ ഉദ്യോഗസ്ഥന്മാരുടെയും മുമ്പാകെ നിലത്തിടുക’ എന്ന് അഹരോനോടു പറയണം, അതൊരു പാമ്പായിത്തീരും” എന്ന് അരുളിച്ചെയ്തു.
“ഫറവോൻ നിങ്ങളോട് ഒരു അത്ഭുതം കാണിക്കുവീൻ” എന്ന് പറഞ്ഞാൽ നീ അഹരോനോട്: ‘നിന്റെ വടി എടുത്ത് ഫറവോന്റെ മുമ്പാകെ നിലത്തിടുക’ എന്ന് പറയണം; അത് ഒരു സർപ്പമായിത്തീരും” എന്ന് കല്പിച്ചു.
10 അങ്ങനെ മോശയും അഹരോനും ഫറവോന്റെ അടുക്കൽ എത്തി, യഹോവ കൽപ്പിച്ചതുപോലെ പ്രവർത്തിച്ചു. അഹരോൻ തന്റെ വടി ഫറവോന്റെയും അയാളുടെ ഉദ്യോഗസ്ഥരുടെയും മുമ്പാകെ നിലത്തിട്ടു, അതൊരു പാമ്പായിത്തീർന്നു.
൧൦അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്ന് യഹോവ അവരോട് കല്പിച്ചത് പോലെ ചെയ്തു. അഹരോൻ തന്റെ വടി ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ നിലത്തിട്ടു; അത് സർപ്പമായിത്തീർന്നു.
11 ഫറവോൻ ജ്ഞാനികളെയും ആഭിചാരകന്മാരെയും വരുത്തി, ഈജിപ്റ്റിലെ മാന്ത്രികന്മാരും തങ്ങളുടെ മന്ത്രവിദ്യയാൽ അതേ പ്രവൃത്തി ചെയ്തു.
൧൧അപ്പോൾ ഫറവോൻ വിദ്വാന്മാരെയും മന്ത്രവാദികളെയും വിളിപ്പിച്ചു; ഈജിപ്റ്റിലെ മന്ത്രവാദികളായ ഇവരും അവരുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു.
12 ഓരോരുത്തനും അവനവന്റെ വടി നിലത്തിടുകയും അതു പാമ്പായിത്തീരുകയും ചെയ്തു. എന്നാൽ അഹരോന്റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു.
൧൨അവർ ഓരോരുത്തൻ അവനവന്റെ വടി നിലത്തിട്ടു; അവയും സർപ്പങ്ങളായിത്തീർന്നു; എന്നാൽ അഹരോന്റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു.
13 എങ്കിലും അയാൾ അവരുടെ വാക്കു കേട്ടില്ല. യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനമായി.
൧൩ഫറവോന്റെ ഹൃദയമോ, യഹോവ അരുളിച്ചെയ്തതുപോലെ കഠിനപ്പെട്ടു; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.
14 അപ്പോൾ യഹോവ മോശയോട് അരുളിച്ചെയ്തു: “ഫറവോന്റെ ഹൃദയം കഠിനമാണ്, ജനത്തെ വിട്ടയയ്ക്കാൻ അവനു മനസ്സില്ല.
൧൪അപ്പോൾ യഹോവ മോശെയോട് അരുളിച്ചെയ്തത്: “ഫറവോന്റെ ഹൃദയം കഠിനപ്പെട്ടിരിക്കുന്നു; ജനത്തെ വിട്ടയക്കുവാൻ അവന് മനസ്സില്ല.
15 രാവിലെ ഫറവോൻ വെള്ളത്തിന്റെ അടുത്തേക്കു പോകുമ്പോൾ നീ അവന്റെ അടുക്കൽ എത്തണം. അവനെ എതിരേൽക്കാൻ നൈലിന്റെ തീരത്തു കാത്തുനിൽക്കണം. പാമ്പായിത്തീർന്ന വടി കൈയിൽ എടുക്കുകയും വേണം.
൧൫രാവിലെ നീ ഫറവോന്റെ അടുക്കൽ ചെല്ലുക; അവൻ വെള്ളത്തിന്റെ അടുക്കൽ ഇറങ്ങിവരും; നീ അവനെ കാണുവാൻ നദീതീരത്ത് നില്‍ക്കണം; സർപ്പങ്ങളായിത്തീർന്ന വടിയും കയ്യിൽ എടുത്തുകൊള്ളണം.
16 പിന്നെ അവനോട് ഇങ്ങനെ പറയുക: ‘എബ്രായരുടെ ദൈവമായ യഹോവ താങ്കളോട് ഇങ്ങനെ പറയാൻ എന്നെ അയച്ചിരിക്കുന്നു: മരുഭൂമിയിൽ എന്നെ ആരാധിക്കേണ്ടതിന് എന്റെ ജനത്തെ വിട്ടയയ്ക്കുക. എന്നാൽ താങ്കൾ ഇതുവരെയും അതു കേട്ടില്ല.
൧൬അവനോട് പറയേണ്ടത് എന്തെന്നാൽ: ‘മരുഭൂമിയിൽ എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക’ എന്ന് കല്പിച്ച് എബ്രായരുടെ ദൈവമായ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചു; നീയോ ഇതുവരെ കേട്ടില്ല.
17 യഹോവയുടെ അരുളപ്പാട് ഇപ്രകാരമാണ്: ഞാൻ യഹോവ എന്നു നീ ഇതിനാൽ അറിയും. എന്റെ കൈയിലിരിക്കുന്ന വടികൊണ്ടു ഞാൻ നൈലിനെ അടിക്കുകയും അതു രക്തമായിത്തീരുകയും ചെയ്യും.
൧൭ഞാൻ യഹോവ എന്ന് നീ ഇതിനാൽ അറിയും എന്നിങ്ങനെ യഹോവ കല്പിക്കുന്നു; ഇതാ, എന്റെ കയ്യിലുള്ള വടികൊണ്ട് ഞാൻ നദിയിലെ വെള്ളത്തിൽ അടിക്കും; അത് രക്തമായിത്തീരും;
18 നൈലിലെ മത്സ്യങ്ങൾ ചത്തൊടുങ്ങും, നദിയിൽനിന്ന് ദുർഗന്ധം വമിക്കും. ഈജിപ്റ്റുകാർക്ക് അതിലെ വെള്ളം കുടിക്കാൻ സാധിക്കാതെവരും.’”
൧൮നദിയിലെ മത്സ്യം ചാകും. നദി നാറും; നദിയിലെ വെള്ളം കുടിക്കുവാൻ ഈജിപ്റ്റുകാർക്ക് അറപ്പ് തോന്നും”.
19 യഹോവ മോശയോട് അരുളിച്ചെയ്തു: “‘നിന്റെ വടിയെടുത്ത് ഈജിപ്റ്റിലെ വെള്ളത്തിന്മേൽ—നദികളുടെയും തോടുകളുടെയുംമേൽ, കുളങ്ങളുടെയും എല്ലാ സംഭരണികളുടെയുംമേൽ—നിന്റെ കൈനീട്ടുക എന്ന് അഹരോനോടു പറയുക. അവ രക്തമായി മാറും.’ ഈജിപ്റ്റിൽ എല്ലായിടത്തും, മരത്തൊട്ടികളിലും കൽഭരണികളിലുംപോലും, രക്തം ഉണ്ടായിരിക്കും.”
൧൯യഹോവ പിന്നെയും മോശെയോട്: “നീ അഹരോനോട് പറയേണ്ടത് എന്തെന്നാൽ: നിന്റെ വടി എടുത്ത് ഈജിപ്റ്റിലെ വെള്ളത്തിന്മേൽ, അവരുടെ നദി, പുഴ, കുളം ഇങ്ങനെ അവരുടെ സകലജലാശയങ്ങളുടെ മേലും നീട്ടുക; അവ രക്തമായിത്തീരും; ഈജിപ്റ്റിൽ എല്ലായിടത്തും മരപ്പാത്രങ്ങളിലും കല്പാത്രങ്ങളിലും രക്തം ഉണ്ടാകും” എന്ന് കല്പിച്ചു.
20 യഹോവ കൽപ്പിച്ചതുപോലെതന്നെ മോശയും അഹരോനും ചെയ്തു. ഫറവോന്റെയും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരുടെയും മുമ്പാകെ അഹരോൻ തന്റെ വടി ഉയർത്തി നൈൽനദിയിലെ വെള്ളത്തിൽ അടിച്ചു. വെള്ളം മുഴുവൻ രക്തമായിത്തീർന്നു.
൨൦മോശെയും അഹരോനും യഹോവ കല്പിച്ചതുപോലെ ചെയ്തു. അവൻ ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ വടി ഉയർത്തി നദിയിലുള്ള വെള്ളത്തിൽ അടിച്ചു; നദിയിലുള്ള വെള്ളം രക്തമായിത്തീർന്നു.
21 നൈലിലെ മീൻ എല്ലാം ചത്തു, ഈജിപ്റ്റുകാർക്ക് ആ നദിയിലെ വെള്ളം കുടിക്കാൻ വയ്യാത്തവണ്ണം അതിൽനിന്ന് നാറ്റം വമിച്ചു. ഈജിപ്റ്റിൽ എല്ലായിടത്തും രക്തം കാണപ്പെട്ടു.
൨൧നദിയിലെ മത്സ്യം ചത്ത് നാറുകയാൽ നദിയിലെ വെള്ളം കുടിക്കുവാൻ ഈജിപ്റ്റുകാർക്ക് കഴിഞ്ഞില്ല; ഈജിപ്റ്റിൽ എല്ലായിടത്തും രക്തം ഉണ്ടായിരുന്നു.
22 ഈജിപ്റ്റുകാരായ മാന്ത്രികന്മാരും തങ്ങളുടെ മന്ത്രവാദത്താൽ അതേകാര്യം ചെയ്തു. ഫറവോന്റെ ഹൃദയം കഠിനമായിത്തീർന്നു; യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അയാൾ മോശയുടെയും അഹരോന്റെയും വാക്കു ശ്രദ്ധിച്ചില്ല.
൨൨ഈജിപ്റ്റിലെ മന്ത്രവാദികളും അവരുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു; എന്നാൽ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.
23 പിന്നെയോ, അയാൾ തിരിഞ്ഞു തന്റെ കൊട്ടാരത്തിലേക്കു കയറിപ്പോയി, ഇതൊന്നും അവൻ ഗൗനിച്ചതേയില്ല.
൨൩ഫറവോൻ തന്റെ അരമനയിലേക്ക് പോയി; ഇതും അവൻ ഗണ്യമാക്കിയില്ല.
24 ഈജിപ്റ്റുകാർക്കു നൈലിലെ വെള്ളം കുടിക്കാൻ കഴിയാതിരുന്നതുകൊണ്ട് അവരെല്ലാവരും കുടിവെള്ളത്തിനുവേണ്ടി നദീതീരത്തു കുഴികളുണ്ടാക്കി.
൨൪നദിയിലെ വെള്ളം കുടിക്കുവാൻ യോഗ്യമല്ലാത്തതുകൊണ്ട് ഈജിപ്റ്റുകാർ എല്ലാവരും കുടിക്കുവാൻ വെള്ളത്തിനായി നദിക്കരയിൽ പലയിടത്തും കുഴികൾ കുഴിച്ചു.
25 യഹോവ നൈൽനദിയെ അടിച്ചതിനുശേഷം ഏഴുദിവസം കഴിഞ്ഞിരുന്നു.
൨൫യഹോവ നദിയെ അടിച്ചിട്ട് ഏഴ് ദിവസം കഴിഞ്ഞപ്പോൾ

< പുറപ്പാട് 7 >